UPDATES

ട്രെന്‍ഡിങ്ങ്

ഇംഗ്ലീഷ് കുതിപ്പിനെ കൊളംബിയയ്ക്ക് തടയാനായില്ല; ഷൂട്ടൌട്ടില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ഗോളടിച്ചതിന്റെ ആത്മവിശ്വാസത്തിൽ എക്സ്ട്രാ ടൈമിൽ കൂടുതൽ ഒത്തിണക്കത്തോടെ കളിച്ചതു കൊളംബിയ ആണ്, സമ്മര്‍ദ്ദത്തിലായ ഹാരി കെയിനും കൂട്ടരും പക്ഷെ പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തിയില്ല

ഇംഗ്ളീഷ് യുവ നിരയുടെ പോരാട്ട വീര്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞു ലാറ്റിൻ അമേരിക്കൻ കരുത്തരായ കൊളംബിയ. കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 -4 നു മറി കടന്നു ഇംഗ്ലണ്ട് ക്വാർട്ടറിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ കലാശിച്ച മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടെങ്കിലും ഫലം ഉണ്ടായില്ല. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ നേടിയപ്പോൾ കൊളംബിയക്ക് വേണ്ടി മിനയാണ് ഗോൾ നേടിയത്. ക്വാർട്ടറിൽ ഇംഗ്ലണ്ട് സ്വീഡനെ നേരിടും.

ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയും യുവത്വത്തിന്റെ കരുത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ടോപ്‌സ്‌കോററായി നില്‍ക്കുന്ന ഹാരി കെയിനിന്റെ 16-ാം മിനിറ്റില്‍ ഹെഡറിലൂടെ ഒരു തുറന്ന അവസരം ലഭിച്ചതൊഴിച്ചാല്‍ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും ആദ്യപകുതിയിലുണ്ടായില്ല.

മത്സരത്തിന്റെ 26-ാം മിനുട്ടിൽ കൊളംബിയന്‍ പോസ്റ്റിന് സമീപത്ത് നിലയുറപ്പിച്ച ഹാരി മഗ്യൂറിലേക്ക് ലക്ഷ്യമാക്കിയുള്ള ഒരു ഫ്രീ കിക്ക് സാഞ്ചസ് ഹെഡറിലൂടെ കോര്‍ണറിലേക്ക് വിടുന്നു. മുന്നേറ്റ നിറയും പ്രതിരോധവും ഇംഗ്ലണ്ട് ഒരു പോലെ ഭദ്രമാക്കിയപ്പോൾ, കൊളംബിയ ഗോളുകൾ വഴങ്ങാതിരിക്കാൻ മാത്രം കൂടുതൽ ശ്രദ്ധ പുലർത്തി.

40-ാം മിനിറ്റില്‍ കെയിനിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് എടുക്കുന്നതിനിടെ കൊളംബിയന്‍ ബോക്‌സില്‍ വെച്ച് താരങ്ങള്‍ തമ്മില്‍ കൈയാങ്കളിയും നടന്നു. ഇതിലൂടെ കൊളംബിയയുടെ വില്‍മര്‍ ബാരിയോസിന് മഞ്ഞയും ലഭിച്ചു. ട്രിപ്പിയര്‍ കിക്കെടുക്കുന്നു, പന്ത് വൈഡായി പുറത്തേക്ക്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളൊന്നും സ്‌കോർ ചെയ്തില്ല. ഇംഗ്ലണ്ട് 0 കൊളംബിയ 0

ആദ്യ പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിനുണ്ടായിരുന്ന മേൽക്കൈ രണ്ടാം പകുതിയിൽ പതിയെ കുറഞ്ഞു, ഇംഗ്ളീഷ് ഗോൾ മുഖത്തേക്ക് ആക്രമണം അഴിച്ചു വിട്ട കൊളംബിയൻ പടയ്ക്കു മധ്യ നിരയിലെ പാളിച്ചകൾ വില്ലനായി. പരുക്കൻ അടവുകൾ ഏറെ കണ്ട മത്സരത്തിൽ റഫറി പലതവണ കാർഡ് പുറത്തെടുത്തു. 52 മിനുട്ടിൽ കെയിനിനെ ഫൗള്‍ ചെയ്തതിന് സാന്റിയാഗോ അരിയാസിന് മഞ്ഞ, ഇംഗ്ലണ്ടിന് ഫ്രീ കിക്ക്‌, ആഷ്‌ലി യങെടുത്ത ഫ്രീ കിക്ക് സാഞ്ചസിന്റെ സമയോചിത ഇടപെടല്‍ മൂലം ഇംഗ്ലണ്ടിന് ഗോള്‍ നഷ്ടമാകുന്നു.

കൊളംബിയൻ പ്രതിരോധ നിരയുടെ തുടർച്ചയായ ഫൗളുകൾ അവർക്കു തന്നെ വിനയായി ഒരു നിമിഷത്തിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. 54-ാം മിനുട്ടിൽ ബോക്‌സില്‍ വെച്ച് കാര്‍ലോസ സാഞ്ചസ് കെയിനിനെ ഫൗള്‍ ചെയ്യുന്നു, സാഞ്ചസിന് റഫറി മഞ്ഞ കാര്‍ഡ് നല്‍കി ഒപ്പം ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റിയും വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത ഹാരി കെയിന്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ലോകകപ്പിലെ ആറാമത്തെ ഗോൾ. സ്കോർ ഇംഗ്ലണ്ട് 1- 0 കൊളംബിയ.

ഇരു ടീമുകളുടെയും താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും അതിരു വിട്ടപ്പോൾ 4 തവണ തുടർച്ചയായി റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നു. 73-ാം മിനുട്ടിൽ കൊളംബിയൻ പോസ്റ്റിൽ ജെസ്സെ ലിംഗാര്‍ഡിന്റെ ബോക്‌സില്‍ കയറിയുള്ള ഷോട്ട്. ഡേവിന്‍സണ്‍ സാഞ്ചസ് പ്രതിരോധിച്ചു. സമനില ഗോളിന് വേണ്ടി കൊളംബിയയുടെ ശ്രമം.

90-ാം മിനുട്ടിൽ കൊളംബിയയിലും ഇംഗ്ലണ്ടിലും ഓരോ മാറ്റങ്ങള്‍. മുറിലോയെ ഇറക്കി കൊളംബിയ ക്വിന്റെറോയെ പിന്‍വലിച്ചു. ഇംഗ്ലണ്ട് റഹിം സ്റ്റിര്‍ലിങിനെ പിന്‍വലിച്ച് ജെയ്മി വാർഡിനെ ഇറക്കി. ലാസ്റ്റ് മിന്റ് ഗോളുകൾ ശീലമാക്കിയ മത്സരങ്ങളായിരുന്നു റഷ്യൻ ലോകകപ്പ് ഇത്തവണയും അതാവർത്തിച്ചു. നിശ്ചിത സമയത്തിന് ശേഷമുള്ള അധിക സമയത്തു കൊളംബിയയുടെ സമനില ഗോൾ പിറന്നു. ക്വാഡ്രാഡോ എടുത്ത കോര്‍ണറില്‍ നിന്ന് യെറി മിനയാണ് ഹെഡറിലൂടെ കൊളംബിയക്ക് ശ്വാസം നല്‍കിയത്‌. സ്‌കോർ ഇംഗ്ലണ്ട് 1 കൊളംബിയ 1. മത്സരം സമനിലയിലായതിനാൽ വിജയിയെ നിശ്ചയിക്കാൻ എക്സ്ട്രാ ടൈമിന്റെ സഹായം തേടി.

ഗോളടിച്ചതിന്റെ ആത്മവിശ്വാസത്തിൽ എക്സ്ട്രാ ടൈമിൽ കൂടുതൽ ഒത്തിണക്കത്തോടെ കളിച്ചതു കൊളംബിയ ആണ്, സമ്മര്‍ദ്ദത്തിലായ ഹാരി കെയിനും കൂട്ടരും പക്ഷെ പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തിയില്ല. 111-ാം മിനുട്ടിൽ സാഞ്ചസിന്റെ ഇംഗ്ളീഷ് ഗോൾ മുഖത്തേക്കുള്ള ക്രോസ്സ് ജോൺസ്‌ അതിസമര്‍ത്ഥമായി തടഞ്ഞിട്ടു. അധിക സമയത്തും ഗോൾ നിലയിൽ മാറ്റം ഇല്ലാത്തതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 -4 കൊളംബിയയെ മറികടന്നു ഇംഗ്ലണ്ട് വിജയവും ക്വാർട്ടർ പ്രവേശനവും സ്വന്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍