UPDATES

ട്രെന്‍ഡിങ്ങ്

കളിക്കാരെ കെട്ടിപ്പിടിക്കുന്ന ക്രൊയേഷ്യൻ പ്രസിഡന്റിന്റെ ഫോട്ടോ ഇന്ത്യയിലെ കായിക മേലാളന്മാര്‍ ഒന്ന് ചില്ലിട്ട് വച്ചോളൂ

ഇന്ത്യ ഫുട്ബാൾ ലോകകപ്പ് കളിക്കുമോ, ക്രിക്കറ്റിൽ വീണ്ടും കിരീടങ്ങൾ സ്വന്തമാക്കുമോ എന്നതിനേക്കാൾ നിലവിലുള്ള മറ്റു കായിക ഇനങ്ങളുടെ സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമാണ്?

ലോക ഫുട്ബോളില്‍ അത്ഭുതം കാട്ടുകയാണ് കുഞ്ഞുരാജ്യങ്ങള്‍. വലിപ്പത്തിലും ജനസംഖ്യയിലും റാങ്കിങിലും വളരെയധികം പിന്നില്‍ നില്‍ക്കുന്നവയാണ് ഈ രാജ്യങ്ങള്‍. എന്നാല്‍ ഇവരുടെ അത്ഭുതാവഹമായ കുതിപ്പിന് പിന്നിലെ രഹസ്യം ഫുട്ബോള്‍ മൈതാനത്തെ തന്ത്രങ്ങള്‍ മാത്രമല്ല. റഷ്യയില്‍ സെമിയിലെത്തിയ ക്രൊയേഷ്യന്‍ ടീം കാട്ടിത്തരുന്ന ചില നല്ലപാഠങ്ങളുണ്ട്. അതിലൊന്ന് ടീമിന് ലഭിക്കുന്ന രാജ്യത്തിന്‍റെ പൂര്‍ണ പിന്തുണയാണ്.

റഷ്യൻ മൈതാനങ്ങളിൽ മോഡ്രിച്ചും എംബപ്പേയും ഹാരി കെയ്‌നും താരങ്ങളായപ്പോൾ ഗാലറിയിൽ താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ് കൊളിന്‍ഡയാണ്. വിഐപി ലോഞ്ചില്‍ മറ്റ് അതിഥികള്‍ക്കൊപ്പമിരുന്ന് വെറുതെ മത്സരം വീക്ഷിക്കുകയായിരുന്നില്ല അവര്‍. ക്രൊയേഷ്യന്‍ ജഴ്‌സിയണിഞ്ഞ് ഹൃദയം കൊണ്ട് അവരും പന്തുതട്ടുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഓരോ സെക്കന്‍ഡിലും ആര്‍ത്തിരമ്പുകയായിരുന്നു കൊളിന്‍ഡ‍. ഇത്രത്തോളം മറ്റേത് പ്രസിഡന്‍റിന് സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനാകും. ടീമിന്റെ വിജയത്തിൽ ആഹ്ലാദ നൃത്തം ചവിട്ടാനും പ്രസിഡന്റ് എന്ന സ്ഥാനം അവർക്കു തടസ്സമായില്ല. ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് ഇവര്‍ക്കുള്ള വിശേഷണം.

റഷ്യയിൽ ലോകകപ്പ് അരങ്ങേറുന്ന അതേ സമയത്താണ് ലോക അണ്ടർ-20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ആദ്യം ആയി ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്. അസം സ്വദേശിനിയായ ഹിമ ദാസാണ് ചരിത്രനേട്ടത്തിനു അർഹയായത്. ഹീറ്റ്‌സിലും സെമിയിലും ഓടിയെത്തിയതിനേക്കാള്‍ കുറഞ്ഞ സമയത്തിനാണ് ഹിമ ദാസ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്. അസമിലെ ധിംഗ് ഗ്രാമത്തിന്റെ അഭിമാനമായ ഹിമ ഫുട്‌ബോളില്‍ നിന്നാണ് 2016 ല്‍ അത്ലറ്റിക്‌സ് കരിയറിലേക്ക് മാറുന്നത്.

റഷ്യൻ കാൽപ്പന്തു കളിയുടെ ലഹരിയിൽ ഹിമയുടെ നേട്ടം മങ്ങിപ്പോയില്ല. പ്രധാനമന്ത്രി മുതൽ സോഷ്യൽ മീഡിയ വരെ ഹിമയെ അഭിനന്ദനം കൊണ്ട് മൂടി, ഹിമാലയത്തോളം രാജ്യത്തിൻറെ യശസ്സ് ഉയർത്തിയ ഹിമയെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിമിതിയെ കുറിച്ച് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്, ലോകവേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തിന്റെ ‘പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും’ എന്ന പരാമര്‍ശമാണ് അത്ലറ്റിക് ഫെഡറേഷന്‍ നടത്തിയത്. ഈ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വ്യാപക പ്രതിധേഷം നേരിട്ടതിനെ തുടര്‍ന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചു.

ലോക ഫുട്ബാളർ ലയണൽ മെസ്സിയുടെ ഇംഗ്ളീഷ് ഒരു തവണ കേട്ടാൽ തീരുന്ന പ്രശ്നമേ അത്‌ലറ്റിക്‌സ് ഫെഡറെഷനുള്ളൂ, കായികവും ഭാഷയും തമ്മിൽ എന്താണ് ബന്ധം? ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താനാവുന്ന കേവലം മറ്റൊരു ഭാഷ മാത്രമാണ് ഈ ‘ഇംഗ്ലീഷ്’ എന്ന് പറയുന്ന മഹാസംഭവമെന്നും, ഭാഷയ്ക്ക് എവിടെയൊക്കെ, എത്രത്തോളം മഹത്വം കൊടുക്കാമെന്നും ഇവരൊക്കെ എന്നാണു മനസിലാക്കുക? നാട്ടിൻപുറത്തു നിന്നും എത്തി രാജ്യത്തിന്റെ അഭിമാനമായ ഗ്രാമീണ പെൺകുട്ടിയുടെ ‘ഭാഷ’ നോക്കുന്ന ഈ ഫെഡറേഷൻ രാജ്യത്തിന് തന്നെ ബാധ്യതയാണ്.

ഇന്ത്യ ഫുട്ബാൾ ലോകകപ്പ് കളിക്കുമോ, ക്രിക്കറ്റിൽ വീണ്ടും കിരീടങ്ങൾ സ്വന്തമാക്കുമോ എന്നതിനേക്കാൾ നിലവിലുള്ള മറ്റു കായിക ഇനങ്ങളുടെ സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമായി വർത്തിക്കുന്നു എന്നതാണ് പ്രധാനം. മേജർ സ്പോർട്സ് താരങ്ങൾ എല്ലാം യാത്ര ചെയ്യുന്നത് ഫ്‌ളൈറ്റിൽ ആണെങ്കിൽ അത്ലറ്റിക്സ് പോലെയുള്ള ഇനങ്ങളിലെ താരങ്ങൾ ഇന്നും ട്രെയിനിന്റെ ഇടുങ്ങിയ കമ്പാർട്മെന്റിൽ യാത്ര ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. ഇതൊരു ചെറിയ ഉദാഹരണം മാത്രം.

അസാമിലെ വയലുകളില്‍ നിന്ന് വന്ന് സ്വര്‍ണം കൊയ്ത ഹിമ ദാസിനെ അറിയാം

ഇന്ത്യയുടേയും ക്രൊയേഷ്യയുടേയും ഫുട്‌ബോള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിത്യാസം പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡെ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ദാവോര്‍ സുകര്‍ 1998ല്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയ താരമാണ്. ആദ്യമായി ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ക്രൊയേഷ്യന്‍ ടീമിലെ അംഗം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് എന്‍സിപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍.

ക്രൊയേഷ്യയുടെ ജനസംഖ്യ 0.42 കോടി. ഇന്ത്യയുടേത് 133 കോടി. ലോകറാങ്കിംഗില്‍ നിലവില്‍ 20ാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഫിഫ ലോകകപ്പ് കളിക്കുന്നു. ഇന്ത്യ ഫിഫ റാങ്കിംഗില്‍ 97ാം സ്ഥാനത്ത് നില്‍ക്കുന്നു. ഇരു രാജ്യങ്ങളുടേയും ഭരണകൂടങ്ങള്‍ ഫുട്‌ബോള്‍ അടക്കമുള്ള കായിക ഇനങ്ങളോട് പുലര്‍ത്തുന്ന സമീപനത്തിന്റെ പൊതുവായ വിലയിരുത്തലാണ് രാജ്ദീപ് സര്‍ദേശായ് നടത്തിയത്.

ഒരുപക്ഷെ ക്രൊയേഷ്യൻ പ്രസിഡന്റ് ഇന്ത്യൻ മാധ്യമങ്ങളിലെ ശ്രദ്ധകേന്ദ്രമാകുന്ന അതേ കാലത്ത് തന്നെ ഹിമ ദാസിന്റെ നേട്ടത്തിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത് ഒരു ഉചിതമായ താരതമ്യത്തിനുള്ള അവസരം കൂടിയാണ് ഒരുക്കിയതെന്നും പറയാം. ഫ്രാൻസിനോട് ഫൈനലിൽ തോറ്റ നിരാശനായ ക്രൊയേഷ്യൻ ടീമിന്റെ ക്യാപ്റ്റൻ ലുക്കാ മോഡ്രിച്ചിനെ പ്രസിഡന്റെ കൊലിന്‍ഡ ആലിംഗനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു കോപ്പി ഇന്ത്യൻ സ്പോർട്സ് അസോസിയേഷന് അവരുടെ ഓഫീസിൽ തൂക്കാവുന്നതാണ്. ഇത്രയും നിർമ്മലമായി കളിക്കാരനെ ആലിംഗനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, അത്‌ലറ്റിക് മീറ്റിൽ ഓടി സ്വർണവും നേടി വരുമ്പോൾ ഇംഗ്‌ളീഷ് അറിയില്ലെന്നൊക്കെ പറഞ്ഞു അപമാനിക്കാതിരിക്കാണെങ്കിലും അസോസിയേഷൻ ശ്രദ്ധിക്കേണ്ടതായിരുന്നു.

ലോകകപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്; ആരാണ് മൈതാനത്തിലേക്ക് ഇരച്ചുകയറിയ ആ നാലു പേര്‍?

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍