UPDATES

കായികം

PREVIEW: പെറു മറ്റൊരു സെനഗലാകുമോ? ഇന്നറിയാം

പെറുവും ഫ്രാന്‍സും ലോകകപ്പില്‍ ആദ്യമായാണ് ഏറ്റു മുട്ടുന്നത്. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ പെറുവിനായിരുന്നു ജയം

ഗ്രൂപ്പ്‌ സിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ന് ഫ്രാന്‍സ് പെറുവിനെ നേരിടും. എക്റ്ററിങ്ബെര്‍ഗ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 08.30 ന് ആണ് മത്സരം. ഫ്രാന്‍സ് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ പെറു ഡെന്മാര്‍ക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഗ്രൂപ്പില്‍ ഫ്രാന്‍സ് ഒന്നാമതും പെറു അവസാന സ്ഥാനത്തുമാണ്.

ഫ്രാന്‍സ്

ഓസ്ട്രേലിയന്‍ വെല്ലുവിളി മറി കടന്ന് ആദ്യ മത്സരത്തില്‍ വിജയം കണ്ടെത്തിയെങ്കിലും കോച്ച് ദിദിയര്‍ ദെഷാംസ് തന്റെ താരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനല്ല. സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയ ഫ്രാന്‍സിന്റെ തന്ത്രം വിജയിച്ചെങ്കിലും പ്രതിരോധത്തില്‍ വിള്ളല്‍ വീഴുന്നത് അപകട സൂചനയാണ്. കൂടാതെ ഗ്രീസ്മാനും, എംബപ്പേയും ഫിനിഷിങ്ങിലെ പിഴവുകളും തിരുത്തേണ്ടതുണ്ട്. സോക്കറേഴ്സിനെതിരെയായ മത്സരത്തില്‍ ഒറ്റ ഫ്രീ കിക്കും ഗോളാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.


ഫ്രാന്‍സ് × ഓസ്ട്രേലിയ ഹൈലെറ്റ്‌സ്‌

ലോകകപ്പ് ഫേവറിറ്റുകളായ ഫ്രഞ്ച് പടയെ സംബന്ധിച്ചു പെറു ദുര്‍ബലരാണ്. എങ്കിലും സെനഗലിനെതിരെയുള്ള അനുഭവം ഓര്‍മയുള്ളത് കൊണ്ട് ആരെയും വില കുറച്ചു കാണാനിടയില്ല. നല്ല മാര്‍ജിനില്‍ വിജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നില നിര്‍ത്താനാകും ഫ്രാന്‍സ് ശ്രമിക്കുക. ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയ ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

പെറു

പെറു തങ്ങളുടെ ആദ്യ മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ ആണ് ഡെന്മാര്‍ക്കിനു മുന്നില്‍ തോല്‍വി സമ്മതിച്ചത് . ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം പൗള്‍സെണ്‍ നേടിയ ഗോളിനാണ് ഡെന്‍മാര്‍ക്ക് വിജയം കണ്ടത്. നിരവധി തവണ സമനില ഗോളിന് അടുത്തെത്തിയ പെറുവിന്റെ മുന്നില്‍ തടസമായി നിന്നത് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കില്‍ ആയിരുന്നു. ആദ്യ മത്സരത്തില്‍ ജെഫേഴ്സന്‍ ഫര്‍ഫാനും, എഡിസന്‍ ഫ്ളോറനും പെറുവിന് വേണ്ടി ചില നല്ല നീക്കങ്ങള്‍നടത്തിയെങ്കിലും ഒന്നും ഗോളില്‍ കലാശിച്ചില്ല.


പെറു × ഡെന്മാര്‍ക്ക് ഹൈലെറ്റ്‌സ്‌

ഫ്രാന്‍സിനെതിരെ വലിയ അത്ഭുതങ്ങള്‍ ഒന്നും കോച്ച് റിക്കാര്‍ഡോ ഗരേസയും കളിക്കാരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലോകകപ്പ് മത്സരങ്ങളുടെ അട്ടിമറി പട്ടികയിലേക്ക് ഒരു മത്സരം കൂടി സംഭാവന ചെയ്യാന്‍ കിണഞ്ഞു പരിശ്രമിക്കും. ഫര്‍ഫാനും, ഫ്‌ലോറസും തന്നെയാണ് പെറുവിന്റെ വജ്രായുധങ്ങള്‍. കഴിഞ്ഞ കളിയില്‍ ഡെന്മാര്‍ക്കിനെ പിടിച്ചു കെട്ടിയ പ്രതിരോധവും ഒരു പരിധി വരെ ഭദ്രമാണ്. വേള്‍ഡ് കപ്പില്‍ 1978-ന് ശേഷം ഒരു തെക്കന്‍ അമേരിക്കന്‍ രാജ്യവും ഫ്രാന്‍സിനെ തോല്‍പ്പിച്ചിട്ടില്ല. ഇത് തകര്‍ക്കാന്‍ പെറുവിനായാല്‍ അത് ചരിത്രമാകും. കഴിഞ്ഞ ദിവസം ജപ്പാന്‍ കൊളംബിയയെ തോല്‍പ്പിച്ചു കൊണ്ട് സമാനമായ ഒരു നാഴികക്കല്ല് സ്വന്തമാക്കിയിരുന്നു.

പെറുവും ഫ്രാന്‍സും ലോകകപ്പില്‍ ആദ്യമായാണ് ഏറ്റു മുട്ടുന്നത്. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ പെറുവിനായിരുന്നു ജയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍