UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ഇന്ത്യ-വിന്‍ഡീസ് മത്സരം ഉപേക്ഷിച്ചേക്കും? പുതിയ ആവശ്യങ്ങളുന്നയിച്ച് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അധികൃതര്‍

സ്റ്റേഡിയം അധികൃതര്‍ കരാറിലില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥ വരെയുണ്ടെന്ന് കെസിഎ സെക്രട്ടറി

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് നടക്കേണ്ട ഏകദിന മത്സരം സംശയത്തിലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മത്സരം നടക്കേണ്ട തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അധികൃതര്‍ കരാറിലില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥ വരെയുണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിനു ശേഷം കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത്.വി.നായര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് ബോക്‌സിന് പ്രത്യേകം തുക നല്‍കണം, സ്റ്റേഡിയത്തിന്റെ പുറത്തെ പരസ്യ അവകാശം വിട്ടുനല്‍കണം എന്നീ ആവശ്യങ്ങളാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബ് ഉന്നയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടെന്ന് കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കെസിഎ വാടക നല്‍കി നടത്തുന്ന മത്സരത്തില്‍ നിന്നും വരുമാനമുണ്ടാക്കാനുള്ള സ്‌പോര്‍ട് ക്ലബ്ബിന്റെ ശ്രമം ശരിയല്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍ ജനറല്‍ ബോഡിയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടിക്കറ്റിന്റെ പ്രത്യേക ശതമാനം തുക അവര്‍ക്ക് നല്‍കുന്നുണ്ട്. അതിനു പുറമേയാണ് ഇപ്പോള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരം നടത്തിയ അതേരീതിയില്‍ മാത്രമേ ഈ മത്സരവും നടത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജനറല്‍ ബോഡിയില്‍ ഓഫീസ് ബെയറേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടത്. ആകെ രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20കളുമാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. അവസാനം നടക്കുന്ന ട്വന്റി-20 പരമ്പര നവംബര്‍ 11ന് അവസാനിക്കും. ആദ്യ ടെസ്റ്റ് രാജ്‌കോട്ടിലും (ഒക്ടോബര്‍ 4-8) രണ്ടാം ടെസ്റ്റ് ഹൈദരാബാദിലും (ഒക്ടോബര്‍ 12-16) നടക്കും. തിരുവനന്തപുരം കൂടാതെ ഗുവാഹത്തി (ഒക്ടോ. 21), ഇന്‍ഡോര്‍ (ഒക്ടോ. 24), പൂനെ (ഒക്ടോ. 27), മുംബൈ (ഒക്ടോ. 29) എന്നിവയാണ് ഏകദിന വേദികള്‍. കൊല്‍ക്കത്ത (നവംബര്‍ 4), ലഖ്‌നൗ (നവം. 6), ചെന്നൈ (നവം. 11) എന്നിവിടങ്ങളിലാകും ട്വന്റി-20 മത്സരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍