UPDATES

ട്രെന്‍ഡിങ്ങ്

ചതിയന്മാരെന്ന നാണക്കേടുമായി അവര്‍ ക്രിക്കറ്റില്‍ നിന്നും എന്നന്നേക്കുമായി മടങ്ങുകയാണോ?

സ്റ്റിവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്തവിലക്ക് വരാന്‍ സാധ്യത

ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാര്‍… സ്വന്തം രാജ്യത്ത് മാത്രമല്ലാതെ, ക്രിക്കറ്റ് ലോകത്താകമാനം ആരാധകരുള്ളവര്‍..സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിശേഷണങ്ങള്‍ ഈ വിധം ഏറെയുണ്ട്.

അല്ല, ‘ഉണ്ടായിരുന്നു’ എന്നുവേണം പറയാന്‍. കാരണം, ഈ രണ്ട് പ്രതിഭാശാലികളും ഇപ്പോള്‍ ‘വെറുക്കപ്പെട്ടവര്‍’ ആയി മാറിയിരിക്കുന്നു. മാന്യന്മാരുടെ കളിയെന്ന് പറയപ്പെടുന്ന ക്രിക്കറ്റിനെ പച്ചയ്ക്ക് ചതിച്ചവരായി സ്വന്തം രാജ്യം തന്നെ അവരെ കുറ്റപ്പെടുത്തുന്നു. ഏതു മികച്ച ബൗളറുടെയും ഏറ്റവും മികച്ച പന്തുപോലും ഫോറും സ്‌ക്‌സുമാക്കി മാറ്റാന്‍ കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ തങ്ങള്‍ക്കു നേരെ ഉയര്‍ന്നു പൊങ്ങിവരുന്ന കുറ്റപ്പെടുത്തലുകള്‍ക്ക് മുന്നില്‍ തലകുനിച്ചിരിക്കാനെ കഴിയുന്നുന്നുള്ളു. കുറ്റസമ്മതവും കുമ്പസാരവും പോലും അവര്‍ക്ക് അവരെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ആകുന്നില്ല.

ഇനി എന്ത്? എന്ന ചോദ്യത്തിനുള്ള, ഏകദേശം ഉറപ്പായൊരു ഉത്തരത്തിനായി മാത്രം അവര്‍ കാത്തിരിക്കുകയാണ്…

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാര്‍, ലോകത്തിന്റെ മുന്നില്‍ ചതിയന്മാരായി തലകുനിച്ച് ക്രിക്കറ്റില്‍ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി പോകേണ്ടി വരികയാണോ…

ഇപ്പോള്‍ ക്യാപ്റ്റനെ സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്നുമാത്രമുള്ള വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തലും മാത്രമാണ് ശിക്ഷ നടപടിയായി നല്‍കിയിരിക്കുന്നത്. പിടിച്ചു നില്‍ക്കാന്‍ ഒരു വിഫലശ്രമം നോക്കിയെങ്കിലും പ്രധാനമന്ത്രി വരെ ഇടപെട്ടതോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ സ്മിത്തും ഉപനായകസ്ഥാനത്ത് നിന്നും വാര്‍ണറും സ്വയം ഒഴിഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും രണ്ടുപേരും രക്ഷപ്പെടുന്നില്ലെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് സ്മിത്തിനും വാര്‍ണര്‍ക്കും കിട്ടിയേക്കുമെന്നുള്ള ശക്തമായൊരു സംസാരം നിലനില്‍ക്കുന്നുണ്ട്. അച്ചടക്കലംഘനം നടത്തിയ വാര്‍ണര്‍ക്കും സ്മിത്തിനും ആജീവനാന്തവിലക്ക് വിധിക്കാന്‍ ക്രിക്കറ്റ് ഓസ്ര്‌ടേലിയ തയ്യാറെടുക്കുന്നുവെന്ന സൂചനയോടെ ഇസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി യൂണിറ്റ് തലവന്‍ ഇയാന്‍ റോയി, ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡ് എന്നിവര്‍ കേപ് ടൗണില്‍ അന്വേഷണത്തിന് പോയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കമ്മിഷന്‍ നിര്‍ദേശാനുസരണം ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും അങ്ങോട്ട് അയച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും സ്മിത്തിന്റെയും വാര്‍ണറുടേയും ഭാവി നിശ്ചയിക്കുന്ന തീരുമാനം ഉണ്ടാവുക.

അതേസമയം താനും വാര്‍ണറും കൂടി എല്ലാ കുറ്റവും ഏറ്റെടുത്ത് മറ്റ് കളിക്കാരെയെങ്കിലും രക്ഷിച്ചെടുക്കുന്ന ഒരു നീക്കം സ്മിത്ത് നടക്കുന്നുണ്ട്. ടീമിലെ എല്ലാ കളിക്കാരും അറിഞ്ഞുകൊണ്ടായിരുന്നോ കേപ് ടൗണിലെ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതെന്ന അന്വേഷണം നടക്കുന്നുണ്ട്. ഡ്രസ്സിംഗ് റൂമില്‍ വച്ചു തന്നെ ഇത്തരമൊരു ചതി ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്മിത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. ആ നിലയ്ക്ക് ടീമിലെ മറ്റ് സീനിയര്‍ താരങ്ങളും ഇതില്‍ പങ്കാളികളാണോ എന്ന സംശയം ഉണ്ടാകുന്നുണ്ട്. ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലെ നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹസല്‍വുഡ് എന്നിര്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പക്ഷേ ഇപ്പോള്‍ പറയുന്നതെങ്കിലും അന്വേഷണം ഇവരിലേക്കും നീളാം.

തലപൊക്കാനാകാതെ ഓസ്‌ട്രേലിയ
കേപ് ടൗണ്‍ ചതി പുറം ലോകം അറിഞ്ഞതോടെ കടുത്ത നാണക്കേടില്‍ വലയുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റും ആ രാജ്യവും. എല്ലാവരുടെയും കുറ്റപ്പെടുത്തലിനും പരിഹാസത്തിനും മുന്നില്‍ മറുപടികളില്ലാതെ അപരാധത്തിന്റെ ഭാരം ഏറ്റെടുത്ത് തലതാഴ്ത്തി നില്‍ക്കുകയാണവര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ഇതുപോലൊരു നാണക്കേടിന്റെ വാര്‍ത്തയും കേട്ട് എഴുന്നേല്‍ക്കേണ്ടി വന്നതില്‍ എല്ലാ ഓസട്രേലിയന്‍ ക്രിക്കറ്റ് ആരാധകരോടും ഞാന്‍ മാപ്പ് അപേക്ഷിക്കുകയാണെന്നായിരുന്നു സതര്‍ലാന്‍ഡ് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ജെയിംസ് സതര്‍ലാന്‍ഡ് ഏറ്റുപറഞ്ഞു.

ഈ സംഭവത്തില്‍ കടുത്ത അമര്‍ഷവും വേദനയും പ്രകടിപ്പിച്ചാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോ ടേണ്‍ബുള്‍ രംഗത്തു വന്നത്. ഇതുപോലൊരു ചതിയില്‍ ഏര്‍പ്പെടാന്‍ നമ്മുടെ കളിക്കാര്‍ക്ക് എങ്ങനെയാണ് സാധിച്ചത്? പ്രധാനമന്ത്രി ചോദിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങളെ മാതൃകാബിംബങ്ങളായാണ് കണ്ടിരുന്നത്, മാന്യമായ കളിയുടെ പര്യായമായിട്ടായിരുന്നു ക്രിക്കറ്റിനെ കണ്ടിരുന്നത്; ടേണ്‍ബുള്‍ തന്റെ നിരാശ വ്യക്തമാക്കുന്നു. ക്രിക്കറ്റ് മേധാവികള്‍ എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. സമ്മര്‍ദ്ദങ്ങള്‍ ഇത്രമേല്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തേഡ്‌ അംബയറുടെ തീരുമാനം കാത്തിരിക്കുന്ന ബാറ്റ്‌സ്മാന്‍മാരെ പോലെയാണ്; തെളിയുന്നത് റെഡ് സ്ഗിനല്‍ ആണെങ്കില്‍….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍