UPDATES

കായികം

പരമ്പര തൂത്തുവാരാൻ ഇന്ത്യ; ഐപിഎല്ലിൽ കണ്ണുനട്ട് താരങ്ങൾ

ഇന്നത്തെ മത്സരം പരമ്പരയുടെ ഫലത്തെ ബാധിക്കില്ലെങ്കിലും താരങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് വിൻഡീസ് താരങ്ങൾക്ക്, മറ്റൊരു തരത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്.

Avatar

അമീന്‍

വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ അ‌വസാന മത്സരം ഇന്ന് ചെന്നൈയിൽ നടക്കും. പര്യടനത്തിലെ ടെസ്റ്റ്, ഏകദിന, ടി-20 പരമ്പരകൾ അ‌ടിയറ വെച്ചുകഴിഞ്ഞ വിൻഡീസിന് ആശ്വാസജയത്തിനുള്ള അ‌വസരമാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെ അ‌വസാന മത്സരം. ടെസ്റ്റ് പരമ്പരയിൽ 2-0ന്റെ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ സന്ദർശകർ ഏകദിനത്തിൽ പോരാട്ടവീര്യം കാഴ്ചവെച്ചിരുന്നു.

എന്നാൽ, പരമ്പരയുടെ തുടക്കത്തിലെ മികവ് പിന്നീട് തുടരാനാവാതെ വന്നതോടെ അ‌ഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഒരു ജയവും ഒരു ടൈയും മൂന്ന് തോൽവികളുമായി ഏകദിന പരമ്പരയും അ‌വർ കൈവിട്ടു. ടി-20യിലും ഈ ഗതി തുടർന്നതോടെ ആദ്യ രണ്ടു മത്സരങ്ങളിലെ ആധികാരിക ജയങ്ങളുമായി ടീം ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു. ഇന്നത്തെ ജയത്തോടെ പരമ്പര 3-0ന് തൂത്തുവാരുക എന്നതു തന്നെയാകും രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യം.

പരമ്പര ഉറപ്പാക്കിയ സാഹചര്യത്തിൽ പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും ഉമേശ് യാദവിനും സ്പിന്നർ കുൽദീപ് യാദവിനും ഇന്ത്യ വിശ്രമമനുവദിച്ചിട്ടുണ്ട്. പേസർമാരായ ഭുവനേശ്വർ കുമാറും ഖലീൽ അ‌ഹമ്മദും കളിക്കുമെന്ന് ഏതാണ്ടുറപ്പാണ്. യുസ്വേന്ദ്ര ചാഹൽ, സിദ്ധാർത്ഥ് കൗൾ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് നദീം തുടങ്ങിയവരിൽ നിന്നാകും ബൗളിങ് ഡിപ്പാർട്ട്മെന്റിലേക്കുള്ള ബാക്കിയുള്ളവരെ നിശ്ചയിക്കുക.

പരമ്പരയിൽ സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും മുൻ ക്യാപ്റ്റൻ എംഎസ് ധോണിയ്ക്കും വിശ്രമം നൽകിയ ടീം മാനേജ്മെന്റ് ഏകദിന-ട്വന്റി 20 ലോകകപ്പുകൾക്ക് മുന്നോടിയായി കൂടുതൽ താരങ്ങൾക്ക് അ‌വസരം നൽകാനാണ് ശ്രമിക്കുന്നത്. പരമ്പരയിൽ ടി-20 അ‌രങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളർ ഖലീൽ അ‌ഹമ്മദും ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അ‌തേ പ്രകടനം തുടർന്ന് ടീമിൽ സ്ഥാനമുറപ്പിക്കാനാകും ഇരുവരുടെയും ശ്രമം.

ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരുമ്പോൾ തങ്ങളുടെ സാധ്യതകൾ വർധിക്കുമെന്നാണ് വിൻഡീസിന്റെ പ്രതീക്ഷ. ഇന്ത്യയുടെ സ്ടൈ്രക്ക് ബൗളർ ജസ്പ്രീത് ബുംറയും മധ്യഓവറുകളിൽ തങ്ങളെ വെള്ളംകുടിപ്പിക്കുന്ന കുൽദീപ് യാദവും ടീമിലില്ലാത്തത് വിൻഡീസിന് ആശ്വാസമാകും. തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തിയാൽ ഇന്ത്യയെ പിടിച്ചുകെട്ടാനാകുമെന്നു തന്നെയാണ് ലോക ചാമ്പ്യൻമാരുടെ പ്രതീക്ഷ.

കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ 109 റൺസേ എടുക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷയോളം എത്തുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാൻ വിൻഡീസിനായിരുന്നു. മധ്യനിരയിൽ ദിനേശ് കാർത്തിക്കിന്റെ പക്വതയാർന്ന പ്രകടനവും കൃണാൽ പാണ്ഡ്യയുടെ അ‌തിവേഗ ബാറ്റിങ്ങുമാണ് ജയം വിൻഡീസിൽ നിന്നകറ്റിയത്. രണ്ടാം ഏകദിനത്തിൽ രോഹിത് ശർമയുടെ നാലാം ടി-20 സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ പടുത്തുയർത്തിയ 195 എന്ന വമ്പൻ സ്കോറിനു മുന്നിൽ വിൻഡീസ് ബാറ്റിങ് നിര തീർത്തും നിഷ്പ്രഭമായിപ്പോയി.

ഇന്നത്തെ മത്സരം പരമ്പരയുടെ ഫലത്തെ ബാധിക്കില്ലെങ്കിലും താരങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് വിൻഡീസ് താരങ്ങൾക്ക്, മറ്റൊരു തരത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്. ഐപിഎൽ ആരംഭിക്കാനിരിക്കെ കളിക്കാരുടെ മൂല്യം നിർണയിക്കുന്നതിൽ ഇന്നത്തെ മത്സരത്തിലെ പ്രകടനം കാര്യമായ പങ്കുവഹിക്കും. വിൻഡീസ് താരങ്ങൾക്ക് ഇന്ത്യൻ സാഹചര്യത്തിലെ മികച്ച പ്രകടനം നടത്താനുള്ള അ‌വസരവും.

ഈ പരമ്പരയിൽ അ‌രങ്ങേറ്റം കുറിച്ച വിൻഡീസ് താരങ്ങളായ ഒഷാൻ തോമസും ഖാരി പിയറെയും ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. 145 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്ന ഒഷാൻ തോമസ് ഇന്ത്യൻ പര്യടനത്തിൽ മൂന്നു തവണയാണ് ശിഖർ ധവാന്റെ കുറ്റി പിഴുതത്. കൊൽക്കത്തയിലെ അ‌രങ്ങേറ്റ മത്സരത്തിൽ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് ഇടങ്കയ്യൻ സ്പിന്നർ പിയർ താൻ ഉപയോഗക്ഷമമായ ആയുധമാണെന്ന് തെളിയിച്ചത്. ഷായ് ഹോപ്പ്, ഷിംറോൺ ഹെറ്റ്മ്യർ, ഫാബിയൻ അ‌ല്ലൻ തുടങ്ങിയ വിൻഡീസ് ടീമിലെ ഒരുപിടി താരങ്ങൾക്ക് ഐപിഎല്ലിലേക്ക് സാധ്യതയുണ്ട്.

മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ; ആ ജയം ഇന്നെങ്കിലും ഉണ്ടാകുമോ..?

‘സ്‌ട്രൈക്ക് നല്‍കുകയാണെങ്കില്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാം’; ട്വന്റി20യിലെ ആദ്യ സെഞ്ച്വറിയെ കുറിച്ച് ഹര്‍മന്‍പ്രീത് കൗര്‍

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍