UPDATES

ട്രെന്‍ഡിങ്ങ്

‘എന്‍ജോയ് റിട്ടയര്‍മെന്റ് ലെജന്‍ഡ്’, സ്റ്റുവര്‍ട്ട് ബ്രോഡ് യുവരാജിനെ മറന്നില്ല, ഇംഗ്ലീഷ് താരത്തെ പ്രശംസകള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചു കണ്ടിട്ടുള്ള രംഗങ്ങളിലൊന്നായിരിക്കും അത്

ലോകക്രിക്കറ്റിലെ ഒരവിധപ്പെട്ട ബൗളര്‍മാരൊക്കെ യുവരാജ് സിംഗിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്. 19 വര്‍ഷം നീണ്ട തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു ബൗളര്‍ക്കു മുന്നിലും യുവരാജ് ചൂളിയിട്ടില്ല. തന്നെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കണക്കു തീര്‍ത്തു. എന്നാല്‍ യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ ഒരു ‘നിരപരാധി’യുടെ ആശംസകളാണ് ഇന്ത്യന്‍ താരത്തിന്റെ വിരമിക്കല്‍ വേളയില്‍ ഇന്നലെ മുതല്‍ ക്രിക്കറ്റ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മറ്റാരുമല്ല- സ്റ്റുവര്‍ട്ട് ബ്രോഡ്.

യുവിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നയുടന്‍ ബ്രോഡ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഇങ്ങനെ കുറിച്ചു- ‘എന്‍ജോയ് റിട്ടയര്‍മെന്റ് ലെജന്‍ഡ്’. അതും തന്റെ തോളില്‍ തട്ടി യുവരാജ് ആശ്വസിപ്പിക്കുന്ന ചിത്രത്തോടൊപ്പം.

ഈ വാക്കുകള്‍ അത്യത്ഭുതത്തോടെയും ബഹുമാനത്തോടെയുമാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ട്വിറ്ററില്‍ യുവരാജിനുള്ള പ്രശംസകള്‍ക്കൊപ്പമാണ് ആരാധകര്‍ ബ്രോഡ് എന്ന ‘ജന്റില്‍മാന്‍’ ക്രിക്കറ്ററെ വാഴ്ത്തുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് ടീമിലെ നിര്‍ണായക താരങ്ങളിലൊന്നാണ് 32-കാരനായ ബ്രോഡ് ഇപ്പോള്‍.

മറ്റാരു മറന്നാലും 2007 സെപ്റ്റംബര്‍ 19 എന്ന തീയതി ബ്രോഡ് മറക്കാനിടയില്ല. അന്ന് പയ്യന്‍. ക്രീസില്‍ യുവരാജും എം.എസ് ധോണിയും. ട്വന്റി-ട്വന്റി ക്രിക്കറ്റിന്റെ 18-ാം ഓവറില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിനെ രണ്ടു തവണ യുവരാജ് അതിര്‍ത്തി കടത്തി. ഇതോടെ ക്രോധം മൂത്ത ഫ്‌ളിന്റോഫ് യുവരാജിനരികിലെത്തി എന്തോ പറഞ്ഞു. പിന്നെ പ്രേക്ഷകര്‍ ടിവിയിലൂടെ കാണുന്നത് ഫ്‌ളിന്റോഫിനു നേരെ ബാറ്റും ചൂണ്ടി നടന്നടുക്കുന്ന യുവിയെയാണ്. ഇതിനിടയില്‍ ധോണിയും അംപയറും ഇടപെടുന്നു. ഫ്‌ളിന്റോഫ് ബൗണ്ടറി ലൈനടുത്തേക്ക് ഫീല്‍ഡിംഗിനായി നീങ്ങുന്നു.

Also Read: മറക്കില്ല യുവി ആ ആറു സിക്സറുകള്‍; ആ പോരാട്ടവീര്യവും

19-ാം ഓവര്‍ ചെയ്യുന്നത് ബ്രോഡ്. ക്രീസില്‍ യുവി. മുഖഭാവം കണ്ടലറിയാം, രണ്ടും കല്‍പ്പിച്ചുള്ള നില്‍പ്പാണ്. 133 കിലോ മീറ്റര്‍ വേഗതയില്‍ വന്ന ആദ്യ പന്ത് വൈഡ് ലോങ് ഓണിനു മുകളിലൂടെ. 111 മീറ്റര്‍ എന്ന് കമന്റേറ്റര്‍. രണ്ടാം പന്തില്‍ ചെറിയൊരു ഫ്‌ളിക്. സ്ക്വയര്‍ ലെഗിനു മുകളിലൂടെ പന്ത് അതിര്‍ത്തിയില്‍. ക്യാമറ ഫ്‌ളിന്റോഫിന്റെ മുഖത്തേക്ക്. ചിന്താവിഷ്ടനായി നില്‍ക്കുന്ന ഫ്‌ളിന്റോഫ്. മൂന്നാം പന്ത്, എക്‌സ്ട്രാ കവറിനു മുകളിലൂടെ അതിര്‍ത്തി കടന്നു. ബല്ലേ ബല്ലേ ബല്ലേ എന്ന് കമന്ററി ബോക്‌സില്‍ നിന്ന് വാക്കുകള്‍. ബ്രോഡ് നാലാം പന്ത് എറിയുന്നത് റൗണ്ട് ദി വിക്കറ്റായി. ഫുള്‍ടോസായി താഴ്ന്നു വന്ന പന്ത് ബാക്ക്‌വേഡ് പോയിന്റിലൂടെ ബൗണ്ടറി കടന്നു. അഞ്ചാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ. ആകാശത്തേക്ക് നോക്കി നിസഹായനായി നില്‍ക്കുന്ന ബ്രോഡ്. അവസാന പന്ത്, ശ്വാസമടക്കി ക്രിക്കറ്റ് ലോകം-പന്ത് മിഡോണിനു മുകളിലൂടെ അതിര്‍ത്തിയിലേക്ക്. പൊട്ടിത്തെറിക്കുന്ന ഗ്യാലറി. ചിരിച്ചു കൊണ്ട് ധോണിയുടെ കൈകളില്‍ ഇടിക്കുന്ന യുവി.

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചു കണ്ടിട്ടുള്ള രംഗങ്ങളിലൊന്നായിരിക്കും അത്. ആ ബ്രോഡാണ് ഇന്നലെ മനോഹരമായ ആശംസകള്‍ യുവരാജിന് നേര്‍ന്നത്. ഇതിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

Azhimukham Special: വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍