ട്രാക്കില്‍ നിന്നും 2017ല്‍ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല/വനിതാ ദിന സ്പെഷ്യല്‍
വര്‍ഷം 2008. ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തൊന്‍പതുകാരി മത്സരിക്കാനിറങ്ങുന്നു. എല്ലാ പരിമിതികളെയും തരണം ചെയ്ത് ആ കരിക്കോട്ടക്കരിക്കാരി തന്റെ ആദ്യത്തെ രാജ്യാന്തര മെഡല്‍ 800 മീറ്ററില്‍ നേടിയപ്പോള്‍, രാജ്യം കണ്ടത് ഒരു പുതിയ താരത്തിന്റെ ഉദയമായിരുന്നു. അന്നു മുതല്‍ ടിന്റു ലൂക്ക മലയാളികള്‍ക്ക് ഏറ്റവും പരിചിതരായ അത്‌ലിറ്റുകളിലൊരാളും മെഡല്‍ പ്രതീക്ഷയുമായി മാറുകയായിരുന്നു. പി.ടി ഉഷ സ്‌കൂളിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായി ടിന്റു വിലയിരുത്തപ്പെട്ടു. പതിമൂന്നാം വയസ്സില്‍ പി.ടി ഉഷയുടെ കൈയിലെത്തി, വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ വിലയേറിയ താരമായി മാറിയ ടിന്റു ലൂക്ക, വളരെപ്പെട്ടന്നാണ് കായികരംഗത്തിന്റെ നെറുകയിലെത്തിപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകള്‍ ടിന്റുവിന്റെ അക്കൗണ്ടില്‍ വന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സെമി ഫൈനലില്‍ ആറാമതായെത്തി ഫൈനലില്‍ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ടിന്റു ലൂക്ക എന്ന പേരിനൊപ്പം മലയാളിക്ക് ഓര്‍മയിലെത്തുന്ന പല ചിത്രങ്ങള്‍ ഇവയെല്ലാമാണ്.
ഏറ്റവുമൊടുവില്‍ ടിന്റുവിനെക്കുറിച്ച് നമ്മളറിഞ്ഞത് ജക്കാര്‍ത്തയില്‍ നടന്ന 2018ലെ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറിയ വാര്‍ത്തയാണ്. പരിക്കിന്റെ പിടിയിലകപ്പെട്ട് ട്രാക്കില്‍ നിന്നും 2017ല്‍ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പൂര്‍ത്തിയാക്കാനാകാതെ പോയ 2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ടിന്റു എങ്ങോട്ടാണു പോയത്? ഉത്തരം ഇവിടെയുണ്ട്, സേലത്തെ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ ഓഫീസില്‍. ഒരു മാസക്കാലമായി സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുള്ള, ഇന്ത്യന്‍ റെയില്‍വേയിലെ ഓഫീസറാണ് ടിന്റു ലൂക്ക. ‘ജോലിയൊക്കെ പഠിച്ചു വരുന്നേയുള്ളൂ. ഇതുവരെ ജോലിയൊന്നും ചെയ്തിട്ടില്ലല്ലോ. ഓഫീസ് വര്‍ക്കും ചെയ്ത് പരിചയമില്ല. ആദ്യമായി വരുന്നതുകൊണ്ട് ബുദ്ധിമുട്ടിയാണെങ്കിലും കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ്. മൂന്നാഴ്ചയായേയുള്ളൂ ഇവിടെ ജോലിക്കെത്തിയിട്ട്. 2012ല്‍ ജോയിന്‍ ചെയ്തതാണ് റെയില്‍വേയില്‍. പക്ഷേ ഇത്രനാളും ഓണ്‍ ഡ്യൂട്ടി ലീവില്‍ ക്യാമ്പിലാണല്ലോ ഉണ്ടായിരുന്നത്. ഇപ്പോഴാണ് റെഗുലറായി ജോലിക്കെത്താന്‍ തുടങ്ങിയതെന്നു മാത്രം.’ ചെറിയൊരു ചിരിയോടെ ടിന്റു പുതിയ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നു.
കേരളത്തിന്റെ പെണ്‍കരുത്ത്: ഉറച്ച നിലപാടുകളുമായി കേരളത്തെ സ്വാധീനിച്ച ചില സ്ത്രീകള്‍
2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം. 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി. 2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം – സ്വപ്‌ന തുല്യമായിരുന്നു ലക്ഷ്യത്തിലേക്കുള്ള ടിന്റുവിന്റെ യാത്ര. 2013ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2014ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ റിലേ ടീമിലെ അംഗം കൂടിയായിരുന്ന ടിന്റുവിനെത്തേടി അപ്രതീക്ഷിതമായെത്തിയ പരിക്ക് 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെത്തന്നെയാണ് തകര്‍ത്തെറിഞ്ഞു കളഞ്ഞത്. ഇടതുകാലിലെ വേദനയും നീരും നല്‍കിയ തിരിച്ചടിയില്‍ ടിന്റുവിന് മത്സരങ്ങള്‍ ഒഴിവാക്കേണ്ടി വന്നു, ദൈനം ദിന കൃത്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടേര്‍പ്പെടുന്ന അവസ്ഥയുണ്ടായി, ചിലപ്പോഴൊക്കെ നടക്കാന്‍ പോലും പ്രയാസപ്പെട്ടു. പരിക്കിന്റെ പിടിയിലകപ്പെട്ട്, ഒടുവില്‍ തന്റെ വീടുതന്നെയായ പി.ടി ഉഷ സ്‌കൂളില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനമെടുത്തുകൊണ്ട് മാസങ്ങള്‍ക്കു മുന്നെ ടിന്റു. ‘2018ലെ ഏഷ്യന്‍ ഗെയിംസിനും ഒന്നരമാസം മുന്‍പാണ് വേദന വന്നത്. ഒരുപാട് ട്രീറ്റ്‌മെന്റൊക്കെ എടുത്തുനോക്കി. പക്ഷേ, മാറുന്നുണ്ടായിരുന്നില്ല. പിന്നെ മീറ്റുകള്‍ കഴിഞ്ഞ് കുറച്ചുകാലം വിശ്രമിച്ചുനോക്കി. വീണ്ടും വീണ്ടും വേദന വന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കുന്ന സമയത്താണ് പ്രമോഷന്റെ ഓര്‍ഡര്‍ വന്നത്. വെറുതെയിരിക്കേണ്ട, ആ സമയത്ത് ജോലിയൊക്കെ പഠിക്കാമല്ലോ എന്നോര്‍ത്താണ് ഇങ്ങോട്ടു വരാന്‍ തീരുമാനിച്ചത്. പ്ലാന്റാര്‍ ഫേഷ്യ എന്നൊരു രോഗാവസ്ഥയാണ് കാലിന്. കാലിന്റെ ഹീലിനടിയില്‍ വരുന്ന ഒരു പെയിനാണ്. സാധാരണ കായിക താരങ്ങള്‍ക്കെല്ലാം വരുന്ന പെയിന്‍ തന്നെയാണിതും. ഇതേ വേദന എനിക്കു തന്നെ മുന്‍പും വന്നിട്ടുണ്ട്. അപ്പോഴെല്ലാം ചികിത്സിച്ച് താല്‍ക്കാലിക ആശ്വാസം നേടിയിരുന്നു. ഇതു പക്ഷേ, അങ്ങോട്ടു മാറുന്നില്ല.’
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിച്ച് അല്പകാലം വിശ്രമിക്കാന്‍ തന്നെയാണ് ടിന്റുവിന്റെ തീരുമാനം. ദൈനംദിന പ്രവൃത്തികള്‍ക്കു പോലും തടസ്സം നേരിട്ടിരുന്ന ദിവസങ്ങളും ടിന്റു ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ ചെറിയ രീതിയിലാണെങ്കിലും വാം അപ്പും മറ്റും എടുക്കാനാകുന്നുണ്ടെന്നു പറയുമ്പോള്‍ വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് ടിന്റുവിന്റെ ശബ്ദത്തിന്. ഓടാനുള്ള ശാരീരിക ക്ഷമത വീണ്ടെടുക്കാനായിട്ടില്ലെങ്കിലും, ചെറിയ പരിശീലനങ്ങള്‍ പുനരാരംഭിച്ചും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കിയും സ്വയം തയ്യാറെടുക്കുകയാണ് ടിന്റു. പരിക്കുകള്‍ ഭേദമായി തിരിച്ച് ട്രാക്കിലെത്തി ഓടുക എന്നത് പറയുന്നത്ര എളുപ്പമല്ലെന്ന് ടിന്റുവിനറിയാം. എങ്കിലും, തന്നെ താനാക്കിയ മത്സരവേദികളിലേക്ക് ഒരു തിരിച്ചുവരവ് ടിന്റുവും സ്വപ്‌നം കാണുന്നുണ്ട്. റെയില്‍വേയിലെ ഓഫീസ് ജോലിയുമായി രമ്യതയിലെത്താന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലും ടിന്റുവിന് ആവേശപൂര്‍വം സംസാരിക്കാനുള്ളത് ട്രാക്കുകളെക്കുറിച്ചും ആരവങ്ങളെക്കുറിച്ചും തന്നെയാണ്.
പതിമൂന്നാം വയസ്സില്‍ വീടെന്നപോലെ കണ്ടുതുടങ്ങിയ ഉഷ സ്‌കൂള്‍ വിട്ട് പുറത്തൊരിടത്ത് ജോലിയ്ക്കായി പോവുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു ടിന്റുവിന്. 2002ല്‍ ഉഷ സ്‌കൂളിന്റെ ആദ്യ ബാച്ചില്‍ അംഗമായി പടിചവിട്ടിയ ടിന്റു പിന്നീട് അവിടം വിട്ട് പോയതേയില്ല. സ്‌കൂളുമായുള്ള ബന്ധം താല്‍ക്കാലികമായെങ്കിലും അറുത്തുമാറ്റി സേലത്തേക്ക് വണ്ടി കയറിയതിനെക്കുറിച്ച് ടിന്റു പറയുന്നതിങ്ങനെ: ‘2002ലാണ് ഞാന്‍ ഉഷ സ്‌കൂളിലെത്തുന്നത്. അതിനു മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടില്‍ ഒരു മലയോര ഗ്രാമത്തില്‍ നിന്നും വന്നിരുന്ന, കായികരംഗത്തെക്കുറിച്ച് വലിയ അറിവില്ലാതിരുന്നയാളായിരുന്നു ഞാന്‍. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഉഷച്ചേച്ചിയെ അറിയാം. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മീറ്റുകള്‍ക്ക് പങ്കെടുക്കാറുണ്ട്. അതല്ലാതെ മറ്റു ബോധ്യങ്ങളൊന്നുമില്ല. ഒന്നുമറിയാത്ത കാലത്ത് ഉഷ സ്‌കൂളിലെത്തിയ ഞാന്‍ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍, അത് അവിടെനിന്നും ഉണ്ടായതാണ്. സ്‌പോര്‍ട്‌സ് കരിയറില്‍ മാത്രമല്ല, ജീവിതത്തില്‍ത്തന്നെ വലിയ സ്വാധീനമാണ് ഉഷ സ്‌കൂള്‍. എന്റെ ജീവിതം ഈ നിലയില്‍ രൂപപ്പെടുത്തിയെടുത്തത് ഉഷ സ്‌കൂളും ഉഷച്ചേച്ചിയുമാണ്. പത്തു പതിനേഴു വര്‍ഷം ഹോസ്റ്റലില്‍ ഒരു കുടുംബം പോലെയാണ് ജീവിച്ചത്. വര്‍ഷത്തിലൊരാഴ്ചയൊക്കെയാണ് ആകെ വീട്ടില്‍ പോകുക. പല അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. എല്ലായിടത്തും ഉഷച്ചേച്ചിയാണ് സഹായമായെത്തിയതും തിരുത്തിയതും. അവിടെനിന്നും ഇറങ്ങുമ്പോള്‍ വലിയ ബുദ്ധിമുട്ടുതോന്നിയിരുന്നു. ചെറിയ കുട്ടിയെപ്പോലെ സങ്കടം വന്നിരുന്നു. ഇത്രയും പ്രായമായെങ്കിലും അവിടെനിന്നുള്ള പറിച്ചുമാറ്റല്‍ ഉള്‍ക്കൊള്ളാന്‍ വലിയ പാടായിരുന്നു. അവിടെയുള്ളവര്‍ക്കും വിഷമം തന്നെയായിരുന്നു. പക്ഷേ, ജീവിതത്തിന്റെ അടുത്ത ഘട്ടമായിക്കണ്ട് അതിനെയും അതിജീവിച്ചു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നുണ്ട് ഇവിടെ.’
ഉഷ സ്‌കൂളില്‍ നിന്നുള്ള താല്‍ക്കാലിക പടിയിറക്കം മറ്റൊരു തലത്തിലേക്കുള്ള ജീവിതത്തിന്റെ മാറ്റമായി മാത്രമാണ് ടിന്റു ഇപ്പോള്‍ കാണുന്നത്. എന്നായാലും അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന മാറ്റമാണെങ്കിലും, താന്‍ എല്ലാക്കാലത്തും ഉഷ സ്‌കൂളിന്റേതായി അറിയപ്പെടുമെന്നും ടിന്റു പറയുന്നു. ടിന്റു ഉഷ സ്‌കൂള്‍ വിട്ടെന്ന് പലരും പറയുന്നുണ്ടെങ്കിലും, പൂര്‍ണമായും അതൊരിക്കലും സാധ്യമല്ലെന്നും ടിന്റുവിനറിയാം. ടിന്റുവിന്റെ കൂടി സഹോദരിമാരാണ് ഇപ്പോള്‍ പി.ടി ഉഷയ്ക്കു കീഴില്‍ പരിശീലനം നേടുന്നത്. അവര്‍ക്കു പിന്തുണയുമായി എല്ലാ കാലത്തും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു പറയുകയാണ് ടിന്റു.
ഓഫീസില്‍ നിന്നും നടന്നെത്താവുന്ന ഹോസ്റ്റലിനും ജോലിസ്ഥലത്തിനുമിടയില്‍ പുതിയ താളം കണ്ടെത്താന്‍ ശ്രമിക്കുന്ന ടിന്റുവിന്റെ മനസ്സു നിറയെ ഇപ്പോഴും ട്രാക്കിലെ ഓര്‍മകളും ആവേശവും തന്നെയാണ്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള ടിന്റുവിന് ഇനി സ്വന്തമാക്കാന്‍ സ്വര്‍ണം കൂടെ ബാക്കിയുണ്ട്. എന്നെന്നേക്കുമായി ട്രാക്കിനോടു വിടപറയും മുന്‍പ് ഒരു അവസാന മത്സരം, രാജ്യാന്തര വേദിയില്‍ ഒരു സ്വര്‍ണം, ഏഷ്യയിലെ മികച്ച അത്‌ലിറ്റ് എന്ന സ്വപ്‌ന പദവി. ടിന്റുവിന്റെ സ്വപ്‌നങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും തളര്‍ത്താന്‍ പരിക്കിനും പ്രതിസന്ധികള്‍ക്കുമായിട്ടില്ല.
‘ഇത്രയും നാള്‍ കായികരംഗത്ത് നിന്നിരുന്ന എനിക്ക് ഈ ജോലിയെക്കാള്‍ സന്തോഷം തരിക സ്വാഭാവികമായും ട്രാക്കുകളാണല്ലോ. ഇവിടെ എത്ര ജോലി ചെയ്താലും ഒരു പരിധിയില്‍ക്കവിഞ്ഞ് സംതൃപ്തി ലഭിക്കില്ലല്ലോ. സ്‌പോര്‍ട്‌സിനു വേണ്ടി പ്രവര്‍ത്തിക്കുന്നതുതന്നെയാണ് ഏറ്റവും സന്തോഷം. ട്രാക്കിലേക്കു തന്നെ തിരിച്ചുവരും. വിചാരിച്ച പോലെ ഇനിയും ഓടാന്‍ സാധിച്ചില്ലെങ്കിലും, മറ്റൊരു വേഷത്തിലായാലും, ട്രാക്കിലേക്കു തന്നെ തിരികെയെത്തും. അവസാനമായി ഒരു ഓട്ടം ഓടണമെന്ന് മനസ്സില്‍ ആഗ്രഹമൊക്കെയുണ്ട്. നിര്‍ത്തിവച്ചിടത്തു നിന്നും വീണ്ടും തുടങ്ങുക എന്നത് ഒട്ടും എളുപ്പമല്ലെന്നും അറിയാം. ഒരു ഓട്ടം ഓടി നിര്‍ത്തണമെന്ന് കരുതിയിരുന്നില്ലെങ്കിലും പാതിക്കുവെച്ച് നിന്നതുപോലെയായിപ്പോയി. ദൈവമെന്താണ് വിധിച്ചതെന്നുവച്ചാല്‍ അതുപോലെ നടക്കട്ടെ.’ ഏതു വഴിയേ തിരിഞ്ഞാലും, തനിക്കു വിധിച്ചിട്ടുള്ളത് ട്രാക്കുകള്‍ തന്നെയാണെന്ന തിരിച്ചറിവ് ടിന്റു പങ്കുവയ്ക്കുന്നു.
വര്‍ഷം 2019. ആദ്യത്തെ അന്താരാഷ്ട്ര മെഡല്‍ നേട്ടത്തിന് പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം, ടിന്റു ലൂക്ക സേലത്തെ ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ജോലികള്‍ പരിശീലിച്ചുവരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നു. വേദനയുള്ള ഇടതുകാല്‍ പതിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്തോറും ട്രാക്കുകള്‍ സ്വപ്‌നം കാണുന്നു. ഇന്ത്യയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുന്നതും മെഡല്‍നേട്ടം കൊയ്യുന്നതും ടിന്റു ലൂക്ക എന്ന അത്‌ലിറ്റിന്റെ മാത്രം സ്വപനമല്ല, മറിച്ച് ടിന്റുവിനെ അഭിമാനസ്തംഭമായി കണ്ടിരുന്ന ഓരോ മലയാളിയുടേതു കൂടിയാണ്. അധികം വൈകാതെ ഏഷ്യന്‍ ഗെയിംസ സ്വര്‍ണമെഡല്‍ എന്ന കടം തീര്‍ക്കാന്‍ ടിന്റു തിരിച്ചെത്തുക തന്നെ ചെയ്യും.