UPDATES

കായികം

‘സ്വപ്നം കണ്ടതെല്ലാം കരിയറില്‍ ഞാന്‍ നേടിയെടുത്തു’; ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് സാനിയ മിര്‍സ

കൂടുതല്‍ ശക്തയായി രാജ്യാന്തര തലത്തിലേക്ക് എത്തുന്നതിനാണ് എന്റെ ശ്രമം. അതിന് എനിക്കിനിയും സമയം വേണം സാനിയ പറയുന്നു.

ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ രണ്ട് വര്‍ഷത്തിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുകയാണ്. എന്നാല്‍ കോര്‍ട്ടിലേക്കുള്ള തിരിച്ച് വരവിന് താരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് ശരീരഭാരം തന്നെയാണ്. അമ്മയാകുന്നതിന്റെ ഭാഗമായാണ് താരം കോര്‍ട്ടില്‍ നിന്ന് നീണ്ട വിശ്രമം എടുത്തത്. അതേസമയം കരിയറില്‍ നേടേണ്ടതെല്ലാം നേടി കഴിഞ്ഞതായും ഒന്നും തെളിയിക്കാനല്ല തിരിച്ചു വരാന്‍ തയാറെടുക്കുന്നതെന്നും സാനിയ മിര്‍സ പറയുന്നു.

സ്വപ്നം കണ്ടതെല്ലാം കരിയറില്‍ ഞാന്‍ നേടിയെടുത്തു. ഇസ്ഹാനാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. തിരിച്ചു വരാന്‍ എനിക്ക് സാധിച്ചാല്‍ അത് മനോഹരമായിരിക്കും. ഫിറ്റ്നസിലേക്ക് തിരികെ എത്താന്‍ എന്നെ പ്രചോദിപ്പിക്കുന്നത് എന്റെ മകനാണ്. ഞാന്‍ തിരിച്ചു വന്നാല്‍ അത് ആരേയും ഒന്നും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാവില്ല. കളിക്കാനുള്ള ഇഷ്ടം മാത്രമാണ് ഞാന്‍ തിരികെ വരുന്നതിന് കാരണം, എങ്ങനെയാവും എന്റെ ശരീരം പ്രതികരിക്കുന്നത് എന്ന് എനിക്കറിയേണ്ടതുണ്ട്. അടുത്ത രണ്ട് മാസത്തിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തമാകുകയുള്ളു. പൂര്‍ണമായും തയ്യാറാവാതെ കളിക്കാനായി ഇറങ്ങാന്‍ എനിക്ക് താത്പര്യം ഇല്ല. തിരിച്ചു വന്ന് പരിക്കിലേക്ക് വീഴുന്നതില്‍ ഒരു അര്‍ഥവുമില്ല. തിരിച്ചു വരവിന് ശക്തി പകരുന്ന പ്രചോദനം എന്റെ ഉള്ളില്‍ നിന്ന് തന്നെ വരുന്നുണ്ട്. അതിനൊപ്പം, സെറീനയെ പോലുള്ള വ്യക്തികള്‍ നല്‍കുന്ന പ്രചോദനവുമുണ്ടെന്ന് സാനിയ പറയുന്നു.

2017ല്‍ കാല്‍മുട്ടിനേറ്റ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. അന്ന് കളി നിര്‍ത്തുന്നതിലേക്ക് എത്തിച്ചത് ആ പരിക്കാണ്. ഭാരം കുറയ്ക്കുന്നതിലാണ് ആദ്യം ശ്രദ്ധ കൊടുത്തത്. ആ കടമ്പ കഴിഞ്ഞു. ഗര്‍ഭിണിയായതിന് ശേഷം 23 കിലോയാണ് കൂടിയത്. എന്നാല്‍ ഇപ്പോള്‍ 26 കിലോ കുറഞ്ഞു. കൂടുതല്‍ ശക്തയായി രാജ്യാന്തര തലത്തിലേക്ക് എത്തുന്നതിനാണ് എന്റെ ശ്രമം. അതിന് എനിക്കിനിയും സമയം വേണം….സാനിയ പറയുന്നു. ഈ വര്‍ഷം ആഗസ്റ്റോടെ കോര്‍ട്ടിലേക്ക് എത്താമെന്നാണ് കരുതിയത്. എന്നാല്‍, അടുത്ത വര്‍ഷം ജനുവരിയാകുമായിരിക്കും, സാനിയ പറയുന്നു.

ജീവിതം എന്ന ടിക് ടോക് ‘മാർഗംകളി’; പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ശ്രീജിത്ത് വിജയൻ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍