UPDATES

ട്രെന്‍ഡിങ്ങ്

ഹര്‍ദിക്കിനോ എനിക്കോ നേര്‍ക്ക് നിങ്ങള്‍ വിരല്‍ ചൂണ്ടുമോ? ധോണിയെ ‘ടാര്‍ഗറ്റ്’ ചെയ്യുന്നവരോട് കോഹ്‌ലി

ഒരാളെ പിടിക്കുന്നില്ല എന്നതുകൊണ്ട് അയാളെ മനഃപൂര്‍വം ലക്ഷ്യംവയ്ക്കുകയാണ്

നിങ്ങള്‍ എന്തിനാണ് ധോണിയെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി. ധോണി വിരമിക്കണമെന്നാവശ്യവുമായി രംഗത്തുവന്നവര്‍ക്കെതിരേയാണ് കോഹ്‌ലി വികാരപരമായി പ്രതികരിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്തൊരാളെ മനഃപൂര്‍വം ലക്ഷ്യം വയ്ക്കുകയാണ്; തിരുവനന്തപുരത്ത് നടന്ന അവസാന ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് പരമ്പര വിജയം നേടിയശേഷം സംസാരിക്കുമ്പോഴായിരുന്നു ധോണിക്കുള്ള തന്റെ പിന്തുണ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.

എനിക്ക് മനസിലാകുന്നില്ല ആളുകള്‍ അദ്ദേഹത്തിനെതിരേ തിരിയുന്നതെന്ന്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മൂന്നു തവണ ഞാന്‍ പരാജയപ്പെട്ടെന്നിരിക്കട്ടെ, ആരും എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടില്ല, എന്തുകൊണ്ടെന്നാല്‍ എനിക്ക് 35 നു മുകളില്‍ പ്രായമില്ല. അദ്ദേഹം ഇപ്പോഴും ഫിറ്റ് ആണ്, കായികക്ഷമത പരീക്ഷകള്‍ എല്ലാം വിജയിക്കുന്നു. ഫീല്‍ഡില്‍ അദ്ദേഹം ടീമിന് നല്‍കുന്ന സംഭവാനങ്ങള്‍ വലുതാണ്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരേ അദ്ദേഹം ബാറ്റുകൊണ്ടും മികവു കാണിച്ചു.

ഈ പരമ്പരയില്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ സാഹചര്യം കിട്ടിയിരുന്നില്ല. അദ്ദേഹം എത്രാമനായാണ് ബാറ്റ് ചെയ്യാന്‍ വരുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. ഹര്‍ദിക് പാണ്ഡ്യയും ഈ പരമ്പരയില്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നില്ലല്ലോ, എന്നിട്ടും ഒരാളെ മാത്രം ചൂണ്ടി കാണിക്കുന്നതെന്തിനാണ്? രാജ്‌കോട്ടില്‍ നടന്ന ട്വന്റി-20 മത്സരത്തില്‍ ഹര്‍ദിക് ഔട്ട് ആയത് എങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് ഒരാളെ പിടിക്കാത്തതുകൊണ്ട്, മനഃപൂര്‍വം അയാളെ ലക്ഷ്യം വയ്ക്കുകയാണ്; കോഹ്‌ലി പ്രതികരിച്ചു.

രാജ്‌കോട്ട് ട്വന്റി-20യില്‍ ധോണിയുടെ ബാറ്റിംഗ് ഏറെ വിമര്‍ശനം കേട്ടിരുന്നു. 49 റണ്‍സ് നേടിയെങ്കിലും അതിലേറെ പന്തുകള്‍നേരിട്ടായിരുന്നു അത്രയും റണ്‍സ് നേടിയത്. ട്വന്റി-20 പോലുള്ള മത്സരത്തില്‍ ബോളുകളുടെ എണ്ണം റണ്‍സിനു താഴെയായിരിക്കണം എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുന്‍താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ ധോണിക്കെതിരേ രംഗത്തു വന്നിരുന്നു. മുന്‍ നായകന്റെ സമയം അവസാനിച്ചിരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. പുതിയതാരങ്ങള്‍ക്കായി ധോണി വഴിമാറിക്കൊടുക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍