UPDATES

ട്രെന്‍ഡിങ്ങ്

ANALYSIS: പുറത്തായത് പവനായിമാർ; മിടുക്കന്മാർ അ‌കത്തു തന്നെ

ക്വാർട്ടറിലേക്ക് മുന്നേറിയ എല്ലാ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കരുത്തു കാട്ടിയിരുന്നെന്ന് പ്രീക്വാർട്ടറിലെ ഫലങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. കഷ്ടിച്ചു കടന്നുകൂടിയവരാണ് പുറത്തായവരിൽ പലരും.

Avatar

അമീന്‍

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്ദ്രെ ഇനിയേസ്റ്റ. ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് ചർച്ചകളിൽ നിറഞ്ഞത് ഇവരൊക്കെയായിരുന്നു. എന്നാൽ, ലോകകപ്പിന്റെ രണ്ടാംഘട്ടം കഴിയുമ്പോഴേക്കും താരപ്പൊലിമയുടെ കറുത്ത കണ്ണട കൊണ്ട് ദൗർബല്യങ്ങൾ മറച്ചുവെച്ചിരുന്നവർ താഴെ വീണുപോയിരിക്കുന്നു. പകരം, കളത്തിൽ കരുത്തു കാട്ടിയവർ അ‌വസാന എട്ടിലേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു.

മെസ്സിയും റൊണാൾഡോയും ഇനിയേസ്റ്റയുമൊന്നും മികച്ച കളിക്കാരല്ലെന്ന് പറയുന്നില്ല. പ്രീക്വാർട്ടറിന്റെ ആദ്യദിനം തന്നെ ലോകഫുട്ബോളി​ന്റെ ബ്രാൻഡ് അ‌ംബാസിഡർമാരായ മെസ്സിയും റോണോയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകകപ്പിൽ നിന്ന് പുറത്തായത് അ‌ക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്തു. പക്ഷേ, ടീമെന്ന നിലയിൽ അ‌ർജന്റീനയും പോർച്ചുഗലും ക്വാർട്ടർ അ‌ർഹിച്ചിരുന്നോ എന്ന് പരിശോധിച്ചാൽ ഇല്ലെന്ന് തന്നെയാകും ഉത്തരം. അ‌വരുടെ ദൗർബല്യങ്ങൾ കൊണ്ടു മാത്രമല്ല, ഫ്രാൻസും ഉറുഗ്വായും ക്രൊയേഷ്യയും ബെൽജിയവും പോലുള്ള ടീമുകളുടെ കരുത്തുറ്റ പ്രകടനങ്ങൾ കൂടിയാണ് അ‌തിന് മറുപടി നൽകുന്നത്. യഥാർത്ഥ ഫോമിലേക്ക് ഉയരാനാകാതെ പോയ സ്പെയിനിനെയാകട്ടെ ആതിഥേയത്വത്തിന്റെ മിടുക്കിൽ റഷ്യ പുറത്താക്കുകയും ചെയ്തു.

ക്വാർട്ടറിലേക്ക് മുന്നേറിയ എല്ലാ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കരുത്തു കാട്ടിയിരുന്നെന്ന് പ്രീക്വാർട്ടറിലെ ഫലങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. കഷ്ടിച്ചു കടന്നുകൂടിയവരാണ് പുറത്തായവരിൽ പലരും. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് ഗ്രൂപ്പുകളിൽ ആറിലെയും ചാമ്പ്യൻമാർ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ചാമ്പ്യൻമാരിൽ സ്പെയിനും കൊളംബിയയുമാണ് പുറത്തായവർ. ഒരു മത്സരം മാത്രം ജയിച്ചാണ് സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നത്. കൊളംബിയയാകട്ടെ ഗ്രൂപ്പ് ഇയിലെ രണ്ടാംസ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ യുവനിരയോട് തോറ്റാണ് പുറത്തായത്. ഇരു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പുറത്തായത് എന്നതും ശ്രദ്ധേയം.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച ഉറുഗ്വായ്, ക്രൊയേഷ്യ, ബെൽജിയം എന്നിവരും ഒരു മത്സരത്തിലും തോൽക്കാതിരുന്ന ഫ്രാൻസും ബ്രസീലും (രണ്ടു ജയവും ഒരു സമനിലയും വീതം) അ‌ർഹിച്ച ക്വാർട്ടർ സ്ഥാനം നേടി. ക്വാർട്ടറിലെത്തിയ മറ്റു ടീമുകളായ റഷ്യ, സ്വീഡൻ, ഇംഗ്ലണ്ട് എന്നിവർ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങളി​ൽ ജയിച്ചിട്ടുണ്ട്. ഒരു മത്സരത്തിലെ ജയത്തിന്റെ മാത്രം പിന്തുണയിൽ പ്രീക്വാർട്ടറിലെത്തിയ അ‌ഞ്ചു ടീമുകളും -അ‌ർജന്റീന, പോർച്ചുഗൽ, സ്പെയിൻ, ജപ്പാൻ, സ്വിറ്റ്സർലൻഡ്- പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങളിൽ ജയിച്ച കൊളംബിയക്കും ഡെൻമാർക്കിനും മെക്സിക്കോയുമാണ് ഇതിനപവാദം. എന്നാൽ, എട്ടു ടീമുകളേ മുന്നോട്ടുപോകൂ എന്നതിനാൽ അ‌വരുടെ തോൽവി അ‌നിവാര്യതയായി.


ഫ്രാൻസ്-അ‌ർജന്റീന: പ്രീക്വാർട്ടർ യൂറോപ്യൻ ലാറ്റിനമേരിക്കൻ പോരാട്ടത്തോടെയായിരുന്നു തുടങ്ങിയത്. മെസ്സിയുടെ അ‌ർജന്റീനയെ മൂന്നിനെതി​രെ നാലു ഗോളുകൾക്കാണ് ഫ്രഞ്ച് പട തിരിച്ചയച്ചത്. ഫ്രാൻസ് ആദ്യ ഗോൾ നേടിയ മത്സരത്തിന്റെ ആദ്യപകുതിയിൽ 1-1 സമനിലയായിരുന്നു. രണ്ടാംപകുതിയിൽ മെർക്കാഡോയിലൂടെ അ‌ർജന്റീന മുന്നിലെത്തി. പിന്നാലെ പവാർഡിലൂടെ ഫ്രാൻസിന്റെ തിരിച്ചടി. എന്നാൽ, നാലു മിനിറ്റിനിടെ രണ്ടു ഗോളടിച്ച കൗമാരതാരം എംബപ്പയുടെ ഇരട്ടപ്രഹരത്തിൽ നിന്ന് അ‌ർജന്റീനയ്ക്ക് പിന്നീട് മുക്തരാകാനായില്ല. അ‌വസാന നിമിഷം വരെ പൊരുതി ഇഞ്ചുറി ​ടൈമിൽ അ‌ഗ്യൂറോയിലൂടെ അ‌വർ ഒരു ഗോൾ കൂടി നേടിയെങ്കിലും അ‌ത് വിജയമാർജിൻ കുറയ്ക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ.


ഉറുഗ്വായ്-പോർച്ചുഗൽ: എംബപ്പയുടെ ​ഇരട്ട ഗോളിൽ മെസ്സി മടങ്ങിയപ്പോൾ എഡിസൺ കവാനിയാണ് ക്രിസ്റ്റ്യാനോയെ പുറത്താക്കിയ ഇരട്ട ഗോൾ നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ പരാജയം. ഏഴാം മിനിറ്റിലെ കവാനിയു​ടെ ഗോളിന് 55-ാം മിനിറ്റിൽ പെപ്പെയിലൂടെ മറുപടി പറഞ്ഞെങ്കിലും വീണ്ടും ഏഴു മിനിറ്റുകൾക്ക് ശേഷം കവാനി ഉറുഗ്വായെ മുന്നിലെത്തിച്ചു. പിന്നീട്, കരുത്തുറ്റ ​ഉറുഗ്വായ് പ്രതിരോധം തകർക്കാൻ പറങ്കിപ്പടയ്ക്കായില്ല. ഉറുഗ്വായ്ക്കെതിരെ ഈ ലോകകപ്പിൽ ആദ്യമായി ഗോൾ നേടിയ ടീമെന്ന ആശ്വാസത്തിൽ അ‌വർക്ക് മടങ്ങാം. ജയത്തോടെ ഉറുഗ്വായ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികളുമായി.


റഷ്യ-സ്പെയിൻ: സ്പാനിഷ് ആധിപത്യത്തിനു മേൽ ആതിഥേയരുടെ തിരിച്ചടി കണ്ട മത്സരം. ജയിക്കാനായി മാത്രമാണ് റഷ്യ ഈ മത്സരം കളിച്ചത്. മുക്കാൽ പങ്കും പന്ത് ​കൈവശംവെച്ച സ്പെയിനിനെതിരെ സമനില പിടിച്ച ശേഷം പ്രതിരോധക്കോട്ട കെട്ടി റഷ്യ മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിക്കുകയായിരുന്നു. 12-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് സ്പെയിൻ മുന്നിലെത്തിയത്. എന്നാൽ, ആദ്യപകുതിയുടെ അ‌വസാന നിമിഷം സ്യൂബയിലൂടെ ആതിഥേയർ സമനില പിടിച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞ റഷ്യയുടെ വല കുലുക്കാൻ സ്പെയിനിനായില്ല. ഷൂട്ടൗട്ടിൽ രണ്ടു ഗോളുകൾ തടുത്ത് റഷ്യൻ ഗോൾ കീപ്പർ അ‌ക്കിൻഫീവ് റഷ്യയുടെ വീരനായകനായി. എന്നാൽ, അ‌ക്കിൻഫീവ് കിക്കെടുക്കും മുമ്പ് ഗോൾ ​ലൈനിൽ നിന്ന് മുന്നോട്ടു കയറിയെന്ന പേരി​ൽ പിന്നീട് വിവാദവുമുണ്ടായി. ക്രൊയേഷ്യയാണ് ക്വാർട്ടറിൽ അ‌വരുടെ എതിരാളികൾ.


ക്രൊയേഷ്യ-ഡെൻമാർക്ക്: പ്രീക്വാർട്ടറിലെ രണ്ടാം ദിനത്തിലെ രണ്ടാം മത്സരവും ഷൂട്ടൗട്ടിലാണ് കലാശിച്ചത്. ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. ആദ്യ മിനിറ്റിൽ മാത്യാസ് യോർഗൻസനിലൂടെ ക്രൊയേഷ്യയെ ഞെട്ടിച്ചാണ് ഡെൻമാർക്ക് തുടങ്ങിയത്. എന്നാൽ, നാലാം മിനിറ്റിൽ തന്നെ മൻസൂക്കിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. പിന്നീട് ഗോൾ രഹതിമായ ഒന്നര മണിക്കൂർ. ഇഞ്ചുറി ​ടൈമിൽ ലഭിച്ച പെനാൽറ്റി ക്രൊയേഷ്യൻ ക്യാപ്ടൻ ലൂക്ക മോഡ്രിച്ച് പാഴാക്കുക കൂടി ചെയ്തതോടെ എക്സ്ട്രാ ​ടൈമും കടന്ന് മത്സരം ഷൂട്ടൗട്ടിലെത്തി. പെനാൽറ്റി ഷൂട്ടൗട്ടിലെ അ‌ഞ്ചു കിക്കുകളിൽ നാലെണ്ണം കഴിഞ്ഞപ്പോൾ ഇരു ടീമുകളും രണ്ടു വീതം പാഴാക്കി 2-2 എന്ന നിലയിലായിരുന്നു. എന്നാൽ, അ‌വസാന കിക്കി​ൽ ഡെൻമാർക്കിന്റെ യോഗേർസണിന് ലക്ഷ്യം തെറ്റുകയും ക്രൊയേഷ്യയുടെ റാക്കിറ്റിച്ച് വലയിലാക്കുകയും ചെയ്തതോടെ കളിയുടെ വിധി നിർണയിക്കപ്പെട്ടു.


ബ്രസീൽ-മെക്സിക്കോ: ജനപ്രിയ ടീമുകൾ വീണ പ്രീക്വാർട്ടറിൽ നെഞ്ചിടിപ്പോടെയാണ് ബ്രസീൽ മെക്സിക്കോയെ നേരിടാനെത്തിയത്. മെക്സിക്കൻ ഗോൾ കീപ്പർ ഗുള്ളൂർമോ ഒച്ചോവ ബാറിനു കീഴിൽ വൻമതിലായപ്പോൾ ആദ്യപകുതി ഗോൾ രഹിതമായി. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ ബാക്ക് ഹീലിലൂടെ തന്ത്രപരമായ നീക്കം നടത്തി നെയ്മർ കാനറികളെ മുന്നിലെത്തിച്ചു. മുഴുവൻ സമയമവസാനിക്കാൻ രണ്ടു മിനിറ്റ് ശേഷിക്കേ നെയ്മറിന്റെ പാസിൽ പൗളീന്യോ ബ്രസീലിന്റെ ലീഡുയർത്തി. ബ്രസീലിന്റെ ആക്രമങ്ങളെ ഫലപ്രദമായ ചെറുത്തെങ്കിലും മുന്നേറ്റങ്ങളിലെ പോരായ്മയും അ‌വസരങ്ങൾ മുതലാക്കാനാകാതെ പോയതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി. ആറിന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ബ്രസീൽ ബെൽജിയത്തെ നേരിടും.


ബെൽജിയം-ജപ്പാൻ: ചുവന്ന ചെകുത്താൻമാരെ ഭയക്കാത്ത ജപ്പാന്റെ പോരാട്ടവീര്യം. രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം ബെൽജിയത്തിന്റെ അ‌വിശ്വസനീയമായ തിരിച്ചുവരവ്. ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ജപ്പാനും ബെൽജിയവും തമ്മിൽ നടന്നത്. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ അ‌ഞ്ചു ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ ഹരാഗുച്ചി, 52-ാം മിനിറ്റി ഇന്യൂയി എന്നിവരിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ജപ്പാൻ ബെൽജിയത്തിനു മേൽ​ക്കൈ നേടി. എന്നാൽ, 69-ാം മിനിറ്റില യാന്‍ വര്‍ട്ടോംഗന്റെ ഹെഡർ അ‌വിശ്വസനീയമായരീതിയിലാണ് ജപ്പാൻ ഗോൾ പോസ്റ്റിൽ കയറിയത്. പിന്നീട് ഉണർന്നു കളിച്ച ബെൽജിയം അ‌ഞ്ചു മിനിറ്റിനകം സമനില പിടിച്ചു. അ‌ധിക സമയത്തേക്കെന്ന് തോന്നിച്ച മത്സരത്തിലെ ഇഞ്ചുറി ​ടൈമിൽ 94-ാം മിനിറ്റിൽ നാസർ ചാജ്ലിയിലൂടെ ബെൽജിയം ആവേശജയം സ്വന്തമാക്കുകയായിരുന്നു. പ്രീക്വാർട്ടറിലെ ഏഷ്യയിലെ ഏക പ്രതിനിധിയായ ജപ്പാന് തലയുയർത്തി മടങ്ങാനുള്ള വക നൽകിയാണ് മത്സരം അ‌വസാനിച്ചത്.


സ്വീഡൻ-സ്വിറ്റ്സർലൻഡ്: സ്ലാറ്റൻ ഇബ്രാഹിമോവിച്ചെന്ന ഇതിഹാസമില്ലാതെ യുവനിരയുമായെത്തിയ സ്വീഡൻ സ്വിറ്റ്സർലൻഡിനെതിരെ നേടിയ വിജയത്തിലൂടെ റഷ്യയ്ക്കൊപ്പം ക്വാർട്ടറിലെ അ‌പ്രതീക്ഷിത സാന്നിധ്യമായി. മൂന്നിൽ രണ്ട് സമയത്തും പന്ത് ​കൈവശംവെച്ച സ്വിസ് ടീമിനെതിരെ ഒറ്റ ഗോളിന്റെ ബലത്തിലാണ് സ്വീഡൻ കാൽ നൂറ്റാണ്ടിന് ശേഷം ക്വാർട്ടറിലെത്തിയത്. 66-ാം മിനിറ്റിൽ എമിൽ ഫോസ്ബെർഗാണ് സ്വീഡന് വിജയവും ക്വാർട്ടറും സമ്മാനിച്ചത്. ജൂ​ലൈ ഏഴിന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ സ്വീഡൻ ഇംഗ്ലണ്ടിനെ നേരിടും.


ഇംഗ്ലണ്ട്-കൊളംബിയ: ആവേശപ്പോരാട്ടത്തോടെയാണ് പ്രീക്വാർട്ടർ അ‌വസാനിച്ചത്. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരങ്ങളുടെ പതിവ് സ്കോറായ 1-1നാണ് ഇംഗ്ലണ്ട്-കൊളംബിയ മത്സരവും അ‌ധികസമയത്ത് അ‌വസാനിച്ചത്. 56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്യാപ്ടൻ ഹാരി കെയ്ൻ ഗോൾഡൻ ബൂട്ടിലേക്കും ടീം വിജയത്തിലേക്കും അ‌ടുത്തതാണ്. എന്നാൽ, ഗോളടിക്കാനുള്ള കൊളംബിയൻ ശ്രമങ്ങൾ ഇഞ്ചുറി ​ടൈമിൽ യെറി മിനയിലൂടെ ഫലം കണ്ടതോടെ മത്സരം അ‌ധികസമയത്തേക്കും ഷൂട്ടിട്ടിലേക്കുമെത്തി. മൂന്നാം കിക്കെടുത്ത ഹെൻഡേഴ്സന്റെ കിക്ക് കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഒസ്പിന തടഞ്ഞതോടെ ആദ്യം തോൽവി മണത്തത് ഇംഗ്ലണ്ടാണ്. എന്നാൽ, കൊളംബിയയുടെ ഉറീബേ എടുത്ത നാലാം കിക്ക് ബാറിൽ തട്ടി മടങ്ങുകയും കാർലോസ് ബാക്കയുടെ അ‌ഞ്ചാം കിക്ക് ഗോൾ കീപ്പർ ജോർദൻ പിക്ക്ഫോണ്ട് തടയുകയും ചെയ്തതോടെ മൂന്ന് തവണ പെനാൽറ്റി ഷൂട്ടൗട്ടിൽ ലോകകപ്പിൽ നിന്ന് പുറത്തായിട്ടുള്ള ഇംഗ്ലണ്ടിന് ഇത്തവണ ജയം വരുതിയിലായി.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍