UPDATES

ട്രെന്‍ഡിങ്ങ്

ഗ്രീന്‍ഫീല്‍ഡിലെ ഫൈനല്‍; ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാനം

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയാവുന്നത്‌

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇരു ടീമുകളും വിജയിച്ച് പരമ്പര സമനിലയില്‍ നില്‍ക്കുന്നതിനാല്‍ തന്നെ കേരളത്തിന്റെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഒരു ഫൈനലിന്റെ ആവേശം കൈവന്നിരിക്കുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം എന്നതിനൊപ്പം കേരളത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരവും ഇതാണെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്ത് മുമ്പ് രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു ഈ മത്സരങ്ങളുടെ വേദി.

ഇന്നലെ രാത്രിയോടെ  രണ്ട് ടീമിന്റെയും അംഗങ്ങള്‍ കേരള തലസ്ഥാനത്ത് എത്തി. ഇന്ന് രാവിലെ ന്യൂസിലാന്‍ഡ് ടീമും ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ടീമും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും. കേരള പോലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സിന്റെ ഉദ്ഘാടന പരിപാടിയിലും ഇന്ത്യന്‍ ടീം അംഗങ്ങള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വേദിയിലെ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. 42,000 പേര്‍ക്കിരിക്കാവുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നുവെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പറയുന്നത്. അതേസമയം ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയുള്ള ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നതെന്നും 7800 ടിക്കറ്റുകള്‍ ബാക്കിയുണ്ടെന്നും ഇത് ഇന്നും നാളെയുമായി സ്റ്റേഡിയത്തില്‍ വില്‍ക്കുമെന്നും അറിയുന്നുണ്ട്. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നതിനാല്‍ തന്നെ കരിഞ്ചന്തക്കാരും സജീവമായിരുന്നു. 700 രൂപയുടെയും 1000 രൂപയുടെയും ടിക്കറ്റുകളാണ് മത്സരത്തിനായി വിറ്റിരുന്നത്. എന്നാല്‍ ഇന്നലെ 700 രൂപയുടെ ടിക്കറ്റുകള്‍ 2000 രൂപയ്ക്കും 1000 രൂപയുടെ ടിക്കറ്റുകള്‍ 3000 രൂപയ്ക്കും കരിഞ്ചന്തയില്‍ ലഭ്യമായിരുന്നു.

ഇരു ടീമുകള്‍ക്കും ഈ മത്സരം ജയിച്ചാല്‍ പരമ്പര നേടാമെന്നതിനാല്‍ ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും വീര്യവും തിരുവനന്തപുത്തെ മത്സരത്തിനുണ്ട്. കൂടാതെ മൂന്ന് പതിറ്റാണ്ടോളമുള്ള കാത്തിരിപ്പിന് ശേഷം ലഭിച്ച അന്താരാഷ്ട്ര മത്സരത്തെ അതിന്റേതായ ആവേശത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് തലസ്ഥാന വാസികള്‍. സമീപകാലത്ത്‌ കൊച്ചിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഏകദിന മത്സരങ്ങളായിരുന്നു അവയെല്ലാം. 29 വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നത്. 1988ല്‍ വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലാണ് തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത്. വിന്‍ഡീസ് ടീമിന്റെ പ്രതാപകാലത്ത് നടന്ന ആ മത്സരത്തില്‍ അവര്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. ഇന്ത്യ ലോകകപ്പ് ജേതാക്കളും ഏഷ്യാക്കപ്പ് ജേതാക്കളും ആയതിന് പിന്നാലെ 1984ലായിരുന്നു തിരുവനന്തപുരത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. 1981ല്‍ കപില്‍ദേവിന്റെ ഉത്തരമേഖലയും ഗുണ്ടപ്പ വിശ്വനാഥിന്റെ ദക്ഷിണമേഖലയും തമ്മിലുള്ള ദുലീപ് ട്രോഫി മത്സരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്നെങ്കിലും മഴയും മോശം കാലവസ്ഥയും മൂലം ആ അവസരം കേരളീയര്‍ക്ക് നഷ്ടമായി. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും കായിക മന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടപെട്ട് ഒരു രാജ്യാന്തര സൗഹൃദ മത്സരത്തിന് ഇവിടെ വേദിയൊരുക്കിയിരുന്നു. 1982 ഫെബ്രുവരി 24ന് ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനും ഇംഗ്ലണ്ടും തമ്മിലുള്ള ആ മത്സരത്തോടെയാണ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങള്‍ ആരംഭിച്ചത്. മത്സരത്തില്‍ സുനില്‍ ഗവസ്‌കറുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവന്‍ അഞ്ചു വിക്കറ്റിന് ജയിച്ചു.

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി20 മത്സരത്തില്‍ 53 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്ര 19 വര്‍ഷത്തെ കരിയറിന് അവസാനം കുറിച്ച ഈ മത്സരത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍. ഇരുവരും 80 റണ്‍സ് വീതമെടുത്ത മത്സരത്തില്‍ ഇന്ത്യ കേവലം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 203 റണ്‍സാണ് നേടിയത്. ബൗളിംഗില്‍ യുസ്വേന്ദ്ര ചാഹല്‍, അഷ്‌കര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങിയതോടെ കിവികളുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ 149ന് അവസാനിക്കുകയും ചെയ്തു.

"</p

എന്നാല്‍ ശനിയാഴ്ച രാജ്‌കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ റോള്‍ കിവീസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. കോണിന്‍ മണ്‍റോ(109 നോട്ടൗട്ട്)യുടെ അപരാജിതമായ സെഞ്ചുറിയുടെ കരുത്തില്‍ കിവീസ് രണ്ട് വിക്കറ്റിന് 196 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യന്‍ പോരാട്ടം ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156ല്‍ ഒതുങ്ങി. ഇന്ത്യന്‍ പരാജയം 40 റണ്‍സിന്. ആദ്യ കളിയിലെ വിജയ നായകന്മാരായ ധവാനും രോഹിതും ഈ മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ പരാജയം വേദനിപ്പിക്കുന്നുവെങ്കിലും ആ പരാജയം മൂലം ഇവിടുത്തെ മത്സരത്തിന് ഫൈനല്‍ പ്രതീതി കൈവന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. ഏകദിനത്തിന് പിന്നാലെ ട്വന്റി20 പരമ്പരയും ഇന്ത്യ നേടുന്നത് കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് കളികളിലും ടോസിന് നിര്‍ണായകമായ സ്വാധീനം ഉണ്ടായിരുന്നു. രണ്ട് കളികളിലും കിവീസ് ആയിരുന്നു ടോസ് നേടിയതെങ്കിലും ആദ്യ കളിയില്‍ അവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയും രണ്ടാം കളിയില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയുമായിരുന്നു. രണ്ടു കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം അടിച്ചുതകര്‍ക്കുകയും പടുകൂറ്റന്‍ സ്‌കോര്‍ നേടി എതിരാളിയെ പ്രതിസന്ധിയിലാക്കുകയുമാണ് ചെയ്തത്.

ബാറ്റിംഗിന് അനുകൂലമായ സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അങ്ങനെയായാല്‍ ഇവിടെയും ആദ്യം ബാറ്റ് ചെയ്യുന്ന ടീം പടുകൂറ്റന്‍ സ്‌കോര്‍ നേടാന്‍ തന്നെയാണ് സാധ്യത. മത്സരത്തിനായുള്ള സുരക്ഷ ക്രമീകരണങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് നഗരത്തിലും സ്റ്റേഡിയത്തിലുമായി ഒരുക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍