UPDATES

കായികം

കട ബാധ്യത; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറുടെ ട്രോഫികള്‍ ലേലത്തിന്

2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്റപ്സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

കട ബാധ്യതയെ തുടര്‍ന്ന് ജര്‍മ്മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ തന്റെ ട്രോഫികള്‍ ലേലത്തില്‍ വില്‍ക്കുന്നു. 1985 മുതല്‍ 1996 വരെയുള്ള കാലയളവില്‍ നേടിയ വസ്തുക്കളാണ് താരം ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡി വഴി ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്. 1985-ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം ചൂടിയ ബെക്കര്‍ താന്‍ നേടിയ ട്രോഫികള്‍, മെഡലുകള്‍, വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളാണ് ലേലത്തിന് കൊടുത്തിരിക്കുന്നത്. ജൂണ്‍ 24-ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും.

1985ല്‍ വെറും 17 വയസുമാത്രം പ്രായമുള്ളപ്പോള്‍ വിംബിള്‍ഡണ്‍ കിരീടം ചൂടിയ താരമാണ് ബെക്കര്‍. ആറ് തവണ ഗ്രാന്‍ഡ്‌സലാം ജേതാവായിട്ടുള്ള ബെക്കര്‍ ‘ബൂം ബൂം’ ബെക്കര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന  സെര്‍വാണ് താരത്തിന് ഈ പേര് ലഭിക്കാന്‍ കാരണമായത്.കരിയറില്‍ 49 ടൈറ്റിലുകള്‍ വിജയിച്ച താരത്തിന് 20 മില്യണ്‍ യൂറോ സമ്മാനതുകയായി ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ടെന്നീസില്‍ കമന്ററി വിഭാഗത്തിലാണ് താരം.

2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്റപ്സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ലോകം മുഴുവന്‍ ആഡംബര വീടുകളും മറ്റുമായി ജീവിതം ആഘോഷമാക്കിയ താരമായിരുന്നു ബെക്കര്‍. ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്. ദുബായില്‍ പണിതുയര്‍ത്തിയ ബോറിസ് ടവര്‍, സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം പരാജയമായി. ഒരു കാലത്ത് നൂറു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന താരത്തിന് പ്രധാനമായും തിരിച്ചടിയായത് പ്രധാനമായും നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍