UPDATES

കായികം

യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് സെറീന വില്യംസ്

ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണ് സെറീനയുടെ മുന്നിലുള്ളത്. ഇതുവരെ ആറ് തവണ കിരീടം നേടിയ താരമാണ് സെറീന വില്യംസ്

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഉക്രൈന്‍ താരം എലിന സ്വിറ്റോലിനെയെയാണ് സെറീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍: 6-3, 6-1. മത്സരത്തിലുടനീളം സെറീന ആധിപത്യം നിലനിര്‍ത്തി.

ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണ് സെറീനയുടെ മുന്നിലുള്ളത്. ഇതുവരെ ആറ് തവണ കിരീടം നേടിയ താരമാണ് സെറീന വില്യംസ്. കഴിഞ്ഞ വിംബിള്‍ഡന്‍ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയുള്ള അവസരമാണ് സെറീനയ്ക്കിത്. നേരത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ നൂറ് വിജയം സ്വന്തമാക്കുന്ന താരം എന്ന നേട്ടം സെറീന കൈവരിച്ചിരുന്നു. സെമിയിലെ വിജയം സെറീനയുടെ 101 ആം വിജയമാണ്. ഇതോടെ മുന്‍ അമേരിക്കന്‍ താരവും ലോക ഒന്നാം നമ്പറുമായിരുന്ന ക്രിസ് എവേര്‍ട്ടിന്റെ നേട്ടത്തിനൊപ്പം സെറീന എത്തി.

അതേസമയം പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കും. ആദ്യ സെമിയില്‍ അഞ്ചാം സീഡ് ഡാനില്‍ മെദ്വദേവ് സീഡ് ചെയ്യപ്പെടാത്ത ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. ക്വാര്‍ട്ടറില്‍ ഫെഡററെ ദിമിത്രോവ് അട്ടിമറിച്ചിരുന്നു. സമീപകാലത്ത് മികച്ച ഫോമിലുള്ള മെദ്വദേവും ദിമിത്രോവും കരിയറില്‍ 2 തവണ മാത്രമാണ് ഇതിനുമുന്‍പ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇരുവരും ഒരു കളി വീതം ജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് മത്സരം തുടങ്ങും. രണ്ടാം സെമിയില്‍ രണ്ടാം സീഡ് റാഫേല്‍ നദാല്‍ 24-ാം സീഡ് മാറ്റിയോ ബെരെറ്റിനിയെ നേരിടും. ഇറ്റാലിയന്‍ താരമായ ബെരെറ്റിനി ആദ്യമായാണ് ഗ്രാന്‍സ്ലാം സെമിയില്‍ മത്സരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍