UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണഗുരു എന്ന പരിസ്ഥിതിവാദി

Avatar

ജയന്ത് മാമന്‍

(സാമൂഹ്യ പരിഷ്ക്കരണത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ഗുരു ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു മതത്തെ പിന്‍തുടര്‍ന്നായിരുന്നു. കാളി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ഹിന്ദു ദേവതകളെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ഥനകളും ഗുരു എഴുതിയിട്ടുണ്ട്. ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും സംസ്കൃത പാഠശാലകള്‍ സ്ഥാപിക്കുകയും ചെയ്ത ഗുരു പിന്നീട് പ്രഖ്യാപിച്ചത് താന്‍ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്നാണ്. മാനവ കുലത്തെ ഒറ്റ ജാതിയായി കണ്ട് അവസാന ഘട്ടത്തില്‍ ദേവത പ്രതിഷ്ഠകളും ഗുരു ഒഴിവാക്കിയിരുന്നു. അതേ സമയം ആത്മീയതയുടെ പടവുകള്‍ താണ്ടാന്‍ ആദ്യ പടി എന്ന നിലയില്‍ ക്ഷേത്രാരാധനയെ എതിര്‍ത്തതുമില്ല. ഗുരുവിനെ ഹൈന്ദവ സന്യാസിയായി ഉയര്‍ത്തിക്കാട്ടാന്‍ സംഘപരിവാറും മതാതീത ഗുരുവെന്ന കാഴ്ചപ്പാടില്‍ ഇടതുപക്ഷവും രണ്ട് ദിശയിലാണ്.

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ? എന്ന വിഷയത്തില്‍ അഴിമുഖം ചര്‍ച്ച ആരംഭിക്കുന്നു. ഹിന്ദു പാരമ്പര്യത്തിലെ സന്യാസി ആണെന്നും അല്ലെന്നുമുള്ള വിവിധ വാദങ്ങള്‍ ഇവിടെ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. ആദ്യ ലേഖനം ഇവിടെ വായിക്കാം- നാരായണഗുരുവിനെ ബൈബിളിലൂടെ വായിക്കുമ്പോള്‍…)

ശ്രീനാരായണ ഗുരുവിന്‍റെ 162 രണ്ടാം ജന്മദിന വാര്‍ഷിക ആഘോഷങ്ങള്‍ ഈ കഴിഞ്ഞ ദിവസം ലോകമെമ്പാടും നടന്നു. പലതരം വിശേഷണങ്ങള്‍ കൊണ്ട് അദ്ദേഹം മൂടപ്പെട്ടു. ബി ജെ പിക്കാര്‍ അദ്ദേഹത്തെ ഹിന്ദു സന്യാസിയെന്നുവരെ വിളിച്ചാക്ഷേപിച്ചു. വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ മുന്‍പു തന്നെ ഈഴവ ഗുരുവാക്കി അപമാനിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഒരു കളത്തിലും ഒതുക്കി വെയ്ക്കാവുന്ന ആളല്ല നാരായണ ഗുരു, അദ്ദേഹം വിശ്വ മാനവികനാണ്. ലോക ഗുരുവാണ്. അദ്ദേഹത്തിന്‍റെ ദര്‍ശനം അല്ലെങ്കില്‍ ദൈവം ഇതാണ്

“സത്യം, ധര്‍മം, ദയ, സ്നേഹം “-ഒരു ഫലകത്തില്‍ ഇങ്ങനെ എഴുതിവെച്ചു. അതിനനുസരിച്ച് ജീവിക്കാന്‍ അദ്ദേഹം നമ്മോടു അഭ്യര്‍ത്ഥിച്ചു. ഒരു പക്ഷെ ലോകം കണ്ട ആദ്യ പരിസ്ഥിതിവാദികളില്‍ ഒരാള്‍ ഗുരുവായിരിക്കും. നാരായണ ഗുരുവിന്‍റെ പ്രിയ ശിഷ്യനായ നടരാജ ഗുരു “The word of the Guru” (ഗുരുവരുള്‍) എന്ന പുസ്തകത്തില്‍ ഗുരുവിന്‍റെ വാക്കുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. നാരായണ ഗുരു ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ഒപ്പം കുറ്റിപ്പുഴ കൃഷ്ണപിള്ളയുള്ളതായി കുറ്റിപ്പുഴ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

“മനുഷ്യരുടെ അത്യധികമായ ലോഭത്തെപറ്റി അവരെ പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ വിഷയത്തില്‍ മനുഷ്യമൃഗം മറ്റെല്ലാ മൃഗങ്ങളെക്കാളും മോശമാണെന്ന് തോന്നുന്നില്ലേ? വനാന്തരങ്ങളില്‍ ജീവിക്കുന്ന മൃഗങ്ങളെ അവയുടെ സഹജമായ വാസനകള്‍ തന്നെ അതിരുകടന്ന ശാരീരിക ആവശ്യങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്നു. ആന തടിച്ചു ശക്തിയുള്ളതായി ഇരിക്കുന്നത് ആസവാരിഷ്ടങ്ങള്‍ ഒന്നും സേവിച്ചിട്ടല്ല. കുറുനരി പകല്‍ മുഴുവന്‍ ചുരുണ്ടു കൂടി വല്ല കുണ്ടിലും മൗനമായി കിടക്കുന്നു. എല്ലാവരും ഉറക്കമായത്തിനു ശേഷമേ അവന്‍ പുറത്തു വരുന്നുള്ളൂ. രണ്ടു ഞണ്ടും പിടിച്ചുതിന്നു ചന്ദ്രികയില്‍ തെളിഞ്ഞു ഒഴുകുന്ന കാട്ടരുവിയില്‍ നിന്ന് അല്പം വെള്ളവും കുടിച്ചു കഴിഞ്ഞാല്‍ അവന്‍ സന്തുഷ്ടനായി പാട്ടും പാടി രാത്രി കഴിച്ചുകൊള്ളും. അതുകൊണ്ട് കുറുനരിയ്ക്കു ഒരു ദോഷവും വരുന്നില്ല. അവന്‍റെ കഴുത്തു തലയിണ പോലെ വീര്‍ത്തു ഇരിയ്ക്കുകയും രോമങ്ങള്‍ എണ്ണയിട്ടതുപോലെ മിനുങ്ങുകയും ചെയ്യുന്നു.

ഒടുങ്ങാത്ത ആവശ്യങ്ങള്‍ മനുഷ്യനല്ലാതെ മറ്റൊരു മൃഗത്തിനുമില്ല. അവന്‍ ഭൂമുഖത്തെല്ലാം സംഹാര താണ്ഡവം ചെയ്തു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല്‍ പരത്തുന്നു. മരങ്ങള്‍ എല്ലാം വെട്ടി നശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനു പകരം വൃത്തികെട്ട പുക നിറഞ്ഞ പട്ടണങ്ങള്‍ മെനഞ്ഞു കൂട്ടുന്നു. കടിഞ്ഞാണ്‍ ഇല്ലാത്ത അവന്‍റെ ലോകത്തിനു ഇതെല്ലാം അനിവാര്യമാണ്. ഭൂമുഖം കൊണ്ടു മാത്രം അവന്‍ തൃപ്തനാകുന്നില്ല. ഭൂഗര്‍ഭത്തിലെക്ക് തുരന്നു കയറി ഈ ഗോളത്തിന്‍റെ കെട്ടുറപ്പു തകര്‍ത്തു കളയും. നോക്കുന്നിടത്തെല്ലാം കല്‍ക്കരിയും ഇരുമ്പും തന്നെ. അവനു ഒരു വ്യവസ്ഥയുമില്ല.

മനുഷ്യന്‍റെ നന്മയില്‍ താല്പര്യമുണ്ട് എന്നു പറയുന്ന രാഷ്ട്രം ഒരു കുഷ്ഠരോഗി ദുരിതം സഹിക്കാനാവാതെ മരിച്ചു കളയുവാന്‍ ശ്രമിച്ചാല്‍ അത് മനുഷ്യത്വത്തിന്‍റെ പേരില്‍ തടയും. അതെ സമയം ഒരു മനുഷ്യ സമൂഹത്തെ ഒന്നായി തുലച്ചു കളയാന്‍ സമൂഹ നന്മയുടെയോ മതത്തിന്‍റെയോ പേരില്‍ തീരുമാനിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളെക്കാള്‍ ബുദ്ധിമാന്‍ എന്നു അഹങ്കരിക്കുന്ന മനുഷ്യന്‍ അവന്‍ സ്വയം എന്തു ചെയ്യുന്നു എന്നറിഞ്ഞുകൂടാ. ഹോ, മനുഷ്യന്‍! അവന്‍ എല്ലാം നശിപ്പിക്കും! അതുകൊണ്ടേ അവനു തൃപ്തി വരുകയുള്ളു”


നടരാജ ഗുരു ഇങ്ങനെ രേഖപ്പെടുത്തുന്നു. “ഹോ, മനുഷ്യന്‍!!! എന്നു പറയുമ്പോള്‍ ഗുരുവിന്‍റെ ശബ്ദത്തില്‍ കൃപാര്‍ദ്രമായ ഒരു വേദനയുടെ സ്വരം പ്രകടമായിരുന്നു. ആ മുഖ ഭാവത്തിലും ആ വേദന പ്രതിഫലിച്ചു.”  “മനുഷ്യന് അറിഞ്ഞുകൂടാ താന്‍ എന്താണ് ചെയ്യുന്നതെന്ന് “എന്നു ആവര്‍ത്തിച്ചു പറഞ്ഞിട്ട് ഗുരു ഏറെ നേരം മൗനമായി ഇരുന്നു. എന്നിട്ട് അദ്ദേഹം ഇങ്ങനെ തുടര്‍ന്നു.

“അവന്‍റെ ചെയ്തികളുടെ ദാരുണ ഫലം മനുഷ്യമൃഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. വനത്തിലെ വാനരന്മാര്‍ക്കും പക്ഷികൂട്ടങ്ങള്‍ക്കും മനുഷ്യന്‍ കാരണം സ്വൈര്യത ഇല്ലാതായിരിക്കുന്നു. മനുഷ്യര്‍ തനിയ്ക്കു വരുത്തിക്കൂട്ടുന്ന വംശ നാശത്തില്‍ മറ്റുള്ള ജീവികളെ കൂടിപ്പെടുത്താതെ നിശ്ശേഷം നശിച്ചു വെണ്ണീര്‍ ആയി പോയിരുന്നെങ്കില്‍ മറ്റു ജീവികള്‍ക്കത് അനുഗ്രഹമായി കരുതാമായിരുന്നു. അവര്‍ക്ക് അവരുടെ ജന്മാവകാശമായ ശാന്തി അനുഭവിക്കാനാകുമല്ലോ.”

ഇതു വായിച്ചു കഴിയുമ്പോള്‍ ഇന്നത്തെ ഏതു പരിസ്ഥിതി വാദിയും ചിന്തിക്കുന്നതിനേക്കാള്‍ കൃത്യമായി 100 വര്‍ഷം മുന്‍പ് തന്നെ ഗുരു ചിന്തിച്ചുവെന്നു മനസ്സിലാകും. മനുഷ്യന്‍ പ്രകൃതിയ്ക്കു വരുത്തി വെയ്ക്കുന്ന നാശ നഷ്ടങ്ങളെപറ്റി പ്രവചന സ്വഭാവത്തോടെ ഗുരു സംസാരിക്കുകയും ചെയ്തതായി കാണാം. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

         

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍