UPDATES

ട്രെന്‍ഡിങ്ങ്

ടീം ഇന്ത്യയ്ക്ക് ചൈനീസ് കമ്പനിയുടെ ജേഴ്‌സി വേണ്ടെന്ന് സംഘപരിവാര്‍ സംഘടന

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ലാത്തതിനാല്‍ ചൈനീസ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന ജഴ്‌സി ഉപേക്ഷിക്കണമെന്നാണ് ബിസിസിഐയോട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കമ്പനി ഓപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന ജഴ്‌സി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപേക്ഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനയായി സ്വദേശി ജാഗരണ്‍ മഞ്ച്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ലാത്തതിനാല്‍ ചൈനീസ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന ജഴ്‌സി ഉപേക്ഷിക്കണമെന്നാണ് ബിസിസിഐയോട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയത്തിനും ആര്‍എസ്എസ് അനുബന്ധ സംഘടന കത്തയച്ചു.

ഓപ്പോയുമായുള്ള കരാര്‍ ചൈനീസ് സാധനങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത കൂട്ടുമെന്നും ഇത് ചൈനയോട് ഇന്ത്യക്ക് ആശ്രിതത്വമുണ്ടാക്കുമെന്നും എസ്‌ജെഎം ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍, കായിക മന്ത്രി വിജയ് ഗോയലിന് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു. ഇത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ യുവാക്കള്‍ പോകുന്നതിന് കാരണമാകും. യുവാക്കളെ വഴി തെറ്റിക്കലാണിത്. ക്രിക്കറ്റ് രാജ്യത്ത് ഏറ്റവുമധികം പേര്‍ ആസ്വദിക്കുന്ന കായികവിനോദമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം ചൈനീസ് കമ്പനിയുടെ ജഴ്‌സി ധരിക്കരുത്. ദേശാഭിമാനത്തേക്കാള്‍ വലുതല്ല പണം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തി ആഭ്യന്തര ഉല്‍പ്പാദനത്തെ തകര്‍ക്കുകയാണെന്നും ഇത് തൊഴിലവസരങ്ങളും ഇല്ലാതാക്കുന്നുണ്ടെന്നും എസ്‌ജെഎം അഭിപ്രായപ്പെടുന്നു. അതേസമയം കായിക മന്ത്രാലയം ഈ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഓപ്പോയുമായുള്ള കരാര്‍ റദ്ദാക്കുന്നത് ബിസിസിഐയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ കായികമന്ത്രാലയം ഈ ആവശ്യം പരിഗണിക്കാനോ വിഷയത്തില്‍ ഇടപെടാനോ സാദ്ധ്യതയില്ല. കഴിഞ്ഞ ദിവസം മുംബൈയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായത്. അഞ്ച് വര്‍ഷത്തേയ്ക്കുള്ള 1,079 കോടി രരൂപയുടെ കരാറാണ് ഓപ്പോയുമായി ബിസിസിഐ ഒപ്പ് വച്ചത്. സ്റ്റാര്‍ ഇന്ത്യയാണ് ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. സ്റ്റാര്‍ ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് തുക വച്ചാണ് ഓപ്പോ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. ഓപ്പോയുടെ ലോഗോയുള്ള ജേഴ്‌സിയിലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കാനിറങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍