UPDATES

ട്രെന്‍ഡിങ്ങ്

കപ്പിന് വേണ്ടിയുള്ള തല്ല് ഇന്ന് തുടങ്ങും; സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍

റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും പരസ്പരം കൊമ്പുകോര്‍ക്കും എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്

ലോകകപ്പിലെ ഏറ്റവും ശക്തമായ ഗ്രൂപ്പ് മത്സരത്തിനാണ് ഇന്ന് റഷ്യയില്‍ ഫിഷിറ് ഒളിമ്പിക് സ്റ്റേഡിയം വേദിയാകാന്‍ പോകുന്നത്. ഗ്രൂപ്പ് ബിയില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുമ്പോള്‍ തീപ്പൊരി ചിതറുമെന്ന കാര്യം ഉറപ്പിക്കാം. ഒരു മിനി ഫൈനല്‍ എന്ന് കളിയെ വിശേഷിപ്പിക്കാം. റയലിന്റെയും ബാഴ്‌സയുടെയും വമ്പന്‍ താരങ്ങള്‍ ഇരുടീമുകളിലുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍പോലെത്തന്നെ ശക്തമായ മത്സരമായിരിക്കും എന്നാണു ഫുട്ബാള്‍ പ്രേമികളുടെ പ്രതീക്ഷ. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയ പകിട്ടുമായെത്തുന്ന റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും പരസ്പരം കൊമ്പുകോര്‍ക്കും എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

സ്പെയിന്‍

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടിലും യൂറോ കപ്പില്‍ രണ്ടാം റൗണ്ടിലും സ്പെയിന്‍ പുറത്തായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് ഫുട്ബോള്‍ ലോകമാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യൂറോ സ്വപ്നങ്ങള്‍ ഉടച്ച ഇറ്റലിയെ 3-0ന് വീഴ്ത്തുകയും എവേ മാച്ചില്‍ 1-1 ന് സമനില പിടിക്കുകയും ചെയ്തത് അടക്കം ടീമില്‍ ആത്മവീര്യം നിറച്ച പരിശീലകന്‍ ലോപെറ്റെയെ അവസാന നിമിഷം മാറ്റിയത് സ്‌പെയിന് തിരിച്ചടിയായേക്കും. കളിക്കാരെ ഇത് മാനസികമായി വിഷമപ്പിക്കും. പുതിയ കോച്ച് ഫെര്‍ണാണ്ടോ ഹിയേറോയുടെ വലിയ മത്സരങ്ങളിലെ പരിചയക്കുറവും ഒരു പ്രശ്‌നമാണ്. കളിച്ച 19 മത്സരങ്ങളില്‍ 13 ലും ജയവും ആറെണ്ണത്തില്‍ സമനിലയുമായി തോല്‍വിയുടെ റെക്കോഡ് ഇല്ലാതെയാണ് സ്‌പെയിനെ ജൂലെന്‍ ലൊപെടേഗി ഒരുക്കിയത്. എതിരാളികളും ചില്ലറക്കാര്‍ ആയിരുന്നില്ല, അര്‍ജന്റീന (6-1) ബെല്‍ജിയം (2-0) ഫ്രാന്‍സ് (2-0) എന്നി വമ്പന്മാര്‍ മുട്ടുമടക്കുകയും ജര്‍മനി (1-1) ഇംഗ്ലണ്ട്(2-2) എന്നിവര്‍ സമനില വഴങ്ങുകയും ചെയ്തു അത് കൊണ്ട് തന്നെ ലോപെഡിഗിന്റെ ടീം ലൈന്‍ ആപ്പിലോ, ശൈലീയിയോ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ സ്‌പെയിനിനെ പ്രാപ്തമാക്കുന്നത് അവരുടെ താര ബാഹുല്യം തന്നെയാണ്. 2014ല്‍ ഏറ്റ തിരിച്ചടിയില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞ സ്‌പെയിന്റെ റിസര്‍വ് നിര പോലും താരസമ്പന്നം. ടിക്കിടാക്കയുടെ സുവര്‍ണകാലം പിന്നിട്ടെങ്കിലും റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളാകാന്‍ സ്‌പെയിന് സാധ്യത കല്‍പിക്കുന്നതും ഈ താരബാഹുല്യം കൊണ്ടുതന്നെ. നായകന്‍ സെര്‍ജിയോ റാമോസും ജെറാള്‍ഡ് പിക്വെയും ഉള്‍പ്പെട്ട പ്രതിരോധക്കോട്ട, ഇനിയസ്റ്റയും, ബുസ്‌കറ്റ്‌സും ഇസ്‌കോയും ഡേവിഡ് സില്‍വയും തിയാഗോയും അസെന്‍സിയോയും ഉള്‍പ്പെട്ട മിഡ് ഫീല്‍ഡും ടീമിനെ കരുത്തുറ്റതാക്കുന്നു. സ്പാനിഷ് ലീഗിലെ പരിചയ സമ്പന്നതയും ഒത്തിണക്കവും ടീമിന് മുതല്‍ക്കൂട്ടാകും.

ഫിഫ റാങ്കിങ്: 10
പരിശീലകന്‍: ഫെര്‍ണാണ്ടോ ഹിയെറോ

പ്രധാന കളിക്കാര്‍: ഡേവിഡ് ഡെഗെയ, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, ആന്ദ്രേ ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ഡേവിഡ് സില്‍വ, ഇസ്‌കോ

പോര്‍ച്ചുഗല്‍

ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്, തുടര്‍ച്ചയായി അഞ്ചാം തവണയും. 1966ല്‍ ആയിരുന്നു അരങ്ങേറ്റം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണ്മാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. യൂറോകപ്പില്‍ ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ച എദര്‍, നാനി, ആന്ദ്രെ ഗോമസ്, നെല്‍സണ്‍ സെമെദോ ഡാനിലോ പെരേര എന്നിവരെ ഒഴിവാക്കിയാണ് കന്നി ലോകകപ്പ് കിരീടം തേടി ടീം റഷ്യയിലെത്തുന്നത്. യുവതാരങ്ങളായ ഗോണ്‍സാലോ ഗുയിദെസും, ആന്ദ്രെ സില്‍വയും റൊണാള്‍ഡോയ്‌ക്കൊപ്പം മുന്നേറ്റ നിരയിലുണ്ടാകും.

ലോകകപ്പില്‍ റൊണാള്‍ഡോയ്ക്ക് തിളങ്ങാനുള്ള അവസാന വേദിയാണ് റഷ്യ. ലോകകിരീടം ഈ മുപ്പത്തിമൂന്നുകാരന്‍ ആഗ്രഹിക്കുന്നു. പോര്‍ച്ചുഗലിനെ ലോകം ഉറ്റുനോക്കുന്നെങ്കില്‍ കാരണം ക്രിസ്റ്റ്യാനോ തന്നെ. തന്റെ നാലാമത്തെയും ഒരുപക്ഷേ, അവസാനത്തേതുമായ ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ റഷ്യയിലെത്തുന്നത്. പോര്‍ച്ചുഗലിനുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോളുകള്‍ നേടുകയും ചെയ്ത താരം ക്രിസ്റ്റ്യാനോ തന്നെ. ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം നേടിയ ആ ബൈസിക്കിള്‍ കിക്ക് ഗോളിന്റെ ത്രില്ലില്‍ ഫുട്ബോള്‍ ലോകം റഷ്യയിലേക്കും ക്രിസ്റ്റ്യാനോയിലേക്കും ഉറ്റുനോക്കുന്നു

യൂറോപ്യന്‍ ചാമ്പ്യന്‍മാരെന്ന പകിട്ടുമായാണ് റഷ്യയിലെത്തുന്നത്. ഫെര്‍ണാണ്ടോ സാന്റോസ് തന്ത്രശാലിയായ പരിശീലകനാണ്. ലോകകപ്പില്‍ സെമിയില്‍ എത്തിയതാണ് പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ നേട്ടം. 2006ല്‍ സെമിയില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോ ടീമിലുണ്ടായിരുന്നു. 2010ല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ പുറത്താക്കി. കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ മടങ്ങി

ഫിഫ റാങ്കിങ്: 4
പരിശീലകന്‍: ഫെര്‍ണാണ്ടോ സാന്റോസ്

പ്രധാന കളിക്കാര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, റൂയി പട്രീഷ്യ, ഗുയെദെസ്, ആന്ദ്രേ സില്‍വ, പെപെ.

സ്പെയിന്‍ പോര്‍ച്ചുഗല്‍ ചരിത്രം

പുല്‍ത്തകിടിയില്‍ 35 തവണ പരസ്പരം ഏറ്റുമുട്ടി. അതില്‍ 16 എണ്ണം സ്‌പെയ്ന്‍ ജയിച്ചു. ആറെണ്ണത്തില്‍ പോര്‍ച്ചുഗല്‍. 13 സമനില. ലോകകപ്പില്‍ പക്ഷേ, രണ്ടുതവണ മാത്രം മുഖാമുഖം വന്നു. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലായിരുന്നു ആദ്യം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്ന്‍ 1-0ന് ജയിച്ചു. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരെ നിര്‍ണയിക്കുക ഇന്നത്തെ പോരാട്ടമാകും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍