UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: ആര് തൊടുക്കും? എംബാപ്പെയോ, ലുക്കാക്കുവോ?

ഏറ്റവും മികച്ച പ്രകടനം നടത്തിയ നാലു ടീമുകള്‍ തന്നെയാണ് ഇത്തവണ അവസാന നാലില്‍ എത്തിയിട്ടുള്ളത്. ഫ്രാന്‍സും ഇംഗ്ലണ്ടും പ്രതീക്ഷ തെറ്റിക്കാതെ മുന്നേറിയയപ്പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിയവരാണ് ബെല്‍ജിയവും ക്രൊയേഷ്യയും.

റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. 1998-നു ശേഷം ഒരു കിരീട നേട്ടം ആണ് ഫ്രാന്‍സിന്റെ സ്വപ്നമെങ്കില്‍ 1986-നു ശേഷം ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.

ഓള്‍ യൂറോപ്പ് സെമിഫൈനലിനാണ് റഷ്യയില്‍ അരങ്ങൊരുങ്ങുന്നത്. മറ്റൊരു സെമിയില്‍ നാളെ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. ഏറ്റവും മികച്ച പ്രകടനം നടത്തിയ നാലു ടീമുകള്‍ തന്നെയാണ് ഇത്തവണ അവസാന നാലില്‍ എത്തിയിട്ടുള്ളത്. ഫ്രാന്‍സും ഇംഗ്ലണ്ടും പ്രതീക്ഷ തെറ്റിക്കാതെ മുന്നേറിയയപ്പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിയവരാണ് ബെല്‍ജിയവും ക്രൊയേഷ്യയും.

ഈ ലോകകപ്പില്‍ ചാമ്പ്യന്മാരെ പോലെ ഇതുവരെ കളിച്ചത് ബെല്‍ജിയമായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതല്‍ ഇങ്ങോട്ട് എല്ലാ മത്സരങ്ങളിലും വിജയിച്ചു. ഗ്രൂപ്പില്‍ ഇംഗ്ലണ്ടും, ക്വാര്‍ട്ടറില്‍ ബ്രസീലും ഒക്കെ ബെല്‍ജിയത്തിന്റെ മുന്നില്‍ തടസ്സങ്ങളായി വന്നു എങ്കിലും എല്ലാം മറികടന്നാണ് ബെല്‍ജിയം സെമിയില്‍ എത്തിയിരിക്കുനത്. 1986-ന് ശേഷം ബെല്‍ജിയത്തിന്റെ ആദ്യ സെമിയാണ് ഇത്. ആക്രമണമാണ് ബല്‍ജിയത്തിന്റെ മുഖമുദ്ര. ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചതും ബെല്‍ജിയമാണ്. 14 ഗോളുകളാണ് ലുക്കാക്കുവും കൂട്ടരും റഷ്യയില്‍ അടിച്ചു കൂട്ടിയത്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.

ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ മുന്നേറ്റ നിരയ്ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയത്. സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കു ആണ് ബല്‍ജിയത്തിന്റെ വജ്രായുധം. നാലു ഗോളുകള്‍ ഇതിനകം നേടിക്കഴിഞ്ഞ അദ്ദേഹം എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ലുക്കാക്കുവിന് പന്ത് ലഭിച്ചാല്‍ പലപ്പോഴും തട്ടിയെടുക്കാന്‍ പോലും എതിര്‍ ടീമുകള്‍ക്കാവുന്നില്ല. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ ശരിക്കും വെള്ളം കുടിപ്പിച്ചതും ലുക്കാക്കുവായിരുന്നു. ഒന്നിലേറെ താരങ്ങള്‍ വളഞ്ഞിട്ടു പിടിച്ചിട്ടും അവയെല്ലാം തകര്‍ത്ത് ലുക്കാക്കുവിന്റെ കുതിപ്പാണ് കണ്ടത്. ലുക്കാക്കുവിനൊപ്പം മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ ഹസാര്‍ഡും ചേരുന്നതോടെ ചുവന്ന ചെകുത്താന്മാര്‍ ഏതു പ്രതിരോധവും ഭേദിക്കും എന്നതിന് റഷ്യ സാക്ഷിയാണ്.

Read Also: റഷ്യയിലെ അട്ടിമറികള്‍; ഫിഫ ഞെട്ടിയാലും മലബാര്‍ ഞെട്ടുമോ?

പ്രതിരോധത്തിലെ പിഴവുകളാണ് റോബര്‍ട്ടോ മാര്‍ട്ടിനാസും, തിയറി ഒന്‍ട്രിയും പരിശീലിപ്പിക്കുന്ന ബെല്‍ജിയത്തിനു തലവേദന സൃഷ്ടിക്കുന്നത്. ജപ്പാനെതിരെ 15 മിനുട്ടിന്റെ വ്യത്യാസത്തില്‍ ആണ് ഇരട്ട ഗോളുകള്‍ വഴങ്ങിയത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഗോളിയുടെ മികവ് കൊണ്ട് മാത്രം ആണ് രക്ഷപ്പെട്ടത്. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ഫ്രഞ്ച് പടയ്‌ക്കെതിരെ അടരാടാനിറങ്ങുമ്പോള്‍ ഡിഫന്‍സിലെ ഓരോ പിഴവിനും വലിയ വില നല്‍കേണ്ടി വരും എന്ന് മുന്‍ ഫ്രഞ്ച് താരം കൂടിയായ കോച്ച് ഒന്‍ട്രി തന്റെ കുട്ടികളെ ഓര്‍മിപ്പിച്ചു കാണണം.

നിലവിലെ ചാമ്പ്യന്മാര്‍ അടക്കം പ്രമുഖ ടീമുകള്‍ക്ക് റഷ്യയില്‍ അടി തെറ്റിയപ്പോള്‍ ഫ്രാന്‍സ് അതിനൊരപവാദം ആയിരുന്നു. ആദ്യ റൗണ്ടില്‍ പതറിയെങ്കിലും ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ടു വരികയായിരുന്നു ഫ്രഞ്ച് പട. പ്രീക്വാര്‍ട്ടറില്‍ മെസ്സിയേയും അര്‍ജന്റീനയേയും നാട്ടിലേക്ക് മടക്കിയത് ഫ്രാന്‍സ് ആണ്. ക്വാര്‍ട്ടറില്‍ ഉറുഗ്വേയുടെ കരുത്തുറ്റ ഡിഫന്‍സിനെയും ഫ്രാന്‍സ് മറികടന്നു.

1998 ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റന്‍ ആയിരുന്ന ദിദിയര്‍ ദെഷാംപ്സ് ആണ് ഫ്രാന്‍സിന്റെ പരിശീലകന്‍. യുവരക്തമാണ് ദെഷാംപ്സിന്റെ ശിഷ്യന്മാരുടെ കരുത്ത്. ഈ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മുന്‍പന്തിയിലുള്ള താരം ഫ്രാന്‍സിന്റെ യങ് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ്. മിന്നല്‍ വേഗം കൊണ്ട് എതിര്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ ശേഷിയുള്ള താരത്തിന്റെ ഷൂട്ടിങ് പാടവും അപാരമാണ്.

Read Also: ആഫ്രിക്കയുണ്ട്, സെമിഫൈനലിലും ഫൈനലിലും

പ്രീക്വാര്‍ട്ടറില്‍ കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയുടെ അന്തകനായത് 19 കാരനായ എംബാപ്പെയായിരുന്നു. ഈ ലോകകപ്പില്‍ ഇതിനകം മൂന്നു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പില്‍ മൂന്നു ഗോളുകള്‍ നേടിയ ആദ്യ യുവ താരം കൂടിയാണ് എംബാപ്പെ.എംബാപ്പയെ പിടിച്ചു കെട്ടുക എന്നതായിരിക്കും ബെല്‍ജിയം പ്രതിരോധത്തിന്റെ പ്രധാന പണി. ലോക ഫുട്‌ബോളിലെ തന്നെ സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, പോള്‍ പ്രോഗ്ബ തുടങ്ങിയ വമ്പന്മാരുടെ സാന്നിധ്യവും ഫ്രാന്‍സിനെ മികവുറ്റ ടീം ആക്കിമാറ്റുന്നു.

മുന്നേറ്റ നിര എന്ന പോലെ മധ്യനിരയും ഡിഫന്‍സും ഫ്രാന്‍സിന്റെ ഒരു പോലെ ശക്തമാണ്. വരേണ, മറ്റയൂഡ സഖ്യം നയിക്കുന്ന പ്രതിരോധ നിര ലോകത്തിലെ ഏറ്റവും മികച്ചത് ആണ്. ആറാം ലോകകപ്പ് സെമി ഫൈനലിനിറങ്ങുന്ന ഫ്രഞ്ച് പടയ്ക്കു കേളി കേട്ട അവരുടെ പ്രതിരോധ നിര സമ്മാനിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇരു ടീമുകളും മുന്‍പ് ഏറ്റുമുട്ടിയതിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെയുള്ള കണക്ക് ബല്‍ജിയത്തിനും, ലോകകപ്പ് മത്സരങ്ങളിലെ കണക്കില്‍ ഫ്രാന്‍സും ആണ് മുന്നില്‍. ലോകകപ്പിലും അല്ലാതെയുമായി 73 തവണയാണ് ഇവര്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇവിടെയാണ് ബെല്‍ജിയത്തിന് ഫ്രാന്‍സിനുമേല്‍ വിജയ ചരിത്രമാണുള്ളതെന്ന് വ്യക്തമാകുന്നത്. 73 ല്‍ 30 തവണയും ബെല്‍ജിയമാണ് വിജയകൊടി നാട്ടിയത്. ഫ്രാന്‍സ് 24 തവണ ജയിച്ചുകയറിയപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

Read More- ഇന്ന് ഹീറോ ആയി മാറിയ ഈ ഇംഗ്ലീഷ് കോച്ച് അന്ന് വില്ലനായിരുന്നു!

അതേസമയം ലോകകപ്പിന്‍ രണ്ട് വട്ടമാണ് ഇവര്‍ പോരടിച്ചിട്ടുള്ളത്. രണ്ട് തവണയും വിജയം ഫ്രാന്‍സിനൊപ്പമായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതാണ് ഫ്രാന്‍സിന് ആശ്വാസമേകുന്ന ഘടകം. 1938 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. 1986 ല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഫ്രാന്‍സ് × ബെല്‍ജിയം’ കളിയുടെ (10-07-2018) പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍