UPDATES

ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി: റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത് ഇന്ത്യക്ക് ഗുണമാവുമോ?

മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ  കളി ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു

ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ്  മത്സരം മുറുകുന്നതിനിടെയാണ് മഴ എത്തിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു മഴ കളി തടസ്സപ്പെടുത്തുമ്പോള്‍. മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത് കൂടുതല്‍ നേട്ടമുണ്ടാക്കുക ഇന്ത്യക്ക് തന്നെയാകും എന്നാണ് നിരീക്ഷണം.

മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഴനിയമ പ്രകാരം വിജയലക്ഷ്യം തീരുമാനിക്കുന്നതിനേക്കാള്‍ ഇന്ത്യക്ക് ഗുണകരമാണ് ഇപ്പോള്‍ കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത്. മഴ മൂലം കിവീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ച് ഓവറുകള്‍ വെട്ടി ചുരുക്കി ഇന്ത്യ ബാറ്റിംഗിനിറങ്ങിയാല്‍ ഇന്ത്യക്ക് തിരിച്ചടിയായേനെ. ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍ കിവീസിന്റെ ഇന്നിംഗ്‌സ് 46 ആം ഓവറില്‍ അവസാനിച്ചാല്‍ ഇന്ത്യന്‍ വിജയലക്ഷ്യം 237 റണ്‍സായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാല്‍ ലക്ഷ്യം 223 ആകും. 35 ഓവറായാല്‍ 209, 30 ഓവറായാല്‍ 192, 25 ഓവറായാല്‍ 172, 20 ഓവറായാല്‍ 148 എന്നിങ്ങനെയാണ് കണക്കുകള്‍. മഴ കൂടുതല്‍ നീണ്ടതോടെ 20 ഓവര്‍ കളി നടക്കാനായിരുന്നു സാധ്യതകള്‍ കൂടുതല്‍.

അങ്ങനെ വന്നാല്‍ നനഞ്ഞ ഔട്ട്ഫീല്‍ഡും സാഹര്യങ്ങളുമെല്ലാം ഇന്ത്യന്‍ ബാറ്റിംഗിനെ ദുഷ്‌കരമാകുമായിരുന്നു. ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കിയതിന്റെ അനുകൂല സാഹചര്യം ഇന്ത്യക്ക് മുതലാക്കാനാകാതെ പോകുകയും ചെയ്‌തേനെ. റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റിയതോടെ ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അതേ അവസ്ഥയില്‍ തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും.

ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ശേഷിക്കുന്ന 23 പന്തുകള്‍ റിസര്‍വ് ദിനമായ ഇന്നാകും പൂര്‍ത്തിയാക്കുക. ഇതിനു ശേഷമാകും ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങുക. മല്‍സരം മഴ മുടക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‌ലര്‍ (67), ടോം ലാഥം (3) എന്നിവരാകും ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിക്കുക. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസര്‍വ് ദിനത്തിലെ മല്‍സരത്തിനു തുടക്കമിടും.

Read More: കാരക്കോണം മെഡിക്കൽ കോളജില്‍ 1.78 കോടിയുടെ ക്രമക്കേട്: 20 ചെക്കുകള്‍ കടത്തിയതായി മുന്‍ ഡയറക്ടറും സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ബെന്നറ്റ് എബ്രഹാമിനെതിരെ പരാതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍