UPDATES

സ്ത്രീ

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം; 2017ല്‍ പി വി സിന്ധു നൊസോമി ഒകുഹാരയെ നേരിട്ടപ്പോള്‍ സംഭവിച്ചത്

രണ്ട് വെങ്കലത്തിന് ശേഷം രണ്ട് വെള്ളി, ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇക്കുറിയെങ്കിലും സിന്ധു സ്വര്‍ണമണിയുമോ?

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു ഒരിക്കല്‍ക്കൂടി ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടുകയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന സിന്ധു ഇക്കുറിയെങ്കിലും സ്വര്‍ണവുമായി മടങ്ങുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം എതിരാളി ഒകുഹാരയാണെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നതും. കാരണം 2017ല്‍ സിന്ധു ആദ്യമായി ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചപ്പോള്‍ ഒകുഹാരെയോടാണ് പരാജയപ്പെട്ടത്. നാലാം റാങ്കുകാരിയായ ഒകുഹാരയും അഞ്ചാം റാങ്കുകാരിയായ സിന്ധുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതിലുപരി ഇതൊരു പകരം വീട്ടലാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നതും അതിനാലാണ്.

ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തിനാണ് 2017ലെ ലോകചാമ്പ്യന്‍ഷിപ്പ് സാക്ഷിയായത്. ബാഡ്മിന്റണ്‍ പ്രേമികള്‍ ആരും തന്നെ ഈ മത്സരം മറക്കാനും ഇടയില്ല. അന്ന് കണ്ണീരോടെയാണ് സിന്ധു കോര്‍ട്ട് വിട്ടത്. സിന്ധുവിനിത് പകരം വീട്ടാനുള്ള അവസരമാണെങ്കിലും കഴിഞ്ഞ വര്‍ഷവും വെള്ളി കൊണ്ട് തൃപ്തിയടയേണ്ടി വന്നിരുന്നു താരത്തിന്. 110 മിനിറ്റ് നീണ്ടു നിന്ന 2017ലെ ഫൈനലില്‍ 19-21, 22-20, 20-22 എന്ന പോയിന്റിലാണ് പരാജയപ്പെട്ടത്. 2013ലും 2014ലും വെങ്കല മെഡല്‍ നേടിയ ശേഷമാണ് 2017ല്‍ സിന്ധു ഫൈനലില്‍ പൊരുതി തോറ്റത്.

ഇന്ത്യയുടെ സൂപ്പര്‍താരം വിരേന്ദര്‍ സെവാഗ് ശ്വാസം നിലച്ചുപോയ ഫൈനല്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. വൈകിട്ട് 7.29ന് ആരംഭിച്ച മത്സരം 9.18നാണ് അവസാനിച്ചത്. സിംഗപ്പൂര്‍ ഓപ്പണില്‍ ഒക്കുഹാരെയെ 10-21, 21-15, 22-20ന് തോല്‍പ്പിച്ചതിന്റെ മേല്‍ക്കൈയില്‍ തുടങ്ങിയ സിന്ധുവിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഇത് മുതലെടുക്കാനും അവര്‍ക്ക് സാധിച്ചു. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 2-1ന് മുന്നിട്ട് നിന്ന സിന്ധു പിന്നീട് ട്രയല്‍ വഴങ്ങിയും ലീഡ് നേടിയും പൊരുതിക്കയറി. എന്നാല്‍ അധികം വൈകാതെ ഒകുഹാരെ ലീഡ് പിടിച്ചെടുത്തു. 19-21ന് സിന്ധു കീഴടങ്ങുകയും ചെയ്തു. ആദ്യ ഗെയിം പൂര്‍ത്തിയാകാന്‍ തന്നെ 25 മിനിറ്റെടുത്തു.

രണ്ടാം ഗെയിമില്‍ ഒരുഘട്ടത്തില്‍ 9-3ന് മുന്നില്‍ നിന്ന സിന്ധുവിനൊപ്പമെത്താന്‍ ഒകുഹാരെയ്ക്ക് സാധിച്ചത് 12-12ലാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ സിന്ധു തയ്യാറായിരുന്നില്ല. പിന്നീട് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സിന്ധു 21-20ന് ഗെയിം നേടി. 33 മിനിറ്റുകള്‍ നീണ്ടു നിന്ന ഈ ഗെയിമില്‍ ഞെരമ്പുകള്‍ വലിഞ്ഞുമുറുകുന്ന 73 ഷോട്ടുകളാണ് പാഞ്ഞത്.

8.30ന് ആരംഭിച്ച മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ഒകുഹാര ആഞ്ഞടിച്ചു. 5-1ന് ഒരുഘട്ടത്തില്‍ അവര്‍ മുന്നിലെത്തിയെങ്കിലും സിന്ധു പ്രത്യാക്രമണം ആരംഭിച്ചതോടെ പോയിന്റ് നില 5-5 ആയി. അത് പിന്നീട് 6-6, 7-7 എന്നിങ്ങനെ മുന്നേറി. ഒടുവില്‍ 9-7ല്‍ സിന്ധു ലീഡ് നേടി. പോയിന്റ് ഒമ്പതില്‍ വച്ച് ഒകുഹാരെ ഗെയിം തുല്യതയിലാക്കി. വീണ്ടും സിന്ധു ലീഡ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഒകുഹാരെ 11-11, 12-12 എന്നിങ്ങനെ ലീഡ് പിടിക്കുകയും ഒരുഘട്ടത്തില്‍ 13-12ന് സിന്ധുവിനെ പിന്തള്ളുകയും ചെയ്തു. പിന്നീട് ഇരുവരും മാറിയും തിരിഞ്ഞും സെറ്റുകള്‍ നേടുകയും തുല്യതയിലെത്തിക്കുകയും ലീഡ് നേടുകയുമെല്ലാം ചെയ്തു.

19-17 എന്ന നിലയില്‍ ഗെയിം എത്തിച്ചപ്പോള്‍ സിന്ധു വിജയത്തിലേക്കെന്ന് തോന്നിക്കുകയും ചെയ്തതാണ്. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ നേടി ഒകുഹാരെ 20-19ന് മുന്നിലെത്തി. 20-20ന് സിന്ധു സമനില പിടിച്ചതോടെ കളി പിന്നെയും നീണ്ടു. ദൈര്‍ഘ്യമേറെയുണ്ടായിരുന്ന പിന്നീടുള്ള രണ്ട് സെറ്റുകളും ഒകുഹാരെയ്ക്ക് ലഭിച്ചതോടെ സിന്ധു കീഴടങ്ങുകയും ചെയ്തു. 9.18ന് അവസാനിച്ച ഈ ഗെയിം 48 മിനിറ്റാണ് നീണ്ടു നിന്നത്.

സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരവും ഓള്‍ ഇന്ത്യ ഇംഗ്ലണ്ട് ചാമ്പ്യനുമായ ചൈനയുടെ ചെന്‍ യു ഫെയിയെ 40 മിനിറ്റിനുള്ളില്‍ കീഴടക്കിയാണ് സിന്ധു ഇക്കുറി ലോകചാമ്പ്യന്‍പ്പ് ഫൈനലിലെത്തിയത്. എതിരാളിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കാതെ 21-7, 21-14ല്‍ തികച്ചും ഏകപക്ഷീയമായി തന്നെ സിന്ധു കളിപിടിച്ചെടുക്കുകയായിരുന്നു. കോര്‍ട്ടിന്റെ മൂലകളിലേക്ക് തുടര്‍ച്ചയായി റിട്ടേണുകള്‍ പായിച്ചാണ് സിന്ധു എതിരാളിയെ വെള്ളം കുടിപ്പിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം ഒകുഹാരയ്ക്കാണെങ്കിലും പരസ്പരമുള്ള ഏറ്റമുട്ടലുകളില്‍ നേരിയ മുന്‍തൂക്കം സിന്ധുവിനുണ്ട്.

ഇതുവരെ ഇരുവരും പരസ്പരം ഏറ്റുമുട്ടി 15 മത്സരങ്ങളില്‍ എട്ടിലും സിന്ധു ജയിച്ചു. ഏഴെണ്ണത്തില്‍ ഒകുഹാരയും. ഫൈനലുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. 2017ലെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2018ലെ തായ്‌ലന്‍ഡ് ഓപ്പണ്‍ ഫൈനലിലും ഒകുഹാര ജയിച്ചപ്പോള്‍ 2017ലെ കൊറിയ ഓപ്പണിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും സിന്ധു ജയിച്ചു. ഇന്ന് വൈകുന്നേരം 3.30നാണ് ഏവരും കാത്തിരിക്കുന്ന കലാശപ്പോരാട്ടം. രണ്ട് വെങ്കലത്തിനും രണ്ട് വെള്ളിക്കുമിപ്പുറം സ്വര്‍ണവുമായി സിന്ധു കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

also read:ആലിമൂലയും വിലങ്ങാട് അങ്ങാടിയും പോയി, വാണിമേലില്‍ ഇനി താമസിക്കാനില്ല; ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത മനുഷ്യര്‍ തിരിച്ച് മലയിറങ്ങുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍