UPDATES

ട്രെന്‍ഡിങ്ങ്

ബാലന്‍ ഡിഓര്‍ പട്ടികയില്‍ ഇടം പിടിച്ച ഗോളടിക്കാത്ത എന്‍കോളോ കാന്റെ ഫ്രാന്‍സിന്റെ ‘ഇൻവിസിബ്ൾ ഹീറോ’

ഫ്രഞ്ച് ലോകകപ്പ് വിജയചിത്രങ്ങളുടെ ഇടയില്‍ ഏറ്റവും ശ്രദ്ധേയമായതും കാന്റെ കിരീടം കയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ്.

ഹിയാസ്

ഹിയാസ്

ഈ ലോകകപ്പിലെ ഏറ്റവും ബുദ്ധിമാനായ കോച്ച് ആരെന്നത് തെളിഞ്ഞു കഴിഞ്ഞു. ദിദിയര്‍ ദേഷാംപ്‌സ് തന്നെ. ലോകകപ്പെടുക്കാന്‍ ഒരു ടീമിന് മൂന്ന് ഗ്രൂപ്പ് കളികളടക്കം മൊത്തം ഏഴുകളികള്‍ ജയിച്ചുകടന്നാല്‍ മതിയാകും, ഓരോ കളിയിലും മുന്നേറ്റ നിര കൃത്യമായി എങ്ങിനെ കളിക്കണമെന്നു പോഗ്ബ -ഗ്രീസ്മാന്‍ -എംബപ്പേ എന്നീ സ്ഥിര ലൈനപ്പുമായി ദേഷാംപ്‌സ് ഒരുപടി മുന്നേ ചിത്രം വരച്ചുകാണും. ഗ്രൂപ്പ് കളികള്‍ കഴിഞ്ഞതോടെ താരനിബിഡമായ എതിര്‍ ടീമുകളുടെ ഗെയിം പ്ലാന്‍ തകര്‍ക്കുക എന്ന തന്ത്രം കൂടി ഭംഗിയായി നടപ്പാക്കുക മാത്രമേ കാര്യമായി ചെയ്യേണ്ടിയിരുന്നുള്ളൂ. അതിനുപറ്റിയൊരു ആയുധം കയ്യിലുമുണ്ടായിരുന്നു അതായിരുന്നു ‘എന്‍കോളോ കാന്റെ’. ഫ്രഞ്ച് പടയുടെ പ്രതിരോധ കോട്ട.

1980-ല്‍ മാലിയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയവരാണ് കാന്റെയുടെ കുടുംബം. കറുത്തവര്‍ഗക്കാരന്‍ – മുസ്ലിം ലേബല്‍, ദാരിദ്ര്യം തുടങ്ങിയ ഫ്രാന്‍സിലെ സാമൂഹിക വിവേചനങ്ങള്‍ അതിജീവിച്ചു പന്ത് കളിക്കാരനായി. ‘ക്ലോഡ് മക്കലേലെ’ എന്ന ഫ്രഞ്ച് മിഡ്ഫീല്‍ഡറുടെ കളിയോട് സാമ്യമുണ്ട് കാന്റെയുടെ ശൈലിക്ക്. ടാക്കിളിംഗ്, ബോള്‍ ക്ലിയറിങ്, ബോള്‍ റീകവറിങ് ഒക്കെ അസാധാരണം മികവോടെ പ്രാവര്‍ത്തികമാക്കുകയും വേഗതയേറിയ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന കാന്റെ കീ പ്ലയേഴ്സിനെ മാര്‍ക്ക് ചെയ്യാന്‍ കഴിവുള്ള മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. എതിരാളികളുടെ നീക്കങ്ങള്‍ മിഡ്ഫീല്‍ഡില്‍ തടയിടാന്‍ ബുദ്ധിയും, കരുത്തും വൈദഗ്ധ്യവുമുണ്ട് ഈ താരത്തിന്.

2015 -16 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ലൈസെസ്റ്റര്‍ സിറ്റി എന്ന ചെറിയക്ലബ് വമ്പന്മാരെ വീഴ്ത്തി ജേതാക്കളയായപ്പോള്‍ കാന്റെ മിഡ്ഫീല്‍ഡിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2016-17 ചെല്‍സി കാന്റയെ സ്വന്തമാക്കി. അവിടെയും ചെല്‍സി ചാമ്പ്യന്മാരായപ്പോള്‍ മിഡ്ഫില്‍ഡില്‍ വിശ്വസ്തനായി കാന്റെയുണ്ടായിരുന്നു. 2016 യൂറോ കപ്പ് ഫൈനലില്‍ തോല്‍വിയറിഞ്ഞു റണ്ണേഴ്സ്-അപ് ആയി മടങ്ങിയ ഫ്രാന്‍സ് ടീമിലും കാന്റെയുണ്ടായിരുന്നു. 1998-ലെ ലോകകപ്പും 2000-ലെ യൂറോകപ്പും നേടിയ ഫ്രാന്‍സിന്റെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറും കാപ്റ്റനുമായ ദിദിയര്‍ ദെഷാംപ്സിന് കാന്റയെ കൊണ്ട് ഈ ലോകകപ്പില്‍ എന്ത് ചെയ്യിക്കണമെന്നു കൃത്യമായ പദ്ധതികളുണ്ടായിരുന്നു.


പ്രീക്വാര്‍ട്ടറില്‍ മെസ്സിയെ വിദഗ്ദമായി ബോക്‌സില്‍ കയറ്റാതെ നിഴലായി നടന്നു തടഞ്ഞു, ക്വാര്‍ട്ടറില്‍ ഉറുഗ്വേയോട് ഗോള്‍ വഴങ്ങാതെ നിന്നു, സെമിയില്‍ ഹസാര്‍ഡിന്റെ ഇലക്ട്രിക് നീക്കങ്ങള്‍ ബോക്‌സിലെത്താതെ നോക്കി, ഫൈനലിലെ ആദ്യപകുതിയില്‍ മോഡ്രിച്ചിനെ വിദഗ്ദമായി തളച്ചു. ഇതോടെ നോക്ക്ഔട്ട് മാച്ചുകളില്‍ കാന്റെയുടെ സര്‍വീസ് അത്രയും വിലപ്പെട്ടതായിരുന്നെന്ന് ഫുട്‌ബോള്‍ വിശകലനം ചെയ്യുന്നവര്‍ വാഴ്ത്തിക്കഴിഞ്ഞു. എതിര്‍ടീമിലെ നല്ല കളിക്കാര്‍ക്ക് പൂട്ടിടുക മാത്രമല്ല, 365 പാസ്സുകള്‍, 5 ക്ലിയര്‍ ടാക്കിളുകള്‍, 11 ക്ലിയറന്‍സും നടത്തിയിട്ടുള്ള കാന്റെയുടെ ബോള്‍ റിക്കവറി എത്രയാണെന്നറിയാമോ 61 എണ്ണം. ഇതാണ് ഇദ്ദേഹം ഈ ലോകകപ്പില്‍ ദെഷാംപ്സിന് വേണ്ടി ചെയ്തത്.

2016 ഇംഗ്ലീഷ് പ്രീമിയര്‍ സീസണിലെ ഏറ്റവും മികച്ച താരം കാന്റെയാണെന്നു പറഞ്ഞത് ‘സര്‍ അലക്‌സ് ഫെര്‍ഗൂസനായിരുന്നു’ . പ്രീമിയര്‍ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ 2016 -17 , ചെല്‍സി പ്ലെയര്‍ ഓഫ് ദി ഇയര്‍ 2017 -18, ഫ്രഞ്ച് പ്ലെയര്‍ ഓഫ് ദി ഇയര്‍ 2017 , എന്നിവ മാത്രമല്ല 2017 ‘ബാലന്‍ ഡി’ഓര്‍’ ലിസ്റ്റില്‍ എട്ടാം സ്ഥാനമുള്ള കളിക്കാരനാണ് ഗോളടിക്കാത്ത എന്‍കോളോ കാന്റയെന്നു ഫുട്‌ബോള്‍ ലോകം മുഴുവനായും ഇപ്പോഴും ശ്രദ്ധിച്ചുകാണില്ല.

ഫ്രഞ്ച് ലോകകപ്പ് വിജയചിത്രങ്ങളുടെ ഇടയില്‍ ഏറ്റവും ശ്രദ്ധേയമായതും കാന്റെ കിരീടം കയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ്. കൂട്ടുകാരെല്ലാം ലോക കിരീടത്തില്‍ കെട്ടിപ്പിടിച്ചും ചുംബിച്ചും ഫോട്ടോകള്‍ എടുക്കുന്നു, കൂട്ടംകൂടി ആഘോഷിക്കുന്നു. കാന്റെ മാത്രം മാറി നിന്നു. കാരണം കാന്റെക്ക് മൈതാനത്ത് പറന്ന് നടക്കുന്നവരെ മെരുക്കാനെ അറിയാവൂ. മൈതാനത്ത് പുറത്ത് കാന്റെ ഒരു നാണം കുണുങ്ങിയാണ്. പക്ഷെ കൂട്ടുകാര്‍ വിട്ടില്ല. നാണക്കാരന്‍ കാന്റയെ മുന്നിലേക്ക് നിര്‍ബന്ധപൂര്‍വം എത്തിച്ചു. കിരീടം കയ്യില്‍ കൊടുത്ത് കൂട്ടുകാര്‍ ചുറ്റും നോക്കി നിന്നു. കാമറക്കണ്ണുകളെ നോക്കി നാണത്തോടെ കാന്റെയുടെ ചിരി. സഹതാരങ്ങളുടെ കയ്യടി. ആ ചിത്രം കൊണ്ട് കാന്റെ ലോകത്തിന്റെ ഹൃദയം കീഴടക്കുകയും ചെയ്തു.

ലോകകപ്പ് ആരാധകരും ഫ്രഞ്ചുകാരും മറക്കാനിടയില്ലാത്ത മനുഷ്യനാണ് കുടിയേറ്റക്കാരനായി വന്നു പന്തുതട്ടി ഫ്രാന്‍സിന്റെ ‘ഇന്‍വിസിബിള്‍ ഹീറോ ‘ ആയി ലോകകപ്പുമായി മടങ്ങുന്ന എന്‍കോളോ കാന്റെ. പ്രതിരോധമെന്നാല്‍ ഒരു കലയാണ്. ആ കലയിലെ ഏറ്റവും മികച്ചൊരു കലാകാരനാണ് സാക്ഷാല്‍ എന്‍കോളോ കാന്റെ.

ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ദെഷാംപ്‌സിന് ഒരു മാറ്റവുമില്ല

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

ഹിയാസ്

ഹിയാസ്

ഹിയാസ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍