UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വംശീയാക്രമണം അസഹനീയം: ഇനി ജര്‍മ്മനിക്ക് വേണ്ടി കളിക്കില്ലെന്ന് ഓസില്‍

വംശീയാധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍, ജര്‍മ്മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല – ഓസില്‍ പറയുന്നു

തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഫോട്ടോയെടുത്തതിന്റെ പേരില്‍ വംശീയാധിക്ഷേപങ്ങള്‍ക്കും ഗുരുതര ആരോപണങ്ങള്‍ക്കും വിധേയനായ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസൂട് ഓസില്‍ ദേശീയ ടീമില്‍ നിന്ന് രാജി വച്ചു. റഷ്യ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഓസിലിനെതിരായ വംശീയാക്രമണം തുടങ്ങിയിരുന്നു. ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റ് പുറത്തായതിന് പിന്നാലെ ഓസിലിനെതിരായ ആക്രമണം ശക്തമായി. ടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ താരമായ ഓസില്‍ ക്ലബ് ഫുട്‌ബോളില്‍ തുടരും. ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ഇരുപത്തൊന്‍പതുകാരനായ ഓസില്‍. ജര്‍മ്മന്‍ മിഡ് ഫീല്‍ഡറായ ഓസില്‍ 92 കളിയില്‍ 23 ഗോള്‍ നേടിയിട്ടുണ്ട്.

തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. ആരാധകര്‍ ഓസിലിനേയും ഗുന്‍ഡോഗനേയും കൂവി വിളിച്ചു. “എര്‍ദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍നിന്ന് എതിര്‍പ്പുണ്ടായി. ഇനിയും ജര്‍മ്മന്‍ ജഴ്‌സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ല എന്ന് എനിക്ക് മനസിലായി. 2009ല്‍ ജര്‍മ്മനിക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍, ജര്‍മ്മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല. വലിയ ദുഖത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത്” – ഓസില്‍ കത്തില്‍ പറയുന്നു.

ലോകകപ്പില്‍ നിന്ന് ജര്‍മ്മനി പുറത്തായതിനെ തുടര്‍ന്ന് ഓസിലിനെതിരെ ആരാധകരുടെ രോഷം ശക്തമായിരുന്നു. ടീം മാനേജര്‍ ഒളിവര്‍ ബിയറോഫും ഓസിലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് കളി നിര്‍ത്താന്‍ ഓസിലിനോട് അദ്ദേഹത്തിന്റെ പിതാവ് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

മഞ്ചേരിക്കാരന്റെ ആഴ്‌സണല്‍ പ്രേമവും പിന്നൊരു കുഞ്ഞ് ഓസിലും (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍