UPDATES

കായികം

പുസരല വെങ്കട സിന്ധു; ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ അഭിമാനം

ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് പത്തു വര്‍ഷത്തിലേറെയായി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ തിളക്കത്തോടെ ഇന്ത്യയുടെ പുസരല വെങ്കട സിന്ധു കരിയറിലെ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. 2016-ല്‍ ഒളിമ്പിക് മെഡലെന്ന ചരിത്ര നേട്ടം കുറിച്ച സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പോരാട്ടത്തിന് സിന്ധുവില്‍ നിന്ന് വെള്ളി പ്രതീക്ഷയെ ആരാധകര്‍ക്കുണ്ടായിരുന്നുള്ളു. കാരണം കരിയറില്‍ 15 ഫൈനല്‍ തോല്‍വികളാണ് താരം നേരിട്ടത് എന്നത് തന്നെ. കഴിഞ്ഞ ദിവസം ജപ്പാന്റെ മൂന്നാം സീഡ് നൊസോമി ഒക്കുഹാരയെ 38 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തില്‍ ഒകുഹാരയ്ക്കുമേലുള്ള സിന്ധുവിന്റെ ജയം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഒകുഹാരയ്ക്കെതിരേ നടന്ന 15 പോരാട്ടങ്ങളില്‍ എട്ടിലും ജയിക്കാന്‍ സിന്ധുവിനായി. കഴിഞ്ഞ രണ്ടു തവണയും ഫൈനലിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ ജയം.

90 കളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വെച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്പോര്‍ട്സില്‍ എത്തിയതെന്ന് സിന്ധു പല തവണ വെളിപ്പെടുത്തിയിട്ടുമുണ്ട്. പിതാവ് രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്. രമണ വോളി കളിക്കാന്‍ കോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ സിന്ധു ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. ബാഡ്മിന്റണിനോടുള്ള താത്പര്യം മുന്‍ നിര്‍ത്തി ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. അവിടെ നിന്നാണ് സിന്ധു നേട്ടങ്ങളുടെ പടി കയറാന്‍ തുടങ്ങിയതും.

രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് പത്തു വര്‍ഷത്തിലേറെയായി. ഗോപിയുടെ കീഴില്‍ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. തുടര്‍ച്ചയായി ഫൈനല്‍ തോല്‍വികള്‍ക്ക് ശേഷമാണ് സിന്ധു ഇപ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 2013, 14 വര്‍ഷങ്ങളില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സിന്ധു ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

സിന്ധുവിന്റെ പ്രധാന നേട്ടങ്ങള്‍
2016 ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയതാണു സിന്ധുവിന്റെ കരിയറിലെ പ്രധാന നേട്ടം. ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണു സിന്ധു. 2017 ലെ ഇന്ത്യന്‍ ഓപ്പണ്‍- കാരോലിന്‍ മാരിനെ തോല്‍പ്പിച്ചാണു സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയത്. ചൈനയുടെ സുങ് ജി ഹ്യുന്നിനെ മറികടന്നാണു സിന്ധു ഫൈനലിലെത്തിയത്. 2016 ലെ ചൈനാ ഓപ്പണ്‍ – റിയോ ഒളിമ്പിക്സിലെ വെള്ളിത്തിളക്കത്തിനു പിന്നാലെ സിന്ധു ചൈനാ ഓപ്പണില്‍ സ്വര്‍ണ നേട്ടത്തിലെത്തി. സുണ്‍ യുവിനെ 21-11, 17-21, 21-11 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു സിന്ധു സ്വര്‍ണമണിഞ്ഞത്. 2018 ലെ ബി.ഡബ്ല്യു.എഫ്. ടൂര്‍ ഫൈനല്‍സ്- ഇന്ത്യന്‍ താരത്തിന്റെ കരിയറിലെ പ്രധാന കിരീടമാണിത്. നസോമി ഒസാകയെയാണു സിന്ധു അന്നും തോല്‍പ്പിച്ചത്. ടോപ് സീഡുകളെ തോല്‍പ്പിച്ചാണു സിന്ധു ഫൈനലില്‍ കടന്നത്്. 2016 ലെ ഒളിമ്പിക്സ് കൂടാതെ ലോകചാമ്പ്യന്‍ഷിപ്പ്-2017, 2018, ഏഷ്യന്‍ ഗെയിംസ്- 2018, കോമണ്‍വെല്‍ത്ത് ഗെയിംസ്-2018, ഇന്തോനീഷ്യ ഓപ്പണ്‍, തായ്ലന്‍ഡ് ഓപ്പണ്‍-2018, ഇന്ത്യ ഓപ്പണ്‍-2018, സൂപ്പര്‍ സീരീസ് ഫൈനല്‍-2017, ഹോങ്കോങ് ഓപ്പണ്‍-2017, 2016, ഡെന്മാര്‍ക്ക് ഓപ്പണ്‍-2015, സയദ് മോഡി ഇന്റര്‍നാഷണല്‍-2014, 2012, ഡച്ച് ഓപ്പണ്‍ 2011 എന്നിവയുടെ ഫൈനലുകളിലും സിന്ധുവിന് ജയിക്കായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍