UPDATES

കായികം

ആദ്യ പന്തില്‍ ബൗണ്ടറി, രണ്ടാം പന്തില്‍ വിക്കറ്റ്, പിന്നങ്ങോട്ട് വിക്കറ്റ് മഴ; കിവീസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ്‌ ശ്രീലങ്ക

തന്റെ നാല്‍പ്പത്തിമൂന്നാം ഏകദിനം കളിക്കുന്ന ഹെന്റി ആദ്യ മത്സരത്തിലൂടെ തന്നെ ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

ഐസിസി ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ന്യൂസിലാന്‍ഡിന്റ് ക്യാപ്റ്റന്‍ കേന്‍ വില്യംസണിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തിറക്കുന്നത്. ആദ്യ പന്ത് ബൗണ്ടറി കടത്തി ലാഹിരു തിരിമന്നെ ഒരു വെടിക്കെട്ടിന്റെ പ്രതീക്ഷ ലങ്കന്‍ ആരാധകര്‍ നല്‍കിയെങ്കിലും ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്നലെ നടന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരത്തിന്റെ തനിയാവര്‍ത്തനമായി ഇന്നത്തെ കളിയുമെന്നും പറയാം.

പ്രത്യേകിച്ചും മാറ്റ് ഹെന്റിയുടെ പ്രകടനം. മത്സരത്തിന്റെ ആദ്യ ഓവര്‍ എറിഞ്ഞ ഹെന്റിയുടെ ആദ്യ പന്ത് തന്നെ ലാഹിരു തിരിമന്നെ ബൗണ്ടറി കടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തിരിമന്നെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഹെന്റി തിരിച്ചടിച്ചത്. തിരിമന്നെയുടെ പുറത്താകലിന് ശേഷം ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്‌നയ്‌ക്കൊപ്പം ബാറ്റിംഗ് പുനരാരംഭിച്ച കുശാല്‍ പെരേരയ്ക്കായിരുന്നു ഹെന്റിയുടെ വക അടുത്ത ഷോക്ക്. സാവകാശം റണ്‍സ് ഉയര്‍ത്തുന്നതിനിടെ പെരേരയെ ഹെന്റി കോളിന്‍ ദം ഗ്രാന്‍ഹോമെയുടെ കൈകളില്‍ എത്തിച്ചു. എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഇത്. തൊട്ടടുത്ത പന്തില്‍ പകരക്കാരനായെത്തിയ കുശാല്‍ മെന്‍ഡിസിനെയും ഹെന്റി തന്നെ മടക്കി. മാര്‍ട്ടിന്‍ ഗുപ്തിലിനായിരുന്നു ഇക്കുറി ക്യാച്ച്.

തന്റെ നാല്‍പ്പത്തിമൂന്നാം ഏകദിനം കളിക്കുന്ന ഹെന്റി ആദ്യ മത്സരത്തിലൂടെ തന്നെ ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഹെന്റിയുടെ ആദ്യ സ്‌പെല്ലിന് ശേഷം പന്തെറിയാന്‍ എത്തിയ ലോക്കി ഫെര്‍ജ്യൂസണും ശ്രീലങ്കയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. ധനഞ്ജയ ഡിസില്‍വയെ വിക്കറ്റിന് മുന്നില്‍ കുരുക്കി മടക്കി അയച്ചു. 15-ാം ഓവറില്‍ എയ്ഞ്ചലോ മാത്യൂസിനെ ഗ്രാന്‍ഡ്‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാതത്തിന്റെ കൈകളില്‍ എത്തിച്ച് മടക്കിയയച്ചു. തൊട്ടടുത്ത ഓവറില്‍ ജീവന്‍ മെന്‍ഡിസ് ഫെര്‍ജ്യൂസന്റെ പന്തില്‍ ജെയിംസ് നിഷാമിന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി ശ്രീലങ്ക.

തുടര്‍ച്ചയായി ആറ് വിക്കറ്റുകള്‍ നഷ്ടമായതോടെ ജാഗ്രതയോടെ കളിച്ച ശ്രീലങ്കയ്ക്ക് പിന്നീട് വിക്കറ്റ് നഷ്ടമായത് എട്ട് ഓവറിന് ശേഷമാണ്. തിസേര പെരേരയെ മിച്ചല്‍ സാന്റ്‌നര്‍ ബോള്‍ട്ടിന്റെ കൈകളില്‍ എത്തിച്ചു. പകരം വന്ന ഇസുറു ഉഡാന തൊട്ടടുത്ത ഓവറില്‍ തന്നെ മടങ്ങിപ്പോയി. ജെയിംസ് നിഷാമിന്റെ പന്തില്‍ മാറ്റ് ഹെന്റിക്ക് ക്യാച്ച്. 28-ാം ഓവറില്‍ സുരാംഗന ലക്മാലും പുറത്തായി. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറിനായിരുന്നു ക്യാച്ച്. ഓപ്പണറായി കയറിയ ക്യാപ്റ്റന്‍ കരുണരത്‌നയാണ് ഏറ്റവും ഒടുവില്‍ പുറത്തായത്. ഒടുവില്‍ മുപ്പതാം ഓവറില്‍ ഫെര്‍ജ്യൂസന്റെ പന്തില്‍ സാന്റനര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ശ്രീലങ്ക 136 റണ്‍സിന് ഓള്‍ ഔട്ട്.

ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ കരുണരത്‌നയ്ക്ക് ഒഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. കരുണരത്‌ന 51 റണ്‍സെടുത്തു. കുശാല്‍ പെരേര 29ഉം തിസേര പെരേര 27ഉം റണ്‍സ് എടുത്തത് ഒഴിച്ചാല്‍ മറ്റാരും രണ്ടക്കം കടന്നില്ല. ന്യൂസിലാന്‍ഡിന് വേണ്ടി. മാറ്റ് ഹെന്റി, ഫെര്‍ജ്യൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ബോള്‍ട്ട്, ഗ്രാന്റ്‌ഹോം, നിഷാം, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

read more:പ്രാചീന ഭാരതത്തില്‍ കണാദ മഹര്‍ഷി ആണവപരീക്ഷണം നടത്തിയെന്ന് പറഞ്ഞയാളാണ് ഇനി ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍