UPDATES

കായികം

‘ധോണിയെ സംരക്ഷിക്കുന്നത് കോഹ്‌ലി, ഇതാരുടേയും സ്വകാര്യ സ്വത്തല്ല’; വിമര്‍ശനവുമായി മനോജ് തിവാരി

ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഇടം പിടിക്കാതിരുന്ന തിവാരിയെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഫോം നഷ്ടപ്പെട്ടിട്ടും ക്രിക്കറ്റില്‍ നിന്നും വിരമിക്കാത്ത ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ താരം മനോജ് തിവാരി എത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിവാരി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരുപാട് പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍ മികച്ച പ്രകടനം നടത്താത്തവര്‍ ടീമിന് പുറത്തു പോകണമെന്നും തിവാരി ആവശ്യപ്പെട്ടു. മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ധോണിക്ക് സെലക്ടര്‍മാര്‍ ഇപ്പോഴും ടീമില്‍ സ്ഥാനം നല്‍കുന്നത്. സമീപകാല മത്സരങ്ങളില്‍ ധോണിയുടെ മോശം ഫോമിനെക്കുറിച്ച് സംസാരിച്ച തിവാരി മികച്ച ടീമിനെ കളത്തിലിറക്കണമെന്നും ഇന്ത്യന്‍ ടീം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും യുവാക്കള്‍ക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനത്തെ കുറിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പോലും സംശയമുന്നയിച്ചിരുന്നു. ധോണിക്ക് പിന്തുണ നല്‍കുന്നത് വിരാട് കോഹ്‌ലിയാണ്. സെലക്ഷന്‍ കമ്മിറ്റി ധൈര്യം കാണിക്കേണ്ട സമയമാണിത്. ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കണമെന്നും തിവാരി പറഞ്ഞു. കുറച്ചു കാലമായി ധോണിയുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ടാണ്. ഒന്നോ രണ്ടോ പ്രകടനങ്ങളുടെ പേരിലല്ല ഇതു പറയുന്നത്. ഇന്ത്യന്‍ ടീം രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലാതെ ഇതാരുടേയും സ്വകാര്യ സ്വത്തല്ല തിവാരി കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഒരു ടീമിലും ഇടം പിടിക്കാതിരുന്ന മുപ്പത്തിമൂന്നുകാരനായ തിവാരിയെ സമീപകാലത്ത് ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍