UPDATES

ഒരിക്കല്‍ ട്രാക്കുകളെ പ്രകമ്പനം കൊള്ളിച്ച ആ സ്വര്‍ണക്കാലുകള്‍ ഇപ്പോള്‍ കട്ടപ്പനയിലെ ഒരു ഹാര്‍ഡ് വെയര്‍ കടയിലുണ്ട്‌

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോബിന്‍ റോസ്മാണി സ്ഥാപിച്ച റെക്കോര്‍ഡ് ആണ് ഇന്നലെ തകര്‍ക്കപ്പെട്ടത്.

പാലായിലെ ട്രാക്കില്‍ ഇന്നലെ ഒരു റെക്കോര്‍ഡ് തകര്‍ന്നു. 400 മീറ്റര്‍ 48.88 സെക്കന്‍ഡില്‍ ഓടിയെത്തി മാര്‍ ബേസില്‍ കോതമംഗലത്തിന്റെ അഭിഷേക് മാത്യു റെക്കോര്‍ഡിട്ടു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട ഒരു റെക്കോര്‍ഡിന്റെ ഭേദനം. 12 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ മണ്‍ ട്രാക്കില്‍ നിന്നും സിന്തറ്റിക് ട്രാക്കിലേക്ക് മാറിയിട്ടും ഭേദിക്കപ്പെടാതിരുന്ന ആ റെക്കോര്‍ഡ് ആരുടേതായിരുന്നു? മണ്‍ ട്രാക്കില്‍ 49.05 സെക്കന്‍ഡ് കൊണ്ട് 400 മീറ്റര്‍ ഓടിയെത്തിയ ആ മിടുക്കന്‍ ആരായിരുന്നു? കായികമേളയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ചികഞ്ഞപ്പോള്‍ അതിനുള്ള ഉത്തരം കിട്ടി. വെള്ളയാംകുടിക്കാരന്‍ റോബിന്‍ റോസ് മാണിയായിരുന്നു അത്. അയാളിപ്പോള്‍ എവിടെയാണ്? എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ഒരു കാലത്ത് കായികലോകത്തിന്റെ പ്രതീക്ഷയെന്ന് പത്രമാധ്യമങ്ങളും കായികലോകത്തെ വിദഗ്ദ്ധരും അഭിപ്രായപ്പെട്ട റോബിന്‍ ഇപ്പോള്‍ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ പലര്‍ക്കും അറിവില്ലായിരുന്നു. അഭിഷേക് മാത്യു എന്ന വിജയിയില്‍ നിന്ന് മുന്‍കാല വിജയിയിലേക്കുള്ള അന്വേഷണം ആരംഭിക്കുന്നത് അങ്ങനെയാണ്. ഒടുവില്‍ അന്വേഷണം അവസാനിച്ചത് കട്ടപ്പനയിലെ ഒരു ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ്.

അതെ, റോബിന്‍ ഇവിടെയുണ്ട്. കട്ടപ്പനയിലെ മുള്ളൂര്‍ ഏജന്‍സീസിലെ ജീവനക്കാരനാണ് അയാള്‍. എറണാകുളത്ത് താന്‍ സ്ഥാപിച്ച റെക്കോര്‍ഡ് പാലയില്‍ തകരുമ്പോള്‍ ഇതൊന്നുമറിയാതെ റോബിന്‍ ജോലിത്തിരക്കിലായിരുന്നു. റെക്കോര്‍ഡ് തകര്‍ന്നത് പോയിട്ട്, റെക്കോര്‍ഡ് മറികടന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചറിയിക്കും വരെ, തന്റെ പേരില്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് ഉണ്ടായിരുന്നെന്ന് പോലും അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു.

ഒരു കാലത്ത് കേരള അത്‌ലറ്റിക്‌സിന്റെ പ്രതീക്ഷയായിരുന്നു റോബിന്‍ റോസ് മാണി. കായിക വിദഗ്ദ്ധരും പരിശീലകരും ഇന്ത്യയുടെ പ്രതീക്ഷ എന്ന് വിലയിരുത്തിയ താരം. സംസ്ഥാന, ദേശീയ സ്കൂള്‍ മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി. എന്നാല്‍ സാമ്പത്തികപ്രയാസത്തെ തുടര്‍ന്ന് ട്രാക്കിനോട് വിടപറയുകയായിരുന്നു ഇദ്ദേഹം. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തന്റെ വിജയങ്ങളെക്കുറിച്ചോ താനുണ്ടാക്കിയ റെക്കോര്‍ഡുകളെക്കുറിച്ചോ ആലോചിക്കാന്‍ പോലും ഈ താരത്തിന് സമയവും സാഹചര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം. അമ്മയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന റോബിന് ഈ നേട്ടങ്ങളൊന്നും മുതല്‍ക്കൂട്ടായതുമില്ല.

‘സ്‌കൂള്‍ കായിക മേളകളില്‍ മെഡലുകള്‍ നേടിയത് ഓര്‍മയുണ്ട്. എന്നാല്‍ ഇപ്പോള്‍ കായികമേളയില്‍ 12 വര്‍ഷത്തിന് ശേഷം എന്റെ റെക്കോര്‍ഡാണ് തകര്‍ത്തത് എന്ന് പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുപറയുമ്പോഴാണ് അന്ന് ഞാന്‍ റെക്കോര്‍ഡോടെയാണ് മെഡല്‍ സ്വന്തമാക്കിയതെന്ന കാര്യം അറിയുന്നത്. നാഷണല്‍ ഗെയിംസില്‍ റെക്കോര്‍ഡ് നേടിയത് എനിക്കറിയാം. ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ ഇതൊന്നും ആലോചിക്കാന്‍ സമയവും കിട്ടാറില്ല. മഡ് ട്രാക്കിലാണ് 49.05 സെക്കന്‍ഡുകള്‍ കൊണ്ട് ഓടി ഞാന്‍ മെഡല്‍ നേടിയത്. ഇപ്പോള്‍ സിന്തറ്റിക് ട്രാക്കാണ്. കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. മഡ്ട്രാക്കില്‍ ഓടുമ്പോള്‍ സമയക്കൂടുതല്‍ വേണം. എന്തായാലും പുതിയ ആളുകളും റെക്കോര്‍ഡുകളും നേട്ടങ്ങളും ഉണ്ടാവുന്നതില്‍ സന്തോഷമുണ്ട്’.

2005ലാണ് റോബിന്‍ സംസ്ഥാന തലത്തില്‍ റെക്കോര്‍ഡോടെ മെഡല്‍ നേടിയത്. വെള്ളയാംകുടി സെന്റ്‌ ജെറോം സ്‌കൂളില്‍ നിന്ന് മത്സരിച്ച റോബിന്‍ തന്നെയായിരുന്നു ആ വര്‍ഷത്തെ വ്യക്തിഗത ചാമ്പ്യനും. രണ്ട് റെക്കോര്‍ഡോടെയാണ് 400, 800, 1500 മീറ്ററില്‍ റോബിന്‍ സ്വര്‍ണം നേടിയത്. റോബിന്‍ നയിച്ചിരുന്ന റിലേ ടീം വെള്ളിയും സ്വന്തമാക്കി. സെന്റ് ജെറോം സ്‌കൂളിലെ കായികാധ്യാപകനായ മാര്‍ട്ടിന്‍ ജെ. പെരുമനയുടെ പരിശീലനത്തിലായിരുന്നു ഇദ്ദേഹം ട്രാക്കിലിറങ്ങിയത്. പരിശീലനത്തിന് വേണ്ട സ്ഥലം സ്‌കൂളിലില്ലായിരുന്നതിനാല്‍ പൊതുനിരത്തിലും പള്ളിയുടെ ചവിട്ടുപടികളിലും ഓടിയായിരുന്നു റോബിന്റെ പരിശീലനം. മത്സരത്തിന് പങ്കെടുക്കാന്‍ ഷൂസോ ജേഴ്‌സിയോ ഇല്ലാതിരുന്നിട്ടും ഇതൊന്നും റോബിന്റെ കുതിപ്പിന് വെല്ലുവിളിയായില്ല. 2005ല്‍ അഞ്ച് പേരെയിറക്കി 31 പോയിന്റുകള്‍ സ്വന്തമാക്കിയ സെന്റ് ജോറോം സ്‌കൂളിന്റെ നേട്ടത്തെക്കുറിച്ച് പറയുന്ന വേളയില്‍ മാര്‍ട്ടിന്‍ ജെ. പെരുമന മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ; ‘ഇടവകക്ക് ചുറ്റും താമസിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. നാലാം ക്ലാസ് മുതല്‍ പ്രത്യേക പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്ന കുട്ടികളെ മറ്റ് സ്‌കൂളുകള്‍ റാഞ്ചിക്കൊണ്ട് പോവുകയാണ്. പക്ഷെ അതില്‍ എനിക്ക് പരിഭവമില്ല. കാരണം എനിക്ക് പരിശീലനം മാത്രമേ നല്‍കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഭക്ഷണവും നല്‍കാന്‍ കഴിയും. അതിനാല്‍ അവര്‍ പോയാലും ഒട്ടു പരിഭവമില്ല’. പ്രതീക്ഷിച്ചതുപോലെ പ്ലസ് വണിന് ചേരേണ്ട സമയമായപ്പോള്‍ റോബിനേയും ‘റാഞ്ചാന്‍’ മറ്റ് ചില സ്‌കൂളുകള്‍ ശ്രമം നടത്തി. എന്നാല്‍ തന്നെ പരിശീലിപ്പിച്ച് ട്രാക്കിലിറക്കിയ ഗുരുനാഥനൊപ്പം തന്നെ നില്‍ക്കാന്‍ റോബിന്‍ തീരുമാനിച്ചു.

സാറും ഞങ്ങളും ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് അന്ന് വിജയം നേടാനായത്. നമുക്ക് പ്രതീക്ഷയുടെ ഭാരവും ആശങ്കകളൊന്നുമില്ലായിരുന്നു. സാറ് പരിശീലിപ്പിക്കും. ഞങ്ങള്‍ വാശിയോടെ മത്സരത്തില്‍ പങ്കെടുക്കും. മെഡല്‍ കിട്ടണമെന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് കിട്ടുകയും ചെയ്തു. റോഡിലിറങ്ങിയായിരുന്നു ഞങ്ങളുടെ പരിശീലനം. വേറെ സ്ഥലമില്ല, അതുകൊണ്ട് തന്നെ. അന്ന് എനിക്ക് ജേഴ്‌സിയില്ല, ഷൂസില്ല, സ്‌ട്രൈപ്‌സില്ല, അങ്ങനെയൊന്നുമില്ല. ബ്രാന്‍ഡഡ് സാധനങ്ങളെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. ബ്രാന്‍ഡഡ് എന്നൊന്ന് ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു. പത്താം ക്ലാസിലായപ്പോള്‍ ഞങ്ങളെ ഒരു ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തു. അങ്ങനെ ഒരു ജഴ്‌സി കിട്ടി. പത്താംക്ലാസിലെ റിസള്‍ട്ട് വന്നതിന് പിന്നാലെ വേറെ സ്‌കൂളുകളില്‍ നിന്ന് ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ ജെറോം സ്‌കൂളില്‍ മാര്‍ട്ടിന്‍ സാറിന്റെ ശിക്ഷ്ണത്തില്‍ തന്നെ പഠിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ മാര്‍ട്ടിന്‍ സാര്‍ മരിച്ചു. അതോടെ അന്ന് വരെ സംഭരിച്ചിരുന്ന എല്ലാ ഊര്‍ജവും പോവുന്നത് പോലെയായി. ആ വര്‍ഷം എനിക്ക് സ്‌കൂള്‍ മീറ്റിന് പങ്കെടുക്കാനായില്ല. മൊറോക്കയില്‍ നടന്ന ലോക യൂത്ത് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഞാനായിരുന്നു. അതിന് പോവേണ്ടി വന്നതിനാല്‍ സ്‌കൂള്‍ മീറ്റിനുള്ള അവസരം നഷ്ടമായി. പ്ലസ്ടുവിന് വീണ്ടും മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡല്‍ ലഭിക്കുകയും ചെയ്തു. പിന്നീട് ഡിഗ്രി എകണോമിക്‌സിന് ചേര്‍ന്നതിനൊപ്പം തൃശൂരിലെ സായ് കേന്ദ്രത്തില്‍ ചേര്‍ന്നു. അവിടെ നിന്നാണ് നല്ല ഷൂസും, സ്‌ട്രൈപ്‌സും, ജേഴ്‌സിയും, ട്രാക്ക് സ്യൂട്ടുമെല്ലാം കിട്ടുന്നത്. ചെലവ് മുഴുവന്‍ അവര്‍ നോക്കിയിരുന്നതിനാല്‍ കാര്യങ്ങള്‍ സുഗമമായി പോവുകയായിരുന്നു. അതിനിടെ എനിക്ക് ഒരു പരിക്ക് പറ്റി. പിന്നീട് സായിയില്‍ തുടരാനാവാതെ വീട്ടിലേക്ക് മടങ്ങി. പരിക്ക് കാരണം ആ വര്‍ഷങ്ങളിലെ മീറ്റുകളില്‍ പങ്കെടുക്കാനുമായില്ല. ചെറിയ ബ്രേക്കിന് ശേഷം തിരിച്ചു വന്നെങ്കിലും പഴയ ഊര്‍ജ്ജത്തോടെ പെര്‍ഫോം ചെയ്യാനായില്ല. അങ്ങനെ ട്രാക്ക് വിടേണ്ടി വന്നു’.

പി.ജി പഠനവും കഴിഞ്ഞ് ജോലിക്കായി പല വാതിലുകള്‍ മുട്ടി. കായികരംഗത്ത് നാടിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ സഹായിക്കില്ലെന്ന് കണ്ടപ്പോള്‍,അവ ഉപേക്ഷിച്ച് ജോലിക്കിറങ്ങി.

എന്റെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു. എനിക്ക് ഒന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ പെന്‍ഷന്‍ കാശുകൊണ്ടാണ് അമ്മ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും, ആ കഷ്ടപ്പാടില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും ഒന്നുമാവാന്‍ കഴിഞ്ഞില്ല എന്ന സങ്കടം മാത്രമേയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ പല അപേക്ഷകളും ജോലിക്കായി സമര്‍പ്പിച്ചു. ഫലമുണ്ടായില്ല. പക്ഷെ ഇത് എന്റെ മാത്രം കുഴപ്പമല്ല. എന്നെപ്പോലെ പലരുമുണ്ട്. അച്ഛന്‍ സര്‍വീസിലിരിക്കെ മരിച്ചിട്ടും ആര്‍മിയിലും ജോലി ലഭിച്ചില്ല. ഇപ്പോള്‍ എനിക്ക് ഭാര്യയുണ്ട്, കുഞ്ഞുണ്ട്. അമ്മയും ഞങ്ങളുമടങ്ങുന്ന കുടുംബം പോറ്റാന്‍ ചില്ലറ പെടാപ്പാടൊന്നുമല്ല പെടുന്നത്. അതിനിടയില്‍ ഇനി ഇതൊക്കെ ഓര്‍ത്തിട്ട് എന്ത് കാര്യം? ഞാന്‍ നേടിയകാര്യങ്ങളോര്‍ത്ത് സന്തോഷമുണ്ട്, അപ്പോഴും ഇപ്പോഴും.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍