UPDATES

അന്ന് അമ്മ പലിശയ്‌ക്കെടുത്ത 2000 രൂപകൊണ്ട് ഫീസടച്ചു; 20 ലക്ഷത്തിന് മുംബൈ സ്വന്തമാക്കിയ നിധീഷിന്റെ വിജയവഴികള്‍

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശിയായ എം.ഡി നിധീഷിന് പറയാനുള്ളത് കടന്നു വന്ന വഴികളിലെ കൈത്താങ്ങലുകളുടെ കഥകള്‍

പലപ്പോഴായി അമ്മ ഷീല സ്വരുക്കൂട്ടിവെച്ച പണം അതായിരുന്നു നിധീഷിന്റെ ക്രിക്കറ്റ് മോഹങ്ങങ്ങള്‍ക്ക് വിജയഗാഥയൊരുക്കിയത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച നിധീഷിന്റെ ക്രിക്കറ്റ് പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിന് കുടുംബം ഒരിക്കലും വിലങ്ങുതടിയായില്ല. പകരം ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) പതിനൊന്നാം സീസണില്‍ മുബൈ ഇന്ത്യന്‍സിന്റെ കുപ്പായമണിയുന്ന എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശിയായ എം.ഡി നിധീഷിന് പറയാനുള്ളത് കടന്നു വന്ന വഴികളിലെ കൈത്താങ്ങലുകളുടെ കഥകള്‍. ഐപിഎല്‍ പതിനൊന്നാം സീസണില്‍ 20 ലക്ഷം രൂപയുടെ കരാറാണ് നിധീഷ് എന്ന പേസ് ബൌളറെ മുംബൈയിലെത്തിച്ചത്.

“ഐപിഎലില്‍ മുംബൈയുടെ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും ടീമില്‍ തനിക്ക് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ട്രയല്‍സില്‍ വളരെ മോശം പ്രകടനമായിരുന്നു എന്റേതെന്നാണ് വിചാരിച്ചിരുന്നത്. ട്രയല്‍സിലെ ആദ്യ ഓവര്‍ നന്നായി എറിഞ്ഞെങ്കിലും രണ്ടാമത്തെ ഓവറിനിടെ മുട്ടിടിച്ച് വീണു. അതോടെ പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു. മുട്ടിടിച്ചതിനാല്‍ ഒട്ടും ഓടാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ലീഗമെന്റ് ഇഞ്ച്വറി എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് വീട്ടില്‍ തന്നെ വിശ്രമമായിരുന്നു നിധീഷ് പറഞ്ഞു. ഐപിഎല്‍ താരലേലം പകുതി കണ്ടിരുന്നു. മുഴുവനായി കണ്ടില്ല. പിന്നീട് തന്റെ പരുക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ ടിനു യോഹന്നാന്‍ വിളിച്ചു. ഓകെയാണ് ഫിറ്റാണെന്ന മറുപടിയും കൊടുത്തു. പത്തുമിനിട്ടുകള്‍ക്ക് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ സെലക്ഷന്‍ ലഭിച്ചതായി അറിയുന്നത്,” നീധീഷ് അഴിമുഖത്തോട് പറഞ്ഞു.

“നാട്ടില്‍ നിന്ന് കിട്ടിയ പ്രചോദനവും പിന്തുണയുമാണ് ക്രിക്കറ്റ് തന്നെ കരിയറാക്കാന്‍ സഹായകമായത്. സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടില്‍ പല ഗ്രൗണ്ടുകളില്‍ കളിച്ചിട്ടുണ്ട്. ധാരാളം പ്രാദേശിക മത്സരങ്ങളിലും പങ്കെടുത്തു. അവര്‍ നല്കിയ സപ്പോര്‍ട്ട്, ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടം എല്ലാം ഈ നേട്ടത്തിന് കാരണമായി. ഇനി ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല മുന്‍നിര ബൌളറാകണം. അതിന് ഐപിഎലിന്റെ ഈ സീസണില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കണം. ഇനി നല്ല പരിശീലനവും ആത്മാര്‍ഥമായ പ്രയത്‌നവും ആവശ്യമാണ്. കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഇന്ത്യന്‍ ടീമിലെത്തുക അതു തന്നെയാണ് ഇനി അടുത്ത ലക്ഷ്യം.” നിധീഷ് പറഞ്ഞു.

തൃപ്പൂണിത്തുറയിലെ പൂജാക്രിക്കറ്റിന്റെ ആരവങ്ങള്‍

ഡിഗ്രിക്കു പഠിക്കുന്ന കാലം തന്നെ ഏറെ ആകര്‍ഷിച്ചത് തൃപ്പൂണിത്തുറയിലെ പൂജാക്രിക്കറ്റിന്റെ ആരവങ്ങളും ഗ്രൗണ്ടുമാണ്. പിന്നീട് തുടര്‍ന്നങ്ങോട്ട് അന്വേഷണങ്ങളായിരുന്നു. ക്രിക്കറ്റ് ക്ലബുകളില്‍ അംഗത്വമെടുത്തു, ചെറുതും വലുതുമായ മത്സരങ്ങളില്‍ പങ്കെടുത്തു. ക്രിക്കറ്റ് ക്യാമ്പുകളില്‍ പങ്കെടുത്തു എല്ലാം ഗുണം ചെയ്തു. 2010 ല്‍ അണ്ടര്‍ 19 ജില്ലാ ടൂര്‍ണമെന്റില്‍ പങ്കെടുത്തു, 2012 ല്‍ ചെന്നൈ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം ആരംഭിച്ചു, 2012 ല്‍ തന്നെ രഞ്ജി ക്രിക്കറ്റിന്റെ നെറ്റ്‌സിലിറങ്ങി, 2013 ല്‍ ജില്ലാ ടീമില്‍ മികച്ച ബോളിംഗ് പ്രകടനം, പീന്നീട് 2014 ല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെസിഎയുടെ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ശിക്ഷണത്തില്‍ അണ്ടര്‍ 23 ല്‍ ക്യാമ്പില്‍. ആന്ധ്രക്കെതിരെ നടന്ന നാല് മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റ് നേട്ടം, പിന്നീട് രഞ്ജി പ്രവേശം. പരിചയ സമ്പന്നരായ കളിക്കാരുടെ ഒപ്പം കളിക്കാനായതും സീനിയര്‍ താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്താനായതും, പരിശീലകരുടെ ഉപദേശങ്ങളും എല്ലാം നിധീഷിന് നേട്ടങ്ങളായരുന്നു.

പരിശീലനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കാലം മറക്കാനാകില്ല

“കാഞ്ഞിരമറ്റം തൊണ്ടിലങ്ങാടിയില്‍ മാട്ടക്കണ്ടത്തില്‍ ദിനേശന്റെയും ഷീലയുടെയും മൂത്ത മകനാണ് നിധീഷ്. കക്ക വാരുന്ന തൊഴിലാണ് അഛന്, ഷീല വീട്ടമ്മയാണ്, സഹോദരന്‍ നിഖില്‍. ക്രിക്കറ്റ് പരിശീലനത്തിന് കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥ ഉണ്ടായപ്പോള്‍ സഹായിച്ചവരുടെ മുഖങ്ങള്‍ നിധീഷ് ഓര്‍ത്തെടുക്കുന്നു. പരീശീലനത്തിന് പണം തികയാതെ വരുമ്പോള്‍ അമ്മ ഓണഫണ്ടില്‍ നിന്ന് പണം പലിശയ്‌ക്കെടുത്താണ് ഫീസായ 2000 രൂപ നല്കിയത്. തീര്‍ത്തും നിസഹായമായ അവസ്ഥയൊക്കെ ഉണ്ടായപ്പോള്‍ കൂട്ടുകാരാണ് സഹായിച്ചത്. ഈ സമയങ്ങളില്‍ പരിശീലനത്തിനായി തുക കണ്ടെത്തുന്നതിന് ചെറിയ ജോലിയെടുത്തു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പലപ്പോഴും പരീക്ഷ എഴുതാതെ പരിശീലനത്തിന് പോകുമായിരുന്നു. പിന്നീട് മേഴ്‌സി ചാന്‍സില്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചപ്പോള്‍ പണം തന്ന് സഹായിച്ച സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാവരോടും കടപ്പാടുണ്ട്,” നിധീഷ് പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍