UPDATES

വൈറല്‍

എന്റെ ഓട്ടത്തിനെന്താ കുഴപ്പം? കോച്ചാവാനുള്ള ഇന്റര്‍വ്യൂവിന് നീ എന്റെ മുന്നില്‍ വരും: സേവാഗിനോട് ഗാംഗുലി

ഇന്ത്യന്‍ ടീമിന്റെ കോച്ചാവണമെങ്കില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്. അതിന് നീ എന്റെ മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് വല്ലാതെ കുത്തണ്ട.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സേവാഗും നടത്തിയ സംഭാഷണം വൈറലായിരിക്കുകയാണ്. വിക്കറ്റുകള്‍ക്കിടയില്‍ റണ്‍സിനായുള്ള ഓട്ടത്തിനെ കുറിച്ചാണ് സംസാരം. റണ്‍സിന് വേണ്ടിയുള്ള ഓട്ടത്തില്‍ ഗാംഗുലി വളരെ മോശമാണെന്നാണ് പൊതുവില്‍ ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. ഗാംഗുലിയുടെ ഓട്ടത്തെ കുറിച്ചുള്ള രസികന്‍ സംഭാഷണത്തിന് വഴി തുറന്നത് ഗാംഗുലി തന്നെ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി റണ്‍സിനായുള്ള ഓട്ടത്തില്‍ പുലര്‍ത്തുന്ന മികവിനെ പ്രശംസിച്ചതാണ് ഗാംഗുലി. ഉടന്‍ ഗാംഗുലിയെ കളിയാക്കി സേവാഗിന്റെ മറുപടി വന്നു എന്റെയൊരു പഴയ സഹതാരവും ഓട്ടത്തില്‍ മിടുക്കനായിരുന്നു എന്ന് സേവാഗ്. സേവാഗിന്റെ ട്രോള്‍ മനസിലാക്കിയെന്നോണം ഗാംഗുലി അതേറ്റെടുത്തു. ഞാനും മികച്ചൊരു ഓട്ടക്കാരനായിരുന്നു. എന്നാല്‍ കോഹ്ലിയെ പോലെ ഓടാന്‍ താങ്കള്‍ക്ക് കഴിയുമെങ്കില്‍ മാത്രമേ അങ്ങനെ പറയാനാകൂ എന്ന് സേവാഗ്. എന്നാല്‍ 100 മീറ്റര്‍ ഓട്ടത്തില്‍ എന്നോട് മത്സരിക്കാനുണ്ടോ എന്ന് ഗാംഗുലി. എല്ലാവരും കേട്ടോളൂ. ഞാന്‍ വീരുവിനെ വെല്ലുവിളിക്കുന്നു, ഈ ടൂര്‍ണമെന്റ് തീര്‍ന്ന ശേഷം ഓവല്‍ സ്‌റ്റേഡിയത്തില്‍ 100 മീറ്റര്‍ ഓട്ടത്തിന്. ദാദ, 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായി തന്നെ ഫിനിഷ് ചെയ്യണേ എന്ന് സേവാഗ്. എനിയ്ക്കത് നിഷ്പ്രയാസം സാധിക്കും. നിനക്ക് ഞാന്‍ രണ്ട് ഫിസിയോമാരെ തരാം. നി്ങ്ങള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ടീമിലും മുന്‍ താരങ്ങള്‍ക്കിടയിലുമെല്ലാം.

തുടര്‍ന്ന് സിംഗിള്‍ എടുക്കുന്നതില്‍ താന്‍ സേവാഗിനേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ളതായി കണക്കുകള്‍ ഉദ്ധരിച്ച് ഗാംഗുലി ചൂണ്ടിക്കാട്ടി. ഗാംഗുലിയുടെ സിംഗിള്‍സ് ശതമാനം 36ഉം സേവാഗിന്റേത് 24ഉം ആണ്. ഈ കണക്കുകള്‍ നോക്കൂ, എന്നിട്ടാണോ വിക്കറ്റിനിടയില്‍ ഓടാനുള്ള എന്റെ കഴിവിനെ പറ്റി നിങ്ങള്‍ വിമര്‍ശിക്കുന്നത്. സിംഗിളിനെ രണ്ടും മൂന്നും പറ്റിയാല്‍ നാലുമൊക്കെ ആക്കുന്നതും സമയത്ത് തന്നെ വിക്കറ്റിനടുത്ത് എത്തുന്നതുമാണല്ലോ മികവ് – ഗാംഗുലി പറഞ്ഞു.

ഗാംഗുലി സിംഗിളെടുക്കാനൊക്കെ മിടുക്കനാണ്. പക്ഷെ അത് രണ്ടും മൂന്നുമൊന്നും ആക്കാന്‍ അത്ര പോരെന്ന് സേവാഗ്. “ദാദ ഇത് നിങ്ങളുടെ സിംഗിളുകളുടെ കണക്കാണ്. രണ്ടും മുന്നും റണ്‍സ് ഓടിയെടുക്കുന്നതിലെ മികവല്ല. സിംഗിളുകള്‍ നിങ്ങള്‍ വളരെ എളുപ്പത്തില്‍ നേടിയിരുന്നു. ഫൈന്‍ ലെഗ്, തേഡ് മാന്‍, ഡീപ് പോയിന്റ്, ലോംഗ് ഓണ്‍ – എങ്ങനെയാണെങ്കിലും”. സേവാഗിന്റെ ട്രോളാക്രമണത്തില്‍ സഹികെട്ട ഗാംഗുലി അവസാനം പറഞ്ഞു – “ഇന്ത്യന്‍ ടീമിന്റെ കോച്ചാവണമെങ്കില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്. അതിന് നീ എന്റെ മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് വല്ലാതെ കുത്തണ്ട”. ഉടന്‍ സേവാഗ് പ്രേക്ഷകരോടായി ഞങ്ങള്‍ രണ്ട് എക്‌സ്ട്രാ ഓവര്‍ സമയത്തേയ്ക്ക് കമന്ററി നടത്തിയത് ദാദയ്ക്ക് ഈ കണക്കുകള്‍ നിങ്ങളെ അറിയിക്കണമെന്നുള്ളതുകൊണ്ടാണ് – ഇതോടെ കമന്ററി ബോക്‌സില്‍ കൂട്ടച്ചിരി. കൂടെയുള്ള മറ്റൊരു മുന്‍ ഇന്ത്യന്‍ താരം സാബ കരീമും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍