UPDATES

ട്രെന്‍ഡിങ്ങ്

PREVIEW:മോസ്‌കോയിൽ ഇന്ന് അനുഭവസമ്പത്തും ചോര തിളപ്പും മാറ്റുരയ്ക്കുമ്പോൾ മോഡ്രിച്ചും ഹാരി കെയ്‌നും നേർക്ക് നേർ

ഇരു ടീമിന്റെയും നെടുംതൂണുകളായ നായകന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഈ മത്സരം. മധ്യനിരയിലെ ക്രിയേറ്റീവ് ജീനിയസ് ലൂക്കാ മോഡ്രിച്ചും ഗോളടിയില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന ഹാരി കെയ്‌നും തമ്മിലുള്ള മത്സരം.

മോസ്‌കോയില്‍ രാത്രി 11.30-ന് നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടുകയാണിന്ന്. പരിചയ സമ്പത്തുള്ള ലോകത്തെ ഏറ്റവും മികച്ച മധ്യനിരയും പ്രതിഭാശാലികളായ, വേഗമുള്ള യുവത്വത്തിന്റെ മുന്നേറ്റനിരയുമാണിന്ന് കൊമ്പുകോര്‍ക്കുന്നത്. ഇന്നത്തെ മത്സരം വീക്ഷിക്കുന്ന ഏതൊരു ഫുട്‌ബോള്‍ ആരാധകനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരം ഓര്‍ത്തുപോവും. ഇംഗ്ലണ്ടിനെ ഏറ്റവുമധികം വേട്ടയാടിയ തോല്‍വികളിലൊന്ന് സമ്മാനിച്ച ക്രൊയേഷ്യയാണ് ഇന്ന് അവരുടെ എതിരാളി.

2007-ല്‍ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു ഞെട്ടിക്കുന്ന ആ തോല്‍വി, അതും ഇംഗ്ലണ്ടിന്റെ സ്വന്തം തട്ടകമായ വെംബ്ലിയില്‍. 3-2 എന്ന സ്‌കോറിനായിരുന്നു ആ തോല്‍വി. അന്നത്തെ തോല്‍വിയോടെ 2008 യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. അതിന് ശേഷം വന്‍ മാര്‍ജിനില്‍ 2008-ലും 2009-ലും ക്രൊയേഷ്യയെ തോല്‍പ്പിച്ചിരുന്നെങ്കിലും ആ തോല്‍വിയുടെ ആഘാതം ഇപ്പോഴുമുണ്ട്.

ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ വെച്ച് അതിന് പകരം വീട്ടാനുള്ള അവസരമാണ് ഇംഗ്ലണ്ടിനിത്. എന്നാല്‍ നേരെ മറിച്ച് ക്രൊയേഷ്യയ്ക്കിന്നുള്ളത് അവരുടെ സുവര്‍ണ തലമുറയാണ് എന്നുള്ളത് ഇംഗ്ലണ്ട് ഭയപ്പെടേണ്ട, ബഹുമാനിക്കേണ്ട സംഗതിയാണ്. ക്രൊയേഷ്യക്കായി അവരുടെ സുവര്‍ണ തലമുറയും ഇംഗ്ലണ്ടിനായി ചോരത്തിളപ്പുള്ള, ജയിക്കാന്‍ ഏതറ്റം വരെയും പോകുന്ന യുവാക്കളും ഇന്ന് സെമി കളിക്കുമ്പോള്‍ ആവേശകരമായ മത്സരം തന്നെയായിരിക്കുമത്.

ഇരു ടീമുകളും ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ടീമുകളല്ല. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ ഭാരം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. എന്നാൽ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടും 20 വര്‍ഷത്തിന് ശേഷം ക്രൊയേഷ്യവും ഒരു ലോകകപ്പ് സെമി കളിക്കുമ്പോള്‍ ഇരു ടീമിനും തുല്യ സമ്മര്‍ദ്ദമുണ്ടാവും എന്ന് തന്നെ വേണം കരുതാൻ. ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കാന്‍ ക്രൊയേഷ്യയൊരുങ്ങുമ്പോള്‍ 1966ന് ശേഷം ഒരു ഫൈനലിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു ഇംഗ്ലണ്ട്.

ലൂക്കാ മോഡ്രിച്ച് – ഹാരി കെയ്ന്‍

ഇരു ടീമിന്റെയും നെടുംതൂണുകളായ നായകന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഈ മത്സരം. മധ്യനിരയിലെ ക്രിയേറ്റീവ് ജീനിയസ് ലൂക്കാ മോഡ്രിച്ചും ഗോളടിയില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന ഹാരി കെയ്‌നും തമ്മിലുള്ള മത്സരം. ലോകകപ്പില്‍ ഇതുവരെയുള്ള വിലയിരുത്തല്‍ അനുസരിച്ച് ഗോള്‍ഡന്‍ ബോളിന് ഏറ്റവും അധികം അര്‍ഹനായ കളിക്കാരനാണ് റയലിന്റെ മിഡ്ഫീല്‍ഡ് ജനറല്‍ കൂടിയായ ലൂക്കാ മോഡ്രിച്ച്. മധ്യനിരയിലെ നിശബ്ദനായ ഈ വല നെയ്ത്തുകാരന്റെ മികവിലാണ് 1998ല്‍ സാവോര്‍ സുകെര്‍ എന്ന ക്രൊയേഷ്യന്‍ ഇതിഹാസത്തിന് ശേഷം ക്രൊയേഷ്യ സെമിയിലെത്തുന്നത്. ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ആണെന്ന് ഫുട്‌ബോള്‍ വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്. കളിയില്‍ പുലര്‍ത്തുന്ന മാന്യതയും, അസാമാന്യ ഭാവനസമ്പന്നതയും ടെക്‌നിക്കല്‍ എബിലിറ്റിയും അയാളെ വേറിട്ടു നിര്‍ത്തുന്നുണ്ട്. ഏറിയ പങ്കും ഇത് ലൂക്കായുടെ അവസാന ലോകകപ്പ് ആവാന്‍ സാധ്യതയുള്ളതിനാല്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിക്കുക തന്നെയാവും അയാളുടെ ലക്ഷ്യം.

അതേ സമയം ഹാരികെയ്ന്‍ 24 വയസുമാത്രമുള്ള ചെറുപ്പക്കാരന്‍ ഇംഗ്ലണ്ട് ടീമിന്റെ പവര്‍ഹൗസാണ്. ടീം പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം അവസാനം വരെ പോരാടാനുള്ള ഊര്‍ജമാണ് ഹാരി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യക്കെതിരെ അവസാന സെക്കന്റില്‍ നേടിയ ഗോളിലൂടെ അയാളത് തെളിയിച്ചതാണ്. അവിടെ തുടങ്ങിയ തേരോട്ടം ഇപ്പോള്‍ ആറ് ഗോളില്‍ എത്തി നില്‍ക്കുന്നു. വലിയ വെല്ലുവിളി ഉയര്‍ന്നില്ലെങ്കില്‍ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ ഹാരി തന്നെ കാലില്‍ അണിഞ്ഞേക്കും. നാല് ഗോളുമായി റൊമേലു ലുക്കാക്കുവും, മൂന്ന് വീതം ഗോളുകളുമായി എംബപേയും ഗ്രീസ്മാനുമാണ് ഹാരിക്ക് പിന്നിലുള്ളത്. ലൂസേഴ്‌സ് ഫൈനലില്‍ ഹാട്രിക് നേടിയാല്‍ ലുകാകുവിന് ഹാരിയെ മറികടക്കാം. അതെസമയം എംബപേയ്ക്കും ഗ്രീസ്മാനും നാല് ഗോള്‍ വീതം അടിച്ചാലേ ഗോള്‍ഡന്‍ ബൂട്ടിന് സാധ്യതയുള്ളൂ. നിലവില്‍ ഹാരിക്ക് തന്നെയാണ് ഏറ്റവും സാധ്യത. ഇന്നത്തേതടക്കം രണ്ട് മത്സരങ്ങള്‍ ഹാരിക്ക് ഇനിയും ബാക്കിയുണ്ട് ഗോളടിച്ച് കൂട്ടാന്‍. 1966ല്‍ കപ്പെടുത്ത ബോബി മൂറിന് പ്രായം 25 ആയിരുന്നു. ഇന്ന് 24 വയസുള്ള ഹാരിക്ക് കീഴില്‍ ഭൂത കാലത്തെ പോരായ്മകളെല്ലാം കുടഞ്ഞെറിഞ്ഞ് ടീം സ്പിരിറ്റുള്ള സംഘമായിട്ടുണ്ട് ഇംഗ്ലണ്ട്.

ഇംഗ്ലണ്ട്

പരമ്പരാഗത ശൈലിയില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെയായിരിക്കും ഇംഗ്ലണ്ട് ഇന്നും ഇറങ്ങുക. 3-1-4-2/ 3-5-2 ശൈലിയില്‍ ഇന്നും മാറ്റം വരാന്‍ സാധ്യതയില്ല. പതിവുപോലെ കെയ്‌നിനും സ്റ്റെര്‍ലിങിനുമായിരിക്കും ആക്രമണത്തിന്റെ ചുമതല. വിങ്ങിലൂടെ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ പരിചയ സമ്പന്നനായ ആഷ്‌ലി യങും കെയ്‌റണ്‍ ട്രിപ്പ്യറും ഉണ്ടെന്നതാണ് ഇംഗ്ലണ്ടിന്റെ പ്രധാന ശക്തി. കഴിഞ്ഞ കളികളിലെല്ലാം വിങ്ങുകളില്‍ സജീവമായി ഇവരുണ്ടായിരുന്നു. മധ്യനിരയില്‍ പരിചയസമ്പത്തില്ലെങ്കിലും പ്രതിഭാധനരായ ജെസ്സെ ലിങ്ഗാര്‍ഡും ദെലെ അലിയും ആക്രമിച്ച് കളിക്കും. ഏതും നേരത്തെ ഗോളടിക്കാനുള്ള മികവാണ് ഇരുവരുടെയും പ്രത്യേകത. ഇതെസമയം മധ്യനിരയിലെ പരിചയ സമ്പന്നനായ ജോര്‍ദാന്‍ ഹെന്‍ഡേ്‌ഴ്‌സണ്‍ പ്രതിരോധത്തില്‍ ഊന്നിയാണ് കളിക്കുക.

കെയ്ല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഹാരി മഗ്വയര്‍ എന്നിവര്‍ പ്രതിരോധത്തില്‍ മികച്ച ഫോമിലാണ്. സ്‌റ്റോണ്‍സും മഗ്വയറും ഗോളടിച്ചിട്ടുള്ളവരുമാണ്. ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ശക്തി സെറ്റ് പീസുകളാണ്. ലോകകപ്പില്‍ സെറ്റ് പീസുകളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനോട് കോര്‍ണറോ, ഫ്രീ കിക്കോ വഴങ്ങാതിരിക്കുന്നതാണ് എതിരാളികള്‍ക്ക് നല്ലത്. അതെസമയം സെറ്റ് പീസിലൂടെയാണ് കൂടുതല്‍ ഗോളുകള്‍ നേടിയതെന്നത് ഇംഗ്ലണ്ട് സ്വയം വിമര്‍ശനാത്മകമായിക്കൂടി കാണണം. കളി മികവിലൂടെ ഫിനിഷ് ചെയ്യുന്നതില്‍ പിന്നോട്ട് പോവുന്നത് ടീമിന് നല്ലതല്ല.

ഇംഗ്ലണ്ടിനെ ഏറ്റവും വലയ്ക്കുന്നത് റഹീം സ്‌റ്റെര്‍ലിങ് വേണ്ട വിധം തിളങ്ങാത്തതാണ്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മി്ന്നിത്തളിങ്ങി കളിച്ച പ്രതിഭാശാലിയായ സ്റ്റെര്‍ലിങിന് ലോകകപ്പില്‍ ഇതുവരെ കാര്യമായൊന്നും സാധിച്ചിട്ടില്ല. കഴിഞ്ഞ കളിയില്‍ നിരവധി അവസരങ്ങള്‍ തുലയ്ക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഈ മത്സരത്തോടെ സ്‌റ്റെര്‍ലിങ് മികവ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയാലും ഇംഗ്ലണ്ടിന് പഴയപോലെ നെഞ്ചിടിക്കേണ്ട സാഹചര്യം ഇന്നില്ല. കൊളംബിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ച് കയറിയത് ടീമിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. മികച്ച സേവുകളുമായി ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോർഡ് ഉണ്ട് എന്നുള്ളത് ഇംഗ്ലണ്ട് ടീമിന് കരുത്താണ്.

ക്രൊയേഷ്യ

മധ്യനിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് ക്രൊയേഷ്യ ഇന്നിറങ്ങുന്നത്. 4-2-3-1 ഫോര്‍മേഷനിലായിരിക്കും ക്രൊയേഷ്യ ഇറങ്ങുക. ഒറ്റ സ്‌ട്രൈക്കറായി കളത്തിലിറങ്ങുന്നത് മരിയോ മന്‍സൂക്കിച്ചാണ്. അതി ശക്തമായ മധ്യനിരയുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും അപകടകാരിയാവാന്‍ സാധ്യതയുള്ള സട്രൈക്കറാണ് മരിയോ മന്‍സൂക്കിച്ച്. ലൂക്കാ മോഡ്രിച്ച് മധ്യനിരയിലിരുന്ന് കളി നിയന്ത്രിക്കുമ്പോള്‍ പെരിസിച്ച്, റാബിച്ച് എന്നിവര്‍ വിങ്ങുകളിലൂടെ ആക്രമണം അഴിച്ചു വിടും. തൊട്ടുപിന്നിലായി ലൂക്ക്ാ മോഡ്രിച്ചിന്റെ ഏറ്റവും വലിയ ധൈര്യമായ ഇവാന്‍ റാകിട്ടിച്ച് അവസരത്തിനൊത്തും ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ബ്രൊസോവിച്ച് ഡിഫന്‍സീവ് മോഡിലായിരിക്കും. പ്രതിരോധ നിരയില്‍ വിള്ളല്‍ കണ്ടെത്താന്‍ ്അസാധാരണ കഴിവുള്ളയാളുകളാണ് ക്രൊയേഷ്യന്‍ മധ്യനിര. അതുകൊണ്ട് തന്നെ കൗണ്ടര്‍ അറ്റാക്കുകളിലും ടീമിന് മേല്‍ക്കൈയുണ്ട്.

ലോവ്‌റാന്‍, കോര്‍ലുക്ക എന്നീ പരിചയസമ്പന്നര്‍ അണിനിരക്കുന്ന ക്രൊയേഷ്യന്‍ പ്രതിരോധ നിരയും ഏത് ആക്രമണത്തെ നേരിടാനും സുസജ്ജമാണ്. വിദ, സ്ട്രിനിച്ച് എന്നിവരും പ്രതിരോധത്തില്‍ കോട്ടകെട്ടും. ക്രൊയേഷ്യയുടെ കാര്യമായ ആശങ്ക നോക്കൗട്ട് റൗണ്ടില്‍ കാര്യമായ പ്രകടനം ഇതുവരെ കാഴ്ച വെക്കാനായില്ല എന്നതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് അടിയറവ് പറയിച്ച ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിലെത്തിയപ്പോള്‍ നിറം മങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയെയും മറികടന്ന് സെമിയിലെത്തിയത്.

രണ്ട് തവണ പെനാല്‍റ്റി ഷൂട്ടൗട്ട് നേരിട്ട് വിജയിച്ച് കയറിയെന്നത് ടീമിന് ക്രൊയേഷ്യക്ക് മറ്റൊരു തരത്തിൽ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ മികവാണ് രണ്ട് തവണയും ടീമിന് തുണയായത്. എന്നാല്‍ നോക്കൗട്ട് റൗണ്ടിലുണ്ടായ പിഴവുകള്‍ തിരുത്തിയാലേ ടീമിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനാവൂ എന്നതില്‍ സംശയമില്ല. ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയില്‍ ഉള്‍പ്പെടുന്ന പലരുടെയും അവസാന ലോകകപ്പാവും ഇത്തവണത്തേത്. എന്തുവിലകൊടുത്തും ജയിക്കുക, ഫൈനലിലെത്തി കപ്പുയര്‍ത്തുക എന്നതിനായി കഠിന പ്രയത്‌നം അവര്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കും എന്നതില്‍ സംശമില്ല.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഇംഗ്ലണ്ട് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

അരുണ്‍ലാല്‍ ലെനിന്‍

അരുണ്‍ലാല്‍ ലെനിന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍