UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുവിനെ കെട്ടരുത്; നിങ്ങളുടെ സങ്കുചിതത്വത്തിന്‍റെ കുറ്റിയില്‍

Avatar

വിനിത മോഹന്‍

(സാമൂഹ്യ പരിഷ്ക്കരണത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ഗുരു ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു മതത്തെ പിന്‍തുടര്‍ന്നായിരുന്നു. കാളി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ഹിന്ദു ദേവതകളെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ഥനകളും ഗുരു എഴുതിയിട്ടുണ്ട്. ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും സംസ്കൃത പാഠശാലകള്‍ സ്ഥാപിക്കുകയും ചെയ്ത ഗുരു പിന്നീട് പ്രഖ്യാപിച്ചത് താന്‍ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്നാണ്. മാനവ കുലത്തെ ഒറ്റ ജാതിയായി കണ്ട് അവസാന ഘട്ടത്തില്‍ ദേവത പ്രതിഷ്ഠകളും ഗുരു ഒഴിവാക്കിയിരുന്നു. അതേ സമയം ആത്മീയതയുടെ പടവുകള്‍ താണ്ടാന്‍ ആദ്യ പടി എന്ന നിലയില്‍ ക്ഷേത്രാരാധനയെ എതിര്‍ത്തതുമില്ല. ഗുരുവിനെ ഹൈന്ദവ സന്യാസിയായി ഉയര്‍ത്തിക്കാട്ടാന്‍ സംഘപരിവാറും മതാതീത ഗുരുവെന്ന കാഴ്ചപ്പാടില്‍ ഇടതുപക്ഷവും രണ്ട് ദിശയിലാണ്.

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ? എന്ന വിഷയത്തില്‍ അഴിമുഖം ചര്‍ച്ച ആരംഭിക്കുന്നു. ഹിന്ദു പാരമ്പര്യത്തിലെ സന്യാസി ആണെന്നും അല്ലെന്നുമുള്ള വിവിധ വാദങ്ങള്‍ ഇവിടെ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. ആദ്യ ലേഖനം ഇവിടെ വായിക്കാം- നാരായണഗുരുവിനെ ബൈബിളിലൂടെ വായിക്കുമ്പോള്‍…ശ്രീനാരായണഗുരു എന്ന പരിസ്ഥിതിവാദി)

ആധുനിക കേരളത്തിന്റെ ആത്മീയ ശില്പിയാണ് ശ്രീ നാരായണ ഗുരു എന്നതിൽ രണ്ടഭിപ്രായമില്ല. ആത്മീയ പ്രബോധകൻ മാത്രമായിരുന്നില്ല അദ്ദേഹം. ഭൗതികമാറ്റവും സാമൂഹിക നവോത്ഥാനവും ഉണ്ടായാൽ മാത്രമേ ആത്മീയത നിറം തെളിഞ്ഞു വിളങ്ങൂ എന്നദ്ദേഹം ദർശിച്ചു . മലയാളിയുടെ പ്രധാന പ്രശ്നം എന്തെന്നാൽ സംവാദ മണ്ഡലം വിരുദ്ധ ധ്രുവങ്ങളിൽ മാത്രമായാണ് കാണുന്നത് എന്നുള്ളതാണ്. ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ എന്ന വിഷയം ചർച്ച ചെയ്യുന്നത് പോലും അത്തരം ഒരു തലത്തിൽ നിന്നുകൊണ്ടാണ്. ഒരു വ്യക്തിയെ വ്യാഖ്യാനിക്കുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടം, വ്യവസ്ഥ, സാംസ്കാരിക ഇടം ഇവയൊക്കെ പരിഗണിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടത്. അതുകൊണ്ടുതന്നെ ശ്രീ നാരായണ ഗുരു ജനിച്ചത് ഒരു ഹിന്ദുവായിട്ടാണെന്ന് നമ്മൾ സമ്മതിക്കേണ്ടി വരുന്നു. എന്നാൽ ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദു മതത്തിന്റെ പരിധിയിൽ ഗുരു വരില്ല. കാരണം ഈഴവാദി ബഹുജനങ്ങൾക്കു ചാതുർവർണ്യത്തിനു പുറത്താണ് സ്ഥാനം. സെമിറ്റിക് മതങ്ങളും വൈദേശിക വിശ്വാസങ്ങളും ഒഴിവാക്കി  ബാക്കി വരുന്ന വിശാലമായ ജനവിഭാഗത്തെ ഹിന്ദുവായി കണക്കാക്കിയാൽ ഗുരു ഹിന്ദുവാണെന്ന് പറയാം. 

ആത്മോപദേശ ശതകവും ദർശനമാലയും ബ്രഹ്മവിദ്യാ പഞ്ചകവും വേദാന്ത സൂത്രവും തുടങ്ങിയ കൃതികൾ എല്ലാം വിശാലമായ ഹിന്ദു  ദർശനങ്ങളായി വ്യാഖ്യാനിക്കാം. ഹിന്ദു മതത്തിനുള്ളിലെ അന്നത്തെ ജാതി വ്യവസ്ഥയെ മുൻ നിറുത്തിയാണല്ലോ അദ്ദേഹം ജാതി ചോദിക്കരുത്, പറയരുത് ചിന്തിക്കരുത് എന്ന് പറയുന്നത്. എന്നാൽ ശ്രീനാരായണ ഗുരുവിനെ അറിയേണ്ടത്, മനസ്സിലാക്കേണ്ടത് ഇത്തരം ഇടുങ്ങിയ നിർവചനങ്ങൾക്കുള്ളിൽ  നിന്നുകൊണ്ടാണോ? ഹൈന്ദവമായ പാരമ്പര്യത്തിനുള്ളിൽ നിന്നുകൊണ്ട് ചാതുർവർണ്യ വ്യവസ്ഥയെ വെല്ലു വിളിച്ചു ബ്രാഹ്മണർ കയ്യടക്കിവച്ചിരുന്ന അറിവിന്റെ, ജ്ഞാനത്തിന്റെ മേഖലയിൽ അഗാധമായ പാണ്ഡിത്യം നേടി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വിപ്ലവകരമായ നേട്ടം. ജീവിച്ചിരിക്കെ തന്നെ തന്റെ സിദ്ധാന്തങ്ങൾ ആശയപരമായും പ്രായോഗികവുമായും ഫലം കണ്ട ദാർശനികൻ. ജാതി വ്യവസ്ഥയെ ന്യായീകരിച്ചു സംസാരിച്ച മഹാത്മാ ഗാന്ധിയോട് നാരായണ ഗുരു പറഞ്ഞതിങ്ങനെ. ഒരു ഹിന്ദുവിന് അവന്റ മതത്തിൽ വിശ്വാസമില്ല, മറിച്ച് മറ്റൊരു മതത്തിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും അവന് വിശ്വാസമുള്ള മതത്തെ പുണരുന്നതാണ് നല്ലത്. ഒരു അവിശ്വാസിയെ ഹിന്ദു മതത്തിൽ നിന്ന് മാറ്റാൻ അതു സഹായിക്കും. ഏതു മതത്തിലേക്കാണോ ആ വ്യക്തി പോയത്, അതിനു ഒരു വിശ്വാസിയെ ലഭിക്കുകയും ചെയ്യും. അത്തരം പരിവർത്തനത്തിൽ ഒരു തെറ്റുമില്ല. ഇത്തരത്തിൽ പുരോഗമന ചിന്തകൾ പുലർത്തിയ വ്യക്തിയെ ഒരു മതത്തിന്റെയോ, ജാതിയുടെയോ ചട്ടക്കൂടിൽ ഒതുക്കുന്നത് തികച്ചും നിന്ദ്യമാണ്. 


തലശ്ശേരി ജഗന്നാഥ ക്ഷേത്രം

ജാതിവ്യവസ്ഥയുടെ ഫലമായി അവർണ്ണർക്ക് ക്ഷേത്ര പ്രവശനമില്ലാതിരുന്നപ്പോഴാണ് ഗുരു തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചത്. ഒരു കൂട്ടർ അമ്പലത്തിനുള്ളിൽ കയറാതെ പുറത്തു നിൽക്കുന്നത് കണ്ടു ഗുരു ചോദിച്ചു, എന്താണ് അവരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത്? അകത്തു നിന്നവർ മറുപടി നൽകി, ‘അവർ പഞ്ചമന്മാരാണ്’ (നാല് വർണ്ണത്തിലും  പെടാത്തവർ). ഗുരു തിരിച്ചു ചോദിച്ചു, അവരെ എപ്പോൾ അകത്തേക്ക് പ്രവേശിപ്പിക്കാം?  ഒരു വർഷം കഴിയട്ടെ ഗുരോ എന്ന് മറുപടി. അൽപ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്തു തോർന്നു. ഗുരു ചോദിച്ചു, ഒരു വർഷം കഴിഞ്ഞല്ലോ; ഇനി കയറ്റാം അല്ലെ?

ഇത്തരത്തിൽ ജാതിചിന്ത, അതിന്റെ ദൂഷ്യഫലത്തിന്റെ തിന്മകൾ ഏറ്റുവാങ്ങുന്നവർക്കിടയിൽ പോലും ശക്തമായി വേരോടിയിരുന്ന കാലഘട്ടത്തിലാണ്, സംഘടനകൊണ്ട് ശക്തരാകാൻ ഗുരു നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിയ്യനെ, തിയ്യനായി നിലനിർത്തുക ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അത്തരം സ്വത്വ വാദത്തിനെതിരായി മനുഷ്യന്റെ പുരോഗതി ലക്ഷ്യമാക്കി, ജാതിനിയമങ്ങളെ പരിഷ്ക്കരിച്ച് “സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറി പോകുന്നത് പോലെ അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു” എന്നരുൾ ചെയ്ത ശ്രീനാരായണ ഗുരുവിനു ഒരുസ്വത്വം നൽകി സംരക്ഷിക്കേണ്ടതുണ്ടോ? സർവം ത്യജിച്ചവൻ സന്യാസി. അവൻറെ മതം അന്വേഷിക്കുന്നവരെ  പറ്റി എന്ത് പറയാൻ?

ഗുരുവിനെ ബഹുമാനിക്കുന്നവർ അദ്ദേഹത്തെ വെറുതെ വിടുക. ഏതൊരാചാര്യനെയും മാനിക്കേണ്ടത് അവരെ സ്വന്തമാക്കുക വഴിയല്ല, മറിച്ച് അവരുടെ വാക്കുകളെ,  അനുശാസനങ്ങളെ ആദരിക്കുക വഴിയാണ്, പിന്തുടരുക വഴിയാണ്.

‘വാദിക്കുന്നത് വാദത്തിനു വേണ്ടിയാകരുത്
സംശയ നിവൃത്തിക്കും തത്വ പ്രകാശത്തിനും വേണ്ടിയാകണം’.

(തിരുവനന്തപുരം നിറമന്‍കര എന്‍എസ്എസ് കോളേജ് കോളേജിലെ ഫിലോസഫി അധ്യാപികയാണ്  ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍