UPDATES

കായികം

സൗദിക്ക് പ്രതീക്ഷിക്കാന്‍ കുതിപ്പ് മാത്രം

ഈ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴും നൂറിനു മുകളിലായിരുന്നു സൗദിയുടെ റാങ്കിംഗ്. എന്നാല്‍, ലോകകപ്പിലേക്കെത്തുമ്പോഴേക്കും അവര്‍ 67-ാം സ്ഥാനത്തേക്ക് പിടിച്ചുകയറിയിരിക്കുന്നു.

Avatar

അമീന്‍

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് നേടാന്‍ ഒരു ലോകം മുഴുവനുമുണ്ടാകും. ജൂണ്‍ 14ന് മോസ്‌കോയിലെ ലുഷ്നികി സ്റ്റേഡിയത്തിന്റെ പുല്‍ത്തകിടിയില്‍ പന്തുരുണ്ട് തുടങ്ങുമ്പോള്‍ സൗദി അറേബ്യന്‍ ടീമിന്റെ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ നേരിടുന്ന സൗദി നിലവില്‍ 67-ാം സ്ഥാനത്താണ്. ലോകകപ്പ് കളിക്കുന്ന ടീമുകളില്‍ ഏറ്റവുമൊടുവില്‍.

എന്നാല്‍, റാങ്കിംഗിലെ കണക്ക് മാത്രം വച്ച് എഴുതിത്തള്ളാനാകുന്ന ടീമല്ല സൗദിയുടേത്. ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യയില്‍ നിന്നും ആധികാരികമായിത്തന്നെയാണ് സൗദി ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടിയത്. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അല്‍ സഹ്ലാവി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സൗദിയുടെ കരുത്താണ്. 1994ല്‍ കളിച്ച ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് സ്റ്റേജില്‍ കടന്ന ചരിത്രവും അവര്‍ക്കുണ്ട്.

ലോകകപ്പിലേക്കൊരു വിജയക്കുതിപ്പ്

യോഗ്യതാ റൗണ്ടില്‍ തങ്ങളുടെ കരുത്ത് കാണിച്ചാണ് സൗദി ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. കളിച്ച 18 യോഗ്യതാ മത്സരങ്ങളില്‍ സൗദി തോറ്റത് മൂന്നെണ്ണത്തില്‍ മാത്രമാണ്. 12 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി.

ആദ്യ റൗണ്ട്  മുതല്‍ ഏറ്റുമുട്ടിയ 46 ടീമുകളില്‍ നിന്നെത്തിയ ആറു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് മൂന്നാം റൗണ്ടില്‍ ഉണ്ടായിരുന്നത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പ് യോഗ്യത നേടും. മൂന്നാം സ്ഥാനത്ത് വരുന്നവര്‍ തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫിലൂടെ യോഗ്യതയ്ക്ക് ഒരവസരം കൂടി ലഭിക്കുമായിരുന്നു. കരുത്തരായ ജപ്പാനും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലായിരുന്നു സൗദിയുടെ സ്ഥാനം. എന്നാല്‍, അമ്പരപ്പിക്കുന്ന സ്ഥിരതയോടെ കളിച്ച സൗദി ടീം 19 പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ജപ്പാനേക്കാള്‍ ഒരു പോയിന്റ് മാത്രമായിരുന്നു സൗദിക്ക് കുറവ്.

സ്വന്തം കാണികളുടെ പിന്തുണ കരുത്താക്കി കളിച്ച സൗദിയെ ഹോം മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ ഒരു ടീമിനുമായില്ല. അഞ്ച് ഹോം മത്സരങ്ങളില്‍ ഓസ്ട്രേലിയയോട് മാത്രമാണവര്‍ സമനില വഴങ്ങിയത്. ജപ്പാന്‍, യുഎഇ, ഇറാഖ്, തായ്ലന്‍ഡ് ടീമുകളെ ഹോം മത്സരങ്ങളില്‍ തറ പറ്റിച്ചു. ഇതില്‍ ഇറാഖിനും തായ്ലന്‍ഡിനുമെതിരെ എവേ മത്സരങ്ങളിലും ജയിച്ചപ്പോള്‍ ജപ്പാന്‍, യുഎഇ, ഓസ്ട്രേലിയ ടീമുകളോട് തോല്‍ക്കുകയായിരുന്നു.

ബി ഗ്രൂപ്പ് മൂന്നാം റൗണ്ട്

ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു സൗദി രണ്ടാം റൗണ്ടില്‍ നിന്നും മൂന്നാം റൗണ്ടില്‍ എത്തിയതും. എട്ട് മത്സരങ്ങളില്‍ ആറിലും ജയം. രണ്ട് സമനില. മലേഷ്യ, ടിമോര്‍ ലെസ്റ്റ് ടീമുകളെ ഹോം, എവേ മത്സരങ്ങളില്‍ തോല്‍പ്പിച്ചപ്പോള്‍ യുഎഇയോടും പലസ്തീനോടും ഹോം മത്സരങ്ങളില്‍ ജയിച്ചു. ഇവരോട് എവേ മത്സരങ്ങളില്‍ മാത്രമാണ് സമനില വഴങ്ങിയത്.

സാധ്യതകളുടെ ഗ്രൂപ്പ്

തങ്ങളുടെ മികച്ച കളി പുറത്തെടുത്താല്‍ റഷ്യ, ഉറുഗ്വായ്, ഈജിപ്റ്റ് എന്നിവരുള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ നിന്ന് സൗദിയ്ക്ക് നോക്കൗട്ട് സാധ്യതകളുണ്ട്. ആതിഥേയരായ റഷ്യ, സൗദിയ്ക്ക് തൊട്ടുമുകളില്‍ 66-ാം സ്ഥാനത്ത് മാത്രമാണ്. എന്നാല്‍, 80,000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് ഉദ്ഘാടന മത്സരം കളിക്കുന്ന റഷ്യയ്ക്ക് മേല്‍ മാനസികാധിപത്യം സ്ഥാപിക്കുക എന്നതാകും സൗദി നേരിടുന്ന വലിയ വെല്ലുവിളി. ഗ്രൂപ്പിലെ ശക്തരായ ഉറുഗ്വായ്ക്കെതിരെ തോല്‍വി വഴങ്ങിയാല്‍ പോലും ഈജിപ്റ്റിനെതിരെ ഗോളവസരങ്ങള്‍ തുറക്കാന്‍ സൗദിക്കാകും. ഈജിപ്റ്റിന്റെ കുന്തമുനയായ മുഹമ്മദ് സലാവി, പരിക്കേറ്റതിനാല്‍ ലോകകപ്പിനിറങ്ങുന്ന കാര്യം സംശയത്തിലുമാണ്.

സലാവികളുടെ ഗോളുകള്‍

അതിവേഗം നടത്തുന്ന മുന്നേറ്റങ്ങളാണ് സൗദിയുടെ പ്രത്യേകത. ആക്രമണത്തിലൂന്നിയ കേളീശൈലി ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ സൗദിയെ തുണച്ചു. 18ല്‍ ഒരു മത്സരത്തില്‍ മാത്രമാണ് സൗദി സ്‌കോര്‍ ചെയ്യാതിരുന്നത്. യോഗ്യത റൗണ്ടില്‍ 18 കളികളില്‍ 16 ഗോള്‍ നേടിയ മുഹമ്മദ് അല്‍-സഹ്ലാവിയ്ക്കൊപ്പം ഫഹദ് അല്‍-മുവല്ലദ് കൂടി ചേരുമ്പോള്‍ സൗദിയുടെ ആക്രമണം ശക്തമാകുന്നു. മധ്യനിരയിലെ തൈസിര്‍ അല്‍ ജാസിമും സ്‌കോര്‍ ചെയ്യാന്‍ പ്രാപ്തനായ താരമാണ്. പ്രതിരോധനിരയില്‍ ഒസാമ ഹസാവിയുടെ പരിചസമ്പന്നതയാകും അവര്‍ക്ക് തുണയാവുക.

തിരിച്ചുവരുന്നത് ലോകകപ്പിലേക്ക് മാത്രമല്ല

കാല്‍ നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ അപ്രതീക്ഷിത കുതിപ്പാണ് സൗദി നടത്തിയത്. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 2-1ന് തോറ്റ സൗദി മൊറോക്കോയേയും (2-1) ബെല്‍ജിയത്തെയും (1-0) തോല്‍പ്പിച്ച് ‘റൗണ്ട് ഓഫ് 16’ലെത്തി. അവിടെ സ്വീഡനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോറ്റ് പുറത്തായി. എങ്കിലും ഈ കുതിപ്പ് സൗദി ടീമിന് നല്‍കിയ ഊര്‍ജം വലുതായിരുന്നു. പിന്നീടവര്‍ തുടര്‍ച്ചയായി മറ്റ് മൂന്ന് ലോകകപ്പുകള്‍ക്ക് കൂടി യോഗ്യത നേടി.

1994 ലോകകപ്പിലെ ബെല്‍ജിയത്തിന് എതിരായ സയീദ് അല്‍ ഒവൈറന്‍റെ ഗോള്‍

ലോകകപ്പിലേക്ക് എത്തുന്നതില്‍ സ്ഥിരത പുലര്‍ത്തിയെങ്കിലും അവിടെ അവര്‍ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂന്ന് തവണയും സൗദി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 1998 ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിയ്ക്കയ്ക്കെതിരെ നേടിയ സമനില മാത്രമായിരുന്നു ആശ്വാസം. ഡെന്‍മാര്‍ക്കിനോടും ഫ്രാന്‍സിനോടും തോറ്റു. 2002 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല. ജര്‍മനിയ്ക്കെതിരായ എതിരില്ലാത്ത എട്ട് ഗോളുകളുടെ തോല്‍വിയും ഇതില്‍ പെടുന്നു. 2006ലാവട്ടെ ഒരു സമനിലയും രണ്ട് തോല്‍വിയും. മൂന്ന് തവണയും ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായിരുന്നു ടീം.

പിന്നീടുള്ള രണ്ടു ലോകകപ്പുകള്‍ക്കും യോഗ്യത പോലും നേടാതിരുന്ന സൗദി 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ലോകകപ്പിന് എത്തുകയാണ്. ഇടക്കാലത്തുണ്ടായ അപചയത്തിന്‍റെ ആലസ്യം കുടഞ്ഞെറിഞ്ഞ് പുതിയൊരു ഊര്‍ജവുമായാണ് സൗദി ടീം ഈ ലോകകപ്പില്‍ അണിനിരക്കുന്നത്. ഫിഫ റാങ്കിംഗ് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.

ഫിഫ റാങ്കിംഗ് ഗ്രാഫ്

1994ല്‍ റാങ്കിംഗില്‍ 27-ാം സ്ഥാനത്തായിരുന്നു അറേബ്യന്‍ ടീം. ചെറിയ ഉയര്‍ച്ച-താഴ്ചകളോടെ 2004 വരെ അത് നിലനിര്‍ത്താന്‍ അവര്‍ക്കായി. 2004ലെ 28-ാം സ്ഥാനത്ത് നിന്ന് സൗദി 2005ല്‍ 33ലേക്കും 2006ല്‍ 64ലേക്കും കൂപ്പുകുത്തി. ലോകകപ്പിന് ശേഷമുള്ള രണ്ടു വര്‍ഷങ്ങളില്‍ നില അല്‍പം മെച്ചപ്പെടുത്തിയെങ്കിലും 2008-2012 കാലയളവില്‍ സൗദി 126-ാം സ്ഥാനത്ത് വരെ എത്തി. ഈ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴും നൂറിനു മുകളിലായിരുന്നു സൗദിയുടെ റാങ്കിംഗ്. എന്നാല്‍, ലോകകപ്പിലേക്കെത്തുമ്പോഴേക്കും അവര്‍ 67-ാം സ്ഥാനത്തേക്ക് പിടിച്ചുകയറിയിരിക്കുന്നു. വലിയ വേദിയ്ക്കായി ടീമിനെ ഒരുക്കുന്നതില്‍ അര്‍ജന്റീനക്കാരനായ കോച്ച് ആന്റോണിയോ പിസി ജയിച്ചാല്‍ സൗദിയ്ക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. ലോകകപ്പ് യോഗ്യതയ്‌ക്കൊപ്പം, 1984-96 കാലഘട്ടത്തില്‍ മൂന്ന് ഏഷ്യന്‍ കപ്പും കോണ്‍ഫെഡറേഷന്‍ കപ്പിലെ രണ്ടാംസ്ഥാനവുമൊക്കെ നേടിയ തങ്ങളുടെ പ്രതാപകാലം കൂടി തങ്ങളുടെ ടീം തിരിച്ചുപിടിക്കുമോ എന്നാണ് സൗദി ജനത ഉറ്റുനോക്കുന്നത്.

ആറാം കപ്പില്‍ കണ്ണുനട്ട് മഞ്ഞപ്പട; മെസി പറഞ്ഞത് പോലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെ

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍