ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ സിദാന് കൂടി എത്തുന്നതോടെ യുവന്റസ് ആരാധകർ ആഹ്ളാദത്തിമിർപ്പിലാണ്
മൂന്നു തവണ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കിയ മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കൂടിയായ സിനദിൻ സിദാൻ റയൽ വിടാനൊരുങ്ങുന്നു. റയല്‍ മാഡ്രിഡ് അധികൃതരെ പോലും ഞെട്ടിച്ച ആണ് സിദാന്റെ പടിയിറക്കം. അദ്ദേഹം ക്ലബിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജിവെക്കുന്ന വിവരത്തെക്കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് സൂചനകളെങ്കിലുമുണ്ടായിരുന്നത്. സിനദിന്‍ സിദാന് പഴയ തട്ടകമായ യുവന്റസിലേക്ക് മടങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
യുവന്റസിന്റെ സ്പോര്‍ട്ടിംങ് ഡയറക്ടറായി സിദാന് അടുത്ത ഒക്ടോബറില്‍ എത്തുമെന്നാണ് സ്പാനിഷ് ഓണ്‍ലൈന്‍ പത്രമായ Libertad Digital റിപ്പോര്‍ട്ടു ചെയ്യുന്നത്. സിദാനുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തെ ഉദ്ദരിച്ചാണ് ഓണ്‍ലൈന്‍ പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ സിദാന് കൂടി എത്തുന്നതോടെ യുവന്റസ് ആരാധകർ ആഹ്ളാദത്തിമിർപ്പിലാണ്.
1998 -ൽ ലോകകപ്പ് വിജയിച്ച ഫ്രാൻസ് ടീമംഗമായ സിദാൻ 1996 മുതൽ 2000 വരെ യുവന്റസിന്റെ താരമായിരുന്നു. പിന്നീട് റെക്കാഡ് തുകയ്ക്ക് റയൽ മാഡ്രിഡിൽ ചേർന്നു. 2016 -ൽ ആണ് അദ്ദേഹം റയലിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. കളിക്കാരനെന്ന നിലയില്‍ ആരംഭിച്ച ഫുട്ബോള്‍ മാജിക്ക് പരിശീലകന്റെ കുപ്പായത്തിലും തുടരുന്ന സിദാന് യുവന്റസിനുവേണ്ടി എന്തെല്ലാം കരുതിവെച്ചിട്ടുണ്ടെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.