UPDATES

ട്രെന്‍ഡിങ്ങ്

മെസിയുടെ വഴിയേ റൊണാള്‍ഡോയും പെനാല്‍റ്റി കളഞ്ഞു കുളിച്ചു; പോരാടി നേടിയ സമനിലയുമായി ഇറാന്‍ പുറത്ത്

ഗ്രൂപ് ബിയില്‍ നിന്നും പോര്‍ച്ചുഗല്‍ പ്രീ ക്വാട്ടറിലേക്ക്

അവസാന നിമിഷ നാടകീയത വീണ്ടും. VAR തീരുമാനത്തില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ കളി സമനിലയില്‍ ആക്കി റൊണാള്‍ഡോയുടെ പിഴയ്ക്ക് ഇറാന്റെ ശിക്ഷ. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.

പ്രീ ക്വാട്ടര്‍ പ്രവേശനം ഉറപ്പില്ലാതെയാണ് റോണാള്‍ഡോയും കൂട്ടരും ഇറാനെ നേരിടാന്‍ ഇറങ്ങിയത്. ജയം അല്ലെങ്കില്‍ സമനില. ഇതിലേതെങ്കിലും വേണമായിരുന്നു പോര്‍ച്ചുഗലിന് പ്രീ ക്വാട്ടര്‍ പ്രവേശം ഉറപ്പാക്കാന്‍. ഒരു അട്ടിമറി പ്രാപ്തിയുള്ള ടീം തന്നെയാണ് ഇറാന്‍.

കളിയുടെ ആദ്യ മിനുട്ടുകളില്‍ മെച്ചപ്പെട്ട നീക്കങ്ങള്‍ ഒന്നും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കളി മുഴുവന്‍ ഇറാന്റെ പകുതിയില്‍ ആയിരുന്നെങ്കിലും ഗോളെന്ന് തോന്നിക്കുന്ന എണ്ണം പറഞ്ഞ ഷോട്ട് ഉതിര്‍ക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും ആയില്ല. കാരണം ഇറാന്‍ തീര്‍ത്ത ഭേദപ്പെട്ട പ്രതിരോധം തന്നെ. ഇതിനിടയില്‍ കിട്ടിയ ചില പ്രത്യാക്രമണങ്ങള്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖം വരെ എത്തിക്കാന്‍ ഇറാന് കഴിഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇറാന്‍ പ്രതിരോധക്കാരന്റെ പിഴവില്‍ കളിയുടെ ഒന്‍പതാം മിനുട്ടില്‍ പോര്‍ച്ചുഗലിന് സുവര്‍ണ്ണാവാസരം കിട്ടി. ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് കിക്ക് ചെയ്യാന്‍ കിട്ടിയ അവസരം ജോഅ മരിയയ്ക്ക് അടിച്ചു പുറത്തേക്ക് കളഞ്ഞു. പതിനാറാം മിനുട്ടില്‍ ബോക്സിന് തൊട്ടു വെളിയില്‍ നിന്നു കിട്ടിയ ഫ്രീ കിക്ക് റൊണാള്‍ഡോയ്ക്ക് മുതലാക്കാന്‍ ആയില്ല.

കളിയുടെ നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ ക്വറേസ്മയുടെ മനോഹരമായ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നില്‍. ഇടവേളയ്ക്ക് പിരിയുമ്പോള്‍ പോര്‍ച്ചുഗല്‍ 1, ഇറാന്‍ 0.

കളിയുടെ അന്‍പത്തിരണ്ടാം മിനുട്ടില്‍ റൊണാള്‍ഡോ പെനാല്‍റ്റി ബോക്സില്‍ വെച്ചു ഫൌള്‍ ചെയ്യപ്പെടുന്നു. പെനാല്‍ട്ടിക്ക് വേണ്ടിയുള്ള അപ്പീല്‍ ആദ്യം റഫറി അനുവദിച്ചില്ലെങ്കിലും VAR റിവ്യൂവില്‍ പെനാല്‍റ്റി അനുവദിക്കപ്പെടുന്നു. കിക്കെടുക്കുന്നത് റൊണാള്‍ഡോ. രണ്ടാം ഗോളെന്നുറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ റൊണാള്‍ഡോയുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. ഇറാന്‍ ഗോളി ബെയ്റാന്‍വന്ദ് മനോഹരമായി കൈക്കുള്ളില്‍ ഒതുക്കുന്നു. മെസിയുടെ പാതയില്‍ റൊണാള്‍ഡോയും. അവിശ്വസനീയതയോടെ തലയില്‍ കൈവെച്ചു റൊണാള്‍ഡോ. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഹാരി കെയ്നിന് ഒപ്പമെത്താവുന്ന അവസരം റൊണാള്‍ഡോയ്ക്ക് നഷ്ടപ്പെടുന്നു.

കളിയുടെ എഴുപത്തിയൊന്നാം മിനുട്ടില്‍ ഗോളെന്ന് തോന്നിച്ച ഇറാന്റെ നീക്കം. ഒരു ഗ്രൌണ്ട് ഷോട്ട് ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക്. പോര്‍ച്ചുഗല്‍ ഗോള്‍ മുഖത്ത് നിരന്തര സമ്മര്‍ദം ചെലുത്തുന്ന ഇറാന്‍.

കളിയുടെ എണ്‍പത്തിരണ്ടാം മിനുട്ടില്‍ റൊണാള്‍ഡോയ്ക്കെതിരെ ഫൌള്‍ അപ്പീല്‍ റഫറി VARനു വിടുന്നു. റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോകുമെന്ന് കരുതിയ നിമിഷങ്ങള്‍. മഞ്ഞ കാര്‍ഡില്‍ ഒതുങ്ങുന്നു.

തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ വീണ്ടും VAR. ഇറാന്റെ അപ്പീലില്‍ ഹാന്‍ഡ് ബോള്‍ പെനാല്‍റ്റി അനുവദിക്കുന്നു. സെഡ്രിക് സോറസിന്റെ കയ്യില്‍ പന്തുതട്ടുന്നതായി റിവ്യൂവില്‍ വ്യക്തമാണെങ്കിലും അത് മനഃപൂര്‍വ്വം താറ്റുന്നതല്ലേന്ന് വ്യക്തം. പോര്‍ച്ചുഗലിന്റെ ടൂര്‍ണമെന്റിലെ വിധി നിര്‍ണ്ണയിച്ചേക്കാവുന്ന പെനാല്‍റ്റി. അന്‍സാരി ഫാര്‍ഡ് മനോഹരമായ ഒരു കിക്കിലൂടെ അത് ഗോളാക്കുന്നു. അധിക സമയത്ത് ഗോളെന്ന് തോന്നിച്ച മറ്റൊരു അവസരം കൂടി ഇറാന് നഷ്ടമാകുന്നു.

കളി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി മത്സരം സമനിലയില്‍. ഗ്രൂപ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ പ്രീ ക്വാട്ടറിലേക്ക്. പ്രീ ക്വാട്ടറില്‍ എതിരാളി ഉറുഗ്വെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍