UPDATES

കായികം

എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരിക്കും സ്വര്‍ണം; യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കിത് മൂന്നാം സ്വര്‍ണം

യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്.

ബ്യൂനസ് ഐറിസ് യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരിയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ മികച്ച പ്രകടനമാണ് സൗരഭ് നടത്തിയത്. തുടര്‍ച്ചയായി 10 പോയന്റുകളിലധികം നേടിയ ഇന്ത്യന്‍ കൗമാരതാരം ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. ഈ വിഭാഗത്തില്‍ സൗത്ത് കൊറിയയുടെ സങ് യുന്‍ഹോ വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൊളാരി ജാന്‍സണ്‍ വെങ്കലവും സ്വന്തമാക്കി.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സൗരഭ് സ്വര്‍ണം കരസ്ഥമാക്കിയത്. സ്‌കൂള്‍ കാലത്തുതന്നെ ലോക സീനിയര്‍ താരങ്ങളെ ഞെട്ടിക്കുന്ന പ്രകടനമാണ് സൗരഭിന്റേത്. മീററ്റിനടുത്തുള്ള കലിന സ്വദേശിയായ സൗരഭ് കര്‍ഷക കുടുംബാഗമാണ്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൂടിയാണ് യുവതാരം.

കഴിഞ്ഞ ദിവസം ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്കായി കന്നി സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 62 കിലോ വിഭാഗത്തിലാണ് മിസോറാമില്‍ നിന്നുള്ള ജെറെമിയുടെ നേട്ടം. ഇതിനു പുറമേ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറും ഇന്ത്യക്കായി സ്വര്‍ണം വീഴ്ത്തിയിരുന്നു. യൂത്ത് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമായിരുന്നു മനു ഭാക്കറിന്റേത്.

സ്വര്‍ണത്തോടെ യൂത്ത് ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടമാണ് ഇന്ത്യ കുറിച്ചത്. യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2014ല്‍ നാന്‍ജിങ്ങില്‍ നേടിയ രണ്ട് മെഡലാണ് ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ബ്യൂനസ് ഐറിസില്‍ ആദ്യ രണ്ടു ദിനങ്ങളില്‍ ഇന്ത്യ മൂന്ന് വെള്ളി നേടി. ഷൂട്ടിങ്ങില്‍ തുഷാര്‍ മാനെയും മെഹുലി ഷോഷും ജൂഡോയില്‍ തബാബി ദേവിയുമാണ് വെള്ളി സ്വന്തമാക്കിയത്. 46 കായികതാരങ്ങളാണ് യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍