UPDATES

ട്രെന്‍ഡിങ്ങ്

നോക്കൗട്ട് ഉറപ്പിച്ച് 6 രാജ്യങ്ങള്‍, നൂല്‍പ്പാലത്തില്‍ 10 കരുത്തര്‍; ഇനിയാണ് കളി

നിലവിലെ സാഹചര്യങ്ങളില്‍ ഗ്രൂപ്പുകളില്‍ സുരക്ഷിതരായവരും, വീണവരും, കിതപ്പോടെ മുന്നേറാന്‍ ശ്രമിക്കുന്ന രാജ്യങ്ങളും ഇവയാണ്.

ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കാന്‍ ഇനി മുന്നു നാളുകള്‍ മാത്രം. പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങിലേക്ക് പ്രവേശിക്കുന്നതിനായി ഗ്രൂപ്പുകളിലെ അവസാന പാദ മല്‍സരങ്ങളില്‍ തീപാറുന്ന പോരാട്ടമായിരിക്കും വരും ദിനങ്ങളില്‍ കാണുക. റഷ്യ, യുറൂഗ്വായ്, ഫ്രാന്‍സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. നോക്കൗട്ട് പ്രതീക്ഷകളുടെ നൂല്‍പ്പാലത്തില്‍ 10 ടീമുകളും. ഒരു സമനിലപോലും അര്‍ജന്റീന, സ്പെയിന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഫുട്‌ബോളിലെ കരുത്തന്‍മാരുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായേക്കാം. ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്ററീക്ക, ടുണീഷ്യ, പാനമ, പോളണ്ട് രാജ്യങ്ങള്‍ മടങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞു. തിരിച്ചു പോക്ക് ഉറപ്പിച്ചവര്‍ തങ്ങളുടെ ശക്തി കാണിക്കാനുള്ള അവസാന അവസരമായി ഇനിയുള്ള മല്‍സരങ്ങളെ കണ്ടാല്‍, അട്ടിമറികളുണ്ടായാല്‍, വന്‍ ട്വിസ്റ്റുകളായിരിക്കും അടുത്ത ദിവസങ്ങളില്‍ സംഭവിക്കുക. നിലവിലെ സാഹചര്യങ്ങളില്‍ ഗ്രൂപ്പുകളില്‍ സുരക്ഷിതരായവരും, വീണവരും, കിതപ്പോടെ മുന്നേറാന്‍ ശ്രമിക്കുന്ന രാജ്യങ്ങളും ഇവയാണ്.

ഗ്രൂപ്പ് എ:
റഷ്യയും യുറൂഗ്വായും, ഈജിപ്ത് സൗദി അറേബ്യ രാജ്യങ്ങള്‍ ഏറ്റുമൂട്ടിയ ഗ്രൂപ്പില്‍ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്തുക മാത്രമാണ് ഇനിയുള്ളത്. ഇതിനായി രണ്ട് മല്‍സരങ്ങള്‍ വീതം ജയിച്ച ആഥിതേയരും യുറൂഗ്വായും ഇന്നിറങ്ങും. ഇരുവര്‍ക്കും ആറു പോയിന്റുകളാണുള്ളത്. ഈജിപ്തും സൗദിയും ഗ്രൂപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞെങ്കിലും ഇരുടീമുകളു ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.

ഗ്രൂപ്പ് ബി:
സമനില പോലും നിര്‍ണായകമാമായേക്കാവുന്ന അവസ്ഥയാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഒരോ ജയവും സമനിലയുമായി നാലു പോയിന്റുകള്‍ സ്വന്തമാക്കി പോര്‍ച്ചുഗല്ലും മുന്‍ ചാപ്യന്‍മാരായ സ്‌പെയിനും, ഒരു ജയവും ഒരു തോല്‍വിയും മുന്നു പോയിന്റും സ്വന്തമാക്കി ഇറാനും നോക്കട്ട്‌ സാധ്യത നിലനിര്‍ത്തുന്നു. രണ്ട് മല്‍സരങ്ങളും തോറ്റ മൊറോക്കോ പുറത്തായിക്കഴിഞ്ഞു. പോര്‍ച്ചുഗല്‍ എന്തിനും പോന്ന ഇറാനുമായും, സ്‌പെയിന്‍ മൊറോക്കോയെയും ഇന്ന് നേരിടുമ്പോള്‍ സാധ്യകളും ഒരുപാടാണ്. ഇറാന്‍ പോര്‍ച്ചുഗല്ലിനെ അട്ടിമറിച്ചാല്‍ പുറത്തേക്കുള്ള വഴിയൊരുങ്ങും ക്രിസ്റ്റിയാനോയുടെ ടീമിന്. ശക്തരായ സ്‌പെയിനിനെ മൊറോക്കോ പിടിച്ചു കെട്ടിയാല്‍ ലോക ചാംപ്യന്‍മാരുടെ അവസ്ഥയും പരുങ്ങലിലാവും. ഇന്ന് രാത്രി 11.30 ന് നടക്കുന്ന മല്‍സങ്ങളില്‍ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തരായ സ്‌പെയിനും പോര്‍ച്ചുഗല്ലും പ്രീക്വാര്‍ട്ടറില്‍ ഉണ്ടാവും.

ഗ്രൂപ്പ് സി:
യുവ നിരയുമായി റഷ്യയിലെത്തിയ ഫ്രാന്‍സ് കഴിഞ്ഞ രണ്ടുകളികളും ജയിച്ച് ആറു പോയിന്റുമായി നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നാലു പോയിന്റുമായി ഡെന്‍മാര്‍ക്ക് രണ്ടാമതും, ഒരു പോയിന്റ് നേടി ഓസ്ട്രേലിയ മുന്നാം സ്ഥാനത്തുമാണ്. പെറു ഇതിനോടകം മടക്കടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. അവസാന പാദ മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനെയും ഓസ്ട്രേലിയ പെറുവിനെയും നേരിടുമ്പോള്‍ നോക്കൗട്ട് ഉറപ്പിക്കാന്‍ ഫ്രാന്‍സിനെതിരേ സമനില മതിയാവും ഡെന്‍മാര്‍ക്കിന്. എന്നാല്‍ വന്‍ മാര്‍ജിനിലുള്ള ജയം മാത്രമാണ് ഓസ്‌ട്രേലിയക്ക് സാധ്യത നല്‍കുന്ന ഏക പോംവഴി.

ഗ്രൂപ്പ് ഡി:
കരുത്തന്‍മാരായ അര്‍ജന്റീനയുടെ കണ്ണൂനീര്‍ വീണ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുള്ളത്. രണ്ട് ജയവുമായി ആറുപോയിന്റുകളോട് ഗ്രൂപ്പില്‍ ഒന്നാമതാണ് അവര്‍. നടക്കാനിരുക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന നൈജീരിയയോട് തോറ്റാല്‍ മെസ്സിക്കും സംഘത്തിനുമുള്ള എല്ലാ വാതിലുകളും അടയും. നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. മിക്കച്ച ഗോള്‍ വ്യത്യാസത്തില്‍ ക്രൊയേഷ്യയെ തോല്‍പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പിക്കുകയും ചെയ്താല്‍ ഐസ്‌ലന്‍ഡിനും നോക്കൗട്ടില്‍ പ്രവേശിക്കാനാവും. എന്നാല്‍ അര്‍ജന്റീനയ്ക്ക് നൈജീരയയെ തോല്‍പ്പിച്ചാല്‍ മാത്രം മതിയാവില്ല, ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും വേണം. ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പിക്കുകയും നൈജീരിയയും അര്‍ജന്റീന മല്‍സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ശരാശരിയായിരിക്കും പിന്നീട് നിര്‍ണായകമാവുക.

ഗ്രൂപ്പ് ഇ:
രണ്ട് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ഗ്രൂപ്പില്‍ നാലു പോയിന്റുകള്‍ നേടിയിട്ടുണ്ട് കരുത്തരായ ബ്രസീലും സ്വിറ്റ്‌സര്‍ലന്റും. മൂന്നു പോയിന്റുമായി സെര്‍ബിയയും പിറകിലുണ്ട്. മുന്നു ടീമുകള്‍ക്കും നോക്കൗട്ടിലെത്താവുന്ന അവസ്ഥയിയാണുള്ളത്. ഗ്രൂപ്പില്‍ കോസ്റ്ററീക്ക മാത്രമാണ് പുറത്തായത്. ബുധനാഴ്ച സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററീക്കയെയും നേരിടും.

ഗ്രൂപ്പ് എഫ്:
ആദ്യ ഘട്ടം തീരാനിരിക്കുമ്പോള്‍ മരണഗ്രൂപ്പെന്ന് കണക്കാക്കപ്പെടുന്ന ഗ്രൂപ്പില്‍ ആറു പോയിന്റുള്ള മെക്സിക്കോ ഒന്നാം സ്ഥാനത്തിണ്ട്. എന്നാല്‍ നിലവിലെ സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജര്‍മനി ദക്ഷിണ കൊറിയയെയും, സ്വീഡന്‍ മെക്സിക്കോയെയും പരാജയപ്പെടുത്തിയാല്‍ മൂന്ന് ടീമുകളും ആറു പോയിന്റുകള്‍ നേടും. ഇതോടെ ഗോള്‍ ശരാശരി നിര്‍ണായകമാവും. മെക്സിക്കോയും ജയിക്കുകയും ദക്ഷിണ കൊറിയ ജര്‍മനിയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മെക്സിക്കോ അടുത്ത റൗണ്ടിലെത്തും. ഇതോടെ ജര്‍മനിക്കും, സ്വീഡനും ഗോള്‍ശരാശരി നിര്‍ണായകമാവും.

ഗ്രൂപ്പ് ജി:
അനിശ്ചിത്വമില്ല, ശക്തരായ ബെല്‍ജിയവും ഇംഗ്ലണ്ടും പ്രക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. ഇത്തവണ കപ്പടിക്കാന്‍ ഏറെ സാധ്യത പുലര്‍ത്തുന്ന ഇരുടീമുകളും ഗ്രൂപ്പില്‍ ഗോള്‍ മഴപെയ്യിച്ചാണ് പ്രക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഇരുകളികളും തോറ്റ പാനമയും ടുണീഷ്യയും പുറത്തായിക്കഴിഞ്ഞു. വ്യാഴാഴ്ച ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ മാത്രമായിരിക്കും ഇംഗ്ലണ്ടും ബെല്‍ജിവും തമ്മിലുള്ള പോരാട്ടം.

ഗ്രൂപ്പ് എച്ച്:
ജപ്പാനും സെനഗല്‍ മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ നാലു പോയിന്റുമായി ഇരുടീമുകളുമാണ് ഗ്രൂപ്പില്‍ ഒന്നാമത്. പോളണ്ട് മടങ്ങാനൊരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങള്‍ ജപ്പാനും പോളണ്ടും സെനഗലും കൊളംബിയയും തമ്മിലാണ്. കഴിഞ്ഞ കളിയില്‍ പോളണ്ടിനെ തോല്‍പിച്ച് കൊളംബിയയും സാധ്യത വര്‍ധിപ്പിച്ചതോടെ മുന്നാം പാദ മല്‍സരം ജപ്പാനും കൊളംബിയക്കും സെനഗലിനും നിര്‍ണായകമാണ്.

 

PREVIEW: റഷ്യയും ഉറുഗ്വേയും നേര്‍ക്കുനേര്‍; ലക്ഷ്യം ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍