UPDATES

ട്രെന്‍ഡിങ്ങ്

സെറീന ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുമ്പോള്‍ നവോമിയുടെ പ്രായം ഒരു വയസ്; അവിശ്വസനീയ വിജയ കഥ, ആരാധനയുടെയും

നവോമിയുടെ കിരീട നേട്ടം എന്നെന്നും ഓര്‍മ്മിക്കപ്പെടാം എന്നായിരുന്നു മത്സരശേഷം സെറീനയുടെ വാക്കുകള്‍

യുഎസ് സൂപ്പര്‍ താരം സെറീന വില്യംസിനെ തറപറ്റിച്ച നവോമി ഒസാക്ക കളിച്ച് വളര്‍ന്നതു സെറീനയെ കണ്ടാണ്. ചെറുപ്പം മുതല്‍ സെറീനയുടെ കടുത്ത ആരാധികയായിരുന്നു നവോമി. സെറീനയുടെ കളി അതേപടി ഇഷ്ടപ്പെടുകയും അത് പിന്‍തുടരുകയും ചെയ്തിരുന്നു നവോമി. സെറീനയെയും സഹോദരി വീനസിനെയും ടെന്നീസ് താരങ്ങളാക്കി മാറ്റുന്നതിന് പിതാവ് റിച്ചാര്‍ഡ് വില്യംസ് എന്തൊക്കെയാണോ ചെയ്തത് അവയെല്ലാം നവോമിയുടെ പിതാവ് ലിയനോര്‍ഡും മകള്‍ക്കായി ചെയ്തു.

1999ല്‍ മാര്‍ട്ടിന ഹിംഗിസിനെ തോല്‍പ്പിച്ച് സെറീന ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുമ്പോള്‍ നവോമിയുടെ പ്രായം ഒരു വയസായിരുന്നു. ജപ്പാനിലെ ഒസാക്കയിലാണ് ജനനം എങ്കിലും ന്യൂയോര്‍ക്ക് പുത്രിയാണ് നവോമി. നവോമിയുടെ പിതാവ് ഹെയ്തി പൗരനാണ്. മാതാവ് ജപ്പാന്‍കാരിയും. മാതാപിതാക്കള്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലേക്ക് താമസം മാറിയ നവോമി ന്യയോര്‍ക്കിലെ മൈതാനങ്ങളില്‍ പരിശീലിച്ചാണ് ടെന്നീസിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.

സെറീനയെ 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയശേഷം തന്നോട് ക്ഷമിക്കണമെന്നായിരുന്നു നവോമി സെറീനയോട് പറഞ്ഞത്. അപ്രതീക്ഷിമായി സെറീന പരാജയപ്പെട്ടപ്പോള്‍ സെറീനയുടെ ആരാധകര്‍ അംപയറിനെതിരെ കൂകിവിളിച്ചു. ആരാധകര്‍ അതിര് കടന്നതിനെ തുടര്‍ന്ന് സെറീന തന്നെ ഇടപെട്ട് അവരെ ശാന്തരാക്കുകയായിരുന്നു. നവോമിയുടെ കിരീട നേട്ടം എന്നെന്നും ഓര്‍മ്മിക്കപ്പെടാം എന്നാണ് സെറീന വികാരധീനയായി ആരാധകര്‍ക്ക് മുന്നില്‍ പറഞ്ഞത്. വിജയത്തോടെ ടെന്നീസ് റാങ്കിംഗില്‍ കരിയറില്‍ ആദ്യ പത്തില്‍ നവോമി എത്തും. വര്‍ഷാന്ത്യം നടക്കുന്ന ഡബ്ല്യുഡിഎ ഫൈനലില്‍ ഇടം കണ്ടെത്താന്‍ ഈ നേട്ടം നവേമിയെ സഹായിക്കും.

ജപ്പാനില്‍ ജനിച്ച് ഫ്ലോറിഡയില്‍ ജീവിക്കുന്ന നവോമിക്ക് ജാപ്പനീസ് ഭാഷ അത്ര വശമില്ല. എങ്കിലും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോവ ആബെ ‘നിഹോണ്‍ നോ ഹോകോരി’ അഥവാ ‘ജപ്പാന്റെ രത്‌നം’ എന്ന് തന്നെ വിളിച്ചു എന്നു അവര്‍ പറഞ്ഞു. യുഎസ് ഓപ്പണിന് മുമ്പ് നവോമി നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം (ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍) മാത്രമാണ്.

ജപ്പാനിലെ പത്രങ്ങളിലും ടെലിവിഷനിലുമെല്ലാം വലിയ വാർത്തയായി ശനിയാഴ്ച നിറഞ്ഞു നിന്നത് ഹൊക്കെയ്ഡോ ദ്വീപിലുണ്ടായ ഭൂകമ്പവും ഉരുൾപൊട്ടലുമായിരുന്നു. ഇന്നലെ അതു മാറി. ദുരന്തങ്ങൾക്കിടയിലും അവർക്കു ചിരിക്കാനൊരു കാരണം കിട്ടി നവോമി ഒസാക്കയിലൂടെ. ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന ആദ്യ ജപ്പാനീസ് താരം.

ഒസാക്കയ്ക്ക് സെറീനയ്‌ക്കെതിരെയുള്ള ഈ ജയം ഒരു നേട്ടം മാത്രമല്ല സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്. സെറീനയ്ക്കെതിരെ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്നത് പതിവായി സ്വപ്‌നം കാണാറുണ്ടായിരുന്നുവെന്ന് അടുത്തിടെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നവോമി പറഞ്ഞിരുന്നു.

അതേസമയം ഫൈനലിനിടെ ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ ടെന്നീസ് താരം സെറീന വില്ല്യംസിന് പന്ത്രണ്ട് ലക്ഷം രൂപയാണ് പിഴ ലഭിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ടലക്ഷം രൂപയും പിഴയൊടുക്കണം.

സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് നവോമി ഒസാക്ക പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.”24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം തന്നെയായിരുന്നു സെറീനയുടെ ലക്ഷ്യമെന്ന് അറിയാമായിരുന്നു. എന്നാല്‍ കോര്‍ട്ടിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ വേറൊരാളായ പോലെ തോന്നി. ഞാനൊരു സെറീന ഫാന്‍ അല്ല, ഒരു ടെന്നിസ് താരം മറ്റൊരു താരത്തോട് മത്സരിക്കുന്നു എന്നു മാത്രമാണ് അപ്പോള്‍ മനസിലുണ്ടായിരുന്നത്. എന്നാല്‍ മത്സര ശേഷം സെറീന വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ ഞാനൊരു ചെറിയകുട്ടിയെ പോലെയായി”, നവോമി പറഞ്ഞു.

എന്നാല്‍ കോര്‍ട്ടില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ സംഭവിച്ചതെന്താണെന്ന് സത്യത്തില്‍ തനിക്ക് അറിയില്ലെന്നായിരുന്നു നവോമിയുടെ പ്രതികരണം. “എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതെന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു അതുകൊണ്ടു തന്നെ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് എല്ലാം നശിപ്പിച്ചു കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ആ സമയത്തെല്ലാം ഞാന്‍ എന്റെ ശ്രദ്ധ മാറാതിരിക്കാന്‍ നോക്കുകയായിരുന്നു”, നവോമി വ്യക്തമാക്കി. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-2,6-4) ഒസാക്ക, സെറീനയെ തോല്‍പ്പിച്ചത്. ആകെ 79 മിനിറ്റ്  മത്സരമായിരുന്നു ഫൈനല്‍ പോരാട്ടം.

ഏകദേശം 27.5 കോടിയോളം രൂപയാണ് യുഎസ് ഒപ്പണ്‍ കിരീട നേട്ടത്തിലൂടെ നവോമിക്ക് ലഭിക്കുക. കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് നവോമിക്കിത്. കീരിട നേട്ടം ലോകശ്രദ്ധ നേടിയതോടെ താരത്തിന്റെ പരസ്യവരുമാനവും ഇനി കുത്തനെ ഉയരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍