UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: നൂല്‍പ്പാലത്തില്‍ മെസി; അതിസമ്മര്‍ദ്ദമില്ലാതെ ക്രൊയേഷ്യ

ഒരു കായികതാരം അനുഭവിക്കുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദവുമായാകും മെസി ഇന്ന് നിഷ്നി സ്റ്റേഡിയത്തില്‍ കാലുകുത്തുക. അതിനെ അതിജീവിക്കാന്‍ ഫുട്ബോളിന്റെ മിശിഹായ്ക്കാകുമോ?

Avatar

അമീന്‍

ജയത്തിനും പരാജയത്തിനുമിടയില്‍ ഒരുപക്ഷേ ഒരു ഗോളിന്റെ അന്തരമേ ഉണ്ടാകൂ. പക്ഷേ, അത് പല ജീവിതങ്ങളെയും ചരിത്രത്തെ തന്നെയും പിടിച്ചുലച്ചേക്കാം. പ്രത്യേകിച്ച് അര്‍ജന്റീന പോലൊരു രാജ്യത്ത്. വലിയ സ്വപ്നങ്ങള്‍ കാണുന്നവരും വലിയ നേട്ടം കൊയ്യുന്നവരും വീഴുന്ന ഗര്‍ത്തങ്ങള്‍ ആഴം കൂടിയവയായിരിക്കും. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ അത്തരമൊരു ദശാസന്ധിയിലാണ് ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളിന്റെ തിരുപുത്രനും അര്‍ജന്റീനയെന്ന ഫുട്‌ബോള്‍ രാജ്യവും. ലോകകിരീടം ആഗ്രഹിച്ചെത്തിയവര്‍ക്ക് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തുപോകുന്നത് ആലോചിക്കുക കൂടി വയ്യ. എതിര്‍പക്ഷത്ത് ആദ്യമത്സരത്തിലെ ജയത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഇറക്കിവെച്ച ക്രൊയേഷ്യ എന്തിനും പോന്നവരുമാണ്. ഒരു ജയം അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കുമെന്നത് ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

അര്‍ജന്റീന

എക്കാലവും ലോക ഫുട്‌ബോളിന്റെ മുന്‍നിരയിലാണ് സ്ഥാനമെങ്കിലും മാറഡോണയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് അതിപ്രതീക്ഷയുടെ ചിറകു നല്‍കിയത് ലയണല്‍ മെസ്സിയുടെ പാദങ്ങളാണ്. വേഗം കൊണ്ടും മികവു കൊണ്ടും മൈതാനത്ത് മെസ്സി മെനഞ്ഞത് അര്‍ജന്റീനയുടെ സ്വപ്‌നങ്ങളായിരുന്നു; ആ കളിമികവു കൊണ്ട് നേടിയെടുത്ത ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെയും. കഴിഞ്ഞ ലോകകപ്പില്‍ കൈത്തുമ്പില്‍ നിന്ന് വിട്ടുപോയ കിരീടം സ്വന്തമാക്കാന്‍ കച്ചകെട്ടിയെത്തിയ മെസ്സിയ്ക്കും സംഘത്തിനും പക്ഷേ ആദ്യ മത്സരത്തില്‍ തന്നെ അ‌ടിതെറ്റി, ലോകകപ്പില്‍ നവാഗതരായ ഐസ്ലന്റിനെതിരെ സമനില. അതിനു നിമിത്തമായതോ, മെസ്സി തന്നെ പാഴാക്കിയ ഒരു പെനാല്‍റ്റിയും. ഒരുപക്ഷേ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഒരു കായികതാരം അനുഭവിക്കുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദവുമായാകും മെസ്സി ഇന്ന് നിഷ്‌നി സ്‌റ്റേഡിയത്തില്‍ കാലുകുത്തുക. അതിനെ അതിജീവിക്കാന്‍ ഫുട്‌ബോളിന്റെ മിശിഹായ്ക്കാകുമോ?

 

അര്‍ജന്റീന-ഐസ്‌ലാന്റ് മത്സരം

ഐസ്ലാന്റിന്റെ തികവുറ്റ പ്രതിരോധമാണ് ആദ്യ മത്സരത്തില്‍ മെസ്സിയെയും സംഘത്തെയും വലച്ചത്. ഭൂതത്താന്‍ നിധി കാക്കുംപോലെ മഞ്ഞിന്റെ രാജാക്കന്‍മാര്‍ തങ്ങളുടെ ഗോള്‍ പോസ്റ്റ് കാത്തപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ മിശിഹായും സംഘവും അന്തിച്ചുനിന്നു. പന്ത് കയ്യിലുണ്ട്. പക്ഷേ, ഗോള്‍വല കാതങ്ങള്‍ക്കപ്പുറത്താണ് എന്നതായിരുന്നു അ‌വസ്ഥ. മത്സരത്തില്‍ 73 ശതമാനം സമയത്തും അര്‍ജന്റീനയുടെ കയ്യില്‍ തന്നെയായിരുന്നു. മത്സരത്തില്‍ അര്‍ജന്റീന 516 പാസുകള്‍ ചെയ്തപ്പോള്‍ ആരോണ്‍ ഗുന്നാര്‍സണും സംഘവും നൂറു പോലും തികച്ചില്ല. വെറും 89 പാസുകള്‍ മാത്രം. ഇതിനിടെ അവര്‍ ഒരു ഗോളും നേടി. 19-ാം മിനിറ്റില്‍ അഗ്യൂറോയിലെ ലീഡ് പിടിച്ച് 23-ാം മിനിറ്റില്‍ സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഐസ്ലാന്റ് ഗോള്‍ വല കുലുക്കാന്‍ അവസരം ലഭിച്ചെങ്കിലും ഐസ്ലാന്റ് ഗോള്‍കീപ്പര്‍ ഹാനസ് ഹാല്‍ഡോര്‍സണിന്റെ പ്രതിരോധം ഭേദിക്കാനായില്ല.

ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനില ഞെട്ടിക്കുന്നതാണെങ്കിലും പ്രതിഭയുടെയും കരുത്തിന്റെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല ലാറ്റിനമേരിക്കന്‍ ടീം. മെസ്സിയില്‍ തുടങ്ങി അഗ്യൂറോ, പാവോണ്‍, ഹിഗ്വെയ്ന്‍, ഡിബാല, മഷെറാനോ, അക്യൂന, ബനേഗ, ഡിമരിയ, ഒറ്റാമെന്‍ഡി എന്നിങ്ങനെ ഗോള്‍ കീപ്പര്‍മാരായ സെര്‍ജിയോ റൊമേരോയിലേക്കും വില്ലി കാബെല്ലറോയിലേക്കും വരെ നീണ്ടുകിടക്കുന്ന അവരുടെ പ്രതിഭകളുടെ നിര. ആദ്യ ഇലവനില്‍ ആരെയൊക്കെ ഇറക്കണമെന്ന് കോച്ചിന് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാവൈഭവം. യോര്‍ഗെ സാംപോളിയെന്ന മികച്ച ഫുട്‌ബോള്‍ തന്ത്രജ്ഞന്‍ പരിശീലകസ്ഥാനത്തും. പിന്നെ എവിടെയാണ് അര്‍ജന്റീനയ്ക്ക് പിഴച്ചത്? ഒരു ദിവസത്തെ ഭാഗ്യദോഷമെന്നും എതിര്‍ടീമിന്റെ മികവെന്നും മാത്രം തള്ളിക്കളയാനാവില്ല ആ തോല്‍വി. മറിച്ച് സാംപോളിയുടെ തന്ത്രങ്ങളും അര്‍ജന്റീനയുടെ താരങ്ങളുടെ കേളീശൈലിയും യോജിച്ചുപോകാത്തതാണ് കാരണമെന്ന മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. സാംപോളിയുടെ കീഴിൽ ലോകകപ്പിന് അവര്‍ യോഗ്യത നേടിയതും കഷ്ടിച്ചായിരുന്നു.

പൊതുവേ അത്തരം മുറവിളികള്‍ക്ക് ചെവി കൊടുക്കാത്ത സാംപോളി ഇത്തവണ വഴങ്ങിയിരിക്കുകയാണെന്നാണ് അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്ന് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. ടീമിന്റെ ഫോര്‍മേഷനിലും ചിലപ്പോള്‍ ഘടനയിലും ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയെ ഇന്ന് ആശ്വസിപ്പിക്കില്ല. അ‌തേറ്റവും നന്നായറിയുന്നതും സാംപോളിയ്ക്ക് തന്നെ. സമനില പോലും നോക്കൗട്ട് പ്രവേശനത്തിന് മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ട അ‌വസ്ഥയിലെത്തിക്കും പേരുകേട്ട അ‌ർജന്റീനൻ നിരയെ. എന്നാല്‍, സ്വതസിദ്ധമായ കളി പുറത്തെടുക്കാനായാല്‍ ക്രൊയേഷ്യക്കെതിരെ മൂന്ന് പോയിന്റ് നേടാന്‍ മെസ്സിയുടെ ടീമിന് അത്രതന്നെ ആയാസപ്പെടേണ്ടിവരില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ തിരിച്ചുകൊണ്ടുവന്ന ചരിത്രവും മെസ്സിക്കുണ്ട്. യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ ഹാട്രിക് നേടി റഷ്യന്‍ ടിക്കറ്റുറപ്പിച്ചതു തന്നെ അവസാനത്തെ ഉദാഹരണം. ഇന്നത്തെ മത്സരത്തിലും അതാവര്‍ത്തിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നതും.

സാധ്യതാ ടീം: വില്ലി കാബെല്ലറോ, ഗബ്രിലേല്‍ മെര്‍ക്കാര്‍ഡോ, നിക്കോളസ് ഒറ്റാമെന്‍ഡി, മാര്‍ക്കോസ് അക്യൂന, എഡ്വാര്‍ഡോ സാല്‍വിയോ, ഹാവിയര്‍ മഷെരാനോ, ലൂക്കാസ് ബിഗ്ലിയ, മാക്സിമിലിയാനോ മീസ, ലയണല്‍ മെസ്സി, ക്രിസ്റ്റിയന്‍ പാവോണ്‍, സെര്‍ജിയോ അഗ്യൂറോ.

ക്രൊയേഷ്യ

ആദ്യത്തേത് സെല്‍ഫ് ഗോളും രണ്ടാമത്തേത് പെനാല്‍റ്റിയുമെങ്കിലും മോശമല്ലാത്ത കളിയിലൂടെയാണ് ക്രൊയേഷ്യ ആദ്യ മത്സരത്തില്‍ നൈജീരിയയെ നിഷ്പ്രഭരാക്കിയത്. 53 ശതമാനം ബോള്‍ പൊസഷനും 412 പാസുകളും കണക്ക് ബുക്കിലെത്തിച്ച ക്രൊയേഷ്യ ലോകകപ്പില്‍ നന്നായി തുടങ്ങി. വലിയ വേദിയില്‍ ടീമെന്ന നിലയില്‍ കെട്ടുറപ്പുണ്ടാക്കാനും മത്സരം അവരെ സഹായിച്ചു. പെനാല്‍റ്റി ഗോളാക്കി സ്‌കോറിങ് തുടങ്ങി ലൂക്കാ മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ കളിയുടെ കേന്ദ്രം. ലൂക്കയുടെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ മധ്യനിര ഈ ലോകകപ്പിലെ തന്നെ കരുത്തുറ്റ മധ്യനിരകളില്‍ ഒന്നാണ്. ലൂക്ക മോഡ്രിച്ചും ഇവാന്‍ റാട്ടിക്കിച്ചും ഒന്നിക്കുന്ന മധ്യനിരയില്‍ മാത്തേയോ കൊസോവിച്ചും ബാദേലും ബ്രോസോവിച്ചും കൂടി ചേരുമ്പോള്‍ കരുത്ത് ഇരട്ടിയാവുന്നു. കളി മെനയാനും നിയന്ത്രിക്കാനും കഴിവുള്ള മധ്യനിരയെ അ‌ർജന്റീന കണക്കിലെടുത്തേ മതിയാകൂ. സ്കോറിങ് ക്ഷമതയുള്ള മരിയോ മന്‍സൂക്കിച്ചും ഇവാന്‍ പെരിസിച്ചും മുൻനിരയി​​ലെത്തുമ്പോൾ ക്രൊയേഷ്യക്ക് ജയത്തിനുള്ള അ‌വശ്യ വിഭവങ്ങളായി.

ക്രൊയേഷ്യ-നൈജീരിയ മത്സരം

വെറും നാലാമത്തെ ലോകകപ്പ് മാത്രമാണ് കളിക്കുന്നതെങ്കിലും 1998ലെ ആദ്യ ലോകകപ്പില്‍ തന്നെ സെമിയിലെത്തിയ ചരിത്രവുമുണ്ട് ക്രൊയേഷ്യക്ക്. (1991ലാണ് ക്രൊയേഷ്യ രൂപീകൃതമായത്. അതിനുമുമ്പ് യുഗോസ്ലാവിയയുടെ ഭാഗമായിരുന്നു.) അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ അര്‍ജന്റീനയോട് തോറ്റെങ്കിലും ജമൈക്കയെയും ജപ്പാനെയും തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ എത്തി. റൗണ്ട് ഓഫ് 16ല്‍ റൊമാനിയയെും ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ജര്‍ണമനിയെയും പുറത്താക്കിയ ക്രൊയേഷ്യക്കാര്‍ സെമിയില്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയായിരുന്നു. എന്നാല്‍, നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് മൂന്നാംസ്ഥാനവുമായാണവര്‍ മടങ്ങിയത്. തുടര്‍ന്ന് 2002, 2006, 2014 ലോകകപ്പുകളില്‍ യോഗ്യത നേടിയെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ച് തുടങ്ങിയ ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തില്‍ കണ്ണുവെച്ച് തന്നെയാണ് മുന്നേറുന്നത്.
ആദ്യ മത്സരം ജയിച്ചതിനാല്‍ ക്രൊയേഷ്യക്ക് അര്‍ജന്റീനയുമായുള്ള മത്സരം ഏറെ സമ്മര്‍ദം നല്‍കുന്നില്ല. സമനില പോലും അവര്‍ക്ക് ഗുണകരമാവുകയേ ഉള്ളൂ. തോറ്റാലും താരത്യേന ദുര്‍ബലരായ ഐസ്‌ലാന്റുമായുള്ള അവസാന മത്സരത്തിലൂടെ പ്രീക്വോര്‍ട്ടറില്‍ എത്താമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടാകും..

സാധ്യതാ ടീം: ഡാനിയേല്‍ സുബാസിച്ച്, സിമേ വസ്രാല്‍കോ, ദെയാന്‍ റവ്‌ലേന്‍, ദോമഗോജ് വിദ, ഇവാന്‍ സ്ട്രിനിക്, ഇവാന്‍ റാക്കിട്ടിച്ച്, ബാദെല്‍ജ്, മാഴ്‌സലോ ബ്രൊസോവിച്ച്, ലൂക്ക മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, മാരിയോ മന്‍സൂക്കിച്ച്.


അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകറിന്റെ ‘അര്‍ജന്റീന × ക്രൊയേഷ്യ’ കളിയുടെ പ്രിവ്യൂ

നൈജീരിയക്ക് കാര്യമായ സാധ്യതകളില്ലാത്ത ഗ്രൂപ്പില്‍ നോക്കൗട്ട് പ്രവേശനത്തിനായി പോരാടുന്നത് അര്‍ജന്റീന, ക്രൊയേഷ്യ, ഐസ്‌ലാന്റ് ടീമുകളാണ്. റൗണ്ട് ഓഫ് 16-ല്‍ എത്തുന്നതിനായി അര്‍ജന്റീനയും ക്രൊയേഷ്യയും വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക എന്നതിന് സംശയമില്ല.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍