UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: ചാമ്പ്യന്‍മാരുടെ ശാപം തിരുത്താന്‍ ജര്‍മ്മനി; ആത്മവിശ്വാസത്തോടെ സ്വീഡന്‍

കിരീട പ്രതീക്ഷകളുമായെത്തി ആദ്യ മത്സരത്തില്‍ തോറ്റ ജര്‍മ്മനി ആദ്യ റൗണ്ട് പുറത്താകലിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ വലിയ സാധ്യകകള്‍ കല്‍പിക്കാതിരുന്ന സ്വീഡന്‍ പ്രീക്വാര്‍ട്ടറിന്റെ പടിവാതില്‍ക്കലാണ്

Avatar

അമീന്‍

മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായി എത്തുന്ന ടീമുകള്‍ക്ക് പൊതുവേ രാശിയുള്ള ടൂര്‍ണമെന്റല്ല ലോകകപ്പ്. 2006, 2010 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ ഇറ്റലിയ്ക്കും സ്‌പെയിനിനും തൊട്ടടുത്ത ലോകകപ്പുകളില്‍ ആദ്യ റൗണ്ട് മറികടക്കാനായിട്ടില്ല. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് അതൊരു കണക്ക് മാത്രമായിരുന്നെങ്കില്‍ ശക്തമായ ടീമുമായെത്തി ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനിയെ ഇപ്പോള്‍ അതൊരു പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി തുറിച്ചുനോക്കുകയാണ്.

ഗ്രൂപ്പ് എഫ് പോയിന്റ് ടേബിള്‍

ലോകകപ്പിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാലും ജര്‍മ്മനിയ്ക്ക് ആശ്വാസത്തിന് വകയില്ല. 1962-ന് ശേഷം ആര്‍ക്കും ലോകകപ്പ് നിലനിര്‍ത്താനായിട്ടില്ലെന്നതാണ് വസ്തുത. ഇന്ന് തോറ്റാല്‍ ജര്‍മ്മനി ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുമെന്ന് ഏതാണ്ടുറപ്പാണ്. സമനില പോലും അവരുടെ സാധ്യതകള്‍ ത്രിശങ്കുവിലാക്കും. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പിച്ച സ്വീഡനാകട്ടെ ജയം നോക്കൗട്ട് നേടിക്കൊടുക്കുകയും ചെയ്യും. തോറ്റാല്‍ പോലും അവര്‍ക്കിനി മെക്‌സിക്കോയുമായി ബാക്കിയുള്ള മത്സരം പ്രതീക്ഷകള്‍ നിലനിര്‍ത്തും. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സമ്മര്‍ദ്ദം ചാമ്പ്യന്‍മാര്‍ക്ക് തന്നെ.

ജര്‍മ്മനി

ഒരു മത്സരത്തിലെ തോല്‍വികൊണ്ടൊന്നും തള്ളിക്കളയാനാകുന്ന ടീമല്ല ജര്‍മ്മനി. എല്ലാ പൊസഷനിലും മികച്ച കളിക്കാരുള്ള ജര്‍മ്മനി എല്ലായ്‌പ്പോഴും അപകടകാരികളാണ്. ടീമിന്റെ കെട്ടുറപ്പും താരങ്ങളില്‍ കേന്ദ്രീകരിക്കാത്ത കളിമികവും യൊവാക്കിം ലോവിന്റെ കുട്ടികളെ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാക്കുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമെന്ന പെരുമയും ജര്‍മനിയ്ക്കാണ്. അഞ്ചു കിരീടങ്ങളുള്ള ബ്രസീലിനു പിന്നില്‍ നാലു കിരീടങ്ങളുമായി രണ്ടാംസ്ഥാനവും അവര്‍ക്കുണ്ട്.


ജര്‍മ്മനി-മെക്‌സിക്കോ മത്സരം

പ്രതിരോധത്തിലെ വിള്ളലുകളാണ് മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ജര്‍മ്മനിയ്ക്ക് വിനയായത്. ജോഷ്വ കിമ്മിച്ചിനെ കയറ്റിക്കളിപ്പിച്ച ലോവിന്റെ തന്ത്രം ഒത്തിണക്കത്തോടെ കളിച്ച മെക്‌സിക്കോയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ ലോകകപ്പ് കളിക്കുന്ന ഹിര്‍വിങ് ലൊസാനോ എന്ന 22-കാരനാണ് പേരുകേട്ട ജര്‍മന്‍ നിരയുടെ പ്രതിരോധം തകര്‍ത്ത് സ്‌കോര്‍ ചെയ്തത്. ജര്‍മന്‍ നിരയില്‍ ഫോം കണ്ടെത്താനാകാതെ ഉഴലുന്ന ഖെദീരയുടെയും ഓസിലിന്റെയും രക്തത്തിനായി ഇതിനകം തന്നെ മുറവിളി ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, ടീമില്‍ കാര്യമായ അഴിച്ചുപണിയൊന്നും നടത്താന്‍ ഒരുക്കമല്ലെന്ന സൂചനയാണ് ജര്‍മന്‍ ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. ഇത്തരം മുറവിളികള്‍ക്ക് ഒരു ജയത്തോളം മാത്രം ആയുസേ ഉള്ളൂവെന്ന് കഴിഞ്ഞ 12 വര്‍ഷത്തിനിടെ കളിച്ച എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും ടീമിനെ സെമിയിലെത്തിച്ചിട്ടുള്ള കോച്ച് യൊവാക്കിം ലോവിന് വ്യക്തമായറിയാം.

സാധ്യതാ ടീം: മനുവല്‍ ന്യൂയര്‍; ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെങ്, നിക്ലസ് സുലെ, യോനാസ് ഹെക്ടര്‍; ഇല്‍കെ ഗുണ്ടൊഗന്‍, ടോണി ക്രൂസ്; മാര്‍ക്കോ റൂസ്, തോമസ് മുള്ളര്‍, മരിയോ ഗോമസ്.

 

സ്വീഡന്‍

 

വലിയ ഒച്ചപ്പാടുകളൊന്നുമുണ്ടാക്കാതെയാണ് 24-ാം റാങ്കുകാരായ സ്വീഡന്‍ ലോകകപ്പിനെത്തിയത്. പ്ലേ ഓഫിലൂടെയാണവര്‍ ലോകകപ്പിനെത്തിയത്. എന്നാല്‍, റഷ്യ ലോകകപ്പിന്റെ നഷ്ടങ്ങളായി വിലയിരുത്തപ്പെടുന്ന നെതര്‍ലന്‍ഡ്‌സിനെയും ഇറ്റലിയെയും മറികടന്നാണ് സ്വീഡന്‍ ലോകകപ്പ് യോഗ്യത നേടിയതെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വസ്തുത. യുവേഫ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിന് പിന്നില്‍ രണ്ടാമതായിരുന്നു അവര്‍. നെതര്‍ലന്‍ഡിനെ ഗോള്‍ ശരാശരിയില്‍ പിന്തള്ളി പ്ലേ ഓഫിന് യോഗ്യത നേടിയ സ്വീഡന്‍ ഇറ്റലിയെ തകര്‍ത്ത് ലോകകപ്പ് യോഗ്യത നേടുകയായിരുന്നു.


സ്വീഡന്‍-ദക്ഷിണകൊറിയ മത്സരം

ദക്ഷിണ കൊറിയയുടെ മസില്‍ ഗെയിമിന്റെ വെല്ലുവിളി അതിജീവിച്ചാണ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ലോകകപ്പിനെത്തിയ സ്വീഡന്‍ ആദ്യ മത്സരത്തില്‍ ജയിച്ചത്. കടുത്ത ടാക്ലിങ്ങുമായി വഴിതടഞ്ഞ ദക്ഷിണ കൊറിയയ്‌ക്കെതിരെ 65-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് സ്വീഡന് ജയം നേടിക്കൊടുത്തത്. മുന്നേറ്റത്തില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ദക്ഷിണ കൊറിയന്‍ ആക്രമണത്തിനെതിരെ ഫലപ്രദമായി പ്രതിരോധത്തിന്റെ ചിറ കെട്ടാന്‍ അവര്‍ക്കായി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 26 ഗോളുകളടിച്ച് ഒന്‍പതെണ്ണം മാത്രം വഴങ്ങിയ സ്വീഡന്‍ ഗോള്‍ വ്യത്യാസത്തില്‍ (+17) ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനേക്കാള്‍ (+12) മുന്നിലായിരുന്നു. ഈ മികവ് തന്നെയാണ് നെതര്‍ലന്‍ഡിനെ (+9) മറികടക്കാന്‍ അവരെ സഹായിച്ചതും.

ദക്ഷിണ കൊറിയക്കെതിരായ ജയത്തോടെ സ്വീഡന്‍ കൂടുതല്‍ കരുത്തരായിരിക്കുന്നു. ആദ്യ മത്സരത്തില്‍ ലഭിച്ച മൂന്ന് പോയിന്റ് ഇന്നത്തെ മത്സരത്തിലെ കടുത്ത സമ്മര്‍ദ്ദത്തില്‍ നിന്നും അവര്‍ക്ക് മോചനം നല്‍കും. മിക്വല്‍ ലസ്റ്റിഗ്, ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ്, ലിന്‍ഡോഫ്, ലുഡ്വിഗ് ഓഗസ്റ്റിസണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പ്രതിരോധ നിര ഭേദിക്കുന്ന ജര്‍മ്മനിയ്ക്ക് എളുപ്പമാകില്ല. മധ്യനിരയില്‍ എമില്‍ ഫോസ്‌ബെര്‍ഗിന്റെയും മുന്നേറ്റത്തില്‍ മാര്‍കസ് ബര്‍ഗിന്റെയും സാന്നിധ്യം അവരുടെ കരുത്തുകൂട്ടുന്നു. അത് ജര്‍മ്മന്‍ പ്രതിരോധത്തെ ഭേദിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

സാധ്യതാ ടീം: റോബില്‍ ഓല്‍സണ്‍; മിക്വല്‍ ലസ്റ്റിഗ്, ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ്, വിക്ടര്‍ ലിന്‍ഡോഫ്, ലുഡ്വിഗ് ഓഗസ്റ്റിസണ്‍; വിക്ടര്‍ ക്ലാസണ്‍, സെബാസ്റ്റ്യന്‍ ലാര്‍സണ്‍, എമില്‍ ഫോസ്‌ബെര്‍ഗ്, ആല്‍ബിന്‍ എക്ഡല്‍; മാര്‍കസ് ബെര്‍ഗ്, ഒല ടൊയ്വോനന്‍.


 ‘ജര്‍മ്മനി × സ്വീഡന്‍ കളിയുടെ  പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍