UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഭ്യന്തര മന്ത്രിയുടെ ഫേസ്ബുക്ക് ലൈവില്‍ പറയാന്‍ വെച്ച ഒരു വഞ്ചനയുടെ കഥ

വി ഉണ്ണികൃഷ്ണന്‍

സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ തിരക്കിലാണ്. അത് കാരണം ജനങ്ങളുമായി സംവദിക്കാനായി ഇന്ന് രാത്രിയില്‍  നടക്കേണ്ടിയിരുന്ന ‘നിങ്ങള്‍ ചോദിക്കുന്നു’ എന്ന ലൈവ്  പരിപാടി മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് വഴി തങ്ങളുടെ പരാതികള്‍  ആഭ്യന്തരമന്ത്രിയെ അറിയിക്കാനും പരിഹാരം കാണാനും അവസരമൊരുങ്ങും എന്നായിരുന്നു അറിയിപ്പ്. ആ അറിയിപ്പ് കേട്ട് വലിയ പ്രതീക്ഷയോടെയാണ് തിരുവനന്തപുരം  ഇടപ്പഴഞ്ഞി സ്വദേശി എസ് ബി നാരായണന്‍ നായര്‍  രാത്രി എട്ടുമണിയാവാന്‍ കാത്തിരുന്നത്. എന്നാല്‍  ഇനി അത് എന്നു നടക്കും എന്നുള്ള ആശങ്കയിലാണ് അദ്ദേഹം. ഇന്ന് രാത്രി എട്ടുമണിക്ക്  ആഭ്യന്തരമന്ത്രിയോട് പറയാനിരുന്ന നാരായണന്‍ നായരുടെ കഥ.

അതിരുകളില്ലാതെ ആഗ്രഹിക്കൂ,
അന്തസ്സോടെ ജീവിക്കൂ…

ജനതാ അക്ഷയ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടിക്കമ്പനിയുടെ ഈ പരസ്യവാചകവും  ചലച്ചിത്രനടന്‍ ദേവന്റെ ഫോട്ടോയും പതിച്ച പത്രപ്പരസ്യമാണ് മറ്റു പലരെയും പോലെ   നാരായണന്‍ നായരെയും കുരുക്കിയത്. സ്ഥിരവരുമാനമില്ലാത്ത അവസ്ഥയിലും വലിയൊരു തുകയ്ക്ക് കടക്കാരനാണ് ഈ മനുഷ്യന്‍ ഇന്ന്. വ്യക്തമായി പറഞ്ഞാല്‍ 4,30,000 രൂപ. അതു മാത്രമല്ല താന്‍ വഴി ചിട്ടിക്കു ചേര്‍ന്നവരില്‍ നിന്നുള്ള ഭീഷണിയും. പിരിഞ്ഞു കിട്ടിയ തുകയുമായി കമ്പനി ഉടമ കടന്നു കളഞ്ഞപ്പോള്‍ വെട്ടിലായത് നാരായണന്‍ നായരും മറ്റു ചില ജീവനക്കാരുമാണ്. അതേസമയം കമ്പനിയുടമ സിപി റജീഷ് കുമാര്‍ എന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി പലരുടെയും പണവുമായി അജ്ഞാതവാസത്തിലും.

2008ല്‍ കേരള ചലച്ചിത്ര അക്കാദമിയില്‍ നിന്നും വിരമിച്ച നാരായണന്‍ നായര്‍ കുടുംബം പോറ്റാന്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോഴാണ്‌ ദൈവദൂതനെപ്പോലെ ദേവന്റെ ചിത്രം വച്ച പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. പുതുതായി തുടങ്ങുന്ന ചിട്ടിക്കമ്പനിയുടെ ശാഖയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. ശ്രീ ജനതാ അക്ഷയ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായിരുന്നു പരസ്യം.  ഇതു കണ്ട് മറ്റ് ഉദ്യോഗാര്‍ഥികളെപ്പോലെ തന്നെ നാരായണന്‍ നായരും ഉള്ളൂര്‍ വച്ചുള്ള അഭിമുഖത്തിനു ഹാജരായി. പ്രവൃത്തിപരിചയം ഉള്ളത് ക്ലറിക്കല്‍ മേഖലയിലായതിനാല്‍  തനിക്ക് അതേ  തസ്തികയിലുള്ള ജോലിയാണ് ആവശ്യം എന്ന് ഇന്‍റ്റര്‍വ്യൂ നടക്കുന്ന സമയത്തു തന്നെ അദ്ദേഹം ഉടമയോടു പറഞ്ഞിരുന്നു.

എന്നാല്‍ തട്ടിപ്പു നടത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലായി ശാഖകള്‍ അതിനകം തന്നെ ആരംഭിച്ചിരുന്ന റജീഷ് കുമാര്‍ കാര്യമായി ചടങ്ങുകള്‍ ഒന്നും ഇല്ലാതെ തന്നെ നാരായണന്‍ നായര്‍ക്കു നിയമനം നല്‍കിയത് ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ എന്ന തസ്തികയിലാണ്.


സി പി റജീഷ് കുമാര്‍

സ്ഥാപനം നടത്തിയിരുന്ന ചിട്ടികളില്‍ ആളെ ചേര്‍ക്കുക എന്ന ദൌത്യം ആയിരുന്നു നാരായണന്‍ നായരുടേത്. 10 പേരെ ചേര്‍ക്കണം എന്ന ടാര്‍ഗറ്റ് മറ്റു പല ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാരെയും പോലെ അദ്ദേഹവും നേടി. എന്നാല്‍ അവിടം മുതല്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. 2013 ജനുവരിയില്‍ കമ്പനിയില്‍ ചേര്‍ന്ന നായര്‍ അതേ വര്‍ഷം ഡിസംബറില്‍ തന്നെ കമ്പനിയില്‍ നിന്നും രാജി വെച്ചു. ഇടപാടില്‍ കമ്പനിയുടെ ഭാഗത്ത് നിന്നു പിഴവ് വന്നപ്പോള്‍ ചിട്ടിക്കു ചേര്‍ന്ന ഒരു വ്യക്തി അദ്ദേഹത്തോടു മോശമായി പെരുമാറിയതായിരുന്നു കാരണം. അതോടെ കമ്പനിയില്‍ വിശ്വാസം നഷ്ടപ്പെട്ട നാരായണന്‍ നായര്‍ രാജി വെക്കുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല.

ചിട്ടിയില്‍ ചേര്‍ന്ന എല്ലാവരും പണം പൂര്‍ണ്ണമായും അടച്ചതോടെ കമ്പനി ഉടമ അപ്രത്യക്ഷനായി. ഒരു സുപ്രഭാതത്തില്‍ ഉള്ളൂരിലെ ശാഖയ്ക്കും താഴു വീണു. അതോടെ നാരായണന്‍ നായരെപ്പോലെയുള്ളവര്‍ പ്രശ്നത്തിലുമായി. അന്നു മുതല്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഭീഷണിയുമായി പലരുമെത്താന്‍ തുടങ്ങി.

ഉള്ളൂര്‍ നിന്നും ആക്കുളത്തേക്ക് തിരിയുന്ന വഴിയില്‍ കുട്ടന്‍-യശോദ എന്ന പേരിലുള്ള കെട്ടിടത്തിലാണ് കമ്പനിയുടെ തിരുവനന്തപുരം ബ്രാഞ്ച് നില നിന്നിരുന്നത്. ഈ കെട്ടിടത്തിന്റെ ഉടമയും ഇവര്‍ വഞ്ചിക്കാന്‍ ശ്രമിച്ചിരുന്നതായി നാരായണന്‍ നായര്‍ പറയുന്നു. എന്നാല്‍ അഡ്വാന്‍സ് ഇനത്തില്‍ ഒരു തുക ആദ്യം തന്നെ വാങ്ങിയതിനാല്‍ മാത്രമാണ് അയാള്‍ ഈ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്.  

കോഴിക്കോട് ബാലുശ്ശേരി കെകെ ആശുപത്രിക്കു സമീപമുള്ള ഹെഡ് ഓഫീസില്‍ ഇതിനകം തന്നെ നായര്‍ ബന്ധപ്പെട്ടിരുന്നു. ഹെഡ് ഓഫീസ് മാനേജര്‍ ആയിരുന്ന പത്മരാജന്‍ എന്ന വ്യക്തിയായിരുന്നു അവിടത്തെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. തുടക്കത്തില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്ന ഇയാള്‍ പിന്നീട് സമീപിച്ചപ്പോള്‍ ‘ഞാന്‍ കമ്പനിയില്‍ നിന്നു രാജി വച്ചു, ഇനി എന്നെ വിളിക്കണ്ട’ എന്നാണ് നാരായണന്‍ നായരോടു പറഞ്ഞത്. സമാനമായ പ്രതികരണം തന്നെയാണ് അതേ ഓഫീസിലെ മറ്റുദ്യോഗസ്ഥരായ പ്രിന്‍സ്, ഗിരീഷ്‌ എന്നിവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇപ്പോള്‍ ഇവരും നാരായണന്‍ നായരുടെ ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാറില്ല.


നാരായണന്‍ നായര്‍

2014 അവസാനം വരെ ഹെഡ് ഓഫീസില്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നു എന്നാല്‍ അതിനുശേഷം പ്രതികരണമില്ല എന്നും നാരായണന്‍ നായര്‍ പറയുന്നു. ഈ കമ്പനിക്ക് മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ചുകളും അടച്ചുപൂട്ടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാകുമ്പോള്‍ പറ്റിക്കപ്പെട്ടവരുടെ എണ്ണം ഒരു നാരായണന്‍ നായരില്‍ ഒതുങ്ങില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ഇതിലേറെ മോശമാണ് കേസ് അന്വേഷിച്ച പോലീസുകാരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. അന്നത്തെ കമ്മീഷണര്‍ ആയിരുന്ന എച്ച് വെങ്കടേഷിനെ കാണുകയും പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഈ കേസ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. 2015 ഫെബ്രുവരി രണ്ടാം (നം.ജി9/14379/2015 ടിസി) തീയതി നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കാതെ വന്നപ്പോള്‍ അതേ വര്‍ഷം ഒക്ടോബര്‍ 14ന്(ജി9/81203/2015 ടിസി) മറ്റൊന്നു കൂടി നാരായണന്‍ നായര്‍ നല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ റൈറ്ററിന്റെ ചുമതലയുള്ള എസ്ഐ ഷഹാല്‍ ലബ്ബ പറയുന്നത് കേസിന്റെ ചാര്‍ജ്ജ് ഷീറ്റ് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ്. നാരായണന്‍ നായര്‍ രണ്ടാമത് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം നടക്കുന്നത് എന്നും അത് അവസാനഘട്ടത്തിലുമാണ് എന്നും അദ്ദേഹം പറയുന്നു.

അതേ സമയം,കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നാരായണന്‍ നായര്‍ അദ്ദേഹത്തിനു പരിചയമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍  അറിയാന്‍ കഴിഞ്ഞത് റജീഷ് കുമാറിന്റെ വീടും കമ്പനി ഹെഡ് ഓഫീസും പൂട്ടിയിരിക്കുകയാണ് എന്ന വിവരമാണ്. കേസ് നല്‍കിയിട്ട് ഒന്നര വര്‍ഷം കഴിയാറാവുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇത്ര സമയം കൊണ്ട് പോലീസ് കണ്ടെത്തിയത് കമ്പനിയും വീടും അടഞ്ഞു കിടക്കുന്നു എന്ന് മാത്രം.

‘ചിട്ടിയ്ക്ക് പണം അടച്ചവര്‍ വന്നു ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോള്‍. ഓരോ നിമിഷവും കടന്നു പോകുന്നത് ഇന്ന് ആരാവും പണം ചോദിച്ചു വരിക എന്നുള്ള ഭീതിയിലാണ്. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് എങ്ങനെയെങ്കിലും ആ പണം തിരികെ വാങ്ങി നല്‍കണം. അത്ര മാത്രമേ ആഗ്രഹമുള്ളൂ.’ നാരായണന്‍ നായര്‍ പറഞ്ഞു.

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍