UPDATES

കായികം

ഞങ്ങളുടെ കളി സ്റ്റേഡിയത്തില്‍ കാണൂ, ഞങ്ങള്‍ക്ക് നിങ്ങളെ വേണം: ഫുട്‌ബോള്‍ പ്രേമികളോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി

ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് പ്രതീക്ഷയറ്റ എല്ലാവരും സ്റ്റേഡിയത്തില്‍ വന്ന് കളി കാണണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റില്‍ ഞങ്ങളെ ചീത്ത വിളിക്കാതെ സ്റ്റേഡിയത്തില്‍ വന്ന് നേരിട്ട് ചീത്ത വിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ – ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി കയ്യടിച്ചേക്കാം – സുനില്‍ ഛേത്രി പറഞ്ഞു.

എല്ലാവരും ലോകകപ്പിന്‍റെ ആവേശത്തിലേയ്ക്ക് അടുക്കവേ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ വന്ന് കാണൂ എന്നാണ് ഫുട്‌ബോള്‍ പ്രേമികളോട് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ചേത്രിയുടെ ആഹ്വാനം. ട്വിറ്ററിലാണ് സുനില്‍ ഛേത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സ്റ്റേഡിയത്തില്‍ വന്ന് കളി കാണൂ, വീട്ടില്‍ തിരിച്ചെത്തിയ ശേഷവും കളിയെക്കുറിച്ച് സംസാരിക്കൂ, ബാനറുകള്‍ ഉണ്ടാക്കൂ. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സമയമാണ്. ഇന്ത്യയിലെ ഫുട്‌ബോളിന് നിങ്ങളെ ആവശ്യമുണ്ട് – സുനില്‍ ഛേത്രി ഹൃദയസ്പര്‍ശിയായി കുറിച്ചു.

ഫിഫ റാങ്കിംഗില്‍ 97ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. മുംബയില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലാണ് ഇന്ത്യ കളിക്കുന്നത്. ശനിയാഴ്ച എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തായ്‌വാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സുനില്‍ ഛേത്രി ഹാട്രിക് നേടി. ഇന്ത്യയുടെ ഏക്കാലത്തേയും ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായ സുനില്‍ ഛേത്രിയുടെ മൂന്നാമത്ത അന്താരാഷ്ട്ര ഹാട്രിക് ആയിരുന്നു ഇത്. എന്നാല്‍ ഈ നേട്ടം ആഘോഷിക്കാനും ഛേത്രിയെ പ്രോത്സാഹിപ്പിക്കാനും ആര്‍ത്തിരമ്പുന്ന ഗാലറികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളമായി ഇന്ത്യന്‍ ഫുട്‌ബോള്‍ പുനരുജ്ജീവന സാധ്യതകള്‍ കാണിക്കുന്നുണ്ടെങ്കിലും ശനിയാഴ്ചത്തെ കളി കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നത് ഏതാണ്ട് 2500ലധികം കാണികള്‍ മാത്രം. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും ബ്ലൂ പില്‍ഗ്രിംസ് എന്ന സംഘത്തിന്റെ ഭാഗമായിരുന്നു.

ഫോഴ്‌സ ബാഴ്‌സ എന്നും ഹാല മാഡ്രിഡ് എന്നുമൊക്കെ ആവേശത്തോടെ വിളിച്ചുകൂവുന്നവര്‍ സ്വന്തം നാട്ടുകാരെ പിന്തുണക്കുന്നില്ലെന്ന് ഛേത്രി ചൂണ്ടിക്കാട്ടി. ശരിയാണ്, യൂറോപ്യന്‍ ക്ലബുകളുടെ ആരാധകരായ നിങ്ങള്‍ക്ക് അവരുടെ നിലവാരത്തിലുള്ള കളി കാണിച്ച് തരാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. പക്ഷെ ഞങ്ങള്‍ ഉന്നത നിലവാരത്തിലേയ്ക്കുയരാന്‍ കഠിന പരിശ്രമം നടത്തുന്നുണ്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് പ്രതീക്ഷയറ്റ എല്ലാവരും സ്റ്റേഡിയത്തില്‍ വന്ന് കളി കാണണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റില്‍ ഞങ്ങളെ ചീത്ത വിളിക്കാതെ സ്റ്റേഡിയത്തില്‍ വന്ന് നേരിട്ട് ചീത്ത വിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ – ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി കയ്യടിച്ചേക്കാം – സുനില്‍ ഛേത്രി പറഞ്ഞു. സ്റ്റേഡിയത്തില്‍ നിങ്ങളുടെ പിന്തുണ ഞങ്ങളെ സംബന്ധിച്ച് എത്ര പ്രധാനമാണ് എന്ന് നിങ്ങള്‍ക്കറിയില്ല.

അതേസമയം സുനില്‍ ഛേത്രിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വിറ്ററില്‍ രംഗത്തെത്തി. എന്റെ പ്രിയ സുഹൃത്തും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ പോസ്റ്റ് നിങ്ങളെല്ലാവരും ശ്രദ്ധിക്കുമല്ലോ. ഇത്തരത്തില്‍ ഒരു ശ്രമം എല്ലാവരും നടത്തൂ – കോഹ്ലി ട്വീറ്റ് ചെയ്തു. എല്ലാ കായിക ഇനങ്ങളേയും ഒരുപോലെ പിന്തുണച്ചാല്‍ മാത്രമേ സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കുന്ന രാജ്യം എന്ന് പറഞ്ഞ് നമുക്ക് അഭിമാനിക്കാന്‍ കഴിയൂ. ക്രിക്കറ്റ് കമന്റേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഹര്‍ഷ ബോഗ്ലെയും സുനില്‍ ഛേത്രിയേയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനേയും പിന്തുണച്ച് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍