UPDATES

ട്രെന്‍ഡിങ്ങ്

‘ഗ്രാന്‍ഡ്‌’ മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്: കരുനീക്കങ്ങള്‍ക്ക് ഇനിയുമുണ്ട് ബാല്യം, യൗവനവും

1986ലെ ദുബായ് ഒളിംപ്യാഡിനിടെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) റോബര്‍ട്ട് വാഡ്‌സ്, ഇന്ത്യയുടെ ആദ്യ ഇന്റര്‍നാഷണല്‍ മാസ്റ്ററായ മാനുവല്‍ ആറോണിനോട് തമാശയായി ഇങ്ങനെ ചോദിച്ചിരുന്നു – ഈ പയ്യന്‍ ഇത്ര വേഗം കളിച്ച് ജയിക്കുന്നതിനെ നമുക്ക് എങ്ങനെ തടയാന്‍ പറ്റും?

സന്ദീപ്‌ ജി, ദ ഇന്ത്യന്‍ എക്സ്പ്രസ്

ജൂലായില്‍ ഇറ്റലിയിലെ ല്യൂവെന്‍ ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്റില്‍ പത്ത് പേരുണ്ടായിരുന്ന ഗ്രിഡില്‍ എട്ടാം സ്ഥാനത്തായിരുന്നു വിശ്വനാഥന്‍ ആനന്ദ്. സ്‌കോര്‍ 18ല്‍ എട്ട് പോയിന്റ്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള ആനന്ദിനെ സംബന്ധിച്ച് ഏറെ നിരാശാജനകമായിരുന്നു അത്. ഇങ്ങനെ ചെസ് കളിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ആനന്ദ് അന്ന് പറഞ്ഞു. ഞാന്‍ മെന്റല്‍ ഗെയിം മാത്രമാണ് കളിക്കുന്നത്. ആനന്ദിന്റെ നിരാശയും സ്വയം വിലയിരുത്തലും വിരമിക്കലിന്റെ സൂചനയായി പലരും കണ്ടു. എന്നാല്‍ ലണ്ടന്‍ ചെസ് ക്ലാസിക്കില്‍ ഏറ്റവും അവസാന സ്ഥാനത്തായി തോല്‍വി ഏറ്റുവാങ്ങിയ ശേഷം വിശ്വാനാഥന്‍ ആനന്ദ് ട്വിറ്ററില്‍ കുറിച്ചത് തന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വന്നിട്ടില്ല എന്നാണ്. അഞ്ച് മാസത്തിന് ശേഷം ഇപ്പോള്‍ റിയാദില്‍ വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി ആ പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം തെളിയിച്ചു.

മാഗ്നസ് കാള്‍സണെന്ന നിലവിലെ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ച് തന്റെ നീക്കങ്ങള്‍ ഇനിയും ചെസ് ബോര്‍ഡ് കാണാനിരിക്കുന്നതേയുള്ളൂ എന്ന് ഈ 48കാരന്‍ സൂചന നല്‍കുന്നു. ലോക ഒന്നാം നമ്പര്‍ താരം മാത്രമല്ല, റാപ്പിഡ് ചെസിലെ എക്കാലത്തേയും ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്നയാളുമാണ് മാഗ്നസ് കാള്‍സണ്‍. മറ്റെല്ലാ കായിക ഇനങ്ങളെയും പോലെ തന്നെ ചെസിലും താരങ്ങള്‍ക്ക് 40 വയസ് സാധാരണ വിരമിക്കാനുള്ള പ്രായമാണ്. വിശ്വനാഥന്‍ ആനന്ദിന്റെ കരുത്തനായ റഷ്യന്‍ പ്രതിയോഗി ഗാരി കാസ്പറോവ് ചെസ് ബോര്‍ഡിനോട് വിട പറഞ്ഞത് 40ാം വയസിലാണ്. വിരമിച്ച ശേഷം ചെസിനേക്കാള്‍ കൂടുതല്‍ ആലോചയോടെയും ബുദ്ധിപരമായും പലപ്പോഴും നീങ്ങേണ്ടി വരുന്ന രാഷ്ട്രീയത്തിലേയ്ക്കാണ് ഗാരി കാസ്പറോവ് നീങ്ങിയത്. അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷര്‍ 32ാം വയസില്‍ കളം വിട്ടു. പിന്നീട് സ്വയം അടിച്ചേല്‍പ്പിച്ച ഒറ്റപ്പെടലിലേയ്ക്ക് അദ്ദേഹം നീങ്ങി. ഇവിടെയാണ് ആനന്ദ് ലോക ചാമ്പ്യനായി നില്‍ക്കുന്നത്.

വിരമിക്കലിന്റെ സൂചനകള്‍ പലപ്പോഴും നല്‍കിയെങ്കിലും ചെസിനോട് കുട്ടികള്‍ക്കുണ്ടാകുന്ന പോലെയുള്ള കൗതുകവും സ്‌നേഹവും വിശ്വനാഥന്‍ ആനന്ദിനെ വീണ്ടും ചെസ് ബോര്‍ഡിലേയ്ക്ക് കൊണ്ടുവരുന്നു. ചെസിനോടുള്ള ഈ പ്രണയം കുട്ടിക്കാലത്ത് മനിലയില്‍ വച്ച തുടങ്ങിയതാണ്. അച്ഛന്‍ അവിടെ ജോലി ചെയ്യുന്ന സമയത്ത് ആനന്ദ് കണ്ട ചെസ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് അത് തുടങ്ങിയത്. ഈ പ്രായത്തില്‍ ഇങ്ങനെ കളിക്കുന്നവര്‍ അപൂര്‍വമാണെന്ന് ആനന്ദിന്റെ സുഹൃത്തായ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ബി രമേഷ് ചൂണ്ടിക്കാട്ടുന്നു. ചെസ് ശാരീരിക അധ്വാനം വേണ്ടാത്ത, തലച്ചോറിന്റെ മാത്രം കളിയാണ് എന്നത് ഒരു മിഥ്യാധാരണയാണ് എന്ന് ആര്‍ബി രമേഷ് പറയുന്നു. അത് നിങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കുന്ന ഒന്നാണ്. ശാരീരികാരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയത് ആനന്ദിന് മികച്ച പ്രകടനവുമായി മുന്നോട്ട് പോകാന്‍ സഹായമായി.

40 വയസ് തികഞ്ഞ സമയത്ത് വിശ്വനാഥന്‍ ആനന്ദ് ഇങ്ങനെ പറഞ്ഞു – “40 വയസ് എന്നതിന് അങ്ങനെ പ്രത്യേകതകളൊന്നുമില്ല. എന്നാല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ പ്രായം തളര്‍ത്തും എന്നത് ഒരു വസ്തുതയാണ്. തെറ്റുകള്‍ കൂടുതലായി സംഭവിക്കും. എന്നാല്‍ അനുഭവപരിചയവും കഠിനാദ്ധ്വാനവും കൊണ്ട് ഇതിനെ എങ്ങനെ മറികടക്കാം എന്ന് ആലോചിക്കുകയും അത്തരത്തില്‍ നീങ്ങുകയുമാണ് കാര്യം”. ചെസിലെ വിധിനിര്‍ണയം ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തെറ്റുകള്‍ കൊണ്ടാണ് സംഭവിക്കുന്നത്. എതിരാളികളെ തെറ്റ് വരുത്തുന്നതിനായി പ്രേരിപ്പിക്കുക. സ്വയം തെറ്റുകളില്‍ നിന്ന് വഴിമാറുക. ഒടുവിലത്തെ വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പിലും ആനന്ദിന് തെറ്റുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തിരുത്തി മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു 28കാരന്റെ ഊര്‍ജ്ജമാണ് അദ്ദേഹം പ്രസരിപ്പിച്ചത് – ആര്‍ബി രമേഷ് നിരീക്ഷിച്ചു. 45ാം വയസില്‍ സോവിയറ്റ് യൂണിയന്‍ വിട്ട വിക്ടര്‍ കൊര്‍ച്‌നോയ് ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങളിലൂടെ ഫിറ്റ്‌നസ് നിലനിര്‍ത്തി. 75ാം വയസില്‍ ലോകറാങ്കിംഗില്‍ ആദ്യ 100 പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകൊണ്ട് ഇത്തരത്തില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കൂടി താരമായി. ആനന്ദിന് അത്രയും പ്രായം വരെ കളിക്കാനാകുമോ എന്നറിയില്ല. എന്നാല്‍ ആ സാധ്യത തള്ളിക്കളയാനുമാകില്ല.

ചെസ് ബോര്‍ഡിലെ 50,000 പാറ്റേണുകളെങ്കിലും തിരിച്ചറിയാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ക്ക് കഴിയുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് തുടക്കം കുറിച്ചവരില്‍ ഒരാളായ ഹെര്‍ബര്‍ട്ട് അലക്‌സാണ്ടര്‍ സൈമണ്‍ പറയുന്നു. ഇതാണ് സങ്കീര്‍ണതകളെ അനായാസ നീക്കങ്ങളാക്കി പലപ്പോഴും മാറ്റുന്നത്. ഞാന്‍ ഒരൊറ്റ നീക്കം മാത്രമേ മനസില്‍ കാണാറുള്ളൂ. പക്ഷെ അത് ശരിയായ നീക്കമായിരിക്കും എന്ന് ക്യൂബന്‍ ചെസ് മാസ്റ്റര്‍ റൗള്‍ കാസബ്ലാങ്ക പറഞ്ഞിട്ടുണ്ട്. വിശ്വനാഥന്‍ ആനന്ദിന്റെ ചിന്താപദ്ധതിയുടേയും അടിസ്ഥാനം ഇതാണ്. ഏറ്റവും മികച്ച സമയത്തെ ശരിയായ നീക്കം എന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ആനന്ദ് നടത്തി. എത്ര വലിയ സങ്കീര്‍ണമായ സാഹചര്യത്തിലും നീക്കം നടത്താന്‍ തനിക്ക് അനുവദിച്ച സമയം മുഴുവന്‍ വേണ്ടി വരാറില്ല അദ്ദേഹത്തിന്. ഇത് റാപ്പിഡ് ഇവന്റുകളില്‍ ഏറെ സഹായകമായിട്ടുണ്ട്. റാപ്പിഡ് ഗെയിമുകളില്‍ 10നും 60നും ഇടയ്ക്ക് മിനുട്ടുകളാണ് ഒരു കളിക്കാരന് കിട്ടുക. ബ്ലിറ്റ്‌സില്‍ 60 നീക്കങ്ങള്‍ക്ക് 10 മിനുട്ടോ അതില്‍ താഴെയോ. 1986ലെ ദുബായ് ഒളിംപ്യാഡിനിടെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) റോബര്‍ട്ട് വാഡ്‌സ്, ഇന്ത്യയുടെ ആദ്യ ഇന്റര്‍നാഷണല്‍ മാസ്റ്ററായ മാനുവല്‍ ആറോണിനോട് തമാശയായി ഇങ്ങനെ ചോദിച്ചു – ഈ പയ്യന്‍ ഇത്ര വേഗം കളിച്ച് ജയിക്കുന്നതിനെ നമുക്ക് എങ്ങനെ തടയാന്‍ പറ്റും.

ഇതിന് മുമ്പ് വിശ്വനാഥന്‍ ആനന്ദ് റാപ്പിഡ് കിരീടം നേടിയത് 14 വര്‍ഷം മുമ്പാണ്. ക്ലാസിക്കല്‍ ചെസിലുള്ള താല്‍പര്യം റാപ്പിഡിലും ആനന്ദ് നിലനിര്‍ത്തി. ബോബി ഫിഷറുമായി ബ്ലിറ്റ്‌സ് കളിക്കണമെന്ന ആനന്ദിന്റെ ആഗ്രഹം ഒരിക്കലും നടന്നില്ല. അദ്ദേഹം 2008ല്‍ അന്തരിച്ചു. ഫിഷറുമായി ബ്ലിറ്റ്‌സ് കളിക്കാന്‍ വേണ്ടി ഒരു പോക്കറ്റ് ചെസ് ബോര്‍ഡ് ആനന്ദ് എല്ലായ്‌പ്പോഴും കൂടെ കരുതിയിരുന്നു. അജ്ഞാതനായി നിന്നുകൊണ്ട് ബോബി ഫിഷര്‍ ഓണ്‍ലൈനില്‍ ബ്ലിറ്റ്‌സ് കളിച്ചിരുന്നു. റിയാദിലെ റാപ്പിഡ് ചാമ്പ്യന്‍ഷിപ്പ് ആനന്ദിന്റെ മനസിലുണ്ടായിരുന്നില്ല. അദ്ദേഹം കേരളത്തില്‍ അവധി ആഘോഷിക്കാനുള്ള പദ്ധതിയിലായിരുന്നു. എന്നാല്‍ സുഹൃത്ത് വ്‌ളാദിമിര്‍ ക്രാംനിക് അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു.

(ദ ഇന്ത്യന്‍ എക്സ്പ്രസില്‍ സന്ദീപ്‌ ജി എഴുതിയ ലേഖനത്തില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍