UPDATES

ഏഷ്യന്‍ മാരത്തണ്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി വയനാട്ടുകാരനായ ആദിവാസി യുവാവ്

2 മണിക്കൂര്‍ 15 മിനുറ്റ് 48 സെക്കന്‍റില്‍ ടി ഗോപി വിജയരേഖ കടന്നു

ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മലയാളി ടി ഗോപി. ചൈനയില്‍ നടക്കുന്ന ദോങ്ഗുവാനില്‍ നടക്കുന്ന പതിനാറാമത് ചാംപ്യന്‍ഷിപ്പിലാണ് വയനാട്ടുകാരനായ തോന്നയ്ക്കല്‍ ഗോപി സുവര്‍ണ്ണ താരമായത്. 2 മണിക്കൂര്‍ 15.48 മിനിറ്റില്‍ ഗോപി വിജയരേഖ കടന്നു.

ഉസ്ബെക്കിസ്ഥാന്റെ പെട്രോവ് ആന്‍ഡ്രിയെ മൂന്ന് സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഗോപി പിന്തള്ളിയത്. മംഗോളിയയുടെ ടി ബ്യാംബയാവിനാണ് വെങ്കലം.

25 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ മാരത്തണില്‍ ഇന്ത്യ പൊന്നണിയുന്നത്. ഒരു പുരുഷതാരം ചാമ്പ്യനാകുന്നത് ആദ്യമായും. 1985ല്‍ ആഷ അഗര്‍വാളും 1992ല്‍ സുനിത ഗോദരയുമാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത തേലമ്പറ്റയിലെ ഈരംകൊല്ലി കോളനിയില്‍ നിന്നും കാക്കവയല്‍ സ്കൂളിലെ വിജയി എന്ന കായികാധ്യാപിക കണ്ടെത്തിയ കായികതാരമാണ് ഗോപി. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തളര്‍ന്ന് കിടക്കുന്ന മകനോടൊപ്പം ജീവിതത്തിന്റെ ട്രാക്കില്‍ നിന്നും വീണുകിട്ടിയ മകനായിരുന്നു ടീച്ചര്‍ക്ക് ഗോപി.

കാക്കവയല്‍ സ്‌കൂളിന്റെ പടിയിറങ്ങി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പടിക്കുമ്പോള്‍ ദീര്‍ഘദൂര ഓട്ടത്തിന്റെ ട്രാക്കിലേക്ക് ചുവടുമാറി. എം.എ.കോളേജിലെ കായികവിഭാഗം തലവനായിരുന്ന പി.ഐ. ബാബുവെന്ന പ്രമുഖ പരിശീലകന്റെ കൈകളില്‍ ഗോപി എന്ന താരത്തിന് നിരാശപ്പേടേണ്ടി വന്നില്ല. സംസ്ഥാന മീറ്റില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണമെഡലുകളുടെ എണ്ണവും ഇവിടെ നിന്നും കൂടുകയായി. ഇക്കണോമിക്‌സ് ബിരുദപഠനത്തിന്റെ രണ്ടാം വര്‍ഷമായപ്പോഴേക്കും പട്ടാളത്തില്‍ ഹവില്‍ദാറായി ജോലിക്കായി കയറി. ഹൈദരബാദിലെ ആര്‍ട്ടിലറി ഇലവന്‍ റെജിമെന്റിലായിരുന്നു നിയമനം. ഇവിടെ നിന്നും 2012 ല്‍ പൂനെ സ്‌പോര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സെലക്ഷന്‍. ജീവിതത്തെ മാറ്റിമറിച്ച യാത്ര ഇവിടെ നിന്നും തുടങ്ങുന്നു.

പട്ടാളത്തില്‍ സൂരീന്ദര്‍ സിങ്ങ് ഭണ്ഡാരിയെന്ന കോച്ചിന്റെ ഗോപിയുടെ പ്രതിഭ തേച്ചുമിനുക്കപ്പെട്ടു. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള വെള്ളി, സ്വര്‍ണ്ണ പതക്കങ്ങളായി അത് തേലമ്പറ്റയിലെ ഈരംകൊല്ലി കോളനിയില്‍ എത്തി.

പതിനായിരം മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ബഹാദൂര്‍ സിങ്ങിന്റെ ദക്ഷിണേഷ്യന്‍ റെക്കോഡ് തകര്‍ത്ത് ആദ്യ അന്താരാഷ്ട്രസ്വര്‍ണം നേടി. പിന്നീട് മുംബൈ മാരത്തണിലെ പ്രകടനത്തിലൂടെ റിയോ ഒളിമ്പിക്സിന് യോഗ്യത സ്വന്തമാക്കി. 155 പേരുടെ മത്സരത്തില്‍ 25-ാമനായാണ് ഫീനിഷ് ചെയ്തത് എങ്കിലും 2:15.25 എന്ന സമയം ഗോപിയുടെ മികച്ച സമയമായിരുന്നു.

ന്യൂഡല്‍ഹി മാരത്തണില്‍ 2:15.37 സെക്കന്‍ഡില്‍ ചാമ്പ്യനായ ഗോപി സീസണില്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ റിയോ ഒളിമ്പിക്സില്‍ കുറിച്ച സമയവും സീസണിലെ മികച്ചസമയവും പക്ഷേ ദോങ്ഗുവാനില്‍ പിറന്നില്ല.

ട്രാക്കല്ല ജീവിതം; ഈ ഒളിമ്പ്യന് അന്തിയുറങ്ങാന്‍ ഒരു വീടും സ്വന്തമെന്ന് പറയാന്‍ സ്ഥലവും വേണം

ഗോപിയുടെ നേട്ടങ്ങള്‍

2013 നാഷണല്‍ ക്രോസ് കണ്‍ട്രി കൊല്‍ക്കത്ത മൂന്നാം സ്ഥാനം
2013 സര്‍വീസ് ക്രോസ് കണ്‍ട്രി രണ്ടാം സ്ഥാനം
2014 നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍ സമയം 29.32 സെക്കന്‍ഡ്
2015 ഫെഡറേഷന്‍ കപ്പ് മംഗലാപുരം 10000 മീറ്റര്‍ വെള്ളി, 5000 മീറ്റര്‍ വെള്ളി
2015 നാഷണല്‍ ഗെയിംസ് കേരളം 10000 മീറ്റര്‍ വെങ്കലം
2015 സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അതലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെന്നൈ 10000 മീറ്റര്‍ വെള്ളിമെഡല്‍
2015 സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അതലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെന്നൈ 5000 മീറ്റര്‍ വെള്ളിമെഡല്‍
2015 സര്‍വീസസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹൈദരബാദ് 10000 മീറ്റര്‍ സ്വര്‍ണ്ണം
2015 നാഷണല്‍ ക്രോസ് കണ്‍ട്രി പൂനെ വെളളി
2015 സൗത്ത് ഏഷ്യന്‍ ഗെയിംസ് ആസ്സാം 10000 മീറ്റര്‍ സ്വര്‍ണ്ണം പുതിയ റെക്കോഡ് സമയം.29.10
2015 ഏഷ്യന്‍ ക്രോസ് കണ്‍ട്രി ബഹ്‌റൈന്‍ നാലാം സ്ഥാനം
2015 ഡെല്‍ഹി ഹാഫ് മാരത്തണ്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമന്‍ വെള്ളി മെഡല്‍ സമയം 1മണിക്കൂര്‍ 2 മിനുറ്റ് 45 സെക്കന്‍ഡ്
2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍ സമയം 29.10 സെക്കന്‍ഡ്
2016 മുംബൈ മാരത്തണ്‍ ഇന്ത്യക്കാരില്‍ രണ്ടാമന്‍, വെള്ളി മെഡല്‍, സമയം 2 മണിക്കൂര്‍ 16 മിനുറ്റ് 15 സെക്കന്‍ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍