UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെറീന വില്യംസിനെ അട്ടിമറിച്ച് നവോമി ഒസാക യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍; ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരം

23 ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള സെറീനയ്ക്ക്, വിഖ്യാത ഓസ്‌ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ട് സിംഗിള്‍സില്‍ കുറിച്ച 24 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് നഷ്ടമായത്.

ഇതിഹാസ താരം സെറീന വില്യംസിനെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഒസാക യുഎസ് ഓപ്പണ്‍ ചാമ്പ്യനായി. ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍കാരിയായിരിക്കുകയാണ് ഇതോടെ നവോമി ഒസാക. 6-2, 6-4 എന്ന സ്‌കോറിനാണ് സെറീനയെ നവോമി തോല്‍പ്പിച്ചത്. നാടകീയമായ സംഭവങ്ങള്‍ക്കാണ് യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ സാക്ഷ്യം വഹിച്ചത്. ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസിനെ കള്ളന്‍ എന്ന് വിളിച്ച് സെറീന പൊട്ടിത്തെറിച്ചു. ബോക്‌സില്‍ നിന്ന് കോച്ചിംഗ് സ്വീകരിച്ചു, റാക്കറ്റ് മോശമായി ഉപയോഗിച്ചു തുടങ്ങിയവ അടക്കം കളിനിയമം ലംഘിച്ചതിന്റെ പേരില്‍ റാമോസ്, സെറീനയ്ക്ക് വാണിംഗ് നല്‍കുകയും പെനാല്‍ട്ടികള്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് സെറീനയെ ചൊടിപ്പിച്ചത്. അയാള്‍ എന്നെ സ്വഭാവഹത്യ നടത്തി എന്ന് സെറീന കുറ്റപ്പെടുത്തി. റാമോസ് മാപ്പ് പറയണമെന്നും സെറീന ആവശ്യപ്പെട്ടു. താന്‍ ജയിക്കാനായി കള്ളക്കളി കളിക്കാരില്ലെന്നും അതിലും തനിക്കിഷ്ടം തോല്‍ക്കുന്നതാണെന്നും സെറീന പറഞ്ഞു.

റാമോസ് നല്‍കിയ ഗെയിം പെനാള്‍ട്ടി നവോമിയെ സഹായിച്ചു. തുടക്കത്തില്‍ സെറീന പതറുകയും നവോമി മേധാവിത്തം സ്ഥാപിക്കുകയും ചെയ്തിരുന്നു. ബ്രേക് പോയിന്റ് നവോമിക്ക് 2-1ന്റെ ലീഡ് നല്‍കി. ദ്രുതഗതിയിലുള്ള മൂവുകളിലൂടെ നവോമി ലീഡ് 4-1 ആയി ഉയര്‍ത്തിയപ്പോള്‍ സെറീന വില്യംസിന്റെ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്ന ആര്‍തര്‍ ആഷെ സ്‌റ്റേഡിയം മൂകമായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഘട്ടത്തില്‍ കളി വീണ്ടെടുത്ത സെറീന 3-1 ലീഡിലെത്തിയിരുന്നു. എന്നാല്‍ നവോമി ഒസാക ശക്തമായി തിരിച്ചുവന്നു.

സെറീനയുടെ രണ്ട് ഡബിള്‍ ഫോള്‍ട്ടുകളും നെറ്റിലേയ്ക്കുള്ള ഒരു ബാക് ഹാന്‍ഡും നവോമിക്ക് സഹായമായി. രോഷാകുലയായ സെറീന റാക്കറ്റ് കോര്‍ട്ടിലടിച്ചു. നവോമി 4-3ന് ലീഡ് ചെയ്യുമ്പോള്‍ സെറീന, അംപയര്‍ റാമോസിന് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. സെറീനയുടെ തെറ്റുകള്‍ നവോമിയുടെ പോയിന്റുകളായി മാറി. നേരത്തെയും പല തവണ യുഎസ് ഓപ്പണില്‍ സെറീന വില്യംസിന്റെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ട്.

23 ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള സെറീനയ്ക്ക്, വിഖ്യാത ഓസ്‌ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ട് സിംഗിള്‍സില്‍ കുറിച്ച 24 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് നഷ്ടമായത്. സെറീനയുടെ ആരാധകര്‍ ബഹളമുണ്ടാക്കിയപ്പോള്‍ നവോമിയുടെ കണ്ണ് നിറഞ്ഞു. എന്നാല്‍ നവോമിയെ പിന്തുണച്ചും അഭിനന്ദിച്ചും സെറീന രംഗത്തെത്തി. നവോമി നന്നായി കളിച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയുമായി കളിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നു എന്ന് നവോമി പറഞ്ഞു. സെറീനയുടെ വിജയം കാണാന്‍ വന്ന ആരാധകരെ നിരാശരാക്കിയതില്‍ അവര്‍ ക്ഷമയും ചോദിച്ചു. മാര്‍ച്ചിലെ ഇന്ത്യന്‍ വെല്‍സ് വിജയത്തിന് ശേഷം നവോമിയുടെ രണ്ടാമത് ചാമ്പ്യന്‍ഷിപ്പ് ജയമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍