UPDATES

കായികം

കപ്പ് അടിച്ച് ഇന്ത്യ, കലിപ്പ് അടക്കി ലങ്ക

ബംഗ്ലാദേശ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായ പ്രകടനങ്ങള്‍ അത്രമേല്‍ മുറിവേല്‍പ്പിച്ചിരുന്നു ലങ്കയെ

ശ്രീലങ്ക കിരീടം നേടിയതുപോലെയായിരുന്നു പ്രേമദാസ സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ കണ്ടാല്‍! ജീത്തേ ഗാ ഭായ് ജീത്തേഗാ… ഇന്ത്യാ ജീത്തേഗാ…വിളികളായിരുന്നു ഇന്നലെ സ്റ്റേഡിയം മുഴുവന്‍. ഇതു വിളിച്ചവരില്‍ ഭൂരിഭാഗവും ശ്രീലങ്കക്കാരും.

ഇന്ത്യയുടെ ത്രസിപ്പിക്കുന്ന നാലു വിക്കറ്റ് വിജയത്തില്‍ ശ്രീലങ്കന്‍ ആരാധകര്‍ നടത്തിയ ആഘോഷപ്രകടനം, ബംഗ്ലാദേശിനോടുള്ള അവരുടെ പകരം വീട്ടല്‍ തന്നെയായിരുന്നു. ലീഗിലെ അവസാന മത്സരത്തില്‍ നടന്ന പ്രശ്‌നങ്ങളും ഒടുവില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് കളിക്കാര്‍ നടത്തിയ പ്രകടനങ്ങളും അത്രമേല്‍ മുറിവേല്‍പ്പിച്ചിരുന്നു ലങ്കക്കാരുടെ മനസിനെ. ബംഗ്ലാകളുടെ നാഗനൃത്തത്തിന് തക്ക മറുപടി ഇന്ത്യ കൊടുക്കുമെന്നും അതിനായി തങ്ങളുടെ മുഴുവന്‍ പിന്തുണയും ഇന്ത്യക്കായിരിക്കുമെന്നും ഫൈനല്‍ മത്സരത്തിനു മുന്‍പ് തന്നെ ലങ്കന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളും ഇന്ത്യക്ക് അനുകൂലമായാണ് നിന്നത്.

ഫൈനലിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫൈനലിന് ഇറങ്ങുമ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്നും തങ്ങള്‍ക്ക് യാതൊരു വിധ പിന്തുണയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, അങ്ങനെ കിട്ടിയാല്‍ അത് സന്തോഷിപ്പിക്കുമെന്നും ഷക്കീബ് പറഞ്ഞു. എന്നാല്‍, ആര് ആരെ പിന്തുണയ്ക്കുന്നു എന്നത് വിഷയമല്ലെന്നും നല്ല കളി കാഴ്ച്ച വയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുകയെന്നും ബംഗ്ലാ ക്യാപ്റ്റന്‍ വ്യക്തമാക്കി. ഷക്കീബ് കണക്കുകൂട്ടിയതു പോലെ തന്നെയായിരുന്നു പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നതും. ഒരുപക്ഷേ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെയായിരിക്കും ഒരു രാജ്യത്തെ കാണികള്‍ മറ്റൊരു ടീമിനു വേണ്ടി ഇത്രയധികം ആവേശം പകര്‍ന്നു കൊടുത്തതും. കളിക്കിടയില്‍ കമന്ററി ബോക്‌സില്‍ ഇരുന്ന് ബംഗ്ലാദേശുകാരന്‍ അതര്‍ അലി ഖാന്‍ ഇക്കാര്യം തന്റെ സഹ കമന്റേറ്ററും മുന്‍ ലങ്കന്‍ താരവുമായ റസല്‍ അര്‍നോള്‍ഡിനു ചോദിക്കുകയും ചെയ്തു. ലങ്കക്കാര്‍ ഇന്ത്യന്‍ ടീമിനു നല്‍കുന്ന പിന്തുണയില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടോ എന്നായിരുന്നു ഖാന്റെ ചോദ്യം. ഈ കാണികള്‍ എന്നെ അശ്ചര്യപ്പെടുത്തുന്നതിനൊപ്പം മതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു എന്നായിരുന്നു റസലിന്റെ മറുപടി.

ശ്രീലങ്ക-ബംഗ്ലദേശ് അവസാന ലീഗ് മത്സരത്തിലെ അവാസന ഓവറുകളില്‍ ഉണ്ടായ പ്രതിസന്ധികളാണ് ലങ്കക്കാരെ ഇത്രമേല്‍ ബംഗ്ലാദേശ് വൈരികളാക്കിയത്. അമ്പയര്‍മാര്‍ മനപൂര്‍വം നോബോളുകള്‍ വിളിക്കാതിരുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് കളിക്കാര്‍ പ്രശ്‌നം സൃഷ്ടിക്കുകയും കളി നിര്‍ത്തി പോരാന്‍ തന്റെ ബാറ്റ്‌സ്മാന്‍മാരോട് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ ആവശ്യപ്പെടുകയും ഉണ്ടായി. ഒടുവില്‍ അമ്പയര്‍മാര്‍ ഒരുവിധത്തില്‍ ബംഗ്ലാ കളികക്കാരെ സമാധാനപ്പെടുത്തുകയായിരുന്നു. എന്നാല്‍ വീണ്ടും ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് മഹമദുല്ല നേടിയ കൂറ്റന്‍ സിക്‌സിലൂടെ വിജയം നേടുകയുമായിരുന്നു. ഇതോടെ ബംഗ്ലാ കളിക്കാരുടെ ആവേശം അതിരുവിട്ടു. ഗ്രൗണ്ടില്‍ നാഗനൃത്തം ചവിട്ടി ലങ്കയെ പ്രകോപിച്ച അവര്‍ ഡ്രസ്സിംഗ് റൂമില്‍ എത്തിയതോടെ അക്രമാസക്തരാവുകയും ചെയ്തു. ഡ്രസിംഗ് റൂമിന്റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്ത് ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കുകയും ചെയ്തു.

ഇതോടെയാണ് ലങ്ക മൊത്തം ബംഗ്ലാദേശിന് എതിരാവുകയും ഇന്ത്യ ടീമിനൊപ്പം ചേര്‍ന്നതും. ഫൈനലില്‍ ഓരോ ബംഗ്ലാദേശ് ബാറ്റ്‌സാമാന്‍ ഔട്ടാകുമ്പോഴും അവര്‍ കൂക്കി വിളിച്ചു. ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ആര്‍ത്തു വിളിച്ചു. ഒടുവില്‍ മാസ്മരിക സിക്‌സ് നേടി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തപ്പോള്‍ അത് തങ്ങളുടെ തലയിലാണ് ഇരിക്കുന്നതെന്ന ആവേശത്തോടെ പ്രേമദാസയില്‍ തിങ്ങി നിറഞ്ഞ ലങ്കന്‍ ആരാധകര്‍ ആഘോഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍