UPDATES

കായികം

വിവാദമുണ്ടാക്കിയ സെറീന വില്യംസിനെതിരെയുള്ള കാര്‍ട്ടൂണ്‍; ആക്ഷേപഹാസ്യത്തിന്റെ പരിധിയില്‍ വരുന്നതെന്ന് പ്രസ് കൗണ്‍സില്‍

സെറീനയ്ക്ക് മത്സരത്തിനിടെ മൂന്ന് നിയമലംഘനങ്ങളാണ് മാച്ച് റഫറി കാര്‍ലോസ് റാമോസ് കണക്കാക്കിയത്.

ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ കാര്‍ട്ടൂണ്‍ ചിത്രം പ്രസദ്ധീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ പ്രസ് കൗണ്‍സില്‍ നിലപാടറിയിച്ചു. കാര്‍ട്ടൂര്‍ മാധ്യമ ധാര്‍മികത ഹനിക്കുന്നതല്ലെന്നാണ് പ്രസ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. 2018 യുഎസ് ഓപ്പണിലെ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹെറാള്‍ഡ് സണ്‍ എന്ന ഓസ്ട്രേലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ സെറീനയെ അധിക്ഷേപിച്ചുവെന്ന തരത്തില്‍ വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

എന്നാല്‍ ആ കാര്‍ട്ടൂര്‍ ആക്ഷേപഹാസ്യത്തിന്റേയും, ഹാസ്യചിത്രത്തിന്റേയും, തമാശയുടേയും പരിധിയില്‍ വരുന്നതാണെന്നാണ് ഓസ്ട്രേലിയന്‍ പ്രസ് കൗണ്‍സില്‍ സ്വീകരിച്ച നിലപാട്. യുഎസ് ഒപ്പണ്‍ മത്സരങ്ങള്‍ക്കിടെ അമ്പയറുടെ പരാമര്‍ശത്തിനെതിരെ സെറീന രോക്ഷാകുലയായി പ്രതികരിച്ചതുള്‍പ്പെടെയുള്ള രംഗങ്ങളായിരുന്നു 2018ലെ യുഎസ് ഓപ്പണ്‍ ഫൈനല്‍ സാക്ഷ്യം വഹിച്ചത്. റാക്കറ്റ് വലിച്ചെറിയുന്ന രീതിയില്‍ സെറീനയുടേതായി മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണിനെതിരെ അന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണില്‍ വലിയ തടിച്ച ചുണ്ടുകളുള്ള സെറീന റാക്കറ്റിന് മുകളില്‍ കയറി നിന്ന് ചാടുന്നതായാണ് ചിത്രീകരിച്ചത്. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മാച്ച് റഫറി റാമോസ് ജാപ്പനീസ് താരം നവോമി ഒസാകയോട് സംസാരിക്കുന്നതും കാര്‍ട്ടൂണിലുണ്ട്. ‘അവരെ ജയിക്കാന്‍ അനുവദിച്ചുകൂടേയെന്ന്’ റഫറി സഹികെട്ട് അഭ്യര്‍ത്ഥന നടത്തുന്നതായാണ് മാര്‍ക്ക് നൈറ്റ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. സെറീനയെ വികൃതമായി ചിത്രീകരിച്ചതിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയോടുള്ള വംശീയതയും വിദ്വേഷവും സ്ത്രീത്വത്തെ അപമാനിക്കലുമാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്തതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.

മാച്ച് റഫറിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന് സെറീനയ്ക്ക് 17,000 യുഎസ് ഡോളര്‍ പിഴ ചുമത്തിയിരുന്നു. തന്റെ 24-ാം ഗ്രാന്‍സ്ലാം ടൈറ്റിലിന് വേണ്ടി ഇറങ്ങിയ സെറീനയ്ക്ക് മത്സരത്തിനിടെ മൂന്ന് നിയമലംഘനങ്ങളാണ് മാച്ച് റഫറി കാര്‍ലോസ് റാമോസ് കണക്കാക്കിയത്. ആദ്യത്തേത് പരിശീലനം സ്വീകരിച്ചെന്ന പേരിലും രണ്ടാമത്തേത് റാക്കറ്റ് തകര്‍ത്തതിനും മൂന്നാമത്തേത് അംപയറെ ചീത്തവിളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ്. രണ്ടാമത്തേയും മൂന്നാമത്തേയും ‘ലംഘനങ്ങള്‍’ സെറീനയുടെ ഓരോ പോയിന്റ് വീതം നഷ്ടപ്പെടുത്തുകയും ഒരു ഗെയിം പെനാല്‍റ്റിയ്ക്ക് വിധേയയാക്കുകയും ചെയ്തു.ഇതോടെ രണ്ടാം സെറ്റില്‍ 5-3ന് മുന്നിട്ട് നിന്ന ഒസാക ആദ്യ ഗ്രാന്‍സ്ലാം നേടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍