UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

നാരായണഗുരുവിനെ ബൈബിളിലൂടെ വായിക്കുമ്പോള്‍…

(സാമൂഹ്യ പരിഷ്ക്കരണത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ഗുരു ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു മതത്തെ പിന്‍തുടര്‍ന്നായിരുന്നു. കാളി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ഹിന്ദു ദേവതകളെ പ്രകീര്‍ത്തിക്കുന്ന സ്തുതികളും പ്രാര്‍ഥനകളും ഗുരു എഴുതിയിട്ടുണ്ട്. ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും സംസ്കൃത പാഠശാലകള്‍ സ്ഥാപിക്കുകയും ചെയ്ത ഗുരു പിന്നീട് പ്രഖ്യാപിച്ചത് താന്‍ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്നാണ്. മാനവ കുലത്തെ ഒറ്റ ജാതിയായി കണ്ട് അവസാന ഘട്ടത്തില്‍ ദേവത പ്രതിഷ്ഠകളും ഗുരു ഒഴിവാക്കിയിരുന്നു. അതേ സമയം ആത്മീയതയുടെ പടവുകള്‍ താണ്ടാന്‍ ആദ്യ പടി എന്ന നിലയില്‍ ക്ഷേത്രാരാധനയെ എതിര്‍ത്തതുമില്ല. ഗുരുവിനെ ഹൈന്ദവ സന്യാസിയായി ഉയര്‍ത്തിക്കാട്ടാന്‍ സംഘപരിവാറും മതാതീത ഗുരുവെന്ന കാഴ്ചപ്പാടില്‍ ഇടതുപക്ഷവും രണ്ട് ദിശയിലാണ്.

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ? എന്ന വിഷയത്തില്‍ അഴിമുഖം ചര്‍ച്ച ആരംഭിക്കുന്നു. ഹിന്ദു പാരമ്പര്യത്തിലെ സന്യാസി ആണെന്നും അല്ലെന്നുമുള്ള വിവിധ വാദങ്ങള്‍ ഇവിടെ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.)    

കേരളനവോത്ഥാനത്തെക്കുറിച്ചുള്ള പൊതു സമീപനമെന്നു പറയുന്നത് നാരായണ ഗുരുവിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുകയും ബാക്കിയുള്ള ഇടപെടലുകളെ അതിന്റെ ചുറ്റും അണിനിരത്തി നാരായണഗുരുവിനെ നവോത്ഥാനത്തിന്റെ പിതാവ്, ശില്‍പ്പി എന്നൊക്കെ വിളിക്കുന്ന രീതിയാണ്. അതിലൂടെ ഗുരുവില്‍ നിന്ന് ആംരഭിച്ച ഒന്നാണ് നവോത്ഥാനം എന്ന് നിരന്തരം ആവര്‍ത്തിക്കപ്പെടുകയും ചിലരൊക്കെ കാണിച്ച മാജിക്കിലൂടെ കേരളസമൂഹം പെട്ടെന്ന് പരിവര്‍ത്തനത്തിനു വിധേയമായി എന്നു പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. നവോത്ഥാനത്തിന്റെ ചരിത്രപരതയെ പാടേ നിഷേധിക്കുന്ന, അഞ്ചോളം നൂറ്റാണ്ടിന്റെ സമൂഹ്യപരിവര്‍ത്തനത്തെ മറച്ചുവയ്ക്കുന്ന ആഖ്യാനങ്ങളാണ് ഇപ്പോഴും കേരള നവോത്ഥാനമായി പുറത്തിറങ്ങുന്നത്.

 

നാരായണഗുരു ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കുമുന്നേ കേരളസമൂഹത്തില്‍ നടന്ന പലതരത്തിലുള്ള കോളോണിയല്‍ പരിവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് നാരായണനും നില്‍ക്കുന്നതെന്ന തിരിച്ചറിവൊന്നും പല ചരിത്രഗ്രന്ഥങ്ങളില്‍ പോലും കാണുന്നില്ല. നവോത്ഥാനത്തെ ചില വ്യക്തികളുടെ അമാനുഷിക പ്രവര്‍ത്തനങ്ങളിലൊതുക്കുന്ന ആഖ്യാനങ്ങള്‍ നവോത്ഥാനത്തിലുള്‍പ്പെട്ട അസംഖ്യം ആള്‍ക്കാരെക്കൂടിയാണ് തമസ്‌കരിക്കുന്നത്. അറബി- ചൈന വ്യാപാര ഇടപെടലുകള്‍, പോര്‍ത്തുഗീസുകാരുടെ വരവ്, ഉദയംപേരൂര്‍ സുനഹദോസ്, ടിപ്പുവിന്റെ ഇടപെടല്‍, ബ്രിട്ടന്റെ ആധിപത്യം, മിഷനറി പ്രവര്‍ത്തനങ്ങള്‍/ മതപരിവര്‍ത്തനം തുടങ്ങി പലരൂപത്തില്‍ കേരളസമൂഹത്തില്‍ വികസിച്ച പ്രവര്‍ത്തനങ്ങളിലൂടെ പലതലത്തില്‍ വികസിച്ച ഒന്നാണ് കേരള നവോത്ഥാനം. അതിലെ ഒരു കണ്ണിയായി ഇടപെടുകയായിരുന്ന ഗുരു സവിശേഷമായൊരു ദിശ നവോത്ഥാനത്തില്‍ അടയാളപ്പെടുത്തുന്നു. ജാതി ഫ്യൂഡല്‍ കേരള സമൂഹത്തിലെ ജാതി, മതം, ദൈവം, സമുദായം തുടങ്ങിയ ആശയങ്ങളെ ആഴത്തില്‍ പ്രശ്‌നവല്കരിക്കുകയും സമുദായവല്കരണത്തിന്റെ പുതിയ സംഘടിത മാനങ്ങളെ സൃഷ്ടിച്ചുകൊണ്ട് ആത്മീയതയെ സാമൂഹ്യപ്രവര്‍ത്തനമായി നിര്‍വചിക്കുകയും ചെയ്തു ഗുരു. കവിതകള്‍, പ്രഭാഷണങ്ങള്‍, വ്യാഖ്യാനങ്ങള്‍ തുടങ്ങി വിപുലമായ ആശയസംവാദത്തിന്റെ തുറസിനെ സൃഷ്ടിച്ചുവെന്നതാണ് ഗുരുവിന്റെ ജീവിതത്തിന്റെ സവിശേഷത.

 

 

ഇതിലൂടെ അതുവരെയുള്ള സമൂഹത്തിന് അന്യമായ വിധത്തില്‍ ദൈവത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും വേറിട്ട ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിച്ചു. ഈ ചിന്തകളിലെല്ലാം ഗുരു മുന്നോട്ടുവയ്ക്കുന്നത് പുതിയൊരു ദൈവസങ്കല്പത്തെയാണ്. ആ നിലയില്‍, ജാതിവത്ക്കരിക്കപ്പെട്ട ഫ്യൂഡല്‍ ദൈവത്തില്‍ നിന്നു ഭിന്നമായി ആധുനികമാക്കപ്പെട്ട, കേരളീയമായ ദൈവചിന്തകളെ സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ചിന്തകളുടെ ഒരു തലം. വിഖ്യാതമായ, ഒരു ജാതി ഒരു മതം ഒരു ദൈവവും ദൈവദശകവും ജാതി നിര്‍ണയവും ആത്മോപദേശശതകവും ഒക്കെ അവതരിപ്പിച്ച ദൈവചിന്തകളെ കേവലമായ പാരായണത്തിലാണ് കേരളീയ പൊതുസമൂഹം മനസിലാക്കിയത്. ദൈവചിന്ത/ശാസ്ത്രം എന്നത് മതത്തിന്റെ ചട്ടക്കൂടിനകത്ത് സന്യാസിമാര്‍ക്കും മറ്റും ഉള്ള വിഷയമെന്ന മട്ടിലാണ് പൊതുവേ ചര്‍ച്ചചെയ്യുന്നത്.  അങ്ങനെ ഗുരുവിന്റെ ദൈവചിന്തകളിലെ ‘ന്യൂനീകരിക്കപ്പെട്ട’ മതേതരസങ്കല്പങ്ങളാണ് പൊതുസമൂഹത്തില്‍ ഗുരുവിനെക്കുറിച്ചുള്ള വിഗ്രഹങ്ങളെ നിര്‍മിച്ചതെന്നു കാണാം.

 

നാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട ചെറുതും വലുതുമായ ഗ്രന്ഥങ്ങളെടുത്താല്‍ എഴുന്നൂറിനടത്തുവരുമെന്നാണ് കണക്ക്. അതില്‍ മിക്കതും ജീവിതചരിത്രത്തെ വികലനം ചെയ്യുന്നവയുമാണന്നു കാണാം. ഡോ. ഗീവറുഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പായുടെ ശ്രീനാരായണഗുരു: പ്രവാചകസങ്കല്പത്തിന്റെ കേരളീയ ആവിഷ്‌കാരം എന്ന കൃതി (1993, ദൈവശാസ്ത്രസാഹിത്യ പ്രസിദ്ധീകരണ സമിതി, തിരുവല്ല) ഇക്കൂട്ടത്തില്‍ മാറി നില്ക്കുന്നതാണെന്നു പറയാം. എഴുപത് പേജുള്ള ഈ കൃതി വളരെ സംഗ്രഹിച്ച് ഗുരുവിന്റെ ജീവിതത്തെ വേറിട്ടൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണ്. ഓരോ മതവും ആഗോളമായ പശ്ചാത്തലമുള്ളപ്പോള്‍ തന്നെ അവയ്ക്ക് പ്രാദേശികമായ ഛായകളുണ്ടെന്നും  പ്രാദേശികതയുടെ വേരുകളില്‍ നിന്ന് വെള്ളം വലിച്ചെടുത്തുകൊണ്ടാണ് അവ ജീവിക്കുന്നതെന്നുമുള്ള വസ്തുതയെയാണ് ഈ പുസ്തകം അടിവരയിടുന്നത്. ക്രിസ്തുമതം ആഗോളമാണെങ്കിലും ലോകത്ത് എല്ലായിടത്തും അത് പുലരുന്നത് അതാത് സംസ്‌കാരങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണെന്നുള്ളത് കേരളത്തിലെ അതിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാം.ക്രൈസ്തവ വിശ്വസം എന്നത് ജീവിക്കുന്ന സംസ്‌കാരത്തെ പുണര്‍ന്നുകൊണ്ടാണെന്നും നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ നിന്ന് പലതും സ്വീകരിച്ചുകൊണ്ട് ആ സംസ്‌കാരത്തെ വായിക്കുന്നതിനുള്ള ഉപാധികള്‍ കൂടി ഈ വിശ്വാസം പങ്കിടുന്നുവെന്നുമാണ്. അതായത് ക്രൈസ്തവ വിശ്വാസം കേരളീയമാവുകയും കേരളീയമായ മറ്റ് മത, വിശ്വാസ രൂപങ്ങളോടും ചിന്തകളോടും സംവാദം നടത്തുകയും ചെയ്യുന്നുവെന്നുമാണ്. അത്തരമൊരു ശ്രമമാണ് ഈ പുസ്തകം.  ആറ് അധ്യായങ്ങളിലൂടെ ക്രൈസ്തവ പ്രവാചകസങ്കല്പത്തിന്റെ ഉടലായി ഗുരുവെങ്ങനെ മാറുന്നുവെന്നു വിശദീകരിക്കുന്നു. ആദ്യത്തെ രണ്ട്  അധ്യായം പ്രവാചക സങ്കല്പം വിശദീകരിക്കുകയാണ്. മൂന്നാം അധ്യായം കേരളത്തിന്റെ സാമൂഹികാവസ്ഥയാണ്. നാരായണഗുരു വരുന്നതിനു മുന്നുള്ള കാലം, ശ്രീനാരായണഗുരു അനുശാസനങ്ങളുടെ പുനര്‍വായനക്കാരന്‍, ഈഴവ നവോത്ഥാനം, ശ്രീനാരായണ ഗുരു പ്രവാചകന്‍ എന്നീ അധ്യായങ്ങളാണ് ഗുരുവിനെ ആഴത്തില്‍ വിശകലനം ചെയ്യുന്നത്.

 

പ്രവാചകസങ്കല്‍പ്പം ബൈബിളിലെ പ്രധാനപ്പെട്ട ആശയമാണ്. പഴയനിയമത്തിന്റെ കേന്ദ്രവും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനവും ഇതാണെന്നു പറയാം. പ്രവാചകന്മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി (ഇതില്‍ സ്ത്രീകളുമുണ്ടെന്ന സൂചനകളുണ്ട്) ദൈവഹിതം നടപ്പില്‍ വരുത്തുന്നവരാണ്. അനീതി വരുമ്പോള്‍ ആ സമൂഹത്തില്‍ ദൈവഹിതമായി നീതി നടപ്പാക്കേണ്ട ഉത്തരവാദിത്തം പ്രവാചകനാണ്. അയാള്‍ അനീതിഘടനയെ രൂക്ഷമായി വമിര്‍ശിക്കുകയും ദൈവത്തിന്റെ നീതി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് അന്യയമായി ബേത്‌ശേബയെ തട്ടിയെടുത്തു ഭാര്യയാക്കിയ സംഭവത്തില്‍ പ്രവാചകന്‍ നാഥാന്‍ ഇടപെടുന്നുന്നത് ഉദാഹരണം. രാജാവായിട്ടും ദാവീദ് ചെയ്തത് ഘോരപാപമെന്ന് നാഥാന്‍ പറയുന്നു. ദാവീദിനെ ശിക്ഷിക്കുന്നു. ഇത്തരത്തിലുള്ള സാമുഹ്യനവീകരണത്തിന്റെ പോരാട്ടബിംബമായിട്ടാണ് ബൈബിള്‍ പ്രവാചകരെ ആഖ്യാനിക്കുകന്നതും വര്‍ത്തമാനകാലത്ത് ക്രൈസ്തവസഭയുടെ ധര്‍മമായി ഇത് വിവരിക്കുന്നതും. അനീതി നിറഞ്ഞ ഘടനകളെ ചെറുത്ത് തോല്‍പ്പിച്ച് പുതിയ സാമൂഹം കെട്ടുപണിചെയ്യുക എന്ന്‍ ഗ്രന്ഥകാരനെഴുതുന്നു.

 

 

സമഗ്രമായ മാറ്റത്തിന് മാര്‍ഗദര്‍ശകങ്ങളായി നിന്നവര്‍ ഉയര്‍ത്തിയ സന്ദേശങ്ങളിലാണ് പ്രവാചക പാരമ്പര്യത്തിന്റെ വിശകലനം പ്രധാനമായും കേന്ദ്രീകരിക്കേണ്ടത്. മതം അലംഘനീയമെന്നു പഠിപ്പിച്ച അനുശാസനങ്ങളുടെ പുനര്‍വായന നടത്തുന്നതും താത്വികാദര്‍ശങ്ങള്‍ക്കു പ്രായോഗിക മാനം നല്കി അനീതിയുടെ ഘടനകളോടുള്ള മറുതലപ്പിന് ആക്കം കൂട്ടുന്നതും ദൗത്യത്തിന്റെ ഭാഗമാണ് (പു. 10). പ്രവാചകന്‍ ദൈവിക ചൈതന്യം നിറഞ്ഞവനാണെന്നും മത സമൂഹ്യ നവീകരണങ്ങള്‍ക്കു കരുത്തു പകരുന്നവനാണെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവനാണെന്നും വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരനായ ദൈവചിന്തകയാ/നാണ് പ്രവാചകനെന്നാണ് കാണുന്നത്. അങ്ങനെ യാഥാസ്ഥിതിക സമൂഹത്തിന്റെ ദൃഷ്ടിയില്‍ നിയമനിഷേധിയായി തീര്‍ന്ന വ്യക്തികൂടിയാണ് പ്രവാചകന്‍. ഇത്തരത്തിലൊരു പ്രവാചകത്വത്തെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ പലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ജാതി നാടുവാഴിത്ത വ്യവസ്ഥ ആധുനികതയുമായുള്ള സംഘര്‍ഷത്തില്‍ ഓരോ സമുദായവും ചില വഴികാട്ടികളെ തേടിയിരുന്നു. അതില്‍ കേരളസമൂഹത്തെ ആഴത്തില്‍ ചലിപ്പിച്ചത് ഗുരുവിന്റെ ഇടപെടലുകളായിരുന്നു. വിവിധ തലത്തില്‍ നടന്ന സാമൂഹ്യമാറ്റങ്ങളുടെ ശക്തമായ അടയാളമായിരുന്നു ശ്രീനാരായണ പ്രസ്ഥാനം. അതിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ക്രൈസ്തവദര്‍ശനത്തിലെ പ്രവാചകസങ്കല്പം കാണാം.

 

 

ഗുരുവിന്റെ ദര്‍ശനങ്ങളുടെ ദൈവികതയിലാണ് കാലാതീതമായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ വായിച്ചെടുക്കുന്നത്. ഒരു ജാതിയെന്ന കാഴ്ചപ്പാട് ഇന്ത്യയിലെ മറ്റ് ദാര്‍ശനികര്‍ക്കുള്ളതിനേക്കാള്‍ വലിയ ഉള്‍ക്കാഴ്ച നല്കി. അദ്ദേഹം എഴുതുന്നു: സ്വാമി വിവേകാനന്ദന്‍, മഹാത്മ ഗാന്ധിജി തുടങ്ങിയവര്‍ വര്‍ണാശ്രമധര്‍മത്തെ പുല്കിയപ്പോള്‍ നാരായണ ഗുരു മാനവികത എന്ന ഒരു ജാതിയുടെ സന്ദേശത്തിലൂടെ ഒരു നവീകരണത്തിനാഹ്വാനം മുഴക്കുകയായിരുന്നു. ജനങ്ങളില്‍ ദുരിതം നിലനിര്‍ത്താന്‍ മാത്രമേ ജാതിവ്യവസ്ഥയിലൂടെ സാധിക്കൂ എന്നദ്ദേഹത്തിന് ബോധ്യപ്പെട്ടു. ദൈവനിയമിത സ്ഥാപനമായി ജാതിയെ കാണുന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു. ജാതിവ്യവസ്ഥ അദ്വൈതചിന്തയുടെ ആത്മാവിനു തന്നെ എതിരാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഒരു മതം എന്ന ആശയം ആധുനികവല്കരണ പ്രക്രിയയ്ക്കു ശക്തിപകരാന്‍ പ്രാപ്തമായ വിധത്തില്‍ ഈ ആശയങ്ങളെ അദ്ദേഹം വ്യഖ്യാനിച്ചു. (പു. 44). ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളുടെയും ചിന്തയുടെയും പ്രകടനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രപ്രതിഷ്ഠകളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും.

 

 

ശ്രീനാരായണന്റെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക സവിശേഷമായൊരു ദൈവികതയായിരുന്നു എന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു; ഈ പ്രപഞ്ചത്തില്‍ നിന്നന്യപ്പെട്ട മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള ദാഹം അഭികാമ്യമല്ല. ലോകത്തെ യഥാര്‍ഥമായി കണ്ട് അതിലെ അനീതികളെ ചെറുക്കുന്ന പോരാട്ടമാണ് ജീവിതത്തെ അര്‍ഥവത്താക്കുന്നത്. മതവും സംസ്‌കാരവും വ്യത്യസ്തമാണെങ്കിലും മനുഷ്യാംശം എല്ലാറ്റിലും ഒന്നാണെന്നു ഗ്രഹിച്ചു സമൂഹത്തെ ഒന്നായി ദര്‍ശിക്കണം. ചുരുക്കത്തില്‍ വേദപുസ്തകത്തിലെ ദൈവരാജ്യമെന്ന ആശയത്തിന്റെ നിര്‍മിതിയാണ് ഗുരുവിലൂടെ നടന്നതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. നീതി, സമാധാനം ദൈവാഭിമുഖമായ സന്തോഷം എന്നിവ നിലനില്‍ക്കുന്ന ഒരു പുതിയ സമൂഹം ദൈവരാജ്യത്തിന്റെ പ്രതീകമാണ്. ദൈവരാജ്യത്തിന്റ വളര്‍ച്ചയും കെട്ടുപണിയും സഭയില്‍ മാത്രം ഒതുങ്ങുന്നതല്ല. അതു കാലങ്ങളെയും ഭാഷകളെയും ജാതിമത സംസ്‌കാരങ്ങളെയും അതിജീവിക്കുന്നു… ഈ യാഥാര്‍ഥ്യത്തില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സങ്കല്പം അന്തര്‍ലീനമാണ്. (പു. 67). മതത്തെക്കുറിച്ചും ക്രൈസ്തവ ചിന്തകളെക്കുറിച്ചും നിനലനില്‍ക്കുന്ന പലധാരണകളുടെയും പുറത്തുവന്നാണ് ഗുരുവിനെ അദ്ദേഹം കാണുന്നത്. ദൈവികതയെന്നത് മനുഷ്യപ്രവര്‍ത്തനത്തിലൂടെ സാധ്യമാകുന്ന നീതിപരമായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണെന്നും ദൈവരാജ്യമെന്നത് നീതിയും സമാധാനവും പൂത്തുലയുന്ന സാമൂഹ്യക്രമമാണെന്നും അതിന് ജാതിയും മതവും വിഷയമല്ലെന്നുമുള്ള വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. ക്രൈസ്തവരുടെ കുടുംബസ്വത്തല്ല ദൈവരാജ്യം പോലുള്ള പ്രവര്‍ത്തനങ്ങള്‍. മറിച്ചത് സമൂഹത്തിലെ അനീതിഘടനകളോടുള്ള പ്രവര്‍ത്തനങ്ങളില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയമാണെന്നാണ്. ചുരുക്കത്തില്‍ സമൂഹത്തിലെ നീതി ലഭ്യമാക്കുന്ന, വിവേചനങ്ങളെ ഇല്ലതാക്കുന്ന പോരാട്ടങ്ങളും ഇടപെടലുകളുമാണ് ക്രൈസ്തവികത എന്നതാണ് ഈ പുസ്തകം പ്രവാചകത്വമായി ചൂണ്ടിക്കാണിക്കുന്നത്. ഗുരുവിനെ പ്രവാചകനായി മാറുന്നതും ആ വീക്ഷണം കാരണമാണ്. 

 

 

ഗുരു മാത്രമല്ല, അക്കാലത്തെ അനീതികളോടു സന്ധിയില്ലാ സമരം നടത്തിയ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ആര്യാപള്ളവും വിടി ഭട്ടതിരിപ്പാടുമൊക്കെ ദൈവരാജ്യനിര്‍മിതിയില്‍ ഏര്‍പ്പെട്ട പ്രവാചകരാണെന്നുള്ളതാണ്. അനീതിഘടനയായി പള്ളിയും പൗരോഹിത്യവും മാറുമ്പോള്‍ അതിനെതിരേയുള്ള പോരാട്ടവും ദൈവഹിതമാണെന്നുള്ളതാണ് വസ്തുത. വിശേഷിച്ചും കേരളത്തിലെ ക്രൈസ്തവസഭ ജാതി പോലുള്ള പ്രശ്‌നങ്ങളെ സവര്‍ണമനസോടെയാണ് കണ്ടിട്ടുള്ളതെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍. മനുഷ്യരെ വേര്‍തിരിക്കുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരേ ശക്തമായി പ്രതികരിച്ച ഗുരുവിനെപ്പോലുള്ളവരാണ് പ്രവാചകരെന്നു പറയുമ്പോള്‍ നിശബ്ദമായി നിന്ന സഭകളുടെ പൗരോഹിത്യത്തെ പുസ്തകം വിമര്‍ശിക്കുകയാണെന്നും കാണാം. അതായത് ക്രൈസ്തവികത എന്ന മതപരമായ അടഞ്ഞ സങ്കല്പത്തെ മതബഹുലമായ സമൂഹത്തില്‍ പുനര്‍വായിക്കുന്ന, സമൂഹത്തിലെ വൈവിധ്യങ്ങളെ അതുമായി കണ്ണിചേര്‍ത്ത് ക്രൈസ്തവികതയെ വിപുലമാക്കുന്ന സംശ്ലേഷണപ്രക്രിയയാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. കേരളം പോലുള്ള സമൂഹത്തിലെ ജാതി ലിംഗം പോലുള്ള പ്രശ്‌നങ്ങളെ നേരിടാതെ ദൈവരാജ്യചിന്തകള്‍ സാധ്യമാകില്ലെന്ന വസ്തതയാണ് പുസ്തകം ചൂണ്ടിക്കാണിക്കുന്നത്. സുവിശേഷം ക്രിയാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും കേവലമായ പള്ളി ആരാധനയല്ലെന്നും പുസ്തകം പറയുന്നു.

 

ക്രൈസ്തവിക സങ്കല്പം വെച്ച് ഗുരുവിനെ വായിക്കുമ്പോള്‍ ഗുരുവിനെ ക്രൈസ്തവികനാക്കാനുള്ള അജണ്ടയാണെന്നും തട്ടിയെടുക്കലാണെന്നുമേ പൊതുവേ തോന്നൂ. മലയാളത്തിലെ ചിന്താരീതികളൊക്കെ ഇത്തരത്തിലാണ്. ഗുരുവിനെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ വായിക്കുന്നത് കമ്യൂണിസ്റ്റുകള്‍ ഗുരുവിനെ റാഞ്ചുന്നതിന്റെ ഭാഗമാണെന്നു മതവാദികള്‍ വാദിക്കും. എന്നാല്‍ മറിച്ച് പുരോഗമന ചിന്തക്കാര്‍ അതിനെ സര്‍ഗാത്മകമായിക്കാണും. അര്‍ഥവത്തായ വായനയായി വിലയിരുത്തും. എന്നാല്‍ ഇതേ പുരോഗമനക്കാര്‍ മറ്റുമതങ്ങളിലൂടെ കാഴ്ചപ്പാടിലൂടെ ഗുരുവിനെ വായിച്ചാല്‍ സംശയത്തോടെയും നോക്കും. ഗുരുവിനെ ഹിന്ദുവാക്കിയാല്‍ അത് അപകടമാണെന്നു അവര്‍ പറയും. ഗുരു ഇസ്ലാമിക് കാഴ്ചപ്പാടില്‍ എന്ന ചിന്തയ്ക്കുനേരെ എത്രയിടത്തു നിന്ന് വിമര്‍ശനങ്ങള്‍ ഉയരും എന്നു ചിന്തിക്കാവുന്നതാണ്. മതവാദികളും മതേതരരും ഒരു പോലെ സംശയദൃഷ്ടിയാടെ നോക്കുന്നതാണ് ഇത്തരം ചിന്തകള്‍. ഇതേ പ്രശ്‌നം ഈ പുസ്തകത്തിനുനേരെ ഉണ്ടായിട്ടുണ്ട്. ക്രിസ്തുവിനെപ്പോലുള്ള ‘ദൈവതുല്യരായ’ ആള്‍ക്കാരുടെ ആദര്‍ശങ്ങളെ എങ്ങനെ ‘കേവല മനുഷ്യരായ’ ഗുരുവിനെപ്പോലുള്ളവര്‍ക്കു ചാര്‍ത്തുമെന്ന പ്രശ്‌നം തന്നെയാണ് ഇവിടെ വിശ്വാസികളുടെ കേന്ദ്രപ്രശ്‌നം. കേരളത്തിന്റെ പൊതു സമൂഹമന:സാക്ഷിയെ നിര്‍ണയിക്കുന്ന മതേതര മനസ് മതപരമായ ചിന്തകളെയും ദൈവികതയെയും  മാറ്റി നിര്‍ത്തേണ്ടുന്ന,  സ്വകാര്യതയില്‍ മാത്രം പരിപാലിക്കേണ്ടുന്ന ഒന്നായി കാണുന്നു. അതിനു സമാന്തരമായ മതസ്ഥരുടെ സമീപനം മതത്തെ തങ്ങളുടെ കുലപാരമ്പര്യമായും കാണുന്നു. ഈ സമാന്തരതയെ കൂട്ടിയിണക്കുന്ന പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടതെന്നാണ് നാം പറയേണ്ടത്. മതവും ദൈവചിന്തയും സാമൂഹ്യവിമുക്തമായ ഒന്നല്ല. സാമൂഹ്യചിന്തകളെന്നു പറയുന്നത് ദൈവവിമുക്തമായ ഒന്നുമല്ല. ഇവ പരസ്പരം ഇടകലരുകയും കൊടുക്കല്‍ വാങ്ങല്‍ നടത്തുകയും ചെയ്യുന്നുണ്ട്, മതബഹുലമായ ഈ സമൂഹത്തില്‍. മതവും ജാതിയും ഉള്‍പ്പടെ  എല്ലാ സാമൂഹ്യ സ്ഥാപനങ്ങളും  നിരന്തരം വായിച്ചും തിരുത്തിയും സൃഷ്ടിക്കപ്പെടുന്നവയാണെന്നും കാലാനുസൃതമായി അവയെ തിരുത്തിക്കൊണ്ടിരിക്കണമെന്നും പറയാനുള്ള വിവേകമാണ് ഗുരു തരുന്ന വലിയ ഊര്‍ജം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍