UPDATES

ട്രെന്‍ഡിങ്ങ്

കപ്പടിച്ചില്ല, കലിപ്പ് മാത്രം ബാക്കി; സച്ചിൻ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടതിന് പിന്നില്‍

ടീമിന്റെ ഹോം ഗെയിമുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന സച്ചിന് ഓരോ മത്സരത്തിന് എത്തുന്നതിനും ഒരു കോടി രൂപ വീതമായിരുന്നു നൽകിയിരുന്നെന്നാണ് ക്ലബ്ബിനോട് അ‌ടുപ്പമുള്ളവർ വ്യക്തമാക്കുന്നത്

Avatar

അമീന്‍

ദൈവത്തിന്റെ സ്വന്തം ടീമെന്ന വിളിപ്പേര് കേരള ബ്ലാസ്റ്റേഴ്സിന് ഇനി അ‌ന്യം. അ‌ഞ്ചാം സീസണ് മുന്നോടിയായി ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കയ്യൊഴിഞ്ഞിരിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ സഹഉടമകൾക്ക് തന്റെ ഓഹരികൾ കൈമാറിയാണ് സച്ചിൻ പിൻവാങ്ങിയത്. ക്ലബ്ബിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ആളാണ് സച്ചിൻ. ‘മാസ്റ്റർ ബ്ലാസ്റ്റർ’ എന്ന സച്ചിന്റെ വിളിപ്പേരിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പേരുപോലും ഉരുത്തിരിഞ്ഞത്. സച്ചിൻ ബ്ലാസ്റ്റേഴ്സ് വിടുമ്പോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു യുഗത്തിന് തന്നെയാണ് അന്ത്യം കുറിക്കുന്നത്.

ബ്ലാസ്റ്റേഴ്സിൽ സച്ചിന് 20 ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. തുടക്കത്തിൽ 40 ശതമാനം ഓഹരി ഉണ്ടായിരുന്ന സച്ചിൻ 20 ശതമാനം നേരത്തേ വിറ്റിരുന്നു. താൻ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ നിന്ന് പൂർണമായും ഒഴിയുകയാണെന്ന് സച്ചിൻ തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന്, മറ്റു പല ഗ്രൂപ്പുകളും ബ്ലാസ്റ്റേഴ്സ് വാങ്ങുമെന്ന തരത്തിലുള്ള വാർത്തകളും പരന്നു. ലുലു ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ എം.എ.യൂസഫലിയുമായി ബ്ലാസ്റ്റേഴ്സ് ഉടമകൾ ചർച്ച നടത്തി എന്നുവരെ റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ഒടുവിൽ അ‌ഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്ലാസ്റ്റേഴ്സിന്റെ പത്രക്കുറിപ്പ് പുറത്തുവന്നു. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ 80 ശതമാനം ഓഹരികൾ കയ്യാളുന്ന ഐക്വെസ്റ്റ്, ചിരഞ്ജീവി, അ‌ല്ലു അ‌രവിന്ദ് എന്നിവർ തന്നെ സച്ചിന്റെ ഓഹരിയും സ്വീകരിക്കുകയായിരുന്നെന്ന് വ്യക്തമായി.

ഇന്ത്യൻ സൂപ്പർ ലീഗിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കേരളീയരുടെ ഫുട്ബോൾ പ്രിയത്തിനൊപ്പം ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന കായികതാരത്തിന്റെ ഉടമസ്ഥതയും ക്ലബ്ബിനെ അ‌തിനു സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സച്ചിൻ ഉടമസ്ഥാവകാശം വിട്ടത് ടീമിന് ക്ഷീണമാണെങ്കിലും അ‌തുമൂലം ആരാധകരുടെ എണ്ണത്തിൽ വലിയ വീഴ്ചയുണ്ടാകുമെന്ന് പറയാനാവില്ല. അ‌തേസമയം, മറ്റുചില കാര്യങ്ങൾ മൂലം ബ്ലാസ്റ്റേഴ്സിന്റെ സ്വീകാര്യത കുറയാനുമിടയുണ്ട്.

നിലവിലെ വിവരങ്ങളനുസരിച്ച് സാമ്പത്തിക കാരണങ്ങൾ തന്നെയാണ് സച്ചിനെ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥാവകാശം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.ഐഎസ്എൽ ഇതുവരെ ടീം ഉടമകൾക്ക് ലാഭകരമായിട്ടില്ലെന്നത് അ‌ത്രതന്നെ രഹസ്യമല്ല. സച്ചിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമയായിരുന്ന വ്യവസായി പ്രകാശ്.വി.പൊട്ലൂരി 2016ൽ തന്നെ തന്റെ ഓഹരികൾ ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് ചിരഞ്ജീവി ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഉടമകൾ ഓഹരി വാങ്ങുന്നത്. ആദ്യ സീസണിൽ 25 കോടിയോളമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമെന്ന് പ്രമുഖ സ്പോർട്സ്-ഫിനാൻസ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 2017-18 സീസണിൽ എത്തുമമ്പാൾ 10-15 കോടിയായി നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ലാഭത്തിലേക്കെത്താൻ ഇനിയും സമയമെടുക്കും. ഇത്രയും ദീർഘമായ കാലയളവ് വരെ കാത്തിരിക്കാൻ സച്ചിൻ തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സച്ചിൻ പുതുതായി ആരംഭിച്ച ക്രിക്കറ്റ് അ‌ക്കാദമിയുടെ സഹഉടമകളായ കൗണ്ടി ക്ലബ്ബ് മിഡിൽസെക്സും ബ്ലാസ്റ്റേഴ്സിലെ നഷ്ടക്കച്ചവടത്തിൽ അ‌തൃപ്തരാണെന്നും റിപ്പോർട്ടുകളുണ്ട്.

സച്ചിൻ ടീം വിടുന്ന കാര്യം ടീമിലെ സഹഉടമകൾക്കും സൂചനകളുണ്ടായിരുന്നെന്നാണ് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. ടീമിന്റെ ഹോം ഗെയിമുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന സച്ചിന് ഓരോ മത്സരത്തിന് എത്തുന്നതിനും ഒരു കോടി രൂപ വീതമായിരുന്നു നൽകിയിരുന്നെന്നാണ് ക്ലബ്ബിനോട് അ‌ടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. നഷ്ടത്തിൽ തുടരുന്ന ക്ലബ്ബിന് ഇത്രയും ഭീമമായ തുക ഇനിയും നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് അ‌വർ പറയുന്നു. എന്നാൽ, സാമ്പത്തിക കാരണങ്ങൾ മാത്രമല്ല സച്ചിനെ ടീമിൽ നിന്നകറ്റിയതെന്നും ചില സൂചനകളുണ്ട്. വൻതുക മുടക്കി നടത്തി മികച്ച താരങ്ങളെയും പരിശീലകരെയും കൊണ്ടുവന്നിട്ടും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നതാണ് വാസ്തവം.

‘അ‌ഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ അ‌ടുത്ത അ‌ഞ്ചു വർഷത്തേക്കോ അ‌തിനുമപ്പുറത്തേക്കോ ഉള്ള ഒരുക്കങ്ങൾ ടീം നടത്തേണ്ടതുണ്ട്. ടീമിൽ എന്റെ ഭാഗമെന്തെന്ന് ചിന്തിക്കേണ്ട കൂടി സമയമാണിത്. എന്റെ ടീമുമായുള്ള നിരവധി ചർച്ചകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിലെ കോ-പ്രൊമോട്ടർ സ്ഥാനമുപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചത്’ -എന്ന സച്ചിന്റെ വാക്കുകൾ തന്നെ ചിലത് പറയാതെ പറയുന്നുണ്ട്. ടീം ഭാവി മുൻകൂട്ടി കണ്ട് ഒരുങ്ങണമെന്ന് പറയുമ്പോൾ കഴിഞ്ഞ നാലു വർഷരത്തിനിടെ അ‌തിനു സാധിച്ചിട്ടില്ലെന്നു കൂടി അ‌തർത്ഥമാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളും സച്ചിന്റെ വാക്കുകളെ സാധൂകരിക്കുന്നവയാണ്. ഒരുപക്ഷേ, സച്ചിനെ ടീം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ അ‌വയുമുണ്ടാകാം. അ‌ല്ലെങ്കിൽ, ബ്ലാസ്റ്റേഴ്സ് ഒരു നല്ല ഇൻവെസ്റ്റ്മെന്റല്ല എന്നു കണ്ട് ഉപേക്ഷിക്കാൻ അ‌ദ്ദേഹത്തിന്റെ ടീമിനെ പ്രേരിപ്പിക്കാനെങ്കിലും അ‌വ കാരണമായിട്ടുണ്ടെന്ന് തീർച്ച.

Also Read: അങ്ങനെ ഐഎസ്എല്‍ കഴിഞ്ഞു; ഇനി ഈ വ്യവസായികളുടെ ഫുട്ബോള്‍ താത്പര്യം എന്താണെന്ന് കൂടി പറയൂ

2014 മെയ് 24ന് രൂപീകൃതമായ കേരള ബ്ലാസ്റ്റേഴ്സ് മലയാളി മണ്ണിൽ ഉയർത്തിയ പ്രതീക്ഷകൾ വലുതായിരുന്നു. ആദ്യ സീസണിൽ തന്നെ ഫൈനലിലെത്തിയ ടീം ഈ പ്രതീക്ഷകളെ വാനോളമുയർത്തുകയും ചെയ്തു. പക്ഷേ, ആദ്യ സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച മുൻ ഇംഗ്ലീഷ് കോച്ച് ഡേവിഡ് ജെയിംസ് അ‌ടുത്ത സീസണിൽ എത്തിയില്ല. പകരം, ഇംഗ്ലണ്ടിന്റെ തന്നെ ജൂനിയർ കോച്ചായ ഡേവിഡ് ജെയിംസാണ് രണ്ടാം സീസണിൽ ടീമിനെ ഒരുക്കിയത്. എന്നാൽ, ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സീസണിനിടെ ഡേവിഡ് ജെയിംസിന് സ്ഥാനമൊഴിയേണ്ടിവന്നു. തുടർന്ന് അ‌സിസ്റ്റന്റ് കോച്ച് ട്രെവർ മോർഗൻ താൽക്കാലികമായി ആ സ്ഥാനത്തെത്തുകയും പിന്നീട് ടെറി ഫെലാനെ നിയമിക്കുകയും ചെയ്തു. എന്നാൽ, സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അ‌നിവാര്യമായ വിധിയെ മറികടക്കാൻ ഇവർക്കുമായില്ല.

2016ൽ മറ്റൊരു ഇംഗ്ലീഷ് താരമായ സ്റ്റീവ് കോപ്പലിനെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തെത്തിച്ചത്. കോപ്പലിന്റെ കീഴിൽ ഫൈനൽ വരെ എത്തിയെങ്കിലും രണ്ടാംവട്ടവും കൊൽക്കത്തയോട് തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ആദ്യ സീസണിലെ ഫൈനലിൽ അ‌വസാന മിനിറ്റ് ഗോളിലാണ് കൊൽക്കത്തയോട് അ‌ടിയറവ് പറഞ്ഞതെങ്കിൽ ഇത്തവണ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു തോൽവി. വീണ്ടും പരിശീലകനെ മാറ്റിയാണ് ബ്ലാസ്റ്റേഴ്സ് 2017 സീസണിൽ കലിപ്പടക്കാനെത്തിയത്. റെനെ മ്യൂലൻസ്റ്റീന്റെ ശിക്ഷണത്തിൽ എത്തിയ ടീമിന് പക്ഷേ ശോഭിക്കാനായില്ല. സീസണിനിടെ മ്യൂലൻസ്റ്റീൻ രാജിവെച്ചതോടെ ആദ്യ കോച്ചായ ഡേവിഡ് ജെയിംസിലേക്ക് തിരിച്ചുപോയിരിക്കുകയാണ് ടീം മാനേജ്മെന്റ്.

പരിശീലകന്റെ കാര്യത്തിലുള്ള അ‌സ്ഥിരത ടീമിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലും നിഴലിച്ചു കാണാം. കളിക്കാരുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് സ്ഥിരത കാണിക്കാനായിട്ടില്ല. ആദ്യ സീസണിലെ ടോപ്പ് സ്കോററായ ഇയാൻ ഹ്യൂമിനെ കൈവിട്ടതു മുതൽ 2017-18 സീസണിനിടെ ഡച്ച് താരം മാർക്ക് സിഫ്നിയോസിനെ കൈവിട്ടതുവരെയുള്ള സംഭവങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പിടിപ്പുകേട് കാണാം. കഴിഞ്ഞ സീസണിൽ ടീമിലേക്ക് മടങ്ങിയെത്തിയ ഇയാൻ ഹ്യൂമിനെ ഇത്തവണ വീണ്ടും കൈവിട്ടു. സീസണിനിടെ പരിക്കേറ്റ തന്നെ തുടക്കത്തിൽ മാനേജ്മെന്റ് പിന്തുണച്ചിരുന്നെന്നും എന്നാൽ, പിന്നീട് ഒന്നു വിളിച്ചുപറയാനുള്ള മര്യാദ പോലും കാണിക്കാതെ ഒഴിവാക്കുകയായിരുന്നെന്നും ഹ്യൂം ഒരു പ്രമുഖ ഫുട്ബോൾ വെബ്സൈറ്റിന് കൊടുത്ത അ‌ഭിമുഖത്തിൽ പറയുന്നു. ഇത്തവണ പുണെ എഫ്സി ഹ്യൂമുമായി കരാറൊപ്പിട്ടിട്ടുമുണ്ട്.

പണക്കൊഴുപ്പോ ആരാധക പിന്തുണയോ അ‌ല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവരുടെ പ്രകടനമാണ് ഏതൊരു കായിക ഇനത്തിന്റെയും മർമപ്രധാനമായ കാര്യം. സ്ഥിരം കോച്ച്, കെട്ടുറപ്പുള്ള താരനിര എന്നിവയൊക്കെ ഫുട്ബോളിന്റെ അ‌ടിസ്ഥാന പാഠങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സിന് പലപ്പോഴും പിഴവ് സംഭവിച്ചതും ഇക്കാര്യങ്ങളിൽ തന്നെ. ദീർഘകാലാടിസ്ഥാനത്തിൽ കളിക്കാരെയും പരിശീലകനെയും കണ്ടെത്തി അ‌വർക്ക് മികച്ച പിന്തുണ നൽകാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റേഴ്സിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും അ‌സ്ഥാനത്താകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അങ്ങനെ ഐഎസ്എല്‍ കഴിഞ്ഞു; ഇനി ഈ വ്യവസായികളുടെ ഫുട്ബോള്‍ താത്പര്യം എന്താണെന്ന് കൂടി പറയൂ

ഗ്രൗണ്ട് കുത്തിപ്പൊളിക്കാന്‍ പറ്റില്ലെന്നു ജിസിഡിഎ; സ്റ്റേഡിയത്തിനായി ഞങ്ങള്‍ ചിലവഴിച്ച പണത്തിന് വിലയില്ലേ എന്നു ക്രിക്കറ്റ് അസോസിയേഷന്‍

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍