UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ വിഎം സുധീരനും എംഎം ഹസനും കെപി മോഹനും ആയിരിക്കും: ശ്രീകുമാരന്‍ തമ്പി

ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും കോണ്‍ഗ്രസ് നേതാവ് എം എം ഹസനും മാധ്യമപ്രവര്‍ത്തകന്‍ കെ പി മോഹനനുമെതിരേ ശ്രീകുമാരന്‍ തമ്പി. താന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതിനുത്തരവാദി ഇവര്‍ മൂന്നുപേരും ആയിരിക്കുമെന്നാണു തമ്പി പറയുന്നത്. സമകാലിക മലയാളം വാരികയുടെ പുതിയ പതിപ്പില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണു ശ്രീകുമാരന്‍ തമ്പിയുടെ തുറന്നു പറച്ചില്‍.

പ്രിയപ്പെട്ട വി.എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.
എന്നു ശ്രീകുമാരന്‍ തമ്പി എഴുതിയ കത്തില്‍ നിന്നുമാണ് മീരയുടെ ലേഖനം തുടങ്ങുന്നത്.

ഇതേ ലേഖനത്തില്‍ മീര തന്നെ തമ്പിയെ കുറിച്ച് എഴുതുന്നതിങ്ങനെയാണ്; തമ്പി സാറിനെ പരിചയപ്പെട്ടിട്ട് ഒരു പതിറ്റാണ്ടു തികയുന്നു. കാലത്തിന്റെ ഇന്ദ്രജാലത്തിനൊടുവില്‍, തമ്പിസാര്‍ വീണ്ടും കാര്‍ വിറ്റിരിക്കുന്നു. ഞാനിപ്പോള്‍ ജീവിക്കുന്നത് അവാര്‍ഡുകള്‍ കൊണ്ടാണ് എന്നദ്ദേഹം പറയുമ്പോള്‍, മകന്റെ രണ്ടു കുഞ്ഞുങ്ങള്‍-അവര്‍ക്കുവേണ്ടി മുന്നോട്ടു പോയല്ലേ തീരൂ എന്നു നെടുവീര്‍പ്പിടുമ്പോള്‍ നാം ജീവിക്കുന്ന ലോകത്തെ ഞാന്‍ വെറുത്തുപോകുന്നു. 3000-ത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മിക്കുകയും 85 സിനിമകള്‍ക്കു തിരക്കഥ എഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മിച്ചു സംവിധാനം ചെയ്യുകയും 20 തോളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത മലയാളിയാണ്. കിട്ടാനുള്ള പണത്തിനുവേണ്ടി 75 ആം വയസില്‍ യാചിക്കേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട്, അങ്ങയല്ലാത്തവരോട് തോന്നുന്ന പകയാണ് മാരകം. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റു പണം കൊയ്യുന്ന ടെലിവിഷന്‍, എഫ് എം ചാനലുകള്‍ ഓരോന്നിനും 1000 രൂപ നല്‍കിയാല്‍ മതി, അദ്ദേഹത്തിന്റെ ഓര്‍മകള്‍ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖസംഭാഷണക്കാരും ഓര്‍മയൊന്നിനു 100 രൂപ നല്‍കിയാല്‍ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകര്‍ പാട്ടൊന്നിന് ഒരു രൂപ നല്‍കിയാല്‍ മതി ശ്രീകുമാരന്‍ തമ്പി കോടീശ്വരനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍