UPDATES

സിനിമ

സ്‌പോട്ട്‌ലൈറ്റ്: സഭ ഈ ചിത്രത്തെ സ്വാഗതം ചെയ്തിടത്തു നിന്നാണ് നാം ചര്‍ച്ച തുടങ്ങേണ്ടത്

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

അശാന്തമായ മനുഷ്യമനസ്സിന് ഈശ്വരവിശ്വാസം ഒരു ആശ്വാസമാകാറുണ്ട്. ജീവിതത്തിന്റെ അനിശ്ചിതത്വവും മരണഭയവും മരണാനന്തരലോകത്തെ പറ്റിയുള്ള അജ്ഞതയും മറ്റുമാണ് മനുഷ്യനെ അമാനുഷികമായ ഒരു ശക്തിയില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജീവിതത്തിന്റെ ദുര്‍ഘടമായ യാത്രയില്‍ വിശ്വാസം ഒരു ഊന്നുവടി പോലെ മനുഷ്യനെ താങ്ങി നിര്‍ത്താറുണ്ട്. അസാധാരണ ചിന്താമികവു പുലര്‍ത്തുന്ന, അസാമാന്യ ധൈര്യം കൈമുതലായ ചുരുക്കം വ്യക്തികള്‍ക്ക് മാത്രമേ, ജീവിതത്തിന്റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, അതിനെ ഉള്‍ക്കൊണ്ട്‌, ജീവിതത്തെ അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ നേരിടാനുള്ള ശേഷിയുണ്ടാകൂ. സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിനും അവരുടെ അസ്തിത്വത്തിന്റെ അടിസ്ഥാനവും ജീവിതത്തിന്റെ അര്‍ത്ഥവും തങ്ങളുടെ വിശ്വാസത്തിലാണ് അടങ്ങിയിരിക്കുന്നത്. അത്തരം വിശ്വാസങ്ങളുടെ സ്ഥാപനവത്കരണമായ മതങ്ങളും വിശ്വാസത്തിന്‍റെ വ്യാഖ്യാതാക്കളും ദൈവത്തിന്റെ ഇടനിലക്കാരുമായ പുരോഹിതന്മാരും അതിനാല്‍ തന്നെ സ്വാഭാവികമായി സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ശക്തികളായി പരിണമിക്കുന്നു. അസന്തുലിതമായ അധികാരകേന്ദ്രീകരണം എവിടെ ഉണ്ടായാലും അവിടെ ചൂഷണം ഉണ്ടാകുന്നു എന്നതും ഒരു ചരിത്രസത്യമാണ്. വിശുദ്ധിയുടെ പരിവേഷം ഉള്ളതിനാല്‍ അവ ചോദ്യം ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു.

ലോകചരിത്രത്തിലെ ഒരു വലിയ സ്വാധീനശക്തിയായി പ്രവര്‍ത്തിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ അസൂയാവഹമായ വളര്‍ച്ചയുടെ പിന്നിലും ചൂഷണത്തിന്റെ ഒരു ചരിത്രമുണ്ട് എന്ന വിമര്‍ശനം പരക്കെ ശക്തമാണ്. ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായ കത്തോലിക്ക പുരോഹിതരില്‍ ചിലര്‍ തങ്ങളുടെ വ്രതത്തില്‍ നിന്ന് വ്യതിചലിച്ച്, തങ്ങളുടെ സ്ഥാനവും അധികാരവും ദുര്‍വിനയോഗം ചെയ്തു ലൈംഗികചൂഷണം നടത്തുന്നു എന്ന ആരോപണവും പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. അതിന്‍റെ പശ്ചാത്തലത്തിലുള്ള ചലച്ചിത്രമാണ് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ‘സ്പോട്ട് ലൈറ്റ്’. അമേരിക്കയിലെ ബോസ്റ്റണ്‍ രൂപതയിലെ നിരവധി പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ദുരുപോയോഗിച്ചതിനെ പറ്റി ഒരു പത്രസ്ഥാപനം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്ര ആവിഷ്കാരമാണ് ചിത്രം. ബോസ്റ്റണിലെ ‘ബോസ്റ്റണ്‍ ഗ്ലോബ്’ എന്ന പത്രത്തിന്റെ അന്വേഷണവിഭാഗമാണ് ‘സ്പോട്ട് ലൈറ്റ്. ബോസ്റ്റണ്‍ രൂപതയിലെ ഒരു ഇടവകയിലെ വൈദികന്‍ കുട്ടികള്‍ ആയിരുന്ന സമയത്ത് തങ്ങളെ പീഡിപ്പിച്ചു എന്ന പരാതിയുമായി ഏകദേശം എണ്‍പതോളം ആളുകള്‍ കോടതിയില്‍ കേസ് കൊടുക്കുന്നു. അതിനെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ‘സ്പോട്ട് ലൈറ്റ്’ ടീം തുനിഞ്ഞിറങ്ങുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇതൊരു വൈദികന്റെ മാത്രം സ്വഭാവദൂഷ്യമല്ല എന്നും, ഏകദേശം തൊണ്ണൂറോളം വൈദികര്‍ ഇത്തരം വൈകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നും അവര്‍ക്ക് മനസ്സിലാകുന്നു. പീഡനത്തിനു ഇരയായവര്‍ വളരെ അധികമാണ് താനും. പക്ഷെ ആരും തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല. കൂടാതെ, സഭയുടെ ഉന്നതനേതൃത്വത്തിന് ഇവയെ പറ്റി അറിവുണ്ടായിരുന്നു എങ്കിലും, ഇതില്‍ ഫലപ്രദമായി ഇടപെടാതെ അധികാരം ഉപയോഗിച്ച് എല്ലാം മൂടിവെയ്ക്കാനാണ് ശ്രമിച്ചതെന്നും തെളിയുന്നു.

ഇത്തരം പ്രവണതകള്‍ കാണിക്കുന്ന വൈദികരെ ചുമതലകളില്‍ നിന്ന് കുറച്ചു നാള്‍ സഭ മാറ്റി നിര്‍ത്തുകയും അവരെ മാനസിക ആരോഗ്യ ചികിത്സക്ക് വിടുകയും ചെയ്തിരുന്നു. അതും വളരെ ഗോപ്യമായി. സഭയുടെ അത്തരം ഒരു ശുശ്രൂഷ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ചാര്‍ഡ്‌ സ്പൈക് എന്ന മനഃശാസ്ത്രജ്ഞനുമായി സ്പോട്ട് ലൈറ്റ് ടീം ഇടപെടുന്നു. അദ്ദേഹത്തിന്റെ നിഗമനത്തില്‍ ബോസ്റ്റണ്‍ രൂപതയിലെ ഏകദേശം ആറു ശതമാനത്തോളം വൈദികര്‍ ഇത്തരം പ്രവണതകള്‍ക്ക് അടിമകളാണ്. അവര്‍ക്ക് പക്വമായ ലൈംഗിക വളര്‍ച്ച എത്തിയിട്ടില്ല എന്നും തങ്ങളുടെ ലൈംഗികതയുമായി പൂര്‍ണമായി സമരസപ്പെടുവാന്‍ അവര്‍ക്ക് ആകുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. ബ്രഹ്മചര്യവ്രതം എല്ലാവര്‍ക്കും സാധ്യമാകുന്നില്ല എന്നും അതിനെ പറ്റി പുനര്‍വിചിന്തനം വേണം എന്നും അദ്ദേഹം പറയുന്നു.

മേല്‍പറഞ്ഞ റിച്ചാര്‍ഡ് സ്പൈക് ഒരു മുന്‍വൈദികന്‍ ആയിരുന്നു. പിന്നീട് സഭയില്‍ നിന്നും പുറത്തു വന്നു. അദ്ദേഹത്തോട് ഇപ്പോഴും കത്തോലിക്കന്‍ ആണോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്ന് ഉത്തരം പറയുന്നു. അതേ സമയം പള്ളിയില്‍ പോവുകയോ മതചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല എന്നും പറഞ്ഞു. ആ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കും എന്ന് റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുമ്പോള്‍ അയാള്‍ പറയുന്നു. മതം ഒരു സ്ഥാപനം മാത്രമാണ്. വിശ്വാസം അതിനും അതീതമാണ്. മതവും ആത്മീയതയും തമ്മിലുള്ള ദ്വിത്വത്തെ പറ്റി അങ്ങനെ ചില സൂചനകളും ചിത്രം നല്‍കുന്നു.

പീഡനത്തിന് ഇരയായ പലരും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഒരു പുരോഹിതനില്‍ നിന്ന് ലഭിക്കുന്ന ശ്രദ്ധയും പരിഗണയും അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അതില്‍ നിന്നാണ് പലപ്പോഴും ചൂഷണവും ഉണ്ടാകുന്നത്. പലര്‍ക്കും അവരുടെ ലൈംഗികതയുമായുള്ള ആദ്യ അനുഭവം അത്തരത്തിലാണ് സംഭവിക്കുന്നത്. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരവും സ്വര്‍ഗീയവും ആകേണ്ട ഒരു അനുഭൂതി അവരെ സംബന്ധിച്ച് നികൃഷ്ടവും നിന്ദ്യവും ആയിത്തീരുന്നു. അതവരുടെ വ്യക്തിത്വ വളര്‍ച്ചയെ തന്നെ ബാധിക്കുന്നു. കുറ്റബോധവും അപകര്‍ഷതയും ആത്മനിന്ദയും ഉള്ളില്‍ നിറച്ചു അവര്‍ ജീവിക്കുന്നു. സര്‍വോപരി, ചിത്രത്തില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ, അത് അവരുടെ ആത്മീയതയേയും തകര്‍ക്കുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വര്‍ത്തിക്കേണ്ടവര്‍ ജടികമായി പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ ആത്മീയ അനുഭവവും കളങ്കിതമാകുന്നു. ജീവിതത്തില്‍ അര്‍ത്ഥം നഷ്ടപ്പെട്ടു പലരും കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും വഴുതി വീഴുന്നു.

അന്വേഷണവുമായി മുന്നോട്ട് പോകുന്തോറും അവര്‍ക്ക് തടസ്സങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വരുന്നു. അമേരിക്കന്‍ സംസ്കാരത്തെ പരിപോഷിപ്പിക്കുകയും ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സഭയെ ഇങ്ങനെ അധിക്ഷേപിക്കരുത് എന്ന ആവശ്യം പലയിടത്തും നിന്ന് ഉയരുന്നു. സഭയും കോടതിയും പോലീസും എല്ലാം ഇവിടെ ഒറ്റക്കെട്ടാണ്. രാഷ്ട്രവും മതവും തോളില്‍ കൈയ്യിട്ടു നിന്ന് അനീതിയെ സംരക്ഷിക്കുന്ന കാഴ്ചയാണ് കാണുക.

ഇതില്‍ ശ്രദ്ധേയമായ ഒരു വസ്തുത, സത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നവരെല്ലാം തന്നെ ഇതരവംശജര്‍ ആണ്. പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ഒരു ജൂതനാണ്. സ്പോട്ട് ലൈറ്റ് ടീമിലെ പ്രാധാന റിപ്പോര്‍ട്ടര്‍ ഒരു പോര്‍ച്ചുഗീസ് വംശജനാണ്. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്ന വക്കീല്‍ ഒരു അര്‍മേനിയന്‍ വംശജനും. ഇവരൊന്നും ബോസ്റ്റണിലെ മുഖ്യധാര സമൂഹത്തില്‍ പൂര്‍ണമായി ലയിച്ചു ചേര്‍ന്നിട്ടില്ല. അരികുകളില്‍ നില്‍ക്കുന്ന ഒറ്റയാന്‍മാരാണ് അവര്‍. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തില്‍ അഭിഭാഷകന്‍ പറയുന്നുമുണ്ട്. സമൂഹത്തെ പിടിച്ചു കുലുക്കിയവരൊക്കെ അതിനു പുറമേ നില്‍ക്കുന്നവരാണ് എന്ന്.

‘സ്‌പോട്ട്‌ലൈറ്റി’നോട് കത്തോലിക്കര്‍ നന്ദിയുള്ളവരാകേണ്ടത് എന്തുകൊണ്ട്?
ഓസ്കര്‍: കത്തോലിക്ക പുരോഹിതരുടെ ലൈംഗിക ചൂഷണ കഥ പറയുന്ന സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രം

സ്പോട്ട് ലൈറ്റ് ടീമിലെ അംഗങ്ങള്‍ എല്ലാവരും തന്നെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ചവരാണ്. പക്ഷെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്  ‘lapsed Catholics’ എന്നാണ്. എന്നിരുന്നാലും, ഒരു കാലത്ത് തങ്ങള്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സഭ ഉള്ളില്‍ നിന്ന് ഇത്രയും ജീര്‍ണിച്ചതാണ് എന്നറിയുമ്പോള്‍ അവര്‍ ദുഃഖിതരാകുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയിലാണ് സ്പോട്ട് ലൈറ്റ് ടീം അവരുടെ അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്. പശ്ചാത്തലത്തില്‍ കരോള്‍ ഗാനങ്ങള്‍ ഉയരുമ്പോള്‍ അതിന്‍റെ മാധുര്യം ആസ്വദിക്കാന്‍ ആകാതെ അവര്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നു.

പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ട്‌ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ആരോപണങ്ങളെ പറ്റി വ്യാപകമായ അന്വേഷണങ്ങള്‍ നടക്കുകയും ചൂഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയും ചെയ്യുന്നു. തങ്ങളുടെ പ്രയത്നങ്ങള്‍ ഫലം കണ്ട ചാരിതാര്‍ത്ഥ്യത്തില്‍ സ്പോട്ട് ലൈറ്റ് അംഗങ്ങള്‍ മുഴുകവേ, ചിത്രം അതിന്‍റെ പരിസമാപ്തിയിലെത്തുന്നു. സ്വാഭാവികമായ ഒരു കഥനരീതിയാണ് ചിത്രം അവലംബിച്ചിരിക്കുന്നത്. സംഭാഷണപ്രാധാനമായ ചിത്രം നാടകീയത തീരെ ഇല്ലാതെ പുരോഗമിക്കുന്നു. സംഘര്‍ഷവും സമ്മര്‍ദവും മൂടിക്കെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ചിത്രം അരങ്ങേറുന്നത് എങ്കിലും അതിഭാവുകത്വത്തിന്റെ തലത്തിലേക്ക് ഒരിക്കിലും പോകുന്നില്ല. പശ്ചാത്തലസംഗീതം തന്നെ വളരെ മൃദുവായി ഉപയോഗിച്ചിരിക്കുന്നു. ബോസ്റ്റണിലെ കഥാപരിസരത്തേക്കു പ്രേക്ഷകരെ വളരെ പെട്ടെന്ന് തന്നെ കൂട്ടികൊണ്ട് പോകുന്നുണ്ട് ചിത്രം. സത്യത്തിനു വേണ്ടിയുള്ള ‘സ്പോട്ട് ലൈറ്റ്’ ടീമിന്റെ അന്വേഷണത്തില്‍ പ്രേക്ഷകരും ഭാഗമാകുന്നു.

ചിത്രത്തിനോടുള്ള സഭയുടെ പ്രതികരണവും വളരെ ശ്രദ്ധാര്‍ഹമാണ്. ലൈംഗികചൂഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സഭയ്ക്ക് പറ്റിയ വീഴ്ചയില്‍ പോപ്‌ ഫ്രാന്‍സിസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ചിത്രത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സഭ എടുത്തത്‌. സഭയുടെ ഔദ്യോഗിക റേഡിയോ ആയ ‘വത്തിക്കാന്‍ റേഡിയോ’ ചിത്രത്തെ പ്രശംസിക്കുകയും അമേരിക്കയില്‍ സഭയ്ക്ക് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന സത്യസന്ധമായ കലാസൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. (http://www.cruxnow.com/life/2015/10/23/vatican-radio-praises-movie-on-boston-globe-coverage-of-clergy-abuse/ ). സ്വന്തം തെറ്റുകളെ പറ്റി ആത്മപരിശോധന ചെയ്യുവാനും സ്വയം നവീകരിക്കാനും സഭയെ പ്രേരിപ്പിക്കാന്‍ ഉതകുന്നതാണ് ചിത്രം എന്നായിരുന്നു ബോസ്റ്റണ്‍ രൂപതയുടെ അഭിപ്രായം (http://www.thebostonpilot.com/article.asp?ID=175073). മതത്തിനു നേരെയുള്ള വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന രീതിയാണ് നമ്മുടെ സമൂഹത്തില്‍ നാം പരിചയിച്ചിട്ടുള്ളത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തവും പക്വവും ആയിരുന്നു സഭയുടെ ഔദ്യോഗിക തലത്തില്‍ നിന്നുള്ള പ്രതികരണം.

മതം എന്നത് ഏതൊരു മനുഷ്യസ്ഥാപനവും പോലെയാണ്. ഉഗ്രമായ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മതാനുഭവത്തെ പൂര്‍ണമായും റദ്ദു ചെയ്യാന്‍ കഴിയില്ല. കാരണം സാധാരണക്കാരുടെ ജീവിതത്തിന്റെ അര്‍ത്ഥവും സദാചാരബോധവും എല്ലാം മതത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാല്‍ മതത്തിനു അതിന്‍റെതായ ധര്‍മവും സ്ഥാനവും സമൂഹത്തില്‍ ഉണ്ട്. പക്ഷെ ആ ധര്‍മം ശരിയായി നിറവേറ്റണമെങ്കില്‍ മതത്തില്‍ സുതാര്യത നിലനിര്‍ത്തുകയും വിമര്‍ശനവിധേയം ആക്കുകയും വേണം. ഇത്തരം ചില ചിന്തകളും സിനിമ അവശേഷിപ്പിക്കുന്നു.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍