UPDATES

വിജയിച്ച ക്യാപ്റ്റനാണ് ഈ ആദിവാസി പെണ്‍കുട്ടി; സ്വപ്നം ഇന്ത്യന്‍ ജേഴ്സി അണിയണം, സച്ചിനെ കാണണം

ഏപ്രില്‍ നാലിന് മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കേരള അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീം ട്വന്റി20 സൂപ്പര്‍ലീഗ് കരസ്ഥമാക്കി. ഇന്നേവരെ കേരളത്തിലെ പുരുഷ ക്രിക്കറ്റ് ടീമും വനിതാ ക്രിക്കറ്റ് ടീമും നേടാത്ത വിജയം.

‘കുറിച്യയാണ് ഞാന്‍. ഏത് വന്‍ശക്തികള്‍ക്കെതിരെയും പൊരുതാന്‍ ധൈര്യവും ചങ്കൂറ്റവുമുള്ള കുറിച്യരുടെ പിന്‍തലമുറക്കാരി. ആ പോരാട്ട വീര്യമാണ് എന്നെ ഞാനാക്കിയത്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നതും. ഇന്ന് ഞാന്‍ വിജയിച്ച ക്യാപ്റ്റനാണ്. പക്ഷെ എനിക്കിനിയും പടവുകള്‍ താണ്ടാനുണ്ട്. പോരാടാന്‍ വെമ്പുന്ന മനസ്സും ശരീരവും അതിന് എന്നെ പ്രാപ്തയാക്കുമെന്നാണ് വിശ്വാസം’ അങ്ങേയറ്റത്തെ സന്തോഷവും ആവേശവുമായിരുന്നു ഇത് പറയുമ്പോള്‍ സജനയുടെ വാക്കുകളില്‍. ഒരാഴ്ച മുമ്പ് വരെ സജനയെന്ന ആദിവാസി പെണ്‍കുട്ടിയെ അധികമാരും കേട്ടിരിക്കില്ല. എന്നാല്‍ ഇന്ന് പലരുടേയും നാവുകളില്‍ ആ പേരുണ്ട്. കേരളത്തിന്റെ, ഇന്ത്യയുടെ തന്നെ വനിതാ ക്രിക്കറ്റിന്റെ ഭാവിയെന്ന് പലരും ഈ പേരിനെ വാഴ്ത്തിപ്പാടുന്നുണ്ട്. ഇത് എസ്.സജന. വയനാട് മാനന്തവാടി സ്വദേശിയായ കുറിച്യര്‍ സമുദായാംഗം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ക്രിക്കറ്റിന്റെ ലോകത്തേക്ക് പ്രവേശിച്ചവള്‍. ഇന്നവള്‍ വിജയിച്ച് ക്യാപ്റ്റനാണ്. കേരളം കാത്തിരുന്ന വിജയം നല്‍കിയവള്‍. കേരള അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍.

ഏപ്രില്‍ നാലിന് മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കേരള അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീം ട്വന്റി20 സൂപ്പര്‍ലീഗ് കരസ്ഥമാക്കി. ഇന്നേവരെ കേരളത്തിലെ പുരുഷ ക്രിക്കറ്റ് ടീമും വനിതാ ക്രിക്കറ്റ് ടീമും നേടാത്ത വിജയം. ആന്ധ്രപ്രദേശിലും മുംബൈയിലുമായി നടന്ന മത്സരങ്ങളില്‍ ആന്ധ്രയോടേറ്റ പരാജയമൊഴികെ മറ്റെല്ലാ മത്സരങ്ങളിലും വിജയം മാത്രം നുണഞ്ഞ കേരള ടീം കപ്പും സ്വന്തമാക്കി. ഈ വിജയത്തിന്റെ ക്രെഡിറ്റ് വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാവര്‍ക്കുമുള്ളതാണെങ്കിലും അതിലേക്കുള്ള ദൂരം കുറച്ചത് ഒരാളുടെ പ്രകടനമാണ്. ക്യാപ്റ്റന്‍ എന്ന നിലക്കും ഓള്‍ റൗണ്ടര്‍ എന്ന നിലക്കും മികച്ച് പ്രകടനം കാഴ്ചവച്ച സജനയുടെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മരപ്പാത്തി കൊണ്ടുണ്ടാക്കിയ ബാറ്റ് മാത്രം കണ്ടിരുന്ന സജന വിജയിച്ച് ടീമിന്റെ ക്യാപ്റ്റനായി മാറിയ കഥ, അത് സജന തന്നെ പറയും. കൂട്ടത്തില്‍ മറ്റ് വിശേഷങ്ങളും.

‘മരംകയറി’ നടന്ന കുഞ്ഞുകാലം

എനിക്ക് ഓര്‍മ്മ വച്ചനാള്‍ മുതല്‍ അമ്മ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ചെങ്കൊടിക്കാരിയാണ്. പേര് ശാരദ. അച്ഛന്‍ സജീവന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍. അഗ്രഹാരം എന്ന അതിസുന്ദരമായ ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളപ്പമുള്ള അനുജനുമുണ്ട്. സച്ചിന്‍ എന്നാണ് അവന്റെ പേര്. എന്റെ ഓര്‍മ്മയില്‍ ഏറ്റവും മനോഹരമായ കാലം അതായിരുന്നു. അമ്മ രാഷ്ട്രീയ പ്രവര്‍ത്തകയായതുകൊണ്ട് എന്നെ നോക്കാനൊന്നും നേരം കാണില്ല. അതുകൊണ്ട് വളരെ കുഞ്ഞുപ്രായം മുതലേ, എനിക്ക് ഒന്നു-രണ്ട് വയസ്സുള്ളപ്പോള്‍ മുതലേ, അമ്മ എന്നെ അച്ഛമ്മയുടെ അടുത്താക്കിയിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്കായി പോവുക. അച്ഛമ്മയുടെ പേരും ശാരദയെന്നാണ്. അഗ്രഹാരത്തില്‍ നിന്ന് കുറച്ച് ദൂരെയായുള്ള ചൂട്ടക്കടവിലാണ് അച്ഛമ്മയുടെ വീട്. ഒരര്‍ഥത്തില്‍ അത് തന്നെയായിരുന്നു എന്റെയും വീട്. ആ ദേശത്തില്‍ ഞാനാണ് അന്ന് പെണ്‍കുഞ്ഞായി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നു ഞാന്‍. ആ പ്രദേശത്തുള്ള ചേട്ടന്‍മാരെല്ലാം എന്നെയും പൊക്കിക്കൊണ്ട് ലോകായലോകം മുഴുവനും നടക്കും. അവരെനിക്ക് കളിക്കാന്‍ മരത്തിന്റെ ബാറ്റ് ഉണ്ടാക്കിത്തരും. കളിപ്പാട്ടങ്ങള്‍ വാങ്ങിത്തരും. കൂടെ കളിക്കും. എന്റെ ബര്‍ത്‌ഡേകളില്‍ പോലും അവരെല്ലാം എന്റെ വീട് കളിപ്പാട്ടങ്ങള്‍ കൊണ്ട് നിറക്കും. ഉടുപ്പുകള്‍ കുറവായിരുന്നെങ്കിലും കളിപ്പാട്ടങ്ങള്‍ക്കൊരു പഞ്ഞവുമുണ്ടായിരുന്നില്ല. മരം കയറി, കാടും മേടും അവര്‍ക്കൊപ്പം നടന്നുള്ള എന്റെ ജീവിതം. ബാറ്റുണ്ടാക്കി തന്നിട്ട് അവര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്നേയും കൂട്ടും. ഞാനും കളിക്കും. ഞങ്ങളുടെ വീട്ടില്‍ ടിവിയുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ വരുമ്പോള്‍ എന്റെ കളിക്കൂട്ടുകാരായ ഈ ചേട്ടന്‍മാരെല്ലാവരും തറവാട്ടില്‍ ഉണ്ടാവും. അങ്ങനെയൊരിക്കലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദ്യമായി ടിവിയില്‍ കാണുന്നത്. അങ്ങനെ ആവേശത്തോടെ തിമിര്‍ത്ത് നടന്ന കാലം. അഞ്ചാം ക്ലാസ് വരെ അങ്ങനെയായിരുന്നു.

‘മൃഗശാല’യില്‍ ഉപേക്ഷിച്ച കുട്ടി

പക്ഷെ എന്റെ ഈ നടപ്പും ശീലവുമൊന്നും അച്ഛമ്മയ്ക്ക് തീരെ പിടിച്ചിരുന്നില്ല. ‘എന്ത്ന്നായിത്. പെങ്കുട്ടിയല്ലേ. ഇങ്ങനെ ചെക്കന്മാരുടെകൂടെ നടക്കണത് ശരിയാണോ? ഒരു ദിവസമെങ്കിലും നിനിക്ക് ഇവിടെയിരുന്നൂടെ’ എന്ന് വേണ്ട അച്ഛമ്മയുടെ ഉപദേശവും നിര്‍ദ്ദേശങ്ങളും ശാസനയും കിട്ടിക്കൊണ്ടേയിരുന്നു. അമ്മ വരുമ്പോള്‍ ഇതെല്ലാം അച്ഛമ്മ പറഞ്ഞുകൊടുക്കും. ഏത് നേരവും ചെക്കന്മാരുടെ കൂടെയാണ് കളിയെന്നൊക്കെ പറഞ്ഞ് അമ്മയെ എരികേറ്റിക്കൊണ്ടേയിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ് അത് കാര്യങ്ങളെക്കൊണ്ടെത്തിച്ചത്. ഒരു ദിവസം എന്നെ അമ്മ ടൂറ് പോകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി. മൃഗശാലയില്‍ കൊണ്ടുപോകാമെന്നായിരുന്നു പറഞ്ഞത്. പക്ഷെ പോയത് പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കാണ്. ഒമ്പത് വയസ്സുള്ള എനിക്ക് ഒന്നും മനസ്സിലായില്ല. സ്‌കൂള് വെറ്റിനറി കോളേജിന്റെ ഉള്ളിലാണ്. എത്തിയ സ്ഥലത്ത് നോക്കുമ്പോള്‍ മാനും മുയലും മയിലും തുടങ്ങി എല്ലാമുണ്ട്. അവിടെ ചികിത്സക്ക് വന്നതായിരുന്നു. പക്ഷെ ഇതൊന്നുമറിയാതെ ശരിക്കും മൃഗശാല കണ്ട സന്തോഷത്തിലായിരുന്നു ഞാന്‍. അങ്ങനെ മൃഗങ്ങളെയെല്ലാം കാണിച്ച് കാണിച്ച് അമ്മ എന്നെ നൈസായിട്ട് ഹോസ്റ്റലിലേക്ക് കയറ്റി. വാര്‍ഡന്‍ പേരെഴുതാന്‍ പറഞ്ഞു. അമ്മയുടെ പേരും എഴുതി. പിന്നെ ഉടുപ്പ് വാങ്ങീട്ട് വരാമെന്ന് പറഞ്ഞ് എന്നെ അവിടെയിരുത്തിയിട്ട് അമ്മ ഒറ്റപ്പോക്ക്. ഉടുപ്പും കൊണ്ട് വരുന്ന അമ്മയേയും കാത്തിരുന്ന ഞാന്‍ പിന്നെ കാണുന്നത് അടുത്ത ഓണത്തിനാണ്. സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അമ്മ എന്നെ അവിടെക്കൊണ്ട ചേര്‍ത്തി. കരഞ്ഞ് കരഞ്ഞ് ഞാന്‍ ഒരു വഴിക്കായി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായതിനാല്‍ അവിടെ ഞാനും വാര്‍ഡനും ആയമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാവരും മാറിമാറി വന്ന് എന്നെ ആശ്വസിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോല്‍ ഞാന്‍ അതില്‍ നിന്നെല്ലാം പുറത്തുകടന്നു. സ്‌കൂള്‍ തുറന്നപ്പോ പിന്നെ മൃഗശാല കാണാന്‍ വരുന്നവരുവരുടെ കൂട്ടമായിരുന്നു. അവര്‍ ഓരോരുത്തരും കരയുമ്പോള്‍ ‘കരഞ്ഞിട്ടൊന്നും കാര്യമില്ല, ഇനി അടുത്ത ഓണത്തിനേ അമ്മ വരുകയുള്ളൂ’ എന്ന് ഞാന്‍ പറയാന്‍ തുടങ്ങി. അങ്ങനെ എന്റെ ഹോസ്റ്റല്‍ ജീവിതം ആരംഭിച്ചു. വീട്ടുകാരുമായുള്ള എല്ലാ അറ്റാച്ച്‌മെന്റും അതോടെ തീരുകയായിരുന്നു. ആ ചെറിയ പ്രായത്തില്‍ തന്നെ എല്ലാം സ്വന്തമായി ചെയ്യാന്‍ ശീലിച്ചു. ആദ്യമൊക്കെ കൊച്ചുകുട്ടികളെ പാത്രം കഴുകാനും തുണി അലക്കാനുമൊക്കെ ആയമാര്‍ സഹായിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ സീനിയര്‍ കുട്ടികളെ കണ്ട് എല്ലാം സ്വന്തമായി ചെയ്യാന്‍ തുടങ്ങി. ഹോസ്റ്റലില്‍ നിന്ന് നാട്ടിലേക്ക് ചെന്നപ്പോഴായിരുന്നു. എന്റെ കളിക്കൂട്ടുകാരെല്ലാം പരാതിയോട് പരാതി. ‘നീയെന്താ പറയാതെ പോയിക്കളഞ്ഞത്’ എന്നായിരുന്നു പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. അമ്മയോട് അന്വേഷിച്ചപ്പോള്‍ എന്നെ മൃഗശാലയില്‍ കൊണ്ടോയിട്ടു എന്നാണ് മറുപടി കൊടുത്തത് പോലും.

പഠനവും കൂട്ടുകൂടലും അത്‌ലറ്റിക്‌സും

റസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിയിട്ടും എന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ഏത് സമയവും ചെക്കന്‍മാരുടെ കൂടെത്തന്നെയായിരുന്നു എന്റെ നടപ്പും കളികളുമെല്ലാം. ഫിസിക്കല്‍ എജ്യുക്കഷന്‍ അധ്യാപകന്‍ ജോസ് സാറ് ആണ് എന്നെ അവിടെ നിന്ന് അത്‌ലറ്റക്‌സിലേക്ക് കണ്ടെടുക്കുന്നത്. കുഞ്ഞിക്കുട്ടികളുടെ ലോംഗ്ജമ്പ്, ഹൈജമ്പ്, ഓട്ടം, ഷോട്പുട്, ജാവലിന്‍ ഇതിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. പിന്നീട് ജൂനിയര്‍ മത്സരങ്ങളിലായി. ഇരുന്നൂറും നൂറും മീറ്റര്‍ ഓട്ടം, ജമ്പിങ്, അങ്ങനെ എല്ലാം എന്റെ ഐറ്റങ്ങളായിരുന്നു. ഹൈസ്‌കൂളിലേക്ക് വന്നപ്പോള്‍ വയനാട് ജില്ലാതല മത്സരത്തില്‍ ഷോട്പുട്ടിനും ജാവലിനും ലോംഗ്ജമ്പിനും വ്യക്തിഗത ചാമ്പ്യനായി. ഹൈജമ്പിന് സംസ്ഥാന കായികമേളയില്‍ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. പക്ഷെ അതില്‍ മുന്നോട്ട് പോവാനോ ഉയരാനോ ആയില്ല. ഞാന്‍ മണലിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. ആ മേഖലയില്‍ നന്നായി ഉയര്‍ന്ന് വരണമെങ്കില്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങളും വേണം. സ്‌കൂളില്‍ അതിനുള്ള സൗകര്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. പത്താംക്ലാസ് 79ശതമാനം മാര്‍ക്കോടെ പാസ്സായി.

ക്രിക്കറ്റിലേക്ക്

പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് എന്നാ ഇനി കുറച്ചുകാലം വീട്ടില്‍ നിന്ന് കളയാമെന്ന ആശയം ഉദിക്കുന്നത്. രണ്ട് വര്‍ഷം വീട്ടില്‍ നിന്ന് പഠിക്കാമെന്നായിരുന്നു. ഇത്രയും കാലും എല്ലാം ഒറ്റക്ക് ചെയ്തിട്ട് വീട്ടിലെത്തുമ്പോള്‍ അമ്മ എല്ലാം ചെയ്തുതരും എന്നായിരുന്നു വിശ്വാസം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആറ് മണിക്കെഴുന്നേല്‍ക്ക്, പാത്രം കഴുക്, അടിച്ചുവാര്, തുണി അലക്ക് തുടങ്ങി വീട്ടിലെ ജോലിയില്‍ ഭൂരിഭാഗവും അമ്മ എന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ചു. അഗ്രഹാരത്തെ വീട് വിറ്റ് മാനന്തവാടി ചൂട്ടക്കടവിവനടുത്തേക്ക് ഞങ്ങള്‍ മാറിയതും ആ കാലത്താണ്. മാനന്തവാടി ജിഎച്ച്എസ്എസില്‍ ഹ്യൂമാനിറ്റിയ്ക്ക് ചേര്‍ന്നു. അവിടെയും ചെക്കന്‍മാരുടെ കൂടെ ക്രിക്കറ്റും, സോഫ്ട് ബോളുമെല്ലാം സമയം കിട്ടുന്ന പോലെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് എല്‍സമ്മ ടീച്ചര്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഞാന്‍ കളിക്കുന്നത് കണ്ടിട്ട് അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ജില്ലാതല ടീമിലേക്കുള്ള സെലക്ഷന്‍ മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു ടീച്ചറുടെ നിര്‍ദ്ദേശം. അന്നാണ് വനിതാ ക്രിക്കറ്റ് ഉണ്ടെന്നും അതിന് വയനാട്ടില്‍ ഒരു ടീം ഉണ്ടെന്നുമെല്ലാം എനിക്ക് മനസ്സിലാവുന്നത്. ജില്ലാ ടീമില്‍ സെലക്ഷന്‍ കിട്ടിയെങ്കിലും സ്റ്റേറ്റ് സെലക്ഷന് ചെന്നപ്പോള്‍ അവര്‍ക്ക് എന്നില്‍ അത്ര തൃപ്തി പോരായിരുന്നു. അടുത്ത വര്‍ഷം വീണ്ടും ശ്രമിക്കാമെന്നായി ടീച്ചര്‍. അടുത്തവര്‍ഷം പിന്നെയും സെലക്ഷന് ചെന്നു. ഞാന്‍ മാച്ച് കളിക്കുന്നുണ്ട്, അതൊക്കെ അവര്‍ക്ക് അറിയുകയും ചെയ്യാമെങ്കിലും സെലക്ഷന്‍ കമ്മറ്റിക്ക് ആകെ സംശയമായിരുന്നു. ഒടുവില്‍ സീനിയര്‍ ടീമില്‍ റിസര്‍വ് ആയി എന്നെ എടുത്തു. 2012ലാണ് ഇതൊക്കെ നടക്കുന്നത്. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍. അന്ന് കളിക്കേണ്ടിയിരുന്ന ഒരാള്‍ക്ക് പരിക്കോ മറ്റോ വന്ന് കളിക്കാന്‍ കവിയാതെയായപ്പോള്‍ എനിക്ക് കളിക്കാനുള്ള അവസരം കിട്ടി. ആദ്യത്തെ അവസരം. അത് ഞാന്‍ പാഴാക്കിയില്ല. ഹൈദരാബാദിനെതിരെ ജയിക്കാന്‍ കേരള ടീമിന് ഒരു ബോളില്‍ നാല് റണ്‍സ് ആയിരുന്നു വേണ്ടത്. ഭാഗ്യവും പരിശ്രമങ്ങളും എല്ലാം ചേര്‍ന്ന് എന്നെ തുണച്ചു. ഒരു ബോളില്‍ നാല് റണ്‍സെടുത്ത് ആ മാച്ച് ജയിപ്പിക്കാന്‍ എനിക്കായി. അത് കേരള ടീമിലേക്കുള്ള ഡയറക്ട് എന്‍ട്രിയായിരുന്നു.

ക്യാപ്റ്റനായി തന്നെ തുടക്കം

വലിയ പെര്‍ഫോമന്‍സ് ഒന്നും കാഴ്ചവച്ചില്ലെങ്കിലും കേരളത്തെ ഒരു ബോളില്‍ നാല് റണ്‍സടിച്ച് വിജയിപ്പിച്ച പെണ്‍കുട്ടി എന്ന് എന്നെക്കുറിച്ച് പലരും പറയാന്‍ തുടങ്ങി. അതോടെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. ക്യാപ്റ്റനായി നേരിട്ട് പോസ്റ്റിങ് ആയിരുന്നു. അന്ന് അണ്ടര്‍ 23 ഇല്ല. 2016ല്‍ ബിസിസിഐ അത് കൂടി ആരംഭിച്ചപ്പോള്‍ അണ്ടര്‍ 23 ടീം ക്യാപ്റ്റനായി. സീനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. അത് ഇപ്പോഴും തുടരുന്നു. റൈറ്റ് ഹാന്‍ഡ് ബാറ്റിങ്ങും റൈറ്റ് ഹാന്‍ഡ് ഓഫ് സ്പിന്നറുമാണ് ഞാന്‍. പക്ഷെ ഫീല്‍ഡിങ് ആണ് എനിക്കേറ്റവും ഇഷ്ടവും അനായാസേന ചെയ്യാന്‍ കഴിയുന്നതും. ഫീല്‍ഡിങ് ഇഷ്ടപ്പെടുന്ന എനിക്ക് ‘ജോണ്ടി റോഡ്‌സ്’ എന്ന ഇരട്ടപ്പേരുമുണ്ട്. ഫീല്‍ഡിങ്ങിലാണ് ഏറ്റവുമധികം എനിക്ക് തിളങ്ങാനാവുക. അവസാന ടൂര്‍ണമെന്റിലും 14 വിക്കറ്റ് സ്വന്തമാക്കാനായി. ക്രിക്കറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഞാന്‍ സ്മരിക്കുന്നത് എല്‍സമ്മ ടീച്ചറേയും അവരുടെ മകള്‍ അനുമോള്‍ ബേബിയേയും, ഷാനവാസ് സാറിനേയുമാണ്. ഇവര്‍ മൂന്ന് പേരുമാണ് ഒരു വര്‍ഷം മുമ്പ് വരെ എനിക്ക് കോച്ചിങ്ങും ആത്മവിശ്വാസവും നല്‍കിയത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനുമുണ്ടാവില്ലായിരുന്നു. ഒരു വര്‍ഷമായിട്ട് ഫാസ്റ്റ് ബൗളറായിരുന്ന ഡേവിഡ് ജോണ്‍സണ്‍ ആണ് എനിക്ക് പരിശീലനം നല്‍കുന്നത്. ട്വന്റി20 വിജയത്തിന് കാരണം ടീമിന്റെ ഒരുമയും പ്രയത്‌നവും ടീമംഗങ്ങളുടെ അസാമാന്യ പ്രകടനവുമാണ്. ഞാനിപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയിട്ട് തന്നെ ആറ് വര്‍ഷമാവുന്നതേയുള്ളൂ. ഒരുപക്ഷേ മുന്നേ തന്നെ വിമന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യങ്ങള്‍ പറഞ്ഞുനല്‍കാനും അത് പരിശീലിപ്പിക്കാനുമെല്ലാം ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇതൊന്നുമായിരുന്നില്ലേനെ എന്റെ റേഞ്ച്.

ഗൌതം ഗംഭീറും ബാറ്റും

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്ക-ഇന്ത്യ മത്സരം കഴിഞ്ഞ ശേഷം വെറുതെ ഫീല്‍ഡില്‍ ബാറ്റ് ചെയ്യുകയാണ്. അവിടെ ഏത് മത്സരം നടന്നാലും ഞാന്‍ ഗ്രൗണ്ടിലുണ്ടാവും. അന്നെനിക്ക് സൗത്ത് ആഫ്രിക്കയുടെ ഡ്യൂട്ടിയാണ് കിട്ടിയത്. കളിക്കാരൊക്കെ വെറുതെ കളിക്കുന്നത് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ഗൗതം ഗംഭീര്‍ ഒറ്റക്ക് ബോള്‍ പെറുക്കിക്കൂട്ടുന്നത് കണ്ടത്. അദ്ദേഹത്തെ സഹായിക്കാമെന്ന് കരുതി ഞാനും ചെന്നു. ഇതിനിടെ ഗംഭീര്‍ അടിച്ചുവിട്ട ഒരു ബോള്‍ ഞാന്‍ ഡൈവ് ചെയ്ത് പിടിച്ചു. പിന്നീട് രണ്ട് തവണ ഇത് ആവര്‍ത്തിച്ചു. എന്നെ അടുത്ത് വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കി. ഞാന്‍ സംസ്ഥാന ടീമിലുള്ളതാണെന്നും ബാറ്റിങ്ങും ബോളിങ്ങും ചെയ്യുമെന്നൊക്കെ ഞാന്‍ ധരിപ്പിച്ചു. ‘നാളെ എന്തെങ്കിലും തരാം’ എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ഞാനാണെങ്കില്‍ ഇതുകേട്ട് വലിയ അഹങ്കാരത്തില്‍ പോവുകയാണ്. അവിടെയിരുന്ന പിള്ളേരോടൊക്കെ ‘എടീ പിള്ളേരെ, ഗംഭീര്‍ ചേട്ടന്‍ നാളെ എനിക്ക് എന്തെങ്കിലും തരും’ എന്നൊക്കെ പറഞ്ഞ് വലിയ സംഭവമാക്കുന്നതിനിടെ സജന എന്ന് ഒരു വിളികേട്ടു. അത് ഗൗതം ഗംഭീറായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ചു. അതാണ് ജീവിതത്തില്‍ കിട്ടിയ വിലപിടിപ്പുള്ള സമ്മാനം. അതിന് ശേഷം തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തില്‍ 84 ബോളില്‍ 100 റണ്‍സ് അടിച്ചത് ആ ബാറ്റുകൊണ്ടായിരുന്നു. ടീമില്‍ ഉള്‍പ്പെട്ടതിന് ശേഷം ക്രിക്കറ്റ് കളിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തരുന്നുണ്ടെങ്കിലും ഗംഭീറിന്റേത് പോലൊരു ബാറ്റ് ലഭിക്കാനായത് വലിയ കാര്യമാണ്. സത്യത്തില്‍ ടീം സെലക്ഷന്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ ശരിക്കുള്ള ബാറ്റും, ഗ്ലൗസും, പാഡും എല്ലാം കാണുന്നത് തന്നെ. അതുവരെ നമ്മളീ പലക ബാറ്റിലായിരുന്നല്ലോ കളി. എന്തായാലും കപ്പടിച്ചപ്പോളുള്ള ഗുണമെന്താണെന്ന് വച്ചാല്‍ അച്ഛമ്മയൊക്കെ ഇപ്പോള്‍ പറയുന്നത് ‘എനിക്കന്നേയറിയാം ഇവള്‍ വലിയ ആളാവുമെന്ന്’ എന്നൊക്കെയാണ്.

മാച്ച്ഫീ ലക്ഷ്യം

ക്രിക്കറ്റ് എനിക്ക് പാഷന്‍ ആണ്. എന്നാല്‍ മാച്ച്ഫീയ്ക്കാണ് കൂടുതല്‍ അട്രാക്ഷന്‍. സത്യത്തില്‍ അത് ലക്ഷ്യം വച്ചാണ് പലപ്പോഴും മത്സരത്തില്‍ പങ്കെടുക്കുന്നത് തന്നെ. പക്ഷെ കാര്യമായ പൈസയൊന്നും തരില്ല. ഡിഎ,ടിഎ എല്ലാം കൂടി അഞ്ഞൂറ് രൂപ കിട്ടും. പക്ഷെ ഞാന്‍ വളരെ പിടിച്ച് ചെലവാക്കുന്നയാളാണ്. കുറച്ച് പണം വീട്ടില്‍ കൊടുക്കും. ബാക്കിയുള്ളത് കൊണ്ടാണ് എന്റെ പരിശീലനവും മറ്റും നടത്തുന്നത്. ഹോസ്റ്റലില്‍ താമസിച്ചതുകൊണ്ട് ആ ഗുണവും കിട്ടിയിട്ടുണ്ട്. പക്ഷെ സ്റ്റേറ്റിനെ ബേസ് ചെയ്ത് പോവുന്നതിനേ ഈ പൈസയും കിട്ടൂ. ഇനി വലിയ മത്സരങ്ങള്‍ക്ക് പോയാല്‍ ഒരു മാച്ചിന് 2500 രൂപയാണ് ബിസിസിഐ തരുന്നത്. എല്ലാ മാച്ചും കൂടി കൂട്ടിയാല്‍ ഒരാള്‍ക്ക് പതിനായിരം, പതിനൊന്നായിരം കിട്ടും. പക്ഷെ ആണുങ്ങളുടെ രഞ്ജി ടീമിന് ഈ സ്ഥാനത്ത് ഒരുലക്ഷവും ഒന്നരലക്ഷവും കിട്ടുന്നുണ്ട്. അത്തരത്തില്‍ ഡിസ്‌ക്രിമിനേഷന്‍ ഉണ്ട്. കെസിഎ പിന്നെ പണ്ടേ പ്രമോട്ട് ചെയ്യുക രഞ്ജിക്കാരെയാണ്. പക്ഷെ ചേട്ടന്‍മാര്‍ ഇതുവരെ ഒരു കപ്പും കൊണ്ടുവന്നിട്ടില്ല.

കുറിച്യരുടെ കരുത്ത്

എന്ത് തന്നെയായാലും പെട്ടെന്ന് വിട്ടുകൊടുക്കാന്‍ എനിക്ക് മനസ്സ് വരാറില്ല. കുറിച്യര്‍ പണ്ടേ പോരാളികളാണ്. അത് തന്നെയായിരിക്കും എന്റെ മനസ്സിലും. വളരെ കുഞ്ഞായിരിക്കുമ്പോള്‍ ചേട്ടന്‍മാരുടെ കൂടെയെല്ലാം കളിക്കുന്ന സമയത്ത് എനിക്ക് ശക്തിയൊന്നുമില്ലെങ്കിലും എങ്ങനെയെങ്കിലും ജയിക്കണമെന്നായിരിക്കും. അതിന് വേണ്ടി കഠിന പരിശ്രമം നടത്തും. സ്‌കൂളില്‍ പഠിക്കുമ്പോള്‍, എനിക്ക് വാതപ്പൊട്ടല്‍ വരുമായിരുന്നു. ഈ കാലും വച്ചോണ്ടാണോ ഓടുന്നതെന്ന് എതിരാളികളെല്ലാം വെല്ലുവിളിച്ചുകൊണ്ടിരിക്കും. പക്ഷെ ആ കാലും വച്ച് ഓടി ഞാന്‍ വിജയിച്ചിട്ടുണ്ട്. അക്കാര്യം എന്റെ അമ്മ എപ്പോഴും പറയും.

വീട് പൂര്‍ത്തീകരിക്കണം, ഒരു ഷോകേസ് വേണം

അമ്മ ഇപ്പോള്‍ മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആണ്. പക്ഷെ വീട്ടില്‍ ആ ക്ഷേമം ഇല്ല. പട്ടിണി ഇല്ല എന്ന് മാത്രം. സഹോദരന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. അവന്റെ പഠിപ്പുണ്ട്, വീട് പണി ബാക്കി കിടക്കുന്നു, അങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്. വീട് മുഴുവന്‍ പണിയും കഴിഞ്ഞിട്ടില്ല. എന്നാലും വാടക വീട്ടില്‍ നിന്ന് മോചനമാവുമല്ലോ എന്നാലോചിച്ച് പണി തീരാത്ത വീട്ടിലേക്ക് മാറി. വാടക പൈസ സേവ് ചെയ്യാല്ലോ. ഇപ്പോള്‍ പണിതിരിക്കുന്നതില്‍ പകുതി എന്റെ വിയര്‍പ്പാണ്. ഞാന്‍ കളിച്ചുകിട്ടിയ പൈസകൊണ്ട് ഉണ്ടാക്കിയതാണ്. അതിലെ പകുതി. ഇനി അത് പൂര്‍ത്തീകരിക്കണം. എനിക്ക് ഒരു ഷോകേസ് ആണ് അടിയന്തിരമായി വേണ്ടത്. വീടുപണി കഴിഞ്ഞിട്ട് വേണം ഷോകേസ് റെഡിയാക്കാന്‍. എനിക്ക് കിട്ടിയ ട്രോഫികളെല്ലാം കട്ടിലിനടിയിലാണ് വച്ചിരിക്കുന്നത്. അതും ഇതുമെല്ലാം കട്ടിലിനടിയില്‍ നിന്ന് എടുക്കുമ്പോള്‍ ട്രോഫികള്‍ ഇളകുന്ന ശബ്ദവും കേള്‍ക്കാം. എനിക്ക് കിട്ടിയ ട്രോഫികളും സമ്മാനങ്ങളും നിരത്തിവക്കാന്‍ ഷോകേസ് ഉണ്ടാവുക എന്റെ ആഗ്രഹമാണ്.

ഇന്ത്യയുടെ ജേഴ്‌സി സ്വപ്‌നം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് കഴിഞ്ഞ വനിതാ ലേകകപ്പിന് ശേഷം വലിയ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. സെലക്ഷന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്താവുമെന്നറിയില്ല. എന്റെ പെര്‍ഫോമന്‍സ് ചര്‍ച്ചയായിട്ടുണ്ട്. പക്ഷെ സെലക്ഷന്‍ കിട്ടുന്ന കാര്യം ഉറപ്പില്ല. പക്ഷെ ആ കൊമ്പ് എത്തിപ്പിടിക്കുക എന്നതാണ് എന്റെ സ്വപ്‌നവും പ്രതീക്ഷയും. എന്തായാലും അണ്ടര്‍ 23ല്‍ എന്റെ അവസാന മത്സരമായിരുന്നു. ഇനി സീനിയര്‍ ടീമില്‍ മാത്രമേ കളിക്കാനാവൂ. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കി. ഒരു പേപ്പര്‍ കിട്ടാനുണ്ട്. അത് കിട്ടിയാല്‍ റെയില്‍വേസിന്റെ വനിതാ ടീമില്‍ ചേരുന്ന കാര്യവും ആലോചിക്കുന്നുണ്ട്. അതാവുമ്പോള്‍ ക്രിക്കറ്റും ജോലിയും ഒന്നിച്ച് നടക്കും. എന്താവുമെന്ന് അറിയില്ല. വീട്ടിലെ അവസ്ഥയില്‍ ഒരു ജോലി അത്യാവശ്യമാണ്. പിന്നെ ഒരു ആഗ്രഹം കൂടിയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരിട്ട് കാണണം. അതും നടക്കുമായിരിക്കും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍